മീര ഞങ്ങളെ നോക്കി നിൽപ്പുണ്ടായിരുന്നു, അവളുടെ മുഖത്ത് ഒരേ സമയത്ത് സന്തോഷവും ചെറിയൊരു കുശുമ്പും ഉള്ളപ്പോലെ…
ഞാൻ കട്ടിലിൻ്റെ സൈഡിൽ നിന്ന് മറ്റൊരു കവർ കൂടെ എടുത്തു, ഇത് മീരയ്ക്ക്…
“എനിക്ക് എന്തിനാ, എൻ്റെ പിറന്നാൾ ഒന്നും അല്ലല്ലോ,” അവളുടെ കണ്ണ് വിടർന്നെങ്കിലും അവൾ ചെറിയ മടിയോടെ പറഞ്ഞു…
“വാങ്ങിക്ക് മോളേ, നമ്മുടെ ശ്രീ അല്ലെ…”
“ഞങ്ങൾ രണ്ടാളും പുതിയ ഡ്രസ് ഇട്ട് പോകുമ്പോൾ, എൻ്റെ ഭാവി ഭാര്യ മാത്രം അങ്ങനെ പഴയത് ഇടണ്ട എന്ന് കരുതി വാങ്ങിയതാ…” ഞാൻ കവർ കൊടുക്കുമ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അയ്യട, എങ്കിൽ എനിക്കിത് വേണ്ട…ഭാവി ഭാര്യ, ശ്രീ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ…”
“പിന്നെന്താ എൻ്റെ ഇഷ്ടം ആണ് എൻ്റെ മരിച്ചു പോയ അമ്മയുടെയും, ഇപ്പൊ ദേ ഈ ഉഷമ്മക്കും, പിന്നെ അച്ഛൻ വന്നാൽ മൂപ്പർക്കും ഒരു എതിർപ്പും കാണില്ല, നിൻ്റെ അമ്മക്കോ ചേച്ചിക്കോ എതിർപ്പ് ഉണ്ടാകാനും വഴിയില്ല, ബാക്കി ഉള്ളവരോട് പോകാൻ പറ…”
“അപ്പൊ എൻ്റെ സമ്മതം വേണ്ടേ… ദേ ശ്രീ…” മീര എന്തോ പറയാൻ വന്നു.
“മതിയാക്ക്, രണ്ടാളും… നീ പുറത്തേക്ക് പോയെ ശ്രീ.. ഞങ്ങൾ തുണി മാറട്ടെ… അവനൊരു തമാശ പറഞ്ഞത് അല്ലേ പെണ്ണെ…നീയൊന്നു അടങ്ങിക്കെ….”
ഞാൻ പുറത്തേക്ക് ഇറങ്ങി, എൻ്റെ മുറിയിൽ പോയി ഒരു ഷർട്ടും കസവ് മുണ്ടും ഇട്ടു, മുണ്ടിന് മുകളിൽ ഒരു ബെൽറ്റ് ഇട്ട്, എങ്ങാനും അടി ഉണ്ടായാൽ അന്നത്തെ പോലെ മുണ്ട്
ഊരി പോകണ്ടല്ലോ….
………………………………………………………………………………….
ഞാൻ വാങ്ങിക്കൊടുത്ത മഞ്ഞകലർന്ന പച്ച നിറത്തിൽ ഉള്ള സാരിയിൽ ഉഷമ്മയും ഹാഫ് സാരിയിൽ മീരയും ദേവതകളെ പോലെ ഉണ്ടായിരുന്നു… അതിസുന്ദരിയായ അവർ വിലകൂടിയ ആ വേഷങ്ങൾ കൂടെ ധരിച്ചതോടെ തറവാട്ടിൽ അവരാണ് എല്ലാം എന്നൊരു തോന്നൽ കൂടെ കാണുന്നവർക്ക് ഉണ്ടാകും, അവരുടെ വസ്ത്രങ്ങളുടെ അതേ നിറത്തിൽ ഉള്ള ഒരു ഷർട്ട് ആണ് ഞാനും ഇട്ടത്.
“മോനെ ശ്രീ ഇത് നല്ല വിലകൂടിയത് ആണല്ലോ, എന്തിനാ ഇത്രയൊക്കെ ചെലവാക്കിയത്….”
“എനിക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടി അല്ലെ പൈസ ചെലവാക്കേണ്ടത്, വന്നേ നമുക്ക് പോകാം…” മീരയെ കൂടി നോക്കിയാണ് ഞാൻ അത് പറഞ്ഞത്…
അവളെ കാണുമ്പോൾ എനിക്ക് ഇപ്പൊ തന്നെ കല്യാണം കഴിക്കാൻ ആണ് തോന്നുന്നത് അല്ലെങ്കിലെ സുന്ദരി ആയ അവൾ ആ വേഷത്തിൽ രാജകുമാരിയെ പോലെ തോന്നിച്ചു, ഉഷമ്മ മഹാറാണിയും….
ഞങ്ങൾ മൂന്ന് പേരും കോവണി ഇറങ്ങി താഴെ എത്തുമ്പോൾ തറവാട്ടിലെ എല്ലാരും അത്ഭുതത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു, മീരയും ഞാനും തമ്മിൽ ഉള്ള ചേർച്ച കണ്ട് സന്ധ്യ വല്ല്യമ്മക്കും അച്ഛമ്മക്കും നല്ലപോലെ പൊളിഞ്ഞിട്ടുണ്ട് എന്ന് ഉറപ്പാണ്… ശോഭയുടെ കാര്യം എനിക്ക് ഒരു പിടിയും ഇല്ല.….
‘പരട്ട തള്ളേ നിങ്ങൾക്ക് ഇവളെ അയ്യപ്പനെ കൊണ്ട് കെട്ടിക്കണം അല്ലേ, ഞാൻ ജീവനോടെ ഉള്ളപ്പോൾ നടക്കാൻ പോണില്ല’ ഞാൻ മനസ്സിൽ പറഞ്ഞു…
“അമ്മേ ഞങ്ങൾ പോയി വരാം..” ഉഷമ്മ അച്ഛമ്മയോട് പറഞ്ഞു.
“എൻ്റെ മകൻ എവിടെയാ എന്ന് പോലും അറിയില്ല, നീ ഒരുങ്ങികെട്ടി പിറന്നാള് ആഘോഷിച്ചു നടന്നോ !”
അച്ഛമ്മയുടെ ആ വാക്ക് കേട്ടപ്പോൾ ഉഷമ്മ തലകുനിച്ചു.
“ എന്നോടാണ് അച്ഛൻ എല്ലാം ഏല്പിച്ചു പോയത്, ഇത് എൻ്റെ ഇഷ്ടം ആണ്… ഇവിടെ ബാക്കി എല്ലാവർക്കും അവരുടെ സന്തോഷങ്ങൾ ഇല്ലേ, അച്ഛൻ പിണങ്ങി നാടുവിട്ട് പോയത് ഒന്നും അല്ലല്ലോ, പുള്ളി ആത്മീയ യാത്ര നടത്തി തിരിച്ചു വരും…”
ഞാൻ ഉഷമ്മയുടെ കൈ പിടിച്ചു, ഉഷമ്മ ആകട്ടെ മീരയുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു, ഞങ്ങൾ കാറിൽ കയറി ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി…
………………………………………………………………………………
“അമ്മേ, അവനെ പിണക്കണ്ട, അവന് അല്ലേലും ആ മീര പെണ്ണിനോട് എന്തോ ഉണ്ട്, കണ്ടില്ലേ, ഇപ്പൊ അവരെ രണ്ടിനെയും കണ്ടാൽ കല്യാണം കഴിഞ്ഞ പുതുമോടി ആണെന്നേ പറയൂ … അവളുടെ ചേച്ചി മീനാക്ഷിയെ പോലെയോ ആ മണ്ടൻ സുധിയെ പോലെയോ അല്ല, മീരയും ശ്രീഹരിയും അവനും അവളും പിന്നെ പോരാത്തതിന് ആ ഉഷയും കൂടെ യോജിച്ചാൽ ഞങ്ങൾ എല്ലാരും പുറത്താകും ഇപ്പൊൾ കണ്ടാൽ ഉഷയാണ് തറവാട്ട് അമ്മയെന്നും തോന്നും…..”
