നിധിയുടെ കാവൽക്കാരൻ – 22 13

 

സച്ചിന്റെയും രാഹുലിന്റെയും മുഖത്തും അതേ ഭയം തളംകെട്ടി നിന്നിരുന്നു. ആരും മുന്നോട്ട് പോകുന്നില്ല.

 

ഒടുവിൽ രണ്ടും കൽപ്പിച്ച്, കണ്ണുകൾ ഇറുകെയടച്ച്, ശ്വാസം ഉള്ളിലൊതുക്കി ഞാൻ ആ വാതിൽ കടന്ന് പുറത്തെ ഇടനാഴിയിലേക്ക് ആദ്യത്തെ കാൽവെയ്പ് നടത്തി. പിന്നെ പതിയെ മറ്റേ കാലും വെച്ചു. നിലത്തുവീണ് അലറിക്കരയാനായി ഞാൻ തയ്യാറായി നിന്നു.

 

സെക്കന്റുകൾ കഴിഞ്ഞു…

എന്താ സംഭവിച്ചത്? ഒന്നും സംഭവിച്ചില്ല! യാതൊരു വേദനയുമില്ല! ഇന്നലെ അനുഭവപ്പെട്ട ആ ഭാരമോ ക്ഷീണമോ എന്റെ ശരീരത്തിന്റെ അയലത്തുപോലുമില്ല! ഞാൻ പതുക്കെ കണ്ണുകൾ തുറന്നു.

 

അത്ഭുതത്തോടെ എന്റെ കൈകളിലേക്കും കാലുകളിലേക്കും നോക്കി. എനിക്ക് ഒരു കുഴപ്പവുമില്ല!

 

ഇതുകണ്ട് സച്ചിനും രാഹുലും ധൈര്യമായി പുറത്തേക്ക് വന്നു. അവർക്കും യാതൊരു വേദനയും തോന്നിയില്ല. ഇന്നലത്തെ ആ നരകയാതന ഇന്നുണ്ടാകില്ല എന്നറിഞ്ഞപ്പോൾ വലിയൊരു ആശ്വാസം തോന്നി. സന്തോഷം കൊണ്ട് എനിക്ക് തുള്ളിച്ചാടാൻ തോന്നി.

“ഹാവൂ… രക്ഷപെട്ടു!” എന്ന് പറഞ്ഞ് ആവേശത്തിൽ ഞാൻ വെറുതെ വായുവിലേക്ക് ഒന്നാഞ്ഞു ചാടി.

 

പക്ഷേ, അവിടെയാണ് ഏറ്റവും വലിയ അത്ഭുതം എന്നെ കാത്തിരുന്നത്. താഴെ നിന്ന് മുകളിലേക്ക് ഒറ്റക്കുതിപ്പിന് ചാടിയ ഞാൻ ഉടനെ താഴേക്ക് വന്നില്ല! ഭൂഗുരുത്വത്തെ തോൽപ്പിച്ച്, ഒരു തൂവൽ പോലെ വായുവിലൂടെ കുറച്ചുനേരം അങ്ങനെ ഒഴുകി നിന്ന ശേഷമാണ് എന്റെ കാലുകൾ തിരികെ തറയിൽ തൊട്ടത്!

ഞാൻ ശരിക്കും ഞെട്ടിപ്പോയി. എന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വികസിച്ചു…

“പൊളി…!” എന്റെ വായിൽ നിന്നും അറിയാതെ വന്നുപോയി.

 

അപ്പോഴാണ് എനിക്ക് യഥാർത്ഥ കാര്യം മനസ്സിലായത്. ആ രുധിരമണിയുടെ മുറിക്കുള്ളിൽ വെച്ച് ലഭിച്ച ശക്തിയും വേഗതയും അമാനുഷിക ഊർജ്ജവും എന്റെ ശരീരത്തിൽ പൂർണ്ണമായും അലിഞ്ഞുചേർന്നിരിക്കുന്നു! ആ മാന്ത്രിക വലയത്തിന് പുറത്തും ഞാനിപ്പോൾ പഴയ ആ സാധാരണക്കാരനല്ല. വായുവിൽ കുതിച്ചുചാടാനും , കാറ്റിനെ വെല്ലുന്ന (അത്രക്കൊന്നും ഇല്ലെങ്കിലും പറയുമ്പോൾ ഒരു ഇത് വേണ്ടേ…. 😌😁)വേഗതയിൽ സഞ്ചരിക്കാനും കഴിവുള്ള ആരോ ആയി ഞാൻ മാറിക്കഴിഞ്ഞിരിക്കുന്നു! രാഹുലും സച്ചിനും ഇത് കണ്ട് അമ്പരന്ന് നിൽക്കുകയാണ്.

 

സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാനും നിൽക്കാനും വയ്യാത്ത ഒരു അവസ്ഥയായിരുന്നു. ഞരമ്പുകളിലൂടെ രക്തത്തിന് പകരം തിളക്കുന്ന ഊർജ്ജമാണ് ഒഴുകുന്നതെന്ന് തോന്നി. എന്റെ കൈകളിലെ മാംസപേശികളിലേക്ക് നോക്കി ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി…

“ഞാനിപ്പോൾ ശരിക്കും ഒരു മനുഷ്യൻ തന്നെയാണോ?”

 

എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല. ഈ സന്തോഷം പങ്കുവെക്കാൻ, അല്ലെങ്കിൽ ഈ മാറ്റങ്ങൾ നേരിട്ട് കാണാൻ എനിക്ക് തിരികെ മുറിയിൽ എത്തണമായിരുന്നു. അതിലുപരി, എനിക്ക് ആമിയെയും നിധിയെയും കാണണമായിരുന്നു. മാനസയുടെ കീഴിൽ ആ മോതിരങ്ങളുടെ അപാരമായ ശക്തികൾ സ്വായത്തമാക്കാൻ പോയ അവരുടെ ട്രെയിനിങ് കഴിഞ്ഞിറങ്ങുമ്പോഴുള്ള അവസ്ഥ എന്തായിരിക്കുമെന്ന് അറിയാനുള്ള വലിയൊരു ആകാംക്ഷ എന്റെയുള്ളിൽ അലയടിച്ചു.

 

ആ വലിയ ഇടനാഴിയിലൂടെ, കാറ്റിനെ വെല്ലുന്ന വേഗതയിൽ ഞങ്ങളുടെ മുറി ലക്ഷ്യമാക്കി ഞാൻ ഒറ്റയോട്ടം വെച്ചു! വെറുമൊരു കണ്ണിമവെട്ടുന്ന വേഗതയിൽ! എനിക്ക് പിന്നാലെ തങ്ങളുടെ പുതിയ ശക്തി തിരിച്ചറിഞ്ഞ സച്ചിനും രാഹുലും അതേ വേഗതയിൽ കുതിച്ചു പാഞ്ഞു.

 

വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ കണ്ടത്, കട്ടിലിലിരുന്ന് വളരെ ആവേശത്തോടെ എന്തൊക്കെയോ സംസാരിക്കുന്ന റോസിനെയും കൃതികയേയുമാണ്.

 

ഞങ്ങളെ കണ്ടയുടനെ, ഇന്നലത്തെ ആ തളർച്ചയൊന്നും ഇല്ലാതെ റോസ് ചാടിയെഴുന്നേറ്റു. എന്നിട്ട് ഒരു വലിയ ഗുസ്തിക്കാരിയെപ്പോലെ അവളുടെ ഇല്ലാത്ത മസിൽ ഞങ്ങൾക്ക് നേരെ കാണിച്ച് പോസ് ചെയ്തു! അവളുടെ ആ നിൽപ്പും ഭാവവും കണ്ട് ഞങ്ങൾക്കൊക്കെ ചിരിവന്നുപോയി. അവർക്കും നാഗികയുടെ ട്രെയിനിങ്ങിലൂടെ പുതിയ ശക്തികൾ കിട്ടിയിട്ടുണ്ടെന്ന് വ്യക്തമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *