ട്വിൻ ഫ്ലവർസ് – 5 23

 

നാല്‌ മണിക്കൂര്‍ കഴിഞ്ഞ് ഞാൻ അവിടേ നിന്നിറങ്ങി.

 

ഇനി എന്റെ ബിസിനസ്സ് കാര്യങ്ങൾ ചിലതൊക്കെ ചെയ്തു തീർക്കാനുണ്ട്. കൂടാതെ ഇന്ന്‌ എന്റെ ഡോജോകളിൽ പോയി ട്രെയിനിങ് കൊടുക്കാനും ഞാൻ തീരുമാനിച്ചു. ട്രെയിനിങ് കഴിഞ്ഞ് എല്ലാ മാസ്റ്റേഴ്സ്നേയും വിളിച്ച് അത്യാവശ്യമായി ചില കാര്യങ്ങൾ ചർച്ച ചെയ്യാനുമുണ്ട്. അതും കഴിഞ്ഞാല്‍ വേറെയും ഒരുപാട്‌ കാര്യങ്ങൾ അറേഞ്ച് ചെയ്യാനുമുണ്ട്.

 

എന്തായാലും ഇന്നുതന്നെ എല്ലാം ചെയ്യണം. കാരണം, കാര്യങ്ങൾ എല്ലാം വളരെ വേഗത്തിൽ നീങ്ങുകയാണ്… അതുകൊണ്ട്‌ അതിനേക്കാള്‍ വേഗത്തിൽ ഞാൻ നീങ്ങിയില്ലെങ്കിൽ എന്റെ ശവപ്പെട്ടി ഇപ്പോഴേ റെഡിയാക്കാൻ പറയേണ്ടിവരും. എന്റെ മാത്രമല്ല, പലരുടെയും..!!

 

പെട്ടന്ന് ഡെയ്സിയുടെ ക്രൂരമായി വലിച്ചുകീറപ്പെട്ട വയറും… ശേഷം പേരിന് തുന്നിക്കെട്ടിയ പാടുകളും എന്റെ മനസ്സിൽ തെളിഞ്ഞു.

 

“ഇല്ല, അങ്ങനെയുള്ള ക്രൂരതകൾക്ക് ഇരയായി കൊല്ലപ്പെട്ടു എന്ന് ഞാൻ വിശ്വസിക്കില്ല. ഞാൻ അംഗീകരിക്കില്ല.” എന്റെ വണ്ടിക്കകത്ത് ഇരുന്നുകൊണ്ട് ഞാൻ ദേഷ്യവും സങ്കടവും കാരണം അലറി.

 

പെട്ടന്ന് ആ ചിന്തകളെ ഞാൻ മനസ്സിൽ നിന്നും മായിച്ച് കളഞ്ഞു. കുഞ്ഞിന്‌ ജന്മം കൊടുക്കുന്ന സമയത്ത് ഡെയ്സി മരിച്ചു… അങ്ങനെ വിശ്വസിക്കാൻ എന്റെ മനസ്സിനെ ഞാൻ പിന്നെയും പിന്നെയും പഠിപ്പിച്ച് എന്റെ വേദന ഞാൻ അടക്കി.

 

ഒടുവില്‍ പഴയ കാര്യങ്ങൾ ഒന്നും ചിന്തിക്കാതെ തിരക്ക് പിടിച്ച് ബിസിനസ്സ് കാര്യങ്ങൾ ഓരോന്നായി ഞാൻ ചെയ്തു തീര്‍ക്കുന്ന തിരക്കില്‍ ഏര്‍പ്പെട്ടു.

 

ബിസിനസ്സ് കാര്യങ്ങൾ കഴിഞ്ഞ് എന്റെ ഡോജോസ് ഓരോന്നായി ഞാൻ സന്ദര്‍ശിച്ചു. വൈകിട്ട് മാസ്റ്റേഴ്സുമായുള്ള മീറ്റിംഗ് കഴിഞ്ഞ് ഞാൻ വണ്ടിയില്‍ കേറിയ സമയം ഡാലിയ എനിക്ക് കോൾ ചെയ്തു.

 

ഈശ്വരാ….. ഡാലിയ തീര്‍ച്ചയായും ദേഷ്യത്തില്‍ ആയിരിക്കും, എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. അധികനേരം എന്നില്‍ നിന്ന് അകന്നുമാറി നില്‍ക്കുന്നത് അവള്‍ക്ക് ഇഷ്ട്ടമില്ലാത്ത കാര്യമായി മാറിയിരിക്കുന്നത് ഞാനും മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് ഞാൻ അവളെ വിട്ട് അല്‍പ്പനേരം മാറിയാല്‍ പോലും അവള്‍ക്ക് ഇത്രമാത്രം പിടിവാശിയും ദേഷ്യവും പിണക്കവും അവള്‍ എന്നോട് പ്രകടിപ്പിക്കുന്നത്.

 

ഞാൻ വേഗം കോൾ എടുത്തു.

“ഡാലി—”

 

“മിണ്ടണ്ട എന്നോട്.” നല്ല ദേഷ്യത്തില്‍ ഡാലിയ പറഞ്ഞിട്ട് കോൾ കട്ടാക്കി.

 

എനിക്ക് ചിരിയും സങ്കടവും ഒരുമിച്ച് വന്നു. ഞാൻ അവള്‍ക്ക് തിരികെ കോൾ ചെയ്തു. പക്ഷേ എത്ര തവണ വിളിച്ചിട്ടും മെസേജ് അയച്ചിട്ടും അവള്‍ പ്രതികരിച്ചില്ല.

 

നല്ല വിഷമം തോന്നിയെങ്കിലും എനിക്ക് അവളുടെ അടുത്തേക്ക് ഉടനെ പോകാൻ കഴിയില്ലായിരുന്നു. ഇനിയും കുറച്ചു പ്രധാന കാര്യങ്ങൾ കൂടി ചെയ്യാനും അറേഞ്ച് ചെയ്യാനും ഉണ്ടായിരുന്നു. അത്രയും കഴിഞ്ഞാല്‍ മാത്രമേ എനിക്ക് സമാധാന കിട്ടൂ.

 

ഒടുവില്‍ എല്ലാം കഴിഞ്ഞ് ഒന്‍പത് മണിക്കാണ് ഞാൻ കോട്ടേജിന് മുന്നില്‍ വണ്ടി കൊണ്ട്‌ നിര്‍ത്തിയത്. അവിടെ അഞ്ച് കാറുകള്‍ കിടപ്പുണ്ടായിരുന്നു. അകത്ത് നിന്നും ഉച്ചത്തിലുള്ള സംസാരവും ചിരിയും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. അല്ലി പോലും ചിരിക്കുന്നു ശബ്ദം കേട്ട് ഞാൻ പുഞ്ചിരിച്ചു.

 

അപ്പോ ആ ചിത്രശലഭത്തിന്റെ പേടിയൊക്കെ മാറിയോ, അവള്‍ എല്ലാവരുമായി കൂട്ടുകൂടിയിരിക്കുന്നല്ലോ!! എനിക്ക് ശെരിക്കും സന്തോഷമായി.

 

ഞാൻ അകത്തേക്ക് ചെന്നതും സംസാരവും ചിരിയും എല്ലാം നിന്നു. രാഹുലും മറ്റു ഏഴു പേരുടെ കണ്ണുകളും എന്നെ പുതിയൊരു ബഹുമാനത്തോടും അഭിമാനത്തോടും നോക്കുന്നത് കണ്ടപ്പോ, ഡാലിയ, അല്ലി, അരുളും ചേർന്ന് അവരോട് മുഴുവന്‍ കാര്യങ്ങളും വിശദമാക്കിയെന്ന് മനസ്സിലായി. എന്തായാലും ഇവിടത്തെ പ്രശ്നങ്ങൾ എല്ലാം അവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

 

“അങ്കിള്‍..!!” പെട്ടന്ന് കുട്ടികൾ അഞ്ചും ചിരിച്ചു കൊണ്ട്‌ ഓടി എന്റെ അടുത്തേക്ക് വന്നതും കൈയിൽ പിടിച്ചിരുന്ന ബേക്കറി ഐറ്റംസും ഫ്രൂട്ട്സ് ഉണ്ടായിരുന്ന കവറും എല്ലാം ഞാൻ അവര്‍ക്ക് കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *