ഇന്നലത്തെ അതേ ചൂട്, ഇരുമ്പ് ഉരസുന്നതിന്റെയും ചോരയുടെയും അതേ ഗന്ധം! മുകളിൽ ക്രിസ്റ്റൽ മേൽക്കൂരയിൽ രുധിരമണി കൂടുതൽ ശക്തിയോടെ ചുവന്ന പ്രകാശം ചൊരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
ഇന്നലെ ചിന്തിക്കാൻ പോലും സമയമില്ലാതിരുന്നതുകൊണ്ട് ഈ മുറിയുടെ ഭീകരത പൂർണ്ണമായും ഞങ്ങൾ മനസ്സിലാക്കിയിരുന്നില്ല. പക്ഷേ ഇന്ന്, പുതിയതായി ലഭിച്ച ഊർജ്ജത്തോടെ ആ കളരിയിലേക്ക് നോക്കിയപ്പോൾ ഒരു കാര്യം വ്യക്തമായി… ഭൂമിയിലെ സകല യുദ്ധങ്ങൾക്കും സാക്ഷ്യം വഹിച്ച ഒരു ശവപ്പറമ്പ് കൂടിയാണ് ഈ ചുവന്ന മണ്ണ്…
കളരിയുടെ നടുവിലായി തക്ഷകൻ കൈകൾ പിണച്ചുകെട്ടി നിൽപ്പുണ്ടായിരുന്നു. അവന് ചുറ്റുമായി, മണ്ണിൽ ആഴത്തിൽ തറച്ചുനിൽക്കുന്ന എണ്ണമറ്റ ആയുധങ്ങൾ! സാധാരണ വാളുകളോ പരിചകളോ അല്ല, ഓരോന്നിനും ഓരോ രൂപം, ഓരോ വലിപ്പം. ചിലതിൽ നിന്നും നേർത്ത പുക ഉയരുന്നുണ്ട്, ചിലത് തീക്കനൽ പോലെ തിളങ്ങുന്നുണ്ട്.
“ഇന്ന് രണ്ടാം ദിവസം…”
തക്ഷകന്റെ ഗാംഭീര്യമുള്ള ശബ്ദം ആ വലിയ മുറിയിൽ മുഴങ്ങി.
“നിങ്ങളുടെ മനുഷ്യശരീരത്തിലെ പേശികൾക്ക് ഇപ്പോൾ ഇരുമ്പിന്റെ കരുത്തുണ്ട്. കാറ്റിന്റെ വേഗതയുണ്ട്. പക്ഷേ, വെറും കൈകൊണ്ട് നിങ്ങൾക്ക് ഈ വലിയ യുദ്ധം ജയിക്കാൻ കഴിയില്ല. അതിന് നിങ്ങൾക്ക് ആയുധങ്ങൾ വേണം.”
അവൻ ആ മണ്ണിൽ തറച്ചുനിൽക്കുന്ന ആയുധങ്ങൾക്ക് നേരെ കൈചൂണ്ടി.
“ഇവ ഭൂമിയിലെ സാധാരണ തീയിലോ ഉലയിലോ വാർത്തെടുത്ത ആയുധങ്ങളല്ല. ദേവന്മാർക്കും അസുരന്മാർക്കും വേണ്ടി ആയിരം വർഷങ്ങൾക്ക് മുൻപ് പാതാളത്തിലെ അഗ്നിയിൽ സ്ഫുടം ചെയ്തെടുത്തവയാണ്. ഓരോ ആയുധത്തിനും അതിന്റേതായ ഒരു ജീവനുണ്ട്, ഒരു ഭൂതകാലമുണ്ട്, ഒപ്പം അടങ്ങാത്ത രക്തദാഹവുമുണ്ട്!”
ഇതൊക്കെ കേട്ടപ്പോൾ എന്തുകൊണ്ടാണ് എന്റെ രോമം പൊങ്ങിയത് എന്ന് എനിക്കിപ്പോഴും അറിയില്ല…..
“സാധാരണ യുദ്ധങ്ങളിൽ പോരാളി തനിക്ക് ഇഷ്ടമുള്ള ആയുധം തിരഞ്ഞെടുക്കും. എന്നാൽ ഇവിടെ അങ്ങനെയല്ല…”
തക്ഷകന്റെ ചുണ്ടിൽ ഒരു വക്രമായ ചിരി വിരിഞ്ഞു.
“ഇവിടെ നിങ്ങൾ ആയുധത്തെ തിരഞ്ഞെടുക്കുകയല്ല, മറിച്ച് ആയുധം നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്! നിങ്ങളുടെ ഉള്ളിലെ വീര്യവും ഭയവും ഈ ലോഹങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. അർഹതയില്ലാത്ത ഒരു ആയുധത്തിൽ നിങ്ങൾ തൊട്ടാൽ… അത് നിങ്ങളുടെ മാംസത്തെ മാത്രമല്ല, ആത്മാവിനെത്തന്നെ ചുട്ടെരിക്കും. അതുകൊണ്ട്, നിങ്ങളുടെ ആയുധം ഏതാണെന്ന് നിങ്ങൾ തന്നെ കണ്ടെത്തിയെടുക്കുക!”
അവൻ വഴിമാറി നിന്നു. ഞങ്ങൾക്ക് മുന്നിൽ നൂറുകണക്കിന് ആയുധങ്ങൾ! ഞങ്ങൾ ഭയത്തോടെ പതുക്കെ മുന്നോട്ട് നടന്നു.
ആദ്യം രാഹുലാണ് ഒരു ശ്രമം നടത്തിയത്.
സ്വർണ്ണനിറത്തിൽ തിളങ്ങുന്ന വലിയൊരു വാളിൽ അവൻ പിടിച്ചു വലിക്കാൻ ശ്രമിച്ചു. എന്നാൽ അവന്റെ വിരലുകൾ ആ പിടിയിൽ സ്പർശിച്ചതും, ഷോക്കേറ്റതുപോലെ രാഹുൽ ഒരു വലിയ അലർച്ചയോടെ പുറകോട്ട് തെറിച്ചുവീണു! അവന്റെ കൈവെള്ള പൊള്ളിയിട്ടുണ്ടായിരുന്നു.
“അത് നിനക്കുള്ളതല്ല മർത്യാ…”
തക്ഷകൻ പരിഹസിച്ചു. രാഹുൽ കഷ്ടപ്പെട്ട് എഴുന്നേറ്റ് മാറിപ്പോയി മറ്റൊരു ഇരുമ്പുദണ്ഡ് തൊട്ടുനോക്കി. അതിൽ തൊട്ടപ്പോൾ അവന് കുഴപ്പമൊന്നും തോന്നിയില്ല. അത് അവൻ അനായാസം മണ്ണിൽ നിന്നും വലിച്ചൂരി.
ഇനി എന്റെ ഊഴമാണ്. ഞാൻ ആയുധങ്ങൾക്കിടയിലൂടെ നടന്നു. തിളങ്ങുന്ന വാളുകളോടും വലിയ ഗദകളോടും എനിക്ക് യാതൊരു ആകർഷണവും തോന്നിയില്ല.
പെട്ടെന്നാണ്, കളരിയുടെ ഒരു ഒഴിഞ്ഞ കോണിൽ, മറ്റുള്ളവയിൽ നിന്നും മാറി മണ്ണിൽ പാതിയോളം താഴ്ന്നു നിൽക്കുന്ന ഒരു വാളിൽ എന്റെ കണ്ണുകൾ ഉടക്കിയത്. അതിന് യാതൊരു തിളക്കവുമില്ലായിരുന്നു. കൊടും ഇരുട്ടിന്റെ നിറമുള്ള ഒരുതരം കറുത്ത ലോഹം കൊണ്ടുണ്ടാക്കിയ, അല്പം വളഞ്ഞ വലിയൊരു വാൾ. അതിന്റെ പിടിയിൽ എന്തൊക്കെയോ പുരാതനമായ ലിപികൾ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. അതിൽ നിന്നും വളരെ നേർത്ത, എന്നാൽ തീവ്രമായ ഒരു ചുവന്ന പ്രകാശം മിന്നിമറയുന്നുണ്ട്.
