“പാവം ആ സ്ത്രീകൾ.” അശ്വതി പറഞ്ഞു.
“മിണ്ടാതിരിക്കടി…” ഡാലിയ ചുണ്ടില്‍ വിരൽ വച്ച് പറഞ്ഞു.
“പക്ഷേ എന്തൊക്കെയായാലും ആ സ്ഥലവും ഫാക്ടറിയും യന്ത്രങ്ങളും ഒക്കെ ഇപ്പൊ ഞങ്ങളുടേതാണ്. അതുകൊണ്ട് വില ഞങ്ങൾ തന്നെ നിശ്ചയിക്കും.” അല്‍പ്പം ഗൗരവത്തിൽ പറഞ്ഞിട്ട് മീനാക്ഷി നെടുവീര്‍പ്പിട്ടു. “ഞങ്ങൾ ആ സ്ഥലവും ഫാക്ടറിയും, യന്ത്രങ്ങള്‍ ഉള്‍പ്പെടെ, എല്ലാം കൂടി വെറും 48 ലക്ഷത്തിന് നിങ്ങള്‍ക്ക് വില്ക്കാന്‍ തയാറാണ്. പക്ഷേ പിന്നീട് എന്തു പ്രശ്നങ്ങൾ വന്നാലും അതൊക്കെ റൂബിന്‍ ഏറ്റെടുക്കണം, ഒന്നും തന്നെ ഞങ്ങളുടെ തലയില്‍ കെട്ടി വയ്ക്കാന്‍ ശ്രമിക്കരുത്. റൂബിന്‍ ഉറപ്പ് തന്നാൽ നാളെ തന്നെ ഈ ഇടപാട് നടത്താനുള്ള ഏര്‍പ്പാടുകൾ നമുക്ക് തുടങ്ങാം.” മീനാക്ഷി പറഞ്ഞു നിര്‍ത്തി.
“എനിക്കൊന്ന് ആലോചിക്കണം, ചേച്ചി. എല്ലാ കാര്യങ്ങളും വിശദമായി പഠിച്ചിട്ട് നാളെ ഞാൻ നിങ്ങള്‍ക്ക് വിളിക്കാം.”
“അയ്യോ റൂബിന്‍…. റൂബിന്‍ ഞങ്ങളുടെ അവസ്ഥയും മനസ്സിലാക്കണം.” മീനാക്ഷി വിഷമത്തോടെ പറഞ്ഞു. “ഞങ്ങളുടെ കഴിഞ്ഞു പോയ പഴയ ജീവിതത്തിൽ നിന്നും പുതിയ മനുഷ്യരായി സമാധാനത്തോടെ ജീവിക്കാൻ ഞങ്ങൾ തുടങ്ങിയതേയുള്ളു. ഇനിയും പഴയ ജീവിതത്തിൽ നിന്നുള്ള തുടര്‍ പ്രശ്നങ്ങൾ ഒന്നും അഭിമുഖീകരിക്കാനുള്ള ശക്തി ഞങ്ങൾക്കില്ല. പ്രശ്‌നങ്ങളും കേസും ഒന്നും ഞങ്ങൾക്ക് ഇനി വേണ്ട. സമാധാനത്തോടെ ഞങ്ങൾക്ക് ജീവിക്കാൻ കഴിഞ്ഞാല്‍ മാത്രം മതി.” മീനാക്ഷി വിഷമത്തോടെ പറഞ്ഞു.
“ചേച്ചി—”
പക്ഷേ എന്നെ സംസാരിക്കാന്‍ അനുവദിക്കാതെ മീനാക്ഷി തുടർന്നു…,,
“സത്യത്തിൽ ആ സ്ഥലവും ഫാക്ടറിയുമൊക്കെ ഞങ്ങളുടെ തലയില്‍ നിന്നും ഒഴിഞ്ഞു പോയാലേ സമാധാനം ഞങ്ങൾ കിട്ടൂ. അതുകൊണ്ടാണ് ഈ കുറഞ്ഞ വിലക്ക് നിനക്കു തരാൻ ഇപ്പൊ ഞങ്ങൾ തീരുമാനിച്ചത്. അതുകൊണ്ട് ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി മറ്റൊന്നും ചിന്തിക്കാതെ ഈ ഇടപാട് നടത്താൻ സമ്മതിക്കണം… പ്ലീസ്. പ്രശ്നങ്ങൾ ഒന്നും വരില്ല എന്നറിയാം. അഥവാ വന്നാലും നിനക്ക് അതൊക്കെ നിസാരമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” അവർ യാചന പോലെ പറഞ്ഞു.
“ശെരി ചേച്ചി. ഇനി ഞാനായിട്ട് തടസ്സമൊന്നും പറയില്ല. നാളെ ഉച്ചകഴിഞ്ഞ് നമുക്ക് ഈ ഇടപാട് നടത്താം.” ഞാൻ സമ്മതിച്ചു. “പിന്നേ ചേച്ചി, 48 ലക്ഷം എങ്ങനെയാ വേണ്ടത്? ചെക്ക് മതിയോ..? അതോ കാശ് കൈയിൽ വേണോ?”
“വലിയ അമൗൻറ്റ് കൈയിൽ ശരിയാവില്ല, റൂബിന്‍. ചെക്ക് മതി.” അവർ പറഞ്ഞു. “പിന്നെ… പിന്നെ ഒരു സഹായം ചെയ്യാമോ…?” അവർ മടിച്ചു മടിച്ച് ചോദിച്ചു.
“എന്താ ചേച്ചി…? എന്തായാലും പറഞ്ഞോളൂ.”
“ഞാൻ ഞങ്ങൾ മൂന്നുപേരുടെ ബാങ്ക് ഡീറ്റയിൽസ് തരാം. ഞങ്ങൾ ഓരോരുത്തരുടെ പേരില്‍ 16 ലക്ഷം വച്ച് മൂന്ന് ചെക്കായി ഞങ്ങൾക്ക് തരാമോ…?”
“അതിനെന്താ ചേച്ചി, അങ്ങനെ തന്നെ ചെയ്യാം.” ഞാൻ സമ്മതിച്ചതും അവർ ആശ്വാസത്തോടെ ചിരിച്ചു.
“ഞങ്ങൾ താമസിക്കുന്ന സ്ഥലം അറിയാം എന്നല്ലേ പറഞ്ഞത്, അപ്പോ എന്റെ വീടിന്റെ ലൊക്കേഷൻ അയക്കേണ്ട കാര്യമില്ല എന്ന് കരുതുന്നു.” മീനാക്ഷി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ലൊക്കേഷൻ അയക്കേണ്ട.” ഞാൻ പറഞ്ഞു.
“എന്നാല്‍ നാളെ ഉച്ച ഒരു മണിക്ക് ഇങ്ങോട്ട് വന്നോളൂ. നമുക്ക് കഴിയുന്നത്ര കാര്യങ്ങൾ നാളെ ചെയ്തു തീര്‍ക്കാം. എല്ലാം മൂന്നോ നാലോ ദിവസം കൊണ്ട് നമുക്ക് ശെരിയാക്കാം.” മീനാക്ഷി പറഞ്ഞിട്ട് കോൾ കട്ടാക്കി.
“എന്നാലും ചേട്ടാ…. 48 ലക്ഷത്തിന് ഇടപാട് നടക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.” ഗായത്രി ആശ്ചര്യപ്പെട്ടു.
“ചേട്ടനെ കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ഇരിക്കുന്നതേയുള്ളു.” ഡാലിയ തലയാട്ടി കൊണ്ട് ഗൗരവമായി പറഞ്ഞതും എല്ലാവരും ചിരിച്ചു.
“ശെരി, അതെല്ലാം പോട്ടെ.” ഞാൻ മേശപ്പുറത്തു നിന്നും ഇറങ്ങി. ഉടനെ ഡാലിയ ഒഴികെ മറ്റ് സ്ത്രീകൾ എല്ലാവരും എന്റെ അടുത്ത് നിന്നും മാറി തന്നതും എനിക്ക് അല്‍പ്പം സമാധാനമായി. “എനിക്ക് ഇപ്പൊ നന്നായി വിശക്കുന്നു, കഴിക്കാൻ ബ്രേക്ക്ഫാസ്റ്റ് വല്ലതുമുണ്ടോ അതോ പുറത്ത് ചെന്ന് കഴിക്കണോ..?” ഞാൻ ചോദിച്ചു.
