“ങേ അതെന്താ?” അമ്മ ഒരു ഞെട്ടലോടെ എന്നെ നോക്കി.
“അമ്മേ, അത്, അമ്മുവിന്റേം എന്റേം വർക്ക് ഫ്രം ഹോം കഴിഞ്ഞു. ഞങ്ങളുടെ രണ്ടുപേരുടെയും ശരിക്കും അപ്പോയിന്റ്മെന്റ് ബാംഗളൂരിലാണല്ലോ? തല്ക്കാലം കമ്പനികൾ ഞങ്ങളെ ഇവിടെ പോസ്റ്റ് ചെയ്തെന്നേ ഉണ്ടായിരുന്നുള്ളൂ. ബാംഗളൂരിലെ ഞങ്ങളുടെ ഓഫീസുകളിൽ നിന്ന് വർക്ക് ചെയ്യാൻ മെയിൽ വന്നു. കമ്പനികൾ വർക്ക് ഫ്രം ഹോം മാറ്റിക്കൊണ്ടിരിക്കുകയും ആണ്. അപ്പോൾ പോയേ പറ്റൂ.” ഞാൻ ഇടപെട്ടു.
“എന്നാ പോകുന്നത്?”
“വെള്ളിയാഴ്ച രാത്രി പോകണം. അവിടെയെത്തി, ശനിയാഴ്ച പോയി താമസമെല്ലാം ശരിയാക്കണം. തിങ്കളാഴ്ച ഞങ്ങൾക്ക് കമ്പനികളിൽ ജോയിൻ ചെയ്യണം.” ഞാൻ പറഞ്ഞു.
“അപ്പോൾ ഇവൾക്കും, നിനക്കും ഒരുമിച്ച് താമസിയ്ക്കാൻ പറ്റുമോ?”
“കല്യാണം കഴിച്ചവർക്കേ അവിടെ ഒരുമിച്ച് താമസിയ്ക്കാൻ ഫ്ലാറ്റ് കിട്ടൂ. അതിനാൽ ഞാൻ ഇവന്റെ ഭാര്യയാണെന്ന് പറയാൻ പോകുകാ.” അമ്മു പ്രഖ്യാപിച്ചു.
“ഒന്നു മിണ്ടാതിരിയെടീ. ഒന്നിച്ചായാൽ ഇവനെന്തെങ്കിലും നിനക്ക് വെച്ചുണ്ടാക്കിത്തരും. അല്ലേൽ നീ പട്ടിണി കിടക്കേണ്ടിവരും. അതാ ചോദിച്ചത്.” അമ്മയുടെ ചുട്ട മറുപടികേട്ട് ഞാനും, ഏട്ടത്തിയും പൊട്ടിച്ചിരിച്ചു.
“ക്ക ക്ക ക്ക ക്ക.. ചിരിയ്ക്ക് രണ്ടാളും. അമ്മയല്ലേ പറഞ്ഞത് ഭർത്താവിനെ നോക്കാൻ പഠിയ്ക്കണം എന്ന്? ഞാൻ തുടങ്ങാൻ പോകുകാ. ഇവൻ തന്നെ എന്റെ ഗിനിപിഗ്. നീ അനുഭവിയ്ക്കും മോനേ കാർത്തീ….” അമ്മു ചൊടിച്ചു.
ഞാൻ അവളുടെ കവിളിൽ തലോടി. അവൾ മുഖം തിരിച്ച് എന്റെ കയ്യിൽ വേദനിപ്പിയ്ക്കാതെ ഒരു കടി തന്നു.
“വെച്ചിട്ടുണ്ട്. രാത്രിയാവട്ടെ.” അവൾ മന്ത്രിച്ചു.
പിണക്കം ഭാവിച്ചിരുന്ന അവളുടെ കവിളിൽ, ഞാൻ ഒരുമ്മ കൊടുത്തു. അമ്മ പുഞ്ചിരിയോടെ അത് നോക്കിയിരുന്നു.
“ഇങ്ങനെ രണ്ടെണ്ണം…!”
ഏട്ടത്തി ചിരിയടക്കി, വിടർന്ന കണ്ണുകളോടെ എല്ലാം നോക്കിയിരുന്നു.
“ഫ്ളാറ്റ് എടുക്കുമ്പോൾ പറ്റിയാൽ മൂന്ന് ബെഡ്റൂം ഉള്ളത് എടുക്കെടാ. ഞങ്ങൾക്കും ഇടയ്ക്ക് അവിടേയ്ക്ക് വരാമല്ലോ. ഗായത്രിയ്ക്കും ഒരു മാറ്റം ആകുമല്ലൊ.“ അമ്മ പറഞ്ഞു.
”ശരിയമ്മേ.“ ഞാൻ സമ്മതിച്ചു.
“അതെന്തിനാ മൂന്നു ബെഡ്റൂം? ഞങ്ങൾക്ക് ഒരു ബെഡ്റൂം മതി. അപ്പോപ്പിന്നെ രണ്ട് ബെഡ്റൂം ഫ്ളാറ്റ് മതിയല്ലോ. എന്തിനാ വെറുതേ കാശ് കളയുന്നേ?” അമ്മുവിന്റെ പ്രഖ്യാപനം.
“മതിയെടീ പിശുക്കിക്കാളി. ഞങ്ങൾ വരുമ്പോൾ നിങ്ങൾ ഹാളിൽ കിടന്നാൽ മതി” അമ്മ പൊട്ടിച്ചിരിച്ചു.
ഒരുപാടുനാൾ കൂടിയാണ് അമ്മ പൊട്ടിച്ചിരിയ്ക്കുന്നത് ഞങ്ങൾ എല്ലാവരും കാണുന്നത്.
ഞങ്ങൾ മൂന്നുപേരും അമ്മയെ അത്ഭുതത്തോടെ നോക്കിയിരുന്നു.
പെട്ടെന്ന് അമ്മു എഴുന്നേറ്റ് ചെന്ന്, അമ്മയുടെ കഴുത്തിൽ കയ്യിട്ട് രണ്ടു കവിളത്തും, കുറേ ഉമ്മകൾ കൊടുത്തു!
എല്ലാവരും സ്തംഭിച്ചുപോയി.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഏട്ടത്തിയുടേയും.
അമ്മ അവളെ പുണർന്ന് തലോടി.
“എന്താടീ കാന്താരീ?” അമ്മ അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു.
“മ്മ്ചും. ഒന്നുമില്ല” അവൾ ചുമൽ കൂച്ചി.
“ഇവൻ നിന്റെ കൂടെത്തന്നെ ഉണ്ടാവുമല്ലോ. എനിയ്ക്കറിയാം നിങ്ങളെ. നിന്നെ ഞാൻ കളിയാക്കിയതല്ലേ. ഇത്രയേയുള്ളൂ, ധൈര്യവതി. അല്ലെ?”
“കളിയാക്കണ്ട. ഞാൻ തന്നതിങ്ങ് തിരിച്ച് തന്നേരെ.”
“ഞാൻ ബാംഗ്ലൂരിൽ വരുമ്പോൾ തരാം.” അമ്മ പറഞ്ഞു.
“മതി. ഇല്ലെങ്കിൽ അമ്മേടെ മോൻ തരേണ്ടിവരും. പലിശയടക്കം.”
“നീ കിട്ടുന്നതെല്ലാം വാങ്ങിച്ചോ. നീയുണ്ടായ കാലം മുതൽ അവൻ നിന്റെ വിരൽത്തുമ്പിലല്ലേ?”
“ഇനിയുമതേ.” അമ്മു ചൊടിച്ചു.
“നീയെടുത്തോ.” അമ്മ അവളുടെ കവിളിൽ തലോടി ഒരുമ്മ കൂടി കൊടുത്തു.
“കേട്ടല്ലോടാ ഏട്ടാ? ഞാൻ ചോദിയ്ക്കുന്നതെല്ലാം തരണം. അല്ലെങ്കിൽ ഞാൻ അമ്മയോട് പറയും. നീ തരേണ്ടിവരും.” അവൾ പഴയ ഉഷാറിലായി.
“കല്പനപോലെ.” ഞാൻ കളിയാക്കി.
“ഇവൾ പോയാൽ ഈ വീടുറങ്ങും. അല്ലേ ഗായത്രീ?” അമ്മ ഏട്ടത്തിയോട് ചോദിച്ചു.
“നമുക്ക് ഇടയ്ക്കിടയ്ക്ക് ബംഗ്ളൂർക്ക് പോകാമല്ലൊ.” ഏട്ടത്തി പറഞ്ഞു.
