ട്വിൻ ഫ്ലവർസ് – 5 23

 

“ശെരി, അത് പോട്ടെ. ഇവര്‍ മൂന്ന്‌ പേരുടെ കാര്യത്തിൽ എന്തു ചെയ്യാനാണ് നിങ്ങളുടെ തീരുമാനം…?” സാമുവേല്‍ അണ്ണനേയും സുമ ചേച്ചിയേയും മാറിമാറി നോക്കി ഞാൻ ചോദിച്ചു. “ഇവര്‍ കാരണം ഇനി ഒരു പെണ്‍കുട്ടി പോലും നശിക്കരുത്… ചതിയിൽ പെടരുത്. കൂടാതെ ഇവരുടെ നിഴല്‍ പോലും ഡാലിയ ഉള്‍പ്പെടെയുള്ള ഒരു പെണ്‍കുട്ടിയുടെ മേലും വീഴരുത്. അങ്ങനെ വീണാല്‍, അവർ ജനിച്ചത് പോലും കുറ്റമാണെന്ന് അവരെക്കൊണ്ട് ഞാൻ ചിന്തിപ്പിക്കും.” കടുത്ത കോപത്തോടെ ഞാൻ പറഞ്ഞു.

 

“റൂബി വിഷമിക്കേണ്ട. അവര്‍ക്കുള്ള കര്‍ശനമായ നിർദ്ദേശങ്ങൾ ഞാൻ കൊടുത്തിട്ടുണ്ട്.” സുമ ധൃതിയില്‍ പറഞ്ഞു. “അവർ മൂന്നുപേരും ആ ജോലി പോലും ഉപേക്ഷിച്ച് കഴിഞ്ഞു. അവർ ഇനി കുന്നൂറിൽ കാല്‍ കുത്തില്ല.” സുമ ഉറപ്പിച്ച് പറഞ്ഞു. “മാന്യമായി ജീവിക്കുന്നത് വരെ മാത്രമേ അവരുടെ ജീവന് ഗ്യാരണ്ടി ഉള്ളുവെന്ന് ഞാൻ ബോധിപ്പിച്ചു കൊടുത്തിട്ടുണ്ട്. ഞാൻ എന്തു പറഞ്ഞാലും അവർ അനുസരിച്ചിരിക്കും.” സുമ പറഞ്ഞു.

 

“എനിക്ക് അവരോട് നേരിട്ട് ഒന്ന് സംസാരിക്കണം.” ഞാൻ പറഞ്ഞു. എന്നിട്ട് അവർ ഉള്ള റൂമിലേക്ക് പോകാൻ തുടങ്ങിയതും സാമുവേല്‍ അണ്ണൻ തടഞ്ഞു.

 

“വേണ്ട റൂബി. നി എന്ന ചെകുത്താനെ അവർ കണ്ടിട്ടില്ല എങ്കിലും നിന്നെ കുറിച്ച് അവർ കേട്ടിട്ടുണ്ട്.” സാമുവേല്‍ അണ്ണൻ പറഞ്ഞു. “തല്‍കാലം ഡാലിയ നിന്റെ ബന്ധം ആണെന്ന് അവരാരും അറിയാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഡാലിയയും അവളുടെ കൂട്ടുകാരികളും കുടുംബവും എല്ലാം ഇവിടെ തന്നെ ഉള്ള സ്ഥിതിക്ക് അവരെ നീയുമായി കണക്റ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.”

 

അതുകേട്ട് ഞാൻ പൊട്ടിച്ചിരിച്ചു. “പക്ഷേ അവരൊക്കെ എന്റെ കൂടെ ആണെന്ന് കുഞ്ഞമ്മ അറിഞ്ഞു കഴിഞ്ഞു എന്ന് എനിക്ക് ഉറപ്പുണ്ട്.” ഞാൻ പറഞ്ഞത് കേട്ട് അവർ രണ്ടുപേരും ഞെട്ടി.

 

“എങ്ങനെ…?!” സുമ ചോദിച്ചു.

 

“കോയമ്പത്തൂര്‍ പെട്രോൾ പമ്പിൽ വച്ച് കുഞ്ഞമ്മയുടെ വലതുകൈ ആയിരുന്ന മാണിക്കത്തെ ഞാൻ കണ്ടായിരുന്നു. അവന്റെ കൂടെ വേറെ രണ്ടുപേരും ഉണ്ടായിരുന്നു. ഞാൻ അവരെ കണ്ടില്ല എന്നാണ് അവരുടെ വിശ്വസം. പക്ഷേ അവർ എന്നെയും എന്റെ കൂടെ ഉള്ളവരേയും കാണുക മാത്രമല്ല, ഫോട്ടോ പോലും അവർ എടുക്കുന്നത് ഞാൻ കണ്ടു. ഒടുവില്‍ എന്റെ കണ്ണില്‍ പെടാതിരിക്കാൻ അവർ ഓടിച്ചെന്ന് അവരുടെ വണ്ടിയില്‍ കേറി.” പറഞ്ഞിട്ട് ഞാൻ പിന്നെയും ചിരിച്ചു…. പക്ഷേ എന്റെ ചിരി സന്തോഷത്തില്‍ പിറന്ന ചിരി അല്ലായിരുന്നു, ക്രോധം അടക്കാനുള്ള ശ്രമത്തിലാണ് ഞാൻ ചിരിച്ചത്.

 

ഉടനെ സുമയും സാമുവേല്‍ അണ്ണനും ആശങ്കയോടെ പരസ്പരം ഒന്ന് നോക്കി.

 

“എന്തോ പൊട്ടിത്തെറി സംഭവിക്കാന്‍ പോകുന്നു എന്ന് എന്റെ സിക്സ്ത്ത് സെൻസ് പറയുന്നു, റൂബി. നി സൂക്ഷിക്കണം.” സുമ ചേച്ചി വളരെ ഗൗരവത്തോടെ പറഞ്ഞതും എന്റെ മനസ്സിൽ ചെറിയൊരു വല്ലായ്മ തോന്നി.

 

സുമ ചേച്ചിയുടെ തോന്നലുകളെ ഒന്നും വെറുതെ തള്ളിക്കളയാൻ കഴിയില്ല. എന്തോ പൊട്ടിത്തെറി സംഭവിക്കാന്‍ പോകുന്നു എന്ന് സുമ ചേച്ചിക്ക് തോന്നിയെങ്കിൽ തീർച്ചയായും എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് എന്നതിൽ സംശയമില്ല.

 

അങ്ങനെയാണെങ്കില്‍ ഇന്നുതന്നെ കുറെ കാര്യങ്ങൾ കൂടി ചെയ്യണമെന്ന് എന്റെ ലിസ്റ്റിൽ ഞാൻ ചേര്‍ത്തു.

 

“മാണിക്കവും കൂട്ടരും ഏതു വണ്ടിയിലാണ് ഓടി കേറിയത്…?” സാമുവേല്‍ അണ്ണൻ ചോദിച്ചു.

 

“നിന്റെ സ്വാഭാവം വച്ച് നോക്കുമ്പോ അവരുടെ വണ്ടി നമ്പര്‍ നി തീര്‍ച്ചയായും നോട് ചെയ്തിട്ടുണ്ടാവും.” സുമ ചേച്ചി പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ എന്നെ ഒന്ന് നോക്കി. എന്നിട്ട് വേഗം മേശപ്പുറത്തു നിന്നും അവരുടെ നോട്ട് ബുക്കും പേനയും എടുത്തു കൊണ്ട്‌ പ്രതീക്ഷയുടെ എന്റെ കണ്ണില്‍ നോക്കി നിന്നു.

 

പുഞ്ചിരിയോടെ ഞാൻ മാണിക്കവും കൂട്ടരുടെയും ലോറി നമ്പറുകൾ സുമ ചേച്ചിക്ക് പറഞ്ഞു കൊടുത്തതും അവർ എഴുതിയെടുത്തു. അതുകഴിഞ്ഞ്‌ ഞാൻ ചില കാര്യങ്ങളും ആവശ്യങ്ങളും ഒക്കെ അവർ രണ്ടുപേരോടും പറഞ്ഞു. ശേഷം ഞങ്ങൾ മൂന്നുപേരും ഒരുപാട്‌ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *