ഞാൻ വേഗം എന്റെ അലമാര തപ്പി. അച്ഛൻ മരിച്ചപ്പോ അച്ഛച്ചൻ എന്റെ കയ്യിൽ തന്നൊരു മാലയുണ്ടായിരുന്നു. അച്ഛന്റെയാ നീ വെച്ചോന്ന് പറഞ്ഞു.
എനിക്കയാളെ ഇഷ്ടമില്ലാത്തത് കൊണ്ട് ഇത്ര കാലം ഞാൻ അത് ഉപയോഗിച്ചതേയില്ലേ! ഇനിയങ്ങട്ട് ഉപയോഗിക്കാൻ മനസ്സുമില്ല! വെറുതെ കിടക്കല്ലേ. നാളെ നസീമത്തക്ക് അത് വെച്ച് ഒരു മോതിരം വാങ്ങി കൊടുത്താലോ..കല്യാണ പെണ്ണിന് കൊടുത്തോട്ടെ!
അലമാരയിൽ കുറേ തപ്പിയപ്പോ ഒരു
ബോക്സിൽ നിന്ന് അത് കിട്ടി. കനം നോക്കോയിട്ട് ഇത്തിരിയുണ്ട്! വല്യൊരു സ്വർണ മാല. അച്ഛന്റെ കഴുത്തിൽ പണ്ടേ ഉണ്ടായിരുന്നതാ!
ഇത് കൊടുത്തു ഒരു മോതിരം വാങ്ങാം!എന്നിട്ട് പെണ്ണിന് കൊടുത്തൊന്നും പറഞ്ഞു നസീമത്തക്ക് കൊടുക്കാം! ഉള്ള മോതിരം ആ പെണ്ണിന്റെ കയ്യിൽ തന്നെ കിടന്നോട്ടെ!
ഞാൻ വേഗം നസീമത്തെയെ വിളിച്ചു. നാലഞ്ച് റിങ് കേട്ടു. പെട്ടന്ന് തലക്കൽ ഫോൺ കണക്ട് ആയി.
“എന്താ ആദി….” സാധാര പോലെയുള്ള സംസാരം! സംശയം തോന്നി. ഹിബ അടുത്തുണ്ടാവും! ഞാൻ സൂക്ഷിക്കണം!
“നസീമത്ത നാളെ പോവുമ്പോ ടൗണിൽ നിന്ന് എന്നെയൊന്നു കാണണേ? എന്നെ കാണാതെ പോവരുത്ട്ടോ രണ്ടും കൂടെ .ഞാനപ്പോ വിളിക്കാ….ഓക്കേ….”
“അല്ല എന്താ മോനെ…എന്തിനാ…” സർപ്രൈസ് ഇപ്പോ പൊളിക്കാനോ? എന്റെ വായിൽ നിന്ന് അത് വീഴില്ല മോളേ!
“അതപ്പോ പറയാ…ശെരിയെന്നാ…” സംശയക്കടലായ ആ ശബ്ദം കേൾക്കാതെ ഞാൻ ഫോൺ വെച്ചു. മോതിരം കയ്യിൽ കൊടുക്കുത്ത്…“മറ്റേ മോതിരം കൊടുക്കാൻ തോന്നുന്നില്ലലോ? അത് ഈ വിരലിൽ തന്നെ നിന്നോട്ടെ ട്ടോ..”
എന്നും പറഞ്ഞു നിൽക്കുമ്പോ നസീമത്തയുടെ സന്തോഷവും, സ്നേഹവും , വിശ്വസിക്കാൻ കഴിയാത്ത നോട്ടവും, കാണാൻ എനിക്ക് കൊതിയായി.
അതിന് വേണ്ടി വേഗമുറങ്ങാന് പോയി. പത്തുമണിക്ക് പെണ്ണുങ്ങൾ ടൗണിലെത്തും. അതിനു മുന്നേ സാധനം വാങ്ങാണം!സെന്തിലിനെ വിളിച്ചു, കാർ വേണ്ടന്നു പറഞ്ഞു. ചെക്കൻ ബോധം കുറവാ!എന്തൊക്കെയോ മൂളി കേട്ടു!
രാവിലെ നേരത്തേ എഴുനേറ്റു.ഏഴുമണിക്ക് ! ഒരുത്തരവാദിത്വം തലയിൽ വന്നപ്പോ എന്തോരു നല്ല ശീലങ്ങളാ!
എന്നാ അപ്പോഴേക്കും!തമ്പുരാട്ടി ടാക്സി കാറിൽസ്ഥലംവിട്ടിരുന്നു .ഒന്ന് കാണാൻ പോലും കിട്ടിയില്ല!
അനുഷേച്ചിയും ഏട്ടത്തിയും എഴുന്നേറ്റ് വന്നപ്പോഴേക്കും സെന്തിലിന്റെ കൂടെ ടൗണിൽ പോവുമെന്ന്
ഞാനാദ്യമേ കള്ളം പറഞ്ഞു വെച്ചു!അവർക്കൊക്കെ!
ചായയും കുടിച്ചു. ഡ്രെസ്സൊക്കെ ഒന്ന് മാറി. അച്ഛന്റെ സ്വർണ മാലയും കൊണ്ട്. ഞാൻ ക്രൈസ്റ്റയിൽ കേറി. നേരെ ടൗണിലേക്ക് വിട്ടു.
ഒൻപതരക്കാ കടയൊക്കെ തുറന്നത്! ആദ്യമായിട്ടാ ജെവല്ലറിയിൽ കയറുന്നെ. ആ തപ്പി തടയൽ എനിക്ക് വല്ലാതെയുണ്ടായി!
അച്ഛന്റെ മാല കൊടുത്തപ്പോ മൂന്നു പവനുണ്ട് .അതിന്റെ ഏകദേശം റേറ്റ് മനസ്സിലാക്കി. മണ്ടനായ ഞാൻ അതിന് മോതിരം വേണമെന്ന് പറഞ്ഞു! മോതിരമാക്കിയാൽ പെണ്ണിന് വിരലിലിടാൻ പറ്റോ? നല്ല കനമുണ്ടാവുമെന്ന് സെയിൽസ് ഗേൾ!
അങ്ങനെയാണേൽ മാലയാക്കാം! പെട്ടന്നെനിക്ക് , പാവം ഹിബയെ ഓർമ വന്നു. പെണ്ണിന്റെ കൂട്ട്കാരി കൂടയല്ലേ! ഒന്നും കാണില്ല ആ കയ്യിൽ കൊടുക്കാൻ.
എനിക്ക് അന്ന് ചായ വാങ്ങി തന്നത് പോലും നുള്ളി പെറുക്കിയ പത്തിന്റെ നോട്ടുകൾ വെച്ചല്ലേ? ആ പെണ്ണിനും കൊതിയുണ്ടാവില്ലേ എന്തേലുമൊന്നു കൊടുക്കാൻ! ആ പാവം പെണ്ണുങ്ങൾക്ക് ഞാൻ മാത്രമല്ലേയുള്ളു!
രണ്ടാളും ഓരോ മാല കൊടുത്തോട്ടെ!അവരുടെ മുന്നിൽ, താഴ്ത്തി കെട്ടുന്ന മനുഷ്യരുടെ മുന്നിൽ എന്റെ പെണ്ണുങ്ങൾ രണ്ടും ഇത്തിരി അഭിമാനത്തോടെയും അഹങ്കാരത്തോടെയും തലയുർത്തി നിൽക്കണം!
സെയിൽസിലുള്ള പെണ്ണും മാല വാങ്ങാനുള്ള എന്റെ തീരുമാനത്തെ വല്ല്യ പ്രോത്സാഹനം!. അങ്ങനെ ഒരു നെക്ലെസും, ഒരു നോർമൽ മാലയും വാങ്ങി. രണ്ടും നല്ല ഭംഗിയുണ്ട്!
ചുവന്ന ബോക്സിൽ വെച്ച് പ്രത്യേക കവറിലാക്കി എന്റെ കയ്യിൽ തന്നപ്പോ..എനിക്കെന്തെന്നില്ലാതെ സന്തോഷം തോന്നി!
പിന്നെ തിരക്കിട്ടു ഞാൻ കാറുമെടുത്തു പാഞ്ഞു. സമയം പത്തു കഴിഞ്ഞിരുന്നു! നസീമത്താത്തയെ വിളിച്ചപ്പോ ബസ് സ്റ്റോപ്പിലുണ്ടെന്ന് പറഞ്ഞു. നേരെ കാർ എടുത്തു അങ്ങട്ട് വിട്ടു!
