ട്വിൻ ഫ്ലവർസ് – 5 23

 

“എന്റെ അല്ലി…” ചിരിച്ചു കൊണ്ട്‌ അവളെ ഞാൻ മെല്ലെ വലിച്ച് എന്റെ കൂടെ നിര്‍ത്തി. “ഇവരെ കണ്ടൊന്നും നി പേടിക്കേണ്ട. എനിക്കും റൂബി ചേട്ടനും ഇവരെയൊക്കെ നല്ല വിശ്വാസമാ.” ഞാൻ പറഞ്ഞത് കേട്ട് മിനിയും മറ്റുള്ളവരും കാര്യം അറിയാതെ മിഴിച്ച് എന്നെ നോക്കിയതും, എല്ലാം പിന്നേ പറയാമെന്ന് ഞാൻ കണ്ണുകൾ കൊണ്ട്‌ പറഞ്ഞു.

 

അല്ലി അന്നേരം ചേട്ടന്റെ നേര്‍ക്ക് നോട്ടം പായിച്ചു. അവളുടെ പേടിയും വിഷമവും അറിഞ്ഞത് പോലെ ചേട്ടൻ പെട്ടന്ന് അരുളിനോട് സംസാരം നിര്‍ത്തി തല തിരിച്ച് അല്ലിയെ നോക്കി കണ്ണുകൾ ചിമ്മി പുഞ്ചിരിച്ചതും അല്ലിയുടെ ഭയവും വിഷമവും എല്ലാം അലിഞ്ഞു പോകുന്നത് ഞങ്ങൾ കണ്ടു. അതുകണ്ട് ഗായത്രിയും മറ്റുള്ള ഏഴുപേരും ആശ്ചര്യത്തോടെ എന്നെ ഒന്ന് നോക്കി. ഞാൻ തലയാട്ടി പുഞ്ചിരിച്ചു.

 

അന്നേരം അല്ലി എന്റെ നേര്‍ക്ക് തിരിഞ്ഞു.

 

അപ്പോ അല്ലിക്ക് ഞാൻ അവർ എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു. അവളും അവരെ നോക്കി പുഞ്ചിരിച്ചപ്പോഴാണ് എനിക്ക് സമാധാനമായത്.

 

ശേഷം വണ്ടിയില്‍ അവരുടെ കുട്ടികൾ ഉണ്ടെന്ന് ഞാൻ പറഞ്ഞതും അല്ലി സന്തോഷത്തോടെ ഓടിച്ചെന്ന് ഓരോ വണ്ടിക്കകത്തും നോക്കി. അവർ ഉറങ്ങുന്നത് കണ്ട് അല്ലിയുടെ മുഖത്ത് നിരാശ നിറഞ്ഞു.

 

ഒടുവില്‍ രഹസ്യം പറച്ചില്‍ കഴിഞ്ഞ് ചേട്ടനും അരുളും ഞങ്ങളുടെ അടുത്തേക്ക് വന്നു.

 

“തമ്പി അരുളെ, ഞങ്ങൾ ഇവിടെ ബിസിനസ്സ് ചെയ്യാൻ പോകുന്ന കാര്യവും റൂബി ബ്രോ നിന്നോട് പറഞ്ഞായിരുന്നോ..?” അഭിനവ് ചേട്ടൻ അരുളോട് ചോദിച്ചു.

 

“ആമാ… സൊന്നാങ്ക.” അരുള്‍ മറുപടി പറഞ്ഞു. “നീങ്ക എല്ലാം റൊമ്പ ലക്കി, തെരിയുമാ..?!” അരുള്‍ പുഞ്ചിരിച്ചു. “റൂബി അണ്ണാ എന്ത ബിസിനസ്സ് സ്റ്റാര്‍ട്ട് പണ്ണാലും അന്ത ബിസിനസ്ല നഷ്ട്ടമേ വരാത്, ഇതുവരയ്ക്കും നഷ്ട്ടം വന്തതേ കിടയാത്.” അരുള്‍ അഭിമാനത്തോടെ പറഞ്ഞു.

 

“ശെരി വരൂ… നമുക്ക് നിങ്ങളുടെ കോട്ടേജിലേക്ക് പോകാം.” ചേട്ടൻ പറഞ്ഞു.

 

ഉടനെ അല്ലി ഞങ്ങളുടെ കൂടെ വണ്ടിയില്‍ കേറി. ഞാൻ മുന്നിലും അല്ലി ബാക്കിയും കേറി. അരുള്‍ അവന്റെ കാറിൽ കേറി.

 

ചേട്ടൻ വണ്ടി എടുത്തതും മറ്റ് വണ്ടികള്‍ ഞങ്ങളെ ഫോളോ ചെയ്തു.

 

ഒന്നര മിനിറ്റ് വണ്ടി സ്ലോ ആയിട്ട് ചെന്നതും അവര്‍ക്ക് താമസിക്കാന്‍ ചേട്ടൻ സെലക്ട് ചെയ്തിരുന്ന കോട്ടേജ് എത്തി. അടുത്തടുത്തുള്ള രണ്ട് കോട്ടേജുകളായിരിന്നു.

 

“അകത്ത് ഹീറ്റർ ഉണ്ടോ ബ്രോ..?” എല്ലാവരും വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി നിന്നതും രാഹുല്‍ ചേട്ടൻ കൈകൾ കൂട്ടി തിരുമ്മി കൊണ്ട്‌ ചോദിച്ചു.

 

“വാട്ടര്‍ ഹീറ്റർ മാത്രമേ ഉള്ളു. റൂം ഹീറ്റർ വേണ്ടെന്ന് വച്ചു.” ചേട്ടൻ പറഞ്ഞു.

 

“അതെന്താ ബ്രോ…?” അഭിനവ് ചോദിച്ചു.

 

“ഹീറ്റർ ഉള്ളതും സുഖമാണ്, പക്ഷേ ഹീറ്റർ ഇല്ലെങ്കിലും കുറെ കഴിഞ്ഞ് ഇവിടത്തെ ഈ തണുപ്പൊക്കെ ആസ്വദിക്കാന്‍ തുടങ്ങും. അതുകൊണ്ട്‌ ഹീട്ടർ ഞാൻ എവിടെയും ഇൻസ്റ്റാൾ ചെയ്തിട്ടില്ല. പക്ഷേ താല്‍പ്പര്യമുള്ളവരൊക്കെ വാങ്ങിച്ച് യൂസ് ചെയ്യുന്നുണ്ട്, കേട്ടോ.”

 

“എന്നാൽ എനിക്കും ബ്രോയെ പോലെ ഈ തണുപ്പിനെ ആസ്വദിക്കാന്‍ കഴിയുമോ എന്ന് നോക്കട്ടെ..!! പക്ഷെ കഴിഞ്ഞില്ലെങ്കിൽ ഞാൻ ഹീറ്റർ മേടിക്കും..” രാഹുല്‍ ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

“ശെരി, ഈ രണ്ട് കോട്ടേജും നിങ്ങള്‍ക്കുള്ളതാണ്.” പറഞ്ഞിട്ട് ചേട്ടൻ അരുളിനെ നോക്കി.

 

ഉടനെ അരുള്‍ രണ്ട്‌ കൈകളും മുന്നോട്ട് നീട്ടി. അവന്റെ ഓരോ കൈയിലും ഈരണ്ട് ചാവികളാണ് ഉണ്ടായിരുന്നത്.

 

“ഓരോ കോട്ടേജിനും ഈരണ്ട് കീസ് ഉണ്ട്.” ചേട്ടൻ പറഞ്ഞു.

 

ഉടനെ ഫ്രാന്‍സിസ് ചേട്ടനും അന്‍സാര്‍ ചേട്ടനും ഒരേ കോട്ടേജിനുള്ള രണ്ട്‌ ചാവിയും എടുത്തു. രാഹുല്‍ ചേട്ടനും അഭിനവ് ചേട്ടനും മറ്റ് രണ്ട് കീസ് എടുത്തു.

 

“ഇന്നത്തെ ദിവസം നിങ്ങൾ എല്ലാവരും നല്ലതുപോലെ റെസ്റ്റെടുക്കു.” ചേട്ടൻ അവരോടായി പറഞ്ഞു. “പിന്നെ എല്ലാ കോട്ടേജിലും ലാന്‍ഡ് ഫോൺ ഉണ്ട്. ഫോൺ സ്റ്റാന്‍ഡിൽ തന്നെ ഫോൺ നമ്പറുകള്‍ പ്രിന്റ് ചെയ്തിട്ടുള്ള ഒരു കാർഡും ഉണ്ട്. അതിൽ അത്യാവശ്യം വേണ്ട എല്ലാ നമ്പറും ഉണ്ട്. അതിന്റെ കൂട്ടത്തില്‍ കുറെ നല്ല റെസ്റ്റോറന്റുകളുടെ നമ്പറും ഉണ്ട്. നിങ്ങള്‍ക്ക് അവിടെയൊക്കെ വിളിച്ച് മെനു എന്താണെന്ന് അറിഞ്ഞ ശേഷം മാത്രം ഇഷ്ടമുള്ള ഹോട്ടലിൽ നിന്നും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട ഫുഡൊക്കെ ഓര്‍ഡര്‍ ചെയ്താൽ മതിയാവും. എവിടെ വിളിച്ചാലും എന്റെ പേര് പറഞ്ഞിട്ട് ഫുഡ് ഡെലിവറി ചെയ്യാനായി നിങ്ങളുടെ കോട്ടേജ് നമ്പർ മാത്രം അവര്‍ക്ക് കൊടുത്താൽ മതി. കാശൊന്നും നിങ്ങൾ കൊടുക്കേണ്ട.” ചേട്ടൻ അവരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *