നിധിയുടെ കാവൽക്കാരൻ – 22 13

 

എവിടെനിന്നു കിട്ടിയെന്നോ എന്താണെന്നോ ചിന്തിക്കാതെ, കിട്ടിയത് വാങ്ങി ഞങ്ങൾ ഒറ്റവലിക്ക് കുടിച്ചുതീർത്തു. തൊണ്ടയിലൂടെ അത് താഴേക്ക് ഇറങ്ങിയപ്പോൾ ചെറിയൊരു ആശ്വാസം തോന്നി.

 

“ഇന്നത്തെ സമയം കഴിഞ്ഞു… ഇനി നിങ്ങൾക്ക് റൂമിന് വെളിയിലേക്ക് പോകാം…”

 

അവൻ തിരിഞ്ഞു നടന്നുകൊണ്ട് പരുക്കൻ സ്വരത്തിൽ പറഞ്ഞു.

 

എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട്, സകല ദൈവങ്ങളെയും വിളിച്ച് ഞങ്ങൾ മണ്ണിൽ നിന്നും എഴുന്നേറ്റു. പരസ്പരം താങ്ങിപ്പിടിച്ച്, കാലുകൾ വലിച്ചുവെച്ച് ഞങ്ങൾ ആ വലിയ മുറിയുടെ വാതിലിനടുത്തേക്ക് നടന്നു. ഇരുമ്പുപോലെ ഭാരമുള്ള കാലുകൾ വെച്ച് ആ വാതിൽപ്പടി കടന്ന് ഞങ്ങൾ പുറത്തെ ഇടനാഴിയിലേക്ക് ആദ്യത്തെ കാലെടുത്തുവെച്ചതും…

 

“ആഹ്… എന്റെ അമ്മേ…!”

 

ഒരൊറ്റ നിമിഷം! ഒരു പത്തുനില ബിൽഡിംഗ് മൊത്തമായി എന്റെ ശരീരത്തിലേക്ക് ഇടിഞ്ഞുവീണാൽ എങ്ങനെയിരിക്കും? സകല ഞരമ്പുകളും പൊട്ടിത്തെറിക്കുന്നതുപോലെയുള്ള ഒരു വല്ലാത്ത ഭാരം! ശ്വാസം തൊണ്ടയിൽ കുടുങ്ങിപ്പോയി. ഞങ്ങൾ മൂന്നുപേരും അവിടെവെച്ചുതന്നെ ഒരുമിച്ച് നിലത്തേക്ക് ഒറ്റവീഴ്ചയായിരുന്നു.

 

വേദനയെന്ന് പറഞ്ഞാൽ, അസ്ഥികൾ നുറുങ്ങുന്ന അത്രയും വേദന. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇത്രയും ഉച്ചത്തിൽ, നിയന്ത്രണം വിട്ട് അലറിക്കരയുന്നത്!

 

സച്ചിനും രാഹുലും നിലത്തുകിടന്ന് വേദനകൊണ്ട് പുളയുകയായിരുന്നു.

അപ്പോഴാണ് എനിക്ക് യഥാർത്ഥ കാര്യം മനസ്സിലായത്.

 

ആ മാന്ത്രിക മുറിക്കുള്ളിൽ, ആ ‘രുധിരമണി’യുടെ ചുവന്ന പ്രകാശവലയത്തിൽ നിന്നതുകൊണ്ടാണ് ഒരു സാധാരണ മനുഷ്യന് ഒരിക്കലും ചെയ്യാൻ കഴിയാത്ത ആ ഭാരദ്വഹനങ്ങളും ഓട്ടവും ഞങ്ങൾ ചെയ്തത്.

 

ഉള്ളിൽ വെച്ച് അടി കിട്ടിയപ്പോൾ വേദനിച്ചിരുന്നെങ്കിലും, വീണ്ടും എഴുന്നേറ്റ് നിൽക്കാനും ഇത്രയധികം അധ്വാനിക്കാനുമുള്ള അമാനുഷികമായൊരു ഊർജ്ജം ആ രത്നം ഞങ്ങൾക്ക് അറിയാതെ നൽകിയിരുന്നു.

 

പക്ഷേ ഇപ്പോൾ അതല്ല അവസ്ഥ. ആ മാന്ത്രിക വാതിൽ കടന്ന് പുറത്തുവന്നതും, രുധിരമണിയുടെ ശക്തി അവസാനിച്ചു. ഞങ്ങൾ വീണ്ടും വെറും സാധാരണ മനുഷ്യരായി. ഇത്രയും നേരം ആ മുറിക്കുള്ളിൽ വെച്ച് ചെയ്ത കഠിനാനദ്ധ്വാനത്തിന്റെ മുഴുവൻ ഭാരവും വേദനയും ക്ഷീണവും ഒരൊറ്റ നിമിഷം കൊണ്ട് ഈ പാവം മനുഷ്യശരീരത്തിലേക്ക് അടിച്ചുകയറുകയായിരുന്നു!

 

കരഞ്ഞു കരഞ്ഞ് എന്റെ കണ്ണിലെ വെള്ളം പോലും വറ്റിപ്പോയിരുന്നു. ഒന്നു വിരലനക്കാൻ പോലും കഴിയാതെ ആ ഇടനാഴിയിലെ തണുത്ത തറയിൽ കിടന്ന് ഞങ്ങൾ പിടഞ്ഞു.

 

കുറച്ചുകഴിഞ്ഞപ്പോൾ എവിടെനിന്നോ ആ വീട്ടിലെ ചില ജോലിക്കാർ അങ്ങോട്ട് വന്നു. ഒരു ചാക്ക് അരി വലിച്ചുകൊണ്ടുപോകുന്നതുപോലെ, അവർ യാതൊരു ദയയുമില്ലാതെ നിലത്തുകിടന്ന ഞങ്ങളുടെ കയ്യും കാലും പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി ഞങ്ങളുടെ റൂമിലേക്ക് ഇട്ടു.

 

തറയിൽ വന്ന് വീണ ഞാൻ, വേദനകൊണ്ട് കലങ്ങിമറിഞ്ഞ കണ്ണുകൾ പതുക്കെ തുറന്ന് ആ മുറിക്ക് ചുറ്റുമൊന്ന് നോക്കി.

 

ആ കാഴ്ച കണ്ടതും എന്റെ ഉള്ളിലെ സകല വേദനയും സങ്കടവും മാറി അവിടെ വലിയൊരു ആശ്വാസം നിറഞ്ഞു!

 

പെണ്ണുങ്ങളെല്ലാവരും ഞങ്ങളുടെ അതേ അവസ്ഥയിൽ തന്നെ മുറിയുടെ ഓരോ മൂലയിലായി കിടപ്പുണ്ട്! ആമി, നിധി, കൃതിക, റോസ്… എല്ലാവരും! ജീവനുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, കണ്ണ് തുറന്ന് ഒന്ന് ഞങ്ങളെ നോക്കിയതല്ലാതെ ഒരു ചെറുവിരൽ പോലും അനക്കാൻ അവർക്കും കഴിയുന്നില്ലായിരുന്നു.

 

മാനസയും നാഗികയും ചേർന്ന് അവൾമാർക്കും നല്ല ഒന്നാന്തരം ട്രെയിനിങ് തന്നെ കൊടുത്തിട്ടുണ്ടെന്ന് ആ കിടപ്പ് കണ്ടപ്പോൾ എനിക്ക് വ്യക്തമായി.

 

തളർന്നുകിടക്കുന്ന സച്ചിനെയും രാഹുലിനെയും, പിന്നെ മൂലയിൽ അനങ്ങാൻ കഴിയാതെ കിടക്കുന്ന അവൾമാരെയും മാറിമാറി നോക്കി ഞാൻ വല്ലാത്തൊരു സമാധാനത്തോടെ വലിയൊരു നെടുവീർപ്പിട്ടു…

 

“ഹോ… സമാധാനം… ഇതിപ്പോ ഞങ്ങൾ മാത്രമല്ലല്ലോ…”

Leave a Reply

Your email address will not be published. Required fields are marked *