“അതിപ്പൊ മോനെ, വേറെ…”
“സുധി…. അല്ലേ….”
“രാജൻ വല്യച്ഛൻ പിടിക്കപ്പെട്ടപോലെ തലതാഴ്ത്തി…”
ഇന്നലെ അക്കൗണ്ടിൽ പലയിടത്തും സുധിയുടെ പേരും ഒപ്പും കണ്ടപ്പോഴേ ഇത് പുള്ളിയും സുധിയും ചേർന്നാണ് അല്ലെങ്കിൽ പുള്ളിക്ക് വേണ്ടി സുധി ചെയ്തത് ആണെന്ന് എനിക്ക് ഇന്നലെ മനസ്സിലായിരുന്നു, പക്ഷേ ബാലനും കൂടി ഉള്ള ഇടപാട് ആണെന്ന് കരുതിയില്ല..
രാജൻ വല്യച്ഛൻ തത്കാലം ഞാൻ അവരുടെ കള്ളത്തരം കണ്ടുപിടിച്ചത് അറിയണ്ട എന്ന് ഞാൻ തീരുമാനിച്ചിരുന്നു…ഞാൻ തുടർന്നു
“എല്ലാ അർഥത്തിലും അവൻ തറവാടിന് ഇട്ട് നല്ല പണി തന്നു ആണ് പോയത് അല്ലേ… പെണ്ണിനെ പിഴപ്പിച്ചു വയറ്റിലുണ്ടാക്കിയതും പോരാഞ്ഞിട്ട് മില്ലിൽ നിന്ന് പണവും കട്ടു… കേസിന് പോയാൽ നമ്മൾ നാറും… എന്തായാലും ഇനി സുധിക്ക് പകരം ആളെ വക്കാത്തത് നന്നായി, ഇനി ഞാൻ നോക്കിക്കോളാം എല്ലാം…”
“ആ… ശരിയാ മോനെ, നമുക്ക് എന്ത് ചെയ്യാൻ പറ്റും !!! ഇനി ഇപ്പൊ മോൻ തന്നെ കാര്യങ്ങൾ നോക്കുന്നതാ നല്ലത്…” പിടിക്കപെട്ടില്ലല്ലോ എന്ന ആശ്വാസത്തോടെ രാജൻ പറഞ്ഞു…
“അത് ശരിയാ, എത്രയാ അളിയൻ കിടന്നിങ്ങനെ കഷ്ടപ്പെടുന്നത്…” ചെറിയ വിറയലോടെ ബാലൻ അളിയനെ താങ്ങി…
ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട്, തുടർന്നു.
“എങ്കിൽ ശരി നമുക്ക് പോകാം, ആ പിന്നെ സിന്ധുചേച്ചിയുടെ ചേട്ടന് കൊടുക്കാൻ എത്രയാ വേണ്ടത് എന്ന് പറഞ്ഞാല് മതി, അടുത്ത മാസം കൊടുക്കാം…”
“അതൊന്നും വേണ്ട മോനെ…”
“തറവാടികൾക്ക് വാക്കല്ലേ വലുത്, വല്യച്ഛ…”
“ഉം….” രാജൻ മൂളി..
“അത് പറഞ്ഞപ്പോഴാണ്, ബാലൻ കൊച്ചച്ചൻ്റെ കടയിൽ അച്ഛന് പാർട്ടൺഷിപ്പ് ഉണ്ടല്ലേ… ഇന്നലെ അച്ഛൻ്റെ ഡയറിയിൽ മില്ലിൻ്റെ കണക്ക് നോക്കിയപ്പോൾ ഞാൻ കണ്ടത് അതിൻ്റെ കണക്കാണ്….”
‘വണ്ടി വീണ്ടും ഓടിക്കാൻ തുടങ്ങിയ ബാലൻ ഇരുന്ന് വിയർക്കുന്നു ഉണ്ടായിരുന്നു… പക്ഷേ ഇത് കേട്ടപ്പോൾ ഞെട്ടിയത് രാജൻ ആയിരുന്നു, അപ്പൊ ഈ കളിയിൽ രാജൻ ഇല്ല… കൊള്ളാം…’
“ ആ മോനെ അതങ്ങനെ പാർട്ടർഷിപ്പ് ആയിട്ടൊന്നും അല്ല… അളിയൻ എനിക്കൊരു ആവശ്യം വന്നപ്പോൾ സഹായിച്ചു… ഞാൻ അത് തിരിച്ചു തന്നേക്കാം,
കട ഇപ്പോള് അത്ര മെച്ചം അല്ല…”
“ ഓ… കൊച്ചച്ചന് വിഷമം ആയോ, ഞാൻ അങ്ങനെ ഒന്നും വിചാരിച്ചു പറഞ്ഞതല്ല കേട്ടോ ! പലചരക്ക് കടയല്ലേ, അതിന് ഇത്ര വലിയ തുക തന്നപ്പോൾ കരുതി പാർട്ടർഷിപ്പ് ആകുമെന്ന്…”
“എനിക്ക് വേറെ കുറച്ചു കടങ്ങൾ ഉണ്ടായിരുന്നു, അതൊക്കെ തീർക്കാനും കൂടെ വാങ്ങിയതാണ്…”
“ഓ ആയിക്കോട്ടെ, കൊച്ചച്ചൻ ഇവിടുന്ന് എപ്പോഴും കടയിൽ പോകാത്തത് കൊണ്ടാകും, അവിടെയും ആരേലും ഉടായിപ്പ് കാണിക്കുന്നുണ്ടാകും… എൻ്റെ ഒരു കൂട്ടുകാരൻ ഉണ്ട്, എൻ്റെ ഒപ്പം ഡിഗ്രിക്ക് പഠിച്ചതാ, അവനെ അവിടെ നിർത്താൻ പറ്റുമോ ! അവൻ ആളൊരു പാവം ആണ് വീട്ടിൽ അങ്ങനെ ചുറ്റുപാടും ഇല്ല… അച്ഛന് കൊടുക്കാനുള്ള പണത്തിൽ നിന്ന് അവൻ്റെ ശമ്പളം കുറച്ചാൽ മതി…. കട മെച്ചപ്പെടുമ്പോൾ ബാക്കി ഒരുമിച്ച് തന്ന് തീർക്കുകയും ചെയ്യാം… അപ്പോൾ കൊച്ചച്ചന് അവനെ വേണ്ടെങ്കിൽ മില്ലിലോട്ട് മാറ്റിയേക്കാം.. എന്താ… കൊച്ചച്ചന് സമ്മതം ആണെങ്കിൽ മതിട്ടോ…”
“ഓ… അതിനെന്താ അങ്ങനെ ആകട്ടെ…”
“എങ്കിൽ നമുക്ക് 2 ദിവസം കഴിഞ്ഞ് അവനോട് നേരിട്ട് പോയി കാര്യം പറയാം, കൊച്ചച്ചൻ്റെ കടയും എനിക്ക് കാണാം…”
“ഉം….”
അപ്പോഴേക്കും ഞങ്ങൾ മില്ലിൽ എത്തിയിരുന്നു…
“ആ കൊച്ചച്ചാ നാളെ എനിക്ക് വണ്ടി ഒന്ന് വേണം ഉച്ചവരേക്ക് മതി…. അമ്പലത്തിൽ പോകാനാ…”
“മോനു വണ്ടി ഓടിക്കാൻ ഒക്കെ അറിയും ല്ലേ….”
“ആ അത്യാവശ്യം….എല്ലാം അറിയാം…”
ഇതും പറഞ്ഞു ഞാൻ അകത്തോട്ട് പോയി…
ഞാൻ അവിടെ നിന്ന് മുന്നോട്ട് പോയി എന്ന് ഉറപ്പായപ്പോൾ, അവൾ രണ്ടുപേരും
എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു..
………………………………………………………………………………….
ഒറ്റ ദിവസത്തെ എൻ്റെ മില്ലിൽ വരവോടെ ഇന്നലെ വരെ എല്ലാം തങ്ങളുടേത് എന്ന് കരുതിയത് ഒക്കെ പോകുമോ എന്ന പേടി പങ്കുവയ്ക്കുക ആകും, അല്ലേൽ തന്നെ അറിയിക്കാതെ ബാലൻ ഒറ്റക്ക് വിഴുങ്ങിയത് രാജൻ ചോദ്യം ചെയ്യുന്നതും ആകാം….
