മഴനീർതുള്ളികൾ – 6 30അടിപൊളി  

കാണാനും മാത്രം തനിക്കുമുന്നിൽ വന്നു നിൽക്കാറും ഇല്ലായിരുന്നു…..

പത്തു കഴിഞ്ഞപ്പോൾ ഇനി നാട്ടിൽ പഠിച്ചാൽ മതിയെന്ന അമ്മയുടെ ആജ്ഞയ്ക്ക് മറുവാക്കില്ലാതെ ഡെറഡൂൺ വാസം അവസാനിപ്പിച്ചു

തിരിച്ചെത്തിയപ്പോൾ മടുപ്പായിരുന്നു ഇവിടം…..

ശ്രീയോടൊഴിച്ച് മറ്റെല്ലാത്തിനോടും അകൽച്ചയായിരുന്നു….

ബന്ധുക്കളെന്നോ ജോലിക്കാരെന്നോ നോട്ടമില്ലാതെ കാണുന്നവരെയെല്ലാം അടിമകളെപ്പോലെ മാത്രം പരിഗണിച്ചിരുന്ന അമ്മയുടെ ആക്രോശങ്ങളിലും ദിനേനയുള്ള ചട്ടം പഠിപ്പിക്കലുകളിലും മനസ് മടുത്ത് മുകൾനിലയിലെ തന്റെ മുറിക്കുള്ളിലും അച്ഛന്റെ ലൈബ്രറി മുറിക്കുള്ളിലും ആയി കഴിഞ്ഞുകൂടിയ നാളുകൾ….

വരച്ചു കൂട്ടിയ പൂർണതയെത്താത്ത നൂറുകണക്കിന് ചിത്രങ്ങൾ…..

അമ്മയെ എതിർക്കാനുള്ള ധൈര്യം ചെറിയച്ഛനും ഇല്ലാതിരുന്നത് കൊണ്ട് പ്രീഡിഗ്രി നാട്ടിൽ തന്നെയായി….

രാവിലെ കോളേജിലേക്ക് പിന്നെ വൈകിട്ടവിടുന്ന് തിരികെ വീട്ടിലേക്ക്….

കോളേജൊഴിച്ചാൽ നാട്ടിൽ നല്ലൊരു സൗഹൃദം പോലും ഉണ്ടായിരുന്നില്ല….

കാണുന്ന,സംസാരിക്കുന്ന ആളുകളിലും തരവും കോയ്മയും കണ്ട അമ്മയുടെ മുറിപ്പെടുത്തുന്ന വാക്കുകളിൽ മറ്റുള്ളവരെക്കൂടെ വേദനിപ്പിക്കണ്ടല്ലോ എന്നോർത്ത് ആരുമായും കൂട്ടുകൂടിയിട്ടുമില്ല……

ചായക്കൂട്ടുകളും ഈസലും പുസ്തകങ്ങളും പിന്നെ ചില സഹപാഠികളും…അതു മാത്രമായിരുന്നു ലോകം…..

അവിടേക്കാണ് ഒരു കയ്യിൽ ചായക്കപ്പും മറുകയ്യിൽ പലഹാരപാത്രവുമായി ആ വെള്ളിക്കൊലുസ് കയറിവന്നത്…..

മുറിയുടെ ഒരു കോണിലെ ഈസലിന് മുന്നിൽ നിൽക്കുന്ന തന്നെ അറിയാതെ പോലും നോക്കാതെ പതുങ്ങി കയറിവന്ന്‌ ജനലിനോട് ചേർത്തിട്ടിരിക്കുന്ന ടേബിളിൽ പാത്രം വച്ചിട്ട്  അതുപോലെ തന്നെയിറങ്ങിപോകുന്നവൾ…..

അവളുടെ അമ്മയ്ക്ക് കാൽമുട്ടിന് വയ്യാത്തതുകൊണ്ട് പടി കയറി വരാറില്ല….

മിക്കപ്പോളും ശ്രീയാണ് കൊണ്ടുവരാറ്…

ഇടയ്ക്കൊക്കെ ഇവളും…..

പേരുപോലും ചോദിച്ചിരുന്നില്ല….

ഒരു വാക്ക് പോലും സംസാരിച്ചിരുന്നില്ല…..

താൻ പ്രീഡിഗ്രി അവസാന വർഷം പഠിക്കുമ്പോഴാണ് അവളുടെ അമ്മ മരിക്കുന്നത്….

പിന്നെ കുറച്ച് നാൾ കണ്ടിട്ടില്ല….

അന്നവൾ പത്തിലാണ്…

പഠിത്തം നിർത്തിയെന്ന് ശ്രീയെപ്പോളോ പറഞ്ഞു കേട്ടു…..

പിന്നൊരു ദിവസം അവളുടെ അമ്മയുടെ സ്ഥാനത്ത് അടുക്കളകാരിയായി വന്നു കയറിയപ്പോൾ ഞെട്ടലാണ് തോന്നിയത്…

ഈ ചെറു പ്രായത്തില് പഠിക്കാൻ പോകാൻ ഉള്ളതിന്…

അമ്മയോട് വിദ്വേഷവും തോന്നി..മകളുടെ പ്രായമല്ലേ അതിനെ കൂടെ പഠിക്കാൻ അയച്ചുകൂടെ എന്ന് ചോദിക്കാൻ തോന്നി….

അതുള്ളിൽ തന്നെ കിടന്നതേ ഉള്ളൂ ഒരിക്കലും പുറത്തേക്ക് വന്നില്ല….

പിന്നെ പിന്നെ എന്നും അവളായി വരവ്….

പതിയെ അടുത്തടുത്തു വരുന്ന കൊലുസിന്റെ താളം…

പാത്രം വച്ചു കഴിയുമ്പോൾ അതിന് വേഗം കൂടും…

ഓടി മറയും…

ഇടയ്ക്കെപ്പോഴോ ആ പാത്രത്തിലെ രുചിക്കൂട്ടുകൾക് വ്യത്യാസം വന്നു തുടങ്ങി….

താൻ കൂടുതൽ കഴിക്കുന്നതും കുറച്ച് കഴിക്കുന്നതും നോക്കി അതിൽ രുചിയും അളവും വ്യത്യാസപ്പെട്ടു തുടങ്ങി….

വിശപ്പ് മാറാൻ മാത്രം ആഹാരം കഴിച്ചിരുന്ന താൻ അവളുടെ കൈപ്പുണ്യത്തിനായി വയറെരിച്ചു കാത്തിരുന്നു തുടങ്ങി…..

ഒരിക്കൽ ചെമ്പകത്തിന്റെ ചുവട്ടിൽ കിടന്ന പൂവെടുത്തു മണത്തു നിൽക്കുന്നത് പശുക്കിടാവിന്റെ പിന്നാലെ ഓടിയവൾ കണ്ടൊന്ന് നോക്കിയിരുന്നു….

പിറ്റേന്ന് മുതൽ ടേബിളിന് മുകളിൽ ഒരു കുഞ്ഞോട്ടുരുളിയിൽ വെള്ളം നിറച്ച് അതിൽ ചെമ്പകപ്പൂ സ്ഥാനം പിടിച്ചുതുടങ്ങി….

ആദ്യമായിട്ട് അവളോട് സംസാരിച്ചതെന്തെന്നോർക്കേ ചിരി വന്നു നന്ദന്…..

കുടിച്ചു തീർന്ന ചായക്കപ്പും പാത്രവുമെടുത്തു പോകാനിറങ്ങുമ്പോൾ സോപാനത്തിൽ ബുക്കും വായിച്ചു കിടക്കുകയായിരുന്നു താൻ…

അടുത്തെത്തിയപ്പോൾ ബുക്കിൽ നിന്നും മുഖം ഉയർത്താതെ ചായയിൽ നാളെ മുതൽ ഏലക്കയും ഇഞ്ചിയും ഇടുമോ എന്നൊരു ചോദ്യം….

മറുപടിയൊന്നുമുണ്ടായില്ല….

കൊലുസിന്റെ താളം മുറുകിയപ്പോൾ മനസിലായി ഓടിയെന്ന്….

പക്ഷേ പിറ്റേന്ന് മുതൽ ഓരോരോ രുചികളിൽ ആയിരുന്നു ചായ….

1 Comment

Add a Comment
  1. Adutha part ennan

Leave a Reply

Your email address will not be published. Required fields are marked *