“നിനക്ക് കാർത്തി, ഇപ്പോ ‘എടാ’ പോയി ‘കണ്ണേട്ട’നായോ? അമ്മയ്ക്കോ? വെറുതേ അമ്മയെ ഇതിൽ വലിച്ചിടണ്ടമ്മൂ…. പിന്നെ, ഞാൻ നിങ്ങളോടൊപ്പം നിന്നത് ഇതിനല്ല. നിന്നോടും കാർത്തിയോടും ഉള്ള സ്നേഹം കൊണ്ടാ. നിന്റെ ഉറച്ച മനസ്സ് അറിഞ്ഞതുകൊണ്ടുമാ. പിന്നെ… അതിന് അമ്മയുടെ സമ്മതവും. പക്ഷേ ഇത് പറ്റില്ലമ്മൂ.” ഏട്ടത്തിയുടെ ഇടറിയ താക്കീത്.
“ഏട്ടത്തീ… അമ്മയ്ക്കും സമ്മതമാണ്.” വീണ്ടും അമ്മുവിന്റെ കെഞ്ചൽ.
എന്റെ പുറകിൽ ഒരനക്കം അറിഞ്ഞ് തിരിഞ്ഞുനോക്കി. അമ്മ!
ഞാൻ എന്തോ പറയാൻ വാ തുറന്നതാണ്. അമ്മ ചുണ്ടിൽ കൈ വച്ച് ‘മിണ്ടല്ലെ‘ എന്ന് ആംഗ്യം കാട്ടി. എന്നിട്ട് ഒരു പുഞ്ചിരിയോടെ, എന്നോട് അവിടന്ന് മാറിക്കോളാനും ആംഗ്യം കാട്ടി.
അമ്മുവും അമ്മയും കൂടെയാണിത് ഒപ്പിക്കുന്നതെന്ന് അപ്പോൾ എനിക്ക് മനസ്സിലായി. അതിനാണവൾ രാവിലേ എഴുന്നേറ്റ് സ്ഥലം വിട്ടത്! എന്തോ, എന്റെ ഹൃദയമിടിപ്പ് കൂടി.
അമ്മ അടുക്കളയിലേക്ക് നടന്നു.
ഒരൽപം മറഞ്ഞുനിന്ന് ഇനി എന്താണവിടെ സംഭവിക്കുന്നതെന്ന് ഞാൻ നോക്കി.
അമ്മ ഏട്ടത്തിയുടെ അടുത്ത് എത്തി. തിരിഞ്ഞു നിന്ന ഏട്ടത്തിയെ പിടിച്ച് അമ്മയ്ക്ക് നേരെ നിർത്തി.
ഏട്ടത്തിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.
ഒരുവശത്ത് നിന്ന എനിക്ക് അതു കാണാം, അപ്പോഴും ഏട്ടത്തിയുടെ പുറത്തുകൂടെ കെട്ടിപ്പിടിച്ച് നിന്നിരുന്ന അമ്മുവും കരയുന്നുണ്ടായിരുന്നു.
“ഗായത്രീ, എന്റെ മക്കളോട് ഞാനാണ് ഇതു പറഞ്ഞത്.” ഏട്ടത്തിയുടെ കണ്ണുകളിലേക്ക് നോക്കി അമ്മ പറഞ്ഞു.
“അമ്മേ…” ഏട്ടത്തി ഞെട്ടി.
“ഞാൻ സ്നേഹത്തോടെ പറഞ്ഞാൽ എന്റെ മക്കൾ പിന്നെ മറ്റൊന്നും അലോചിക്കില്ല. അമ്മു രാവിലെ തന്നെ അവരുടെ തീരുമാനം എന്നോട് പറഞ്ഞു. ഞാനാണ് അവൾ തന്നെ അത് ആദ്യം അവളുടെ ഏട്ടത്തിയോട് പറയട്ടെ, എന്ന് പറഞ്ഞത്. അമ്മു പറഞ്ഞാൽപ്പിന്നെ കാർത്തിക്കും എതിർവാക്കില്ലെന്ന് ഗായത്രിക്കും അറിയാല്ലോ.”
അമ്മ ശാന്തമായി ഏട്ടത്തിയോട് പറഞ്ഞു.
“നീയെന്റെ മരുമകൾ അല്ല, മൂത്ത മോളാണ്. കാരണം, എന്റെ മൂത്ത മകൻ എന്നോ വിട്ടുപോയി. അവനേക്കാൾ ഉയർന്ന സ്ഥാനമാണ് ഇവിടെ നിനക്ക്. അവൻ നിന്നെ തൊട്ടിട്ടില്ലെന്ന് എനിയ്ക്കറിയാം. എന്റെ ഇനിയുള്ള ഏക മകനെ ഞാൻ നിനക്ക് തരികയാണ്. വേണ്ടെന്ന് പറയരുത്.” അമ്മ പറഞ്ഞു.
ഏട്ടത്തി വിടർന്ന കണ്ണുകളോടെ അമ്മയെ നോക്കി അൽപനേരം നിന്നു. എന്നിട്ട്, ഒരേങ്ങലോടെ അമ്മയെ കെട്ടിപ്പുണർന്നു. അമ്മ തിരികേയും. അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
“അമ്മേ… കാർത്തി അമ്മുവിന്റെയാണ്. ഞാൻ അവനെ എങ്ങനെ?” ഏട്ടത്തിയുടെ കേഴുന്നത് പോലെയുള്ള സ്വരം അമ്മയുടെ തോളിൽ നിന്ന്.
“അമ്മുവാണ് അവളുടെ ഏട്ടത്തിക്ക് അവളുടെ മാത്രമായ ആങ്ങളയെ പൂർണ്ണസ്നേഹത്തോടെ തരുന്നത്. പിന്നെന്താ? സമ്മതിക്കാൻ പറ്റില്ലെ?” അമ്മ ചിരിച്ചുകൊണ്ട് ഏട്ടത്തിയുടെ തലയിൽ തലോടി ചോദിച്ചു.
ഏട്ടത്തി അമ്മയെ പുണർന്ന് കണ്ണുകൾ അടച്ച് ഏറെനേരം നിന്നു. അമ്മയുടെ കൈകൾ ഏട്ടത്തിയെ തലോടിക്കൊണ്ടിരുന്നു.
“മ്മ്.” ഏറെനേരത്ത മൗനത്തിന് ശേഷം ഏട്ടത്തി പതുക്കെ മൂളി.
“അപ്പോൾ ഞാൻ പറഞ്ഞാൽ ഇവിടാർക്കും ഒരു വിലയുമില്ലേ?” അമ്മുവിന്റെ ചൊടിച്ച ശബ്ദം.
“വീട്ടിലെ കാരണവത്തി പറയണ്ടെ, രാജകുമാരി?”അമ്മയുടെ കൗണ്ടർ.
“ഞാൻ കരുതി, ഇന്നലെ വരെ ഞാനാണ് ഇവിടത്തെ രാജ്ഞി എന്ന്.” അമ്മുവിന്റെ പരിഭവം.
“അതിന് ഇന്നലെ മുതൽ നീ നിന്റെ രാജാവിന്റെ രാജ്യത്തെ രാജ്ഞിയല്ലേ? ഇവിടത്തെ റാണി ഇപ്പോഴും ഞാൻ തന്നെയാണല്ലോ.” അമ്മയുടെ തകർപ്പൻ കൗണ്ടർ.
വെറുതെയല്ല അമ്മുനിവിന് ഇത്രയും കൗണ്ടറുകൾ വരുന്നത്!
അമ്മയിൽ നിന്ന് പാരമ്പര്യം കിട്ടിയതാണ്!
“എന്നാൽ ഞാൻ എന്റെ രാജാവ് എവിടെയെന്ന് നോക്കട്ടെ. ഇന്ന് ഇവിടത്തെ രാജകുമാരിയുടെ പാണീഗ്രഹണം നടത്തണ്ടെ?നോം ന്നാൽ അങ്ങ്ട്…”
അമ്മു സ്റ്റൈലിൽ നടക്കുന്നത് കണ്ട് ഏട്ടത്തിയും അമ്മയും പൊട്ടിച്ചിരിച്ചു. ഞാൻ അവളുടെ നടപ്പുകണ്ട് തികട്ടിവന്ന പൊട്ടിച്ചിരി പണിപ്പെട്ട് അടക്കി.
