അതുവരെ നേർത്ത പ്രകാശം ചൊരിഞ്ഞിരുന്ന ആ ചുവന്ന തരിയിൽ നിന്നും, പെട്ടെന്ന് കണ്ണഞ്ചിപ്പിക്കുന്ന വലിയൊരു പ്രകാശധാര താഴേക്ക് ഒഴുകിയിറങ്ങി. ആ മുറി മുഴുവൻ ഒരു ഭൂകമ്പത്തിലെന്നപോലെ വിറകൊണ്ടു.
ആ പ്രകമ്പനം കണ്ട് ഞങ്ങൾ മൂന്നുപേരും ഭയന്ന് വിറച്ചുപോയി. എന്നാൽ എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് അതല്ലായിരുന്നു. ഞങ്ങളെപ്പോലെ തന്നെ, അല്ലെങ്കിൽ ഞങ്ങളേക്കാൾ കൂടുതൽ പേടിച്ച് വിറച്ചുകൊണ്ട് സാക്ഷാൽ തക്ഷകൻ ആ രുധിരമണിയിലേക്ക് നോക്കി നിൽപ്പുണ്ടായിരുന്നു!
അവന്റെ ആ ഗാംഭീര്യമൊക്കെ ഒറ്റനിമിഷം കൊണ്ട് ഇല്ലാതായി. ദേവന്മാരുടെ ആയുധത്തെപ്പോലും പുച്ഛിക്കുന്ന അവന്, ആ ചെറിയ രത്നത്തോട് വലിയ ഭയമുണ്ടെന്ന് ആ നിൽപ്പ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി. അവൻ തന്റെ വലതുകൈ നെഞ്ചോട് ചേർത്തുപിടിച്ച് എന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു.
കുറച്ചുനേരം ആ മുറിയിൽ വല്ലാത്തൊരു ശ്മശാനമൂകത തളംകെട്ടി നിന്നു. പ്രകമ്പനം പതുക്കെ അവസാനിച്ചു. ചുവന്ന വെളിച്ചം പഴയതുപോലെയായി.
അനങ്ങാൻ പോലും കഴിയാതെ നിന്ന തക്ഷകൻ പതിയെ എന്നെ നോക്കി. അവന്റെ കണ്ണുകളിൽ മുൻപുണ്ടായിരുന്ന ആ അധികാരഭാവം ഉണ്ടായിരുന്നില്ല, പകരം വല്ലാത്തൊരു ആശയക്കുഴപ്പവും ഭയവും കലർന്ന ഒരു നോട്ടമായിരുന്നു അത്.
ആ രുധിരമണി എന്തിനാണ് പെട്ടെന്ന് അങ്ങനെ പ്രതികരിച്ചതെന്ന് അവന് ഒരുപക്ഷെ മനസ്സിലായിട്ടുണ്ടാകാം. അവൻ എന്നോട് ഒരക്ഷരം പോലും മിണ്ടിയില്ല. എന്നെ ഒന്ന് തുറിച്ചുനോക്കിയ ശേഷം, വേഗത്തിൽ തിരിഞ്ഞ് അവൻ ആ വാതിലിലൂടെ പുറത്തേക്ക് നടന്നുപോയി.
ഇതൊക്കെ കണ്ട് പകച്ചുനിൽക്കുകയായിരുന്നു സച്ചിനും രാഹുലും. അവർക്ക് ഒരടി പോലും ഇനി മുന്നോട്ട് വെക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ചോരയൊലിക്കുന്ന ശരീരവുമായി അവർ എന്നെ നോക്കി.
“അളിയാ… ഞങ്ങളെക്കൊണ്ട് ഇനി ഒരടി പോലും എടുത്ത് വെക്കാൻ കഴിയില്ലഡാ… നീ വരുന്നെങ്കിൽ വാ, അല്ലെങ്കിൽ ഞങ്ങൾ പോവാ…”
സച്ചിൻ കിതച്ചുകൊണ്ട് പറഞ്ഞു.
രാഹുലും അത് ശരിവെക്കുന്നതുപോലെ തലയാട്ടി. എന്നിട്ട് എന്നെ കാത്തുനിൽക്കാതെ അവന്മാരും തക്ഷകന് പിന്നാലെ ആ ഇടനാഴിയിലേക്ക് നടന്നു മറഞ്ഞു.
അവർ പോയതോടെ ആ വലിയ വാതിൽ തനിയെ അടഞ്ഞു. ഇപ്പോൾ ആ ഭീമാകാരമായ മാന്ത്രിക ലോകത്ത്, ചോരയൊലിക്കുന്ന ശരീരവുമായി ഞാൻ മാത്രം തനിച്ചായി. മുകളിൽ രുധിരമണി എന്നെ നോക്കി വീണ്ടും മിന്നിത്തിളങ്ങാൻ തുടങ്ങിയിരുന്നു….
ഞാൻ ആ ചുവന്ന മണ്ണിലൂടെ ലക്ഷ്യമില്ലാതെ കുറച്ചുനേരം നടന്നു….
ശേഷം ഞാൻ പതിയെ എന്റെ ആയുധത്തിനരികിലേക്ക് ചെന്നു. മണ്ണിൽ കുത്തിനിർത്തിയിരുന്ന ആ കറുത്ത വാൾ വലിച്ചൂരി വീണ്ടും കയ്യിലെടുത്തു. എന്ത് ചെയ്യണം, എങ്ങനെ പരിശീലിക്കണം എന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. മനസ്സിലെ സങ്കടവും വാശിയും തീർക്കാൻ വേണ്ടി ഞാൻ ആ വാൾ വായുവിൽ അലക്ഷ്യമായി വീശാൻ തുടങ്ങി.
പെട്ടെന്നാണ് അത് സംഭവിച്ചത്!
മുകളിലെ മേൽക്കൂരയിൽ നിന്നും രുധിരമണി വീണ്ടും പ്രകാശിക്കാൻ തുടങ്ങി. ഇത്തവണ അതൊരു ഭയപ്പെടുത്തുന്ന വെളിച്ചമായിരുന്നില്ല. പകരം, ആ ചെറിയ തരിയിൽ നിന്നും ഒഴുകിയിറങ്ങിയ നേർത്ത ചുവന്ന പ്രകാശധാര ഒരു സ്പോട്ട്‌ലൈറ്റ് പോലെ എന്നെ മാത്രം പൊതിഞ്ഞുനിന്നു. ഒരു നിമിഷം ഞാൻ കണ്ണുകളടച്ചുപോയി. ആ വെളിച്ചം ദേഹത്ത് പതിച്ചതും എന്റെ തലച്ചോറിലേക്ക് അദൃശ്യമായ ഏതോ സന്ദേശങ്ങൾ ഇരച്ചുകയറുന്നതുപോലെ!
ചെവിയിൽ ആരും ഒന്നും പറയുന്നില്ല, എങ്കിലും ഓരോ ചുവടും എങ്ങനെ വെക്കണം, വാൾ എത്ര കോണിൽ ചരിക്കണം എന്ന് എന്റെ ഞരമ്പുകളിലേക്ക് ആരോ നേരിട്ട് നിർദ്ദേശം തരുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. രുധിരമണി എന്റെ മനസ്സുമായി നേരിട്ട് സംസാരിക്കുകയായിരുന്നു! വാക്കുകൾ കൊണ്ടല്ല… അമാനുഷികമായ ഊർജ്ജം കൊണ്ട്!
അതൊരു മാന്ത്രികമായ അനുഭമായിരുന്നു.
ഞാൻ വാളോങ്ങുമ്പോൾ, അത് വെട്ടേണ്ട കൃത്യമായ ദിശയിൽ രുധിരമണിയുടെ ഒരു നേർത്ത ചുവന്ന കിരണം എനിക്ക് മുന്നേ സഞ്ചരിച്ചു, ശത്രുവിന്റെ കഴുത്ത് വെട്ടേണ്ട പാത അതെന്നെ കാണിച്ചുതന്നു. ഞാൻ എന്റെ ശരീരം വായുവിലേക്ക് ഉയർത്തുമ്പോൾ, ചുറ്റുമുള്ള ഭൂഗുരുത്വം ഇല്ലാതാക്കി ആ രത്നം എന്നെ ഒരു തൂവൽ പോലെ പറക്കാൻ സഹായിച്ചു. ആ നിർദ്ദേശങ്ങൾക്കനുസരിച്ച് ഞാൻ നീങ്ങാൻ തുടങ്ങിയപ്പോൾ, ഞാനറിയാതെ തന്നെ പുതിയ ചില തന്ത്രങ്ങൾ എന്റെ ഉള്ളിൽ രൂപപ്പെടുകയായിരുന്നു.
