മായയുടെ കരഞ്ഞു ചുവന്ന കവിളിൽ വലിച്ചുവിട്ട് പിന്നെയും തുടുപ്പിച്ചു അമ്മു…..
മായ ഒരു വരണ്ട ചിരി ചിരിച്ചു അതിന്…..
“ ഈ അമ്മേനെക്കാണാൻ പഴേയൊരു നടിയെപോലില്ലേ ലളിതമ്മേ……”
അവൾ ആത്മാർത്ഥമായി തന്നെ പറഞ്ഞതാണ്…..
“ആ ഇനി അതിന്റെ ഒരു കുറവോടെ ഉള്ളൂ….അല്ലേലെ കണ്ണീർ നായിക ആണ്……”
ഇറച്ചി നീളത്തിൽ തടിയിലുറപ്പിച്ച കത്തിയിലേക്ക് കൊളുത്തി കീറിയെടുക്കുകയാണ് ലളിതമ്മ….
“അല്ലെന്നേ ഞാൻ ശെരിക്കും പറഞ്ഞതാ….
മറ്റേ വാസന്തിയും ലക്ഷ്മിയും എന്നുള്ളൊരു സിനിമ ഇല്ലേ മണിച്ചേട്ടന്റെ….
അതിലാ സംസാരിക്കാൻ കഴിയാത്ത നടിക്ക് കുറച്ച തടി വച്ച പോലാ അമ്മ ഇരിക്കണേ…..
ആ മറുക് പോലും ഉണ്ട്…..
അവർക്ക് ചുണ്ടിന്റെ അടുത്താണെൽ അമ്മയ്ക്കത് കവിളിൽ ആന്ന വ്യത്യാസമേ ഉള്ളൂ……”
മായയുടെ മുഖം ഉയർത്തി തനിക്കുനേരെ പിടിച്ചുനോക്കി ഒന്നുകൂടെ ഉറപ്പിച്ചു അമ്മു…..
“ആര് കാവേരിയോ……ഈ പെണ്ണിന്റൊരു കാര്യം….
ചിന്നൂം പണ്ടെടയ്ക്ക് പറയുവാരുന്നു ഇങ്ങനെ….”
ലളിതമ്മക്ക് ചിരിയാണ്…
മായക്ക് പിന്നേം ചങ്ക് വെടിച്ചുകീറി…..
കണ്ണ് നീറ്റി തുടങ്ങി….
ഇതാദ്യം കേട്ടത് ആ കുളപ്പടവിൽ വച്ചായിരുന്നു…..
ഒരിക്കെ അലക്കാൻ ഇറങ്ങിയപ്പോൾ മറന്നു വച്ച സോപ്പ് തിരിച്ചെടുക്കാൻ ഓടിയിറങ്ങിയപ്പോൾ അതേ സോപ്പിൽ ചവിട്ടി തെന്നിയടിച്ചു കുളത്തിൽ വീണ അന്ന്……
വെള്ളത്തിൽ നിന്നും മുടിയിൽ പിടിച്ചു വലിച്ചു കയറ്റി കൽപടവുകളിൽ കിടത്തിയ തനിക്ക് നാണം മറക്കാൻ ഉടുമുണ്ടഴിച്ചു തന്നിട്ട് കവിളിൽ ഒന്നു നുള്ളി ചിരിച്ചുകൊണ്ട് പടികൾ നടന്നുകയറിപ്പോയ പൊടിമീശക്കാരന്റെ വാക്കുകൾ…..
നിന്നെ കാണാൻ കാവേരിയെ പോലുണ്ടെന്ന്…..
സുന്ദരിയാന്ന്……
അതായിരുന്നു……
അവിടെയായിരുന്നു തുടക്കം….
എല്ലാത്തിന്റെയും…..
ഇനീയും തൂവാതെ വാശിയോടെ കണ്ണ് തുളുമ്പാതെ നിർത്തി മായ……
അമ്മു അളക്കലും തൂക്കലും ചായ കാച്ചലും ഒക്കെ കഴിഞ്ഞ് തുണിയെടുക്കാൻ പോയിരുന്നു…..
“ആ കിലുക്കാം പെട്ടിയെ ഓർത്താണോ നീയിങ്ങനെ പേടിക്കണേ……
കണ്ടിടത്തോളം നല്ല മനസ്സുള്ളൊരു കുഞ്ഞാ….
ഒരു പരാതീം
ഇല്ലാതെ ഈ വീട്ടില് നിൽക്കുന്നില്ലേ അത്…
ഏതേലും പിള്ളേര് ചെയ്യുവോ…..
അതൊക്കേം പോട്ടെ….
അതിന് നിന്നോടുള്ള സ്നേഹം കണ്ടാൽ ആരേലും പറയുവോ ഹരി കൊണ്ടുവന്നതാന്ന്….
നീ പെറ്റതാന്നെ പറയു…..
ആ കുഞ്ഞിന് നിന്നെ മനസിലാകും മായേ….”
അവസാനത്തെ കഷ്ണവും നുറുക്കി ടാപ് തുറന്നതിലേക്ക് വെള്ളം വീഴാൻ വച്ചിട്ട് ലളിതമ്മ തിരിഞ്ഞു……
“അവര്……അവര് തമ്മിൽ ഇഷ്ടത്തിലാ ചേച്ചീ…..”
“ആര്….
”ങേഹ്…..
“ഇതെപ്പോ തുടങ്ങി…..
”ഈയടുത്താ….ഹരി എന്നോടൊന്നും പറഞ്ഞിട്ടില്ല..പറഞ്ഞിട്ട് ചേച്ചിയോട് പറയാന്ന് ഓർത്തിരിക്കുവായിരുന്നു…..“
”ഈശ്വരന്മാരെ…..ഇതിലും കൂടുതൽ ഞാനെന്താ കേൾക്കണ്ടേ……എന്തോരം പ്രാർത്ഥിച്ചേയാടി നമ്മള്….
എത്ര കൊതിച്ചതാ….“
ലളിതമ്മക്ക് സന്തോഷം കൊണ്ടാണോ എന്തോ കണ്ണൊക്കെ നിറഞ്ഞു വരാനുണ്ട്….
”പക്ഷേ…..“
മായ അർദ്ധോക്തിയിൽ നിർത്തി….
ലളിതമ്മ ബാക്കി കേൾക്കാനായി മായയുടെ മുഖത്ത് തന്നെ കണ്ണ് നട്ടു നിന്നു….
”എന്റെ മോൻ……ഇന്നുവരെ എന്റെ കുഞ്ഞൊന്നും മോഹിച്ചിട്ടില്ല ചേച്ചി….
എന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കിയ അവൻ വളർന്നു വന്നേ….
ഒന്നിനും വേണ്ടി എന്നെ കഷ്ടപ്പെടുത്തീട്ടില്ല ഒന്നും ചോദിച്ചെന്റെ അടുത്ത് വന്നിട്ടുമില്ല….
എല്ലാ മക്കളെയും പോലെ ഒരു മിട്ടായിപ്പൊട്ടിനു പോലും എന്റെ കുഞ്ഞെന്നോട് വാശി പിടിച്ചിട്ടില്ല…..
ആ അവൻ ആശിച്ചു കൊതിച്ചു കൊണ്ടുനടക്കുന്നതാ അമ്മുവിനെ.…
എന്തൊക്കെ സ്വപ്നം കണ്ടിട്ടുണ്ടെന്ന് അവനും ദൈവത്തിനും മാത്രേ അറിയൂ….
എന്നിട്ട് ഞാൻ ചെയ്തൊരു തെറ്റിന്റെ പുറത്ത് എന്റെ കുഞ്ഞിന് അമ്മുമോളെ നഷ്ടായാൽ എനിക്കത് സഹിക്കാൻ പറ്റില്ല ചേച്ചീ…..“
നിലവിട്ടു കരഞ്ഞുപോയി മായ…..
ലളിതമ്മ ഇട്ടിരുന്ന നൈറ്റിയിൽ കയ്യൊന്ന് തുടച്ച് ഓടിവന്നു….
”നീ കാടുകയറി ചിന്തിച്ചു കൂട്ടല്ലേ…അങ്ങനൊന്നും സംഭവിക്കില്ല…
എല്ലാമറിയുമ്പോൾ നീ നോക്കിക്കോ അമ്മുവാകും നിന്നെ ചേർത്തു പിടിക്കുന്നത്…..“

Adutha part ennan