അപ്പോഴാണ് ഡാലിയയും മറ്റുള്ളവരും വായും പൊളിച്ച് അന്തിച്ചു നില്‍ക്കുന്നത് ഞാൻ കണ്ടത്.
“ഈശ്വരാ… ചേട്ടാ…” ഡാലിയ വായ് പൊത്തിപ്പിടിച്ചു നിന്നു.
“ചേട്ടനും ആലോചിക്കട്ടെ എന്ന് പറഞ്ഞത് കൊണ്ട് അവർ തിരിച്ച് വിളിക്കാതിരിക്കുമോ..?” അശ്വതി സംശയത്തോടെ ചോദിച്ചു.
“അവർ 90 ലക്ഷത്തില്‍ തന്നെ ഉറച്ചു നില്‍ക്കുമോ…?” ഷാഹിദ ആശങ്കയോടെ എന്നെ നോക്കി.
“വിവരക്കേട് പറയാതെ എല്ലാവരും മിണ്ടാതിരിക്ക്.” മിനി അവരോട് ദേഷ്യപ്പെട്ടു. “ആ ചേച്ചിയുടെ വെപ്രാളം കേട്ടിട്ട് നിങ്ങള്‍ക്ക് ഒന്നുംതന്നെ മനസ്സിലായില്ലേ..?!” ചിരിച്ചുകൊണ്ട് മിനി ചോദിച്ചു. “55 അല്ലെങ്കിൽ മാക്സിമം 60 ലക്ഷത്തില്‍ ഒതുങ്ങുമെന്ന് ഉറപ്പാണ്. ശെരിക്കും ചേട്ടനെ സമ്മതിക്കണം. എത്ര സിമ്പിളായിട്ടാ അവരെ ചേട്ടന്റെ വഴിക്ക് കൊണ്ടുവന്നത്…!!”
“ശെരിയാ. ചേട്ടൻ അവരെ ചേട്ടന്റെ വഴിക്ക് തന്നെ കൊണ്ടുവന്നു.” ഗായത്രി ചിരിച്ചു.
അതോടെ എല്ലാവരും എന്റെ മുഖത്തേക്ക് നോക്കിയതും ഞാൻ നെടുവീര്‍പ്പോടെ തലയാട്ടി. അപ്പോ ഡാലിയക്ക് മാത്രമാണ് കാര്യം മനസിലായത്.
“അപ്പോ ചേട്ടൻ മീനാക്ഷി ചേച്ചിയോട് പറഞ്ഞ കാര്യങ്ങൾ ഒക്കെ ശെരിക്കും സത്യങ്ങൾ ആയിരുന്നു, അല്ലേ..?” ഡാലിയ ചോദിച്ചു.
“അവരോട് ഞാൻ പറഞ്ഞതൊക്കെ സത്യമാണ്.” ഞാൻ പറഞ്ഞതും മിനിയുടെ മുഖത്ത് ഉണ്ടായിരുന്ന സന്തോഷം മാറി ഭയം നിറഞ്ഞു.
“കുറഞ്ഞ വിലക്ക് ഈ ഇടപാട് നടത്താൻ ചേട്ടൻ അവരെ ഭയപ്പെടുത്തി എന്നാണ് ഞാൻ കരുതിയത്, പക്ഷേ സത്യം അതല്ലേ…?” മിനി പേടിയോടെ ചോദിച്ചു. ഉടനെ മറ്റുള്ള മൂന്ന് പേരുടെ മുഖത്തും ഭയം നിറഞ്ഞു. അവർ നാലുപേരും വിഷമത്തോടെ പരസ്പ്പരം നോക്കി.
“നുണകള്‍ പറഞ്ഞ് ഇതുവരെ ഞാൻ ഒരു ഇടപാടും നടത്തിയിട്ടില്ല, മിനി. അത്ര തരം താഴ്ത്തിയാണോ എന്നെ നി മനസ്സിലാക്കി വച്ചിരിക്കുന്നത്…?” നല്ല സീരിയസ്സായി ഞാൻ പറഞ്ഞതും മിനി ചൂളിപ്പോയി.
അതുകണ്ട് ഡാലിയയുടെ മുഖത്ത് ഒരു തൃപ്തി നിറഞ്ഞത് കണ്ടു.
“പക്ഷേ അതൊന്നും ഓര്‍ത്ത് നിങ്ങൾ വിഷമിക്കേണ്ട. ഞാൻ ഓൾറെഡി കാണേണ്ടവരെ കണ്ട് കാര്യങ്ങൾ എല്ലാം സോള്‍വ് ചെയ്തു കഴിഞ്ഞു. ഒറിജിനൽ ഡോക്യുമെന്റ്സ് പോലും കിട്ടാനുള്ള ഏര്‍പ്പാടുകളും ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ മീനാക്ഷിയും കൂടെ ഉള്ളവരും ഞാൻ ഉദ്ദേശിച്ച വിലയ്ക്ക് ആ സ്ഥലവും ഫാക്ടറിയും തരുമോ എന്നതാണ് പ്രശ്നം.”
“എത്ര ലക്ഷത്തിന് കിട്ടണം എന്നാ ചേട്ടൻ ഉദ്ദേശിക്കുന്നത്..?” അശ്വതി ചോദിച്ചു. “60 അല്ലെങ്കിൽ 65 ലക്ഷത്തിന് എങ്കിലും കിട്ടാന്‍ സാധ്യത ഉണ്ടോ ചേട്ടാ…?”
“65 ലക്ഷത്തിന് കിട്ടിയാലും നഷ്ട്ടമില്ല..” ഷാഹിദ എന്റെ ലാപ്ടോപ്പിൽ ഇമേജസ് ഓരോന്നായി നോക്കി കൊണ്ട് അഭിപ്രായം പറഞ്ഞു.
“എന്റെ കണക്കുകൂട്ടല്‍ 52 ലക്ഷം അല്ലെങ്കിൽ അതിനു താഴെ.” ഞാൻ പറഞ്ഞതും അവർ അഞ്ചുപേരും അന്തംവിട്ട് എന്നെ നോക്കി.
“ആ വിലയ്ക്ക് നടക്കുമെന്ന് തോന്നുന്നില്ല,” മിനി തലയാട്ടിക്കൊണ്ട് പറഞ്ഞു. “70 ലക്ഷം എങ്കിലും കൊടുക്കേണ്ടി വ—” എന്റെ മൊബൈല്‍ റിംഗ് ആയതും മിനി പറഞ്ഞു വന്നത് വിഴുങ്ങി കൊണ്ട് എന്റെ കൈയിലുള്ള മൊബൈലിനെ നോക്കി.
“അവർ തന്നെയാണോ..?” ഗായത്രി പ്രതീക്ഷയോടെ ചോദിച്ചു.
ഡാലിയ പെട്ടന്ന് എന്റെ തോളില്‍ പിടിച്ചു കൊണ്ട് സ്ക്രീനില്‍ എത്തി നോക്കി. “അവർ തന്നെയാ..” ഡാലിയ ധൃതിയില്‍ പറഞ്ഞു.
“വേഗം എടുക്ക് ചേട്ടാ…” വെപ്രാളം പിടിച്ച് ഷാഹിദ പറഞ്ഞു.
പക്ഷേ ഞാൻ ഉടനെ ഒന്നും എടുത്തില്ല. അവസാന നിമിഷം വരെ വെയിറ്റ് ചെയ്തിട്ട് കോൾ കട്ടാകുമെന്ന് തോന്നിയ സമയത്താണ് ഞാൻ എടുത്തത്. എന്നിട്ട് സ്പീക്കറിലിട്ടു.
“റൂബിന്‍…!!” അല്‍പ്പം ആശങ്കയോടെയാണ് അവരുടെ ശബ്ദം ഫോണിലൂടെ കേട്ടത്.
“പറയൂ ചേച്ചി. എന്താണ് നിങ്ങളുടെ തീരുമാനം…”
“ഞങ്ങളുടെ തീരുമാനമൊക്കെ പിന്നേ പറയാം. ആദ്യം റൂബിന്‍ പറ, ശെരിക്കും നി പറഞ്ഞ വിലയ്ക്ക് തന്നാൽ ആ സ്ഥലവും ഫാക്ടറിയും വാങ്ങിക്കണം എന്നു തന്നെയാണോ ഇപ്പോഴും തീരുമാനിച്ചിരിക്കുന്നത്..?” മീനാക്ഷി ചോദിച്ചു.
