ഗൗരി എന്ന സ്ത്രീയും ഞാനും

ചെക്കൻ വന്നു. ഞാനൊരു ബ്ലാക്ക് കോഫിക്കു പറഞ്ഞു. ശങ്കരേട്ടൻ ചായയ്ക്കും.

മോനെത്ര ദിവസം കാണും? സ്വാഭാവികമായ ടോൺ. സത്യം പറഞ്ഞാൽ എന്നെ മോനേ എന്നാരും വിളിച്ചതോർമ്മയില്ല! ഞാൻ ശങ്കരേട്ടനെ ഒന്നു സൂക്ഷിച്ചു നോക്കി. വെളുത്ത കുറിയ മനുഷ്യൻ. ബാക്കിയുള്ള മുടി മുക്കാലും നരച്ചിരിക്കുന്നു.

മാക്സിമം എട്ടാഴ്ച്ച. ഞാൻ ആവി പറക്കുന്ന കടുപ്പമുള്ള കട്ടൻകാപ്പി ഒരിറക്കു കുടിച്ചു. ശങ്കരേട്ടൻ ഈ ബാങ്കിൽ ചേർന്നിട്ട് കൊറേനാളായോ?

പുള്ളി മന്ദഹസിച്ചു. ഈ ബാങ്കു തന്നെ തുടങ്ങിയിട്ട് മൂന്നു വർഷമേ ആയിട്ടൊള്ളൂ. അതിനു മുൻപ് ഇരുപത്തിയൊമ്പതു വർഷം ഞാനിവരുടെ ചിട്ടിക്കമ്പനിയിലാരുന്ന്. ടൈപ്പിസ്റ്റും, സ്റ്റെനോയുമൊക്കെയായി തൊടങ്ങിയതാ. അന്നത്തെ മൊതലാളി മാത്തച്ചനാരുന്ന്. ഒരിക്കലും കള്ളം കാട്ടാത്ത ആളാരുന്ന്. ചുറ്റിലുമുള്ളോര് ഡെപ്പോസിറ്റു ചെയ്യണവർക്ക് വല്ല്യ പലിശ കൊടുത്തു വളരുമ്പോഴും മൊതലാളി ബാങ്കിനേക്കാളും ഒരിത്തിരിമാത്രം പലിശ കൂട്ടിയാരുന്ന് കൊടുത്തത്. അതേ പോലെ സ്വർണ്ണമോ വസ്തു വകകളുടെ ആധാരങ്ങളോ പണയം വെക്കാൻ വരുന്ന പാവങ്ങളോട് കൊള്ളപ്പലിശയൊന്നും ഈടാക്കത്തുമില്ല. അതുകൊണ്ടെന്നാ! കൂണു പോലെ മൊളച്ചുവന്ന ഫിനാൻസ് കമ്പനികള് ഈയാമ്പാറ്റകളേപ്പോലെ എരിഞ്ഞൊടുങ്ങിയപ്പഴ് നമ്മടെ കമ്പനി ഇത്രേം നാളു കഴിഞ്ഞും പുരോഗമിക്കുവല്ലേ!

പിന്നെന്തിനാ ബാങ്കു തൊടങ്ങിയത്? എൻ്റെ താല്പര്യം വർദ്ധിച്ചു. ഭാവിയിൽ എൻ്റെ കളിയിടമാണ്. ഇതാ മൈതാനത്തു നിന്നും നേരിട്ട് കമൻ്ററി!

അത് മോനേ! ഇപ്പഴത്തെ ബോസ് രവി മാത്തനാണ്. അപ്പനേക്കാളും തലയും ഹൃദയോമൊള്ള ആളാണ്. അന്നാമ്മേടത്തീടെ… അമ്മച്ചീടെ ഗൊണോമൊണ്ടേ. മാറണ നാട്ടിൻ്റെയൊപ്പം നമ്മളും മാറണംന്ന് പുള്ളിയാ തീരുമാനിച്ചത്. ഇപ്പോ ഈ പ്രൈവറ്റ് ബാങ്കുകൾടെ നിയമങ്ങള് കൊറച്ചൂടി നന്നാക്കി.

ഗൗരി മാഡത്തിനെ നേരത്തേ അറിയാരുന്നോ?

ഗൗരി മോള്. അന്ന് ചിട്ടിക്കമ്പനീല് വരുമ്പോഴ് സി എ ഇൻ്ററു കഴിഞ്ഞാരുന്ന്. … പെട്ടെന്നങ്ങേര് വാച്ചിൽ നോക്കി.

മോനേ! അരമണിക്കൂറായി. പുള്ളി ചായ കുടിച്ചു തീർത്തു. പോയാലോ?

ഞാനും കാപ്പി ഒരിറക്കൂടി കുടിച്ചിട്ടെണീറ്റു.

തിരികെയെത്തിയപ്പോൾ ഡിപ്പാർട്ട്മെൻ്റിലെ അന്തരീക്ഷം ശോകമൂകമായിരുന്നു. എൽസിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ!

ഞാൻ സീറ്റീൽ പോയിരുന്നു.

വന്നാലുടനെ ഇയാളോട് ചെല്ലാൻ മാഡം പറഞ്ഞിട്ടുണ്ട്. ആ പെണ്ണിരുന്നു വിക്കി.

എൻ്റെ പേര് കേശവൻ എന്നാണ് കേട്ടോ. “ഇയാൾ” അല്ല. ഞാൻ സൗമ്യമായി പറഞ്ഞിട്ട് അവളെ നോക്കിച്ചിരിച്ചു.

എൽസിയും അറിയാതെ മന്ദഹസിച്ചുപോയി…

ഞാനെണീറ്റകത്തേക്ക് നടന്നു. ആ പിന്നേ… അവളുടെയടുത്തെത്തിയപ്പോൾ ഒന്നു കുനിഞ്ഞു… ഇയാള് ചിരിക്കുമ്പഴാണ് കരയുന്നതിനേക്കാൾ ഭംഗി. അവളന്തം വിട്ടുകാണണം. അതിനേക്കാളും അന്തം വിട്ടത് ഞാനാണ്! ഒരു പെണ്ണിനോടും ഇന്നേവരെ ഈ കേശവൻ മുകുന്ദൻ കിന്നാരം പറഞ്ഞ ചരിത്രമില്ല!

കാബിന് രണ്ടു വാതിലുകളുണ്ടായിരുന്നു. ഉള്ളിലെ കതകുകൾ തുറന്നിരുന്നു. സ്പ്രിങ്ങു പിടിപ്പിച്ച ഹാഫ് ഡോറു തുറന്നു ഞാൻ അകത്തേക്കു കടന്നു.

ഗൗരി മാഡം ഏതോ ഫയലു തുറന്ന് വായിക്കുകയായിരുന്നു. ഞാൻ വന്നതറിഞ്ഞ് ഫയലിൽ നിന്നും മുഖമുയർത്താതെ എതിരേയുള്ള കസേരയിലേക്ക് കൈ ചൂണ്ടി. ഞാനിരുന്നു.

രണ്ടു മിനിറ്റ് കേശവൻ. ആ കണ്ണുകളുയർന്നു. എന്നെയൊന്നുഴിഞ്ഞിട്ട് പിന്നെയും താണു.

ആ നീണ്ട മൂക്കൂം കൊഴുത്ത മുടിയും നീളമുള്ള കൺപീലികളും ആകർഷണീയമായ മുഖവും നോക്കി ഞാനിരുന്നു. സമയം ചെലവഴിക്കാൻ ഇതിലും നല്ല വഴി വേറെയുണ്ടോ കോമ്രേഡ്സ്?

മാഡം ഫയൽ മടക്കി. നിവർന്നിരുന്നു. എന്നെ ഉറ്റുനോക്കി. സീ കേശവൻ. മുകുന്ദൻ സാറിൻ്റെ മകനായതുകൊണ്ടു മാത്രമാണ് കേശവനെ ഇവിടെ രണ്ടു മാസത്തേക്ക് അപ്രൻ്റീസായി എടുക്കാമെന്ന് ഞാൻ അലക്സിച്ചായനോട് സമ്മതിച്ചത്. കണ്ടില്ലേ! അവർ വെളിയിലേക്കു നോക്കി. ഈ ഡിപ്പാർട്ട്മെൻ്റ് നടത്തിക്കൊണ്ടു പോവാൻ… ഐ ആം സ്റ്റ്രഗ്ലിങ്ങ്. അതുകൊണ്ട് ദയവായി ഉപകാരമൊന്നും ചെയ്തില്ലെങ്കിലും ഒരുപദ്രവമാവരുത്. ഡൂ ഐ മേക്ക് മൈസെൽഫ് ക്ലിയർ? അവരെന്നെ തറപ്പിച്ചു നോക്കി.

എനിക്കെന്തോ ഉള്ളിൽ ചിരിയാണ് വന്നത്. എൻ്റെ ലക്ഷ്യം ഇവിടെനിന്നും ഇത്തിരി പ്രാക്റ്റിക്കൽ നോളഡ്ജ് കരസ്ഥമാക്കുക എന്നതാണ്. ഞാനൊരിക്കലും ഒരു ശല്ല്യമാവില്ല മാഡം. ഞാനാ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

ശരി… ആ വിടർന്ന കണ്ണുകൾ തീരെ മൃദുവായില്ല. യൂ കാൻ സ്റ്റാർട്ട്. ശങ്കരൻ സർ വിൽ ഹെൽപ്പ് യൂ. ഇതൊരു ലോൺ ഡിപ്പാർട്ട്മെൻ്റാണ്. സോ യൂ നീഡ് റ്റു ചെക്ക് ദി ഡോക്കുമെൻ്റ്സ്.

ഞാനിറങ്ങി. ഈ പെണ്ണുമ്പിള്ളയെ അങ്ങവഗണിക്കണതാണ് നല്ലതെന്നു തോന്നി.

അടുത്ത ദിവസങ്ങൾ ഞാൻ നന്നായി പണിയെടുത്തു. ഗൗരി മാഡത്തിനെ പൂർണ്ണമായും അവഗണിച്ചു. അവരെന്നേയും. ഞാനൊരു ന്യൂയിസൻസ് ആയിരുന്നിരിക്കണം!

ഈ ലോൺ ഡിപ്പാർട്ട്മെൻ്റിൽ പാതിയോളം അപേക്ഷകളും, പേഴ്സണൽ ലോണുകളാണ്. ഇതിൽ ഈടുവെയ്പില്ല. ബാക്കി പാതി വല്ല സ്വർണ്ണവും ഈടു വെച്ചിട്ട് ലോണെടുക്കുന്നത്. വല്ലപ്പോഴും വാഹനങ്ങളോ മറ്റോ വാങ്ങാൻ വേണ്ടിയുള്ള ലോണപേക്ഷകളും വരാറുണ്ട്. പല ആവശ്യങ്ങൾക്കായി പാവങ്ങളും മിഡിൽ ഇൻകം എന്നറിയപ്പെടുന്ന സത്യം പറഞ്ഞാൽ പാവങ്ങളേക്കാളും ശോകമായ ആളുകളുമായിരുന്നു ഞങ്ങടെ ബാങ്കില് ലോണിനപേക്ഷിച്ചിരുന്നവരിൽ ഭൂരിഭാഗവും.

മോനേ, നമ്മടെ ബാങ്ക് ശരിക്കും പഴയ ചിട്ടിക്കമ്പനീടെ സ്വഭാവത്തീന്ന് മുഴുവനായങ്ങ് മാറീട്ടില്ല. ഇവിടെ ലോണിനു വരുന്നവരോട് നമ്മളു നന്നായി പെരുമാറണം. നമ്മള് റെക്കമെൻ്റു ചെയ്ത് ഗൗരി അപ്രൂവു ചെയ്താല് ഒരു ലക്ഷം വരെയൊള്ള ലോണ് ഇവിടന്നു പാസ്സാക്കും. അവസാനം ബ്രാഞ്ചു മാനേജരുടെ ഒപ്പു മതി. അതിനും മോളിലാണേല് സോണൽ ബ്രാഞ്ചിലേക്കയക്കണം. ശങ്കരേട്ടൻ പറഞ്ഞുതന്നു.

ആദ്യമൊക്കെ ലോണിനപേക്ഷിച്ചു വരുന്നവരുടെ സപ്പോർട്ടിങ്ങ് രേഖകൾ പരിശോധിക്കുക എന്നതായിരുന്നു ഞാനേറ്റെടുത്ത പണി. മാഡം പറഞ്ഞിട്ടൊന്നുമല്ല. പാവം ശങ്കരേട്ടൻ്റെ നടുവൊടിയുന്ന പണിയായിരുന്നു ഇത്. പാവത്തിന് തിമിരവും ഒരുകണ്ണിൽ തുടങ്ങിയിരുന്നു. ഞങ്ങൾ അനൗപചാരിചമായി പണികൾ വിഭജിച്ചു. ലോണിനു വേണ്ടി വരുന്നവരെ ശങ്കരേട്ടൻ കണ്ടു കാര്യങ്ങൾ മനസ്സിലാക്കും. അതിനായി വേറൊരു ചെറിയ മീറ്റിങ്ങ്റൂമുണ്ടായിരുന്നു. അവർ സമർപ്പിക്കുന്ന രേഖകൾ ഞാൻ ഞങ്ങടെ ബാങ്കിൻ്റെ പോളിസികൾ അനുസരിച്ച് കാര്യമായി പരിശോധിച്ചുതുടങ്ങി. ലൈബ്രറിയിൽ ഇരുന്ന് പുസ്തകങ്ങൾ പരതുന്ന സ്വഭാവം എൻ്റെ തുണയ്ക്കെത്തി. ഒറ്റ കേസിലും രേഖകൾ പൂർണ്ണമായിരുന്നില്ല. അന്നീ ആധാറൊന്നുമില്ല. റേഷൻ കാർഡ് , വോട്ടേർസ് ലിസ്റ്റ്, യൂട്ടിലിറ്റി ബില്ലുകൾ, ഇത്യാദി…. പലപ്പോഴും ഡോക്കുമെൻ്റ്സ് വീണ്ടും സമർപ്പിക്കേണ്ടിവന്നു. ഞാനൊരിക്കലും ഒരു ചുവടും പിന്നിലേക്കു വെച്ചില്ല. പിന്നെ ഇതൊക്കെ കമ്പ്യൂട്ടറിലേക്കു ഫീഡു ചെയ്യുന്ന പണി എൽസീടേയും.