അവർ എന്തെങ്കിലും എന്നോട് ചോദിക്കുമെന്നോ പറയുമെന്നോ ഞാൻ ഒരുനിമിഷം പ്രതീക്ഷിച്ചു. ഞാൻ അവിടെത്തന്നെ നിന്ന് അവരെ രണ്ടുപേരെയും ഒന്നുറ്റുനോക്കി. എന്റെ ചോരയൊലിപ്പ് നിന്ന മുറിവുകൾ കണ്ടിട്ടും അവരുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല. പരസ്പരം നോക്കിയതല്ലാതെ അവരും ഒരക്ഷരം മിണ്ടിയില്ല. അതോടെ എന്റെയുള്ളിലെ സങ്കടം പെട്ടെന്ന് വലിയൊരു വാശിയായി മാറി. എന്റെ ഈഗോ എന്നെക്കൊണ്ട് ഒന്നും ചോദിക്കാൻ അനുവദിച്ചില്ല. യാതൊന്നും മിണ്ടാതെ ഞാൻ നേരെ ബാത്‌റൂമിലേക്ക് കയറി വാതിലടച്ചു.
ഷവറിൽ നിന്നും വീണ തണുത്ത വെള്ളം എന്റെ ശരീരത്തിലെ ചോരപ്പാടുകളും ചുവന്ന മണ്ണും കഴുകിക്കളഞ്ഞു. മുറിവുകളിൽ വെള്ളം വീണപ്പോൾ നന്നായി നീറിയെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല. മനസ്സിന്റെ വേദനയ്ക്ക് മുന്നിൽ ശരീരത്തിന്റെ വേദനയൊന്നും എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു. കുളി കഴിഞ്ഞയുടനെ ഞാൻ പുറത്തിറങ്ങി.
ആമിയും നിധിയും അപ്പോഴും കട്ടിലിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. ഞാൻ നേരെ വാർഡ്രോബിനടുത്തേക്ക് ചെന്നു. അതിലുണ്ടായിരുന്ന എന്റെ വസ്ത്രങ്ങളും അത്യാവശ്യം സാധനങ്ങളും എല്ലാം ഞാൻ വാരിയെടുത്തു. എന്റെ ഈ പ്രവൃത്തി കണ്ട് അവർ രണ്ടുപേരും അമ്പരപ്പോടെ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു. ‘നീ എന്താ ഈ കാണിക്കുന്നത്, ഇതെല്ലാം എടുത്ത് എങ്ങോട്ടാ പോകുന്നത്’ എന്ന് ചോദിക്കാൻ അവരുടെ കണ്ണുകൾ പിടയുന്നതുപോലെ എനിക്ക് തോന്നി.
പക്ഷെ… എന്റെയുള്ളിലെ ആ പുതിയ മനുഷ്യന്റെ വാശി അപ്പോൾ അതിന്റെ പാരമ്യത്തിലായിരുന്നു. എന്റെ സാധനങ്ങളുമെടുത്ത്, ഞാൻ വാതിൽക്കലേക്ക് നടന്നു. പോകുന്നതിന് മുൻപ് ഒരു നിമിഷം ഞാൻ അവിടെ നിന്നു. അവരോടൊന്ന് സംസാരിക്കാൻ എന്റെ മനസ്സ് തുടിച്ചെങ്കിലും ഞാൻ അതിന് നിന്നുകൊടുത്തില്ല. അവരുടെ മുഖത്തേക്ക് ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ ഞാൻ ആ മുറിയിൽ നിന്നും പുറത്തേക്ക് നടന്നുപോയി.
എന്റെ പിന്നിൽ അവർ സ്തംഭിച്ച് ഇരിപ്പുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ ആ വാതിൽ കടന്നതോടെ, എനിക്ക് അവരോടുള്ള ബന്ധം കൂടിയാണ് ഞാൻ താൽക്കാലത്തേക്ക് അവിടെ ഉപേക്ഷിച്ചത്……
**************
കൈകളിലെ വസ്ത്രങ്ങളും സാധനങ്ങളുമായി ആ ഇരുണ്ട ഇടനാഴിയിലൂടെ നടക്കുമ്പോൾ എന്റെയുള്ളിൽ സങ്കടത്തേക്കാൾ ഉപരി വല്ലാത്തൊരു ശൂന്യതയായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ആദ്യം എനിക്ക് തന്നെ ഉറപ്പില്ലായിരുന്നു. സച്ചിന്റെയും രാഹുലിന്റെയും മുറിയിലേക്ക് പോയാൽ അവന്മാരുടെ ആയിരം ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരും. അതിനുള്ള ത്രാണിയോ മാനസികാവസ്ഥയോ ഇപ്പോൾ എനിക്കില്ല.
എന്റെ കാലുകൾ എന്നെത്തന്നെ കൊണ്ടുചെന്നെത്തിച്ചത് റോസിന്റെയും കൃതികയുടെയും മുറിക്ക് മുന്നിലാണ്.
ഞാൻ പതുക്കെ ആ വാതിലിൽ മുട്ടി. പാതിരാത്രി കഴിഞ്ഞിരുന്നതിനാൽ അവർ നല്ല ഉറക്കത്തിലായിരിക്കണം. കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് വാതിൽ തുറക്കപ്പെട്ടത്. ഉറക്കച്ചടവോടെ വാതിൽ തുറന്ന കൃതിക, കൈ നിറയെ സാധനങ്ങളുമായി നിൽക്കുന്ന എന്നെക്കണ്ട് ശരിക്കും ഞെട്ടിപ്പോയി!
ശേഷം കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ അവൾ എനിക്ക് വഴിമാറി തന്നു.
എന്റെ ശബ്ദം കേട്ട് റോസും ഞെട്ടിയുണർന്നിരുന്നു. ഞാൻ സാധനങ്ങളെല്ലാം ആ മുറിയുടെ ഒരു മൂലയിലുള്ള മേശപ്പുറത്തേക്ക് വെച്ചു. എന്നിട്ട് യാതൊന്നും മിണ്ടാതെ പോയി ആ വലിയ കട്ടിലിന്റെ ഒരറ്റത്ത് കിടന്ന് കണ്ണുകളടച്ചു. കൃതിക പതുക്കെ എന്റെ അടുത്തേക്ക് വന്ന്, മുൻപത്തെ രാത്രിയിലെന്നപോലെ എന്റെ തലമുടിയിലൂടെ വിരലോടിച്ച് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ, എന്റെയുള്ളിൽ ഇപ്പോൾ ആ പഴയ ദേവനില്ലായിരുന്നു. രുധിരമണിയുടെ ആ കൊടുംവെളിച്ചം എന്റെയുള്ളിലെ വികാരങ്ങളെ മുഴുവൻ കരിച്ചുചാമ്പലാക്കിയിരുന്നു. ആ തലോടൽ എനിക്കൊരു ആശ്വാസവും നൽകിയില്ല. എന്നിലെ ആ മരവിപ്പ് മനസ്സിലാക്കിയിട്ടാകണം, കൂടുതലൊന്നും ചോദിക്കാതെ അവളും റോസും എനിക്കരികിലായി കിടന്നു.
