മൊത്തത്തിൽ മില്ലിൽ ഞാൻ എൻ്റെ അധിക്കാരം സ്ഥാപിച്ചു…
…………………………………………………….
അമ്മുവിനെയും കൊണ്ട് അവളുടെ അച്ഛൻ വൈകീട്ട് വരൂ, എനിക്ക് അത്യാവശ്യം വിശന്നു, വീട്ടിൽ പോയി ഊണ് കഴിക്കാം എന്ന് ആദ്യം കരുതി പിന്നെ തോന്നി അങ്ങാടിയിൽ ഒന്ന് പോകാം, കൊച്ചിയിലെ വീട്ടിലേക്ക് ഒന്ന് വിളിക്കുകയും ചെയ്യാം…. ഇതുവരെ വിളിച്ചില്ല ഏതാണ്ട് 2 ആഴ്ച്ച ആയി…
ഞാൻ കാർ എടുത്ത് അങ്ങാടിയിലോട്ട് വിട്ടു, ഭക്ഷണം കഴിച്ചു ബൂത്തിൽ കയറി വീട്ടിലോട്ടു വിളിച്ചു… രണ്ട് മൂന്ന് ബെല്ലിന് ശേഷം ഫോൺ ആരോ എടുത്തു..
“ഹലോ… ആരാണ്…”
“ആ മീനാക്ഷി അല്ലെ, ഞാൻ ശ്രീഹരി, സുഖമല്ലേ അവിടെ… കുഴപ്പം ഒന്നും ഇല്ലല്ലോ!”
“ശ്രീ ആണോ!!! ഇവിടെ സുഖം ആയി ഇരിക്കുന്നു, അവിടെ…”
“നിൻ്റെ അനിയത്തിയും പിന്നെ ഉഷമ്മയും ഇവിടെ സുഖമായി ഇരിക്കുന്നുണ്ട്… ചിലർക്ക് വലിയ സുഖം ഇല്ല, അത് നേരിട്ട് കാണുമ്പോൾ പറയാം..”
“നിനക്ക് സുഖം അല്ലേ ശ്രീ, പിന്നെ എനിക്ക് മീരയോട് ഒന്ന് സംസാരിക്കണം എന്നുണ്ട്…”
“ഞാൻ നാളെ അവരുമായി രാവിലെ അമ്പലത്തിൽ വരുന്നുണ്ട്, വിളിക്കാം… തറവാട്ടിലെ ഫോണിൽ നിന്ന് വിളിക്കാൻ ഉള്ള ഏർപാടും വൈകാതെ ഉണ്ടാക്കാം… നിങ്ങൾക്ക് പിന്നെ എന്നും സംസാരിക്കാലോ…”
“ഉം… ശ്രീ ഇനി എന്നാ ഇങ്ങോട്ട്…”
“എന്താ ? എന്തെങ്കിലും ആവശ്യം ഉണ്ടോ! അമ്പിളി ചേച്ചിയോട് പറഞ്ഞാൽ മതിയല്ലോ…”
“അതൊന്നും അല്ല, ശ്രീയെ എങ്കിലും ഒന്ന് കാണാം എന്ന് കരുതി….”
“ഞാൻ അടുത്ത മാസം വരുന്നുണ്ട്…..”
‘നീ നിൻ്റെ അനിയത്തിയെ പറഞ്ഞു മനസിലാക്ക്, എന്നെ കെട്ടിയാൽ അവൾക്കും എൻ്റെ കൂടെ വരാം’ എന്ന് ഞാൻ മനസ്സിലും പറഞ്ഞു..
“എന്നാൽ ശെരി നാളെ മീരയെ കൊണ്ട് വിളിക്കാം..”
“ശരി ശ്രീ…..”
തിരിച്ച് പോകുമ്പോൾ ആണ് ആ കാഴ്ച്ച കണ്ടത്, ബാലനും രാജനും ആരോടോ നിന്ന് സംസാരിക്കുന്നു, അതെ അത് അയ്യപ്പൻ തന്നെ ആണ്, ഭാഗ്യത്തിന് അവർ എന്നെ കണ്ടില്ല. അപ്പൊ അച്ഛൻ്റെ അളിയന്മാർ അത്ര പോങ്ങന്മാർ അല്ല, നാളെ എനിക്കിട്ട് രണ്ട് പൊട്ടിക്കാൻ ആകും പരിപാടി… ആ വരട്ടെ… എനിക്കെന്തോ വല്ലാത്ത ധൈര്യം തോന്നി….
…………………………………………………………………………………
മില്ലിലേക്ക് പോകുമ്പോൾ ആണ് ഞാൻ വഴിയരികിൽ യാമിയെ കണ്ടത് ഇവൾ എന്താണ് ഇവിടെ എന്ന് ആലോചിച്ചു ഞാൻ വണ്ടി സെഡാക്കി…. മില്ലിലേക്ക് ഉള്ള വഴിയിൽ വീടുകളോ ആളുകളോ ഇല്ല,ചെറിയ വനം ആണ് വഴി, ഇവൾ ഈ കാട്ടിൽ എന്താ ചെയ്യുന്നത്…
ഞാൻ
വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോൾ പുഞ്ചിരിയോടെ അവൾ അവിടെ നോക്കുന്നുണ്ടായിരുന്നു…
‘ഇവളെന്താ ഇവിടെ… ശരിക്കും ആരാണ് ഇവൾ… ഇവളെ സ്വപ്നം കാണുന്നത് പറയണോ ! ഇവളുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ നിഗൂഡതകൾ ഇല്ലേ…’ എൻ്റെ മനസ്സിലൂടെ ആയിരം ചോദ്യങ്ങൾ ഓടിനടന്നു…
“എന്താ മാഷേ, ഇവിടങ്ങും അല്ലേ…”
“ഏയ് ഞാൻ ഈ സർപ്പസൗന്ദര്യം നോക്കി നിന്നുപോയതാ…” ഞാൻ സമനില വീണ്ടെടുത്ത് പറഞ്ഞു..
“ഹ…ഹ…. ഹ…” അവൾ പൊട്ടിച്ചിരിച്ചു..
“അല്ല താനെന്താ ഇവിടെ, ഈ കാട്ടിൽ എന്താ ചെയ്യുന്നത്… ?”
“ഹേയ്, ഞാൻ ശ്രീയെ കാണാൻ വന്നതല്ലേ, ശ്രീ ഇങ്ങോട്ട് കാറോടിച്ചു വരുന്നത് ഞാൻ കണ്ടല്ലോ..”
“പക്ഷെ നീ എങ്ങനെ ഇവിടെ എത്തി അതും ഒറ്റക്ക് ഈ കാട്ടിൽ.…”
“അതൊക്കെ ഉണ്ട്, എനിക്ക് എവിടെയും വരാം….” അവൾ വീണ്ടും നിഗൂഢമായി ചിരിച്ചു.
“നാളെക്ക് തയ്യാറാണോ ! അയ്യപ്പൻ നാളെയും അടിച്ചു ശരിപ്പെടുത്തുമോ ?”
“ നാളെയോ ! നാളെ എന്താ, ഇതൊക്കെ താൻ എങ്ങനെ അറിയുന്നു…”
“എന്താ ശ്രീ ഒന്നും അറിയാത്തപോലെ, ശ്രീയുടെ വെല്ല്യച്ഛനും കൊച്ചച്ചനും അയ്യപ്പനോട് സംസാരിക്കുന്നത് ശ്രീയും കണ്ടതല്ലേ….”
“ഓ…താൻ അവിടെയും ഉണ്ടായിരുന്നോ ! എന്നിട്ട് ഞാൻ കണ്ടില്ലല്ലോ”
“അത് അങ്ങനാ, എന്നെ കാണണം എങ്കിൽ ഞാൻ വിചാരിച്ചാൽ മാത്രേ പറ്റൂ…”
“ഓ താനെന്താ വല്ല പ്രേതം ആണോ, കളിക്കാതെ പോ യാമി…”
“ആണെന്ന് തന്നെ കൂട്ടിക്കോ, ഇപ്പൊ ഞാൻ വന്നത്, പഠിപ്പിച്ചത് വല്ലതും ഓർമ്മ ഉണ്ടോ അറിയാനാണ്… വാ നമുക്ക് നോക്കാം…”
