മഴനീർതുള്ളികൾ – 6 30അടിപൊളി  

താനിതുവരെ രുചിക്കാത്ത പലതും…..

വന്നുവന്ന് അവള് കറിവേപ്പില ഇട്ട് ചായ കൊണ്ട്വന്നാലും തനിക്കത് പ്രിയമായി തുടങ്ങി….

അത് ആഹാരത്തോട് ഉള്ള ഇഷ്ടം ആയിരുന്നില്ല അതുണ്ടാക്കുന്നയാളോട് ഉള്ളതാണെന്ന് മനസ്സിലാക്കാൻ അവള് പനി വന്നൊരാഴ്ച പണിക്ക് വരാതിരിക്കേണ്ടി വന്നു….

തിരഞ്ഞു പോകാൻ പേടിയായിരുന്നു…വീടെവിടെയാണെന്ന് അറിയാം എന്നിട്ടും അമ്മയുടെ കണ്ണുകളെ പേടിച്ചു ആ വഴിക്ക് പോയില്ല….

ശ്രീയോട് പോലും ഒന്നും ചോദിച്ചില്ല…

എങ്കിലും അവളെന്തെങ്കിലും പറയുമെന്ന് കരുതി എന്നും എന്തെങ്കിലും കാരണം ഉണ്ടാക്കി ശ്രീയോട് സംസാരിക്കും…വെറുതെയതിങ്ങനെ നീട്ടികൊണ്ടുപോകും….

അവസാനം അതിലൊന്നും മായായില്ലാതെ വരുമ്പോൾ വെറുതേ ഇങ്ങനെ നെഞ്ഞെരിഞ്ഞു നടക്കും….

ആ പിടച്ചിലും പുകച്ചിലും ഒന്നൊതുക്കാനായിട്ട് കുളപ്പുരയുടെ മതിലിനു മറവിൽ നിന്ന് സിഗരറ്റ് വലിയിടക്ക് പതിവായി….

അങ്ങനെയൊരു ദിവസമായിരുന്നു….

കേശവേട്ടനെ കൊണ്ട് വാങ്ങിപ്പിച്ച സിഗററ്റ് ആരും കാണാതെ ആണുങ്ങളുടെ കടവിൽ നിന്നും വലിച്ചുകൊണ്ടിരിക്കുമ്പോളാണ് അപ്പുറത്തു വെള്ളത്തിലെന്തോ വീഴുന്ന ശബ്ദം കേൾക്കുന്നത്….

ആരോ കുളിക്കാനിറങ്ങിയതാണെന്ന് കരുതിയെങ്കിലും ഒരു കരച്ചിൽ കേട്ടതോടെ സിഗരറ്റും വലിച്ചെറിഞ്ഞു അവിടേക്ക് ഓടി…..

വെള്ളത്തിൽ മുടിക്ക് പിടിച്ച് വലിച്ചു കയറ്റുമ്പോൾ അതാരാണെന്ന് അറിഞ്ഞിരുന്നില്ല…..

കല്പടവുകളിലേക്ക് കിടത്തി ശ്വാസം ഉണ്ടോയെന്ന് നോക്കുമ്പോളാണ് അത് മായയാണെന്ന് കാണുന്നത്……

ആഞ്ഞു ചുമച്ചു ശ്വാസം എടുക്കുന്നുവളെ ഇമവെട്ടാതെ നോക്കി നിന്നുപോയി…..

പെട്ടെന്ന് സ്വബോധം വന്നപോലെ ഉടുത്തിരുന്ന മുണ്ടഴിച്ചു പുതപ്പിച്ചു……

അതവൾ വാരിച്ചുറ്റവേ അടക്കാനാവാത്ത ത്വരയിൽ ആ വിറയ്ക്കുന്ന കവിളിൽ ഒന്ന് നുള്ളിയിട്ട് അവിടേ നിന്നും മാറി താൻ……

പക്ഷേ പിന്നെ ഈസലിന് മുന്നിൽ നിൽക്കുമ്പോൾ കണ്ണുകളിൽ അവള് മാത്രമായി…..

വരയ്ക്കുന്ന ചിത്രങ്ങളിലെല്ലാം മുഖവും അഴകളവുകളും അവളുടേത് മാത്രമായി……

ആദ്യമായി കാണുന്ന പെണ്ണുടൽ…..

എതിർ ലിംഗത്തോട് ആകർഷണവും കൗതുകവും അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുന്ന പ്രായം….

അവളോടുള്ള ഇഷ്ടത്തിന് വേഗത്തിലാണ് പുതിയ തലങ്ങൾ കൈ വന്നത്…….

ഒരു വാക്ക് കൊണ്ടുപോലും പ്രണയം പറഞ്ഞില്ലെങ്കിലും

ഉറക്കിലും ഉണർവ്വിലും കണ്ണിലും മനസ്സിലും അവള് മാത്രമായി……

ഇടതടവില്ലാതെ  ചിന്തിച്ചുകൂട്ടിയ കാമനകൾ അപ്പാടെ കാൻവാസിലേക്കും പകർന്നു…..

ഒരു ദിവസം ഈസലിൽ ഉണങ്ങാത്തതുകൊണ്ട് താൻ മൂടിയിടാൻ മറന്നുപോയ പെയിന്റിംഗ് കണ്ടവൾ കണ്ണ് നിറച്ചു വന്നു നിന്നു….

ന്നെന്തിനാ അങ്ങനെ ചീത്തയാക്കി വരച്ചേന്ന് വിതുമ്പികൊണ്ട് ചോദിച്ചു…..

ഇഷ്ടം കൊണ്ടാണെന്ന്…ഉള്ളു നിറയെ പ്രണയം ആണെന്ന് പറയാൻ തുടിച്ചതാണ്….

ഞാനങ്ങനെയൊക്കെ സങ്കല്പിച്ചുകൂട്ടിയ ഒരേയൊരു പെണ്ണ് നീയാണെന്ന് പറയണമെന്ന് ഓർത്തതാണ്….

ഒന്നും കേൾക്കാൻ നിന്നില്ല….

ഓടി മറഞ്ഞിരുന്നു….

പിന്നീടെത്ര ശ്രമിച്ചിട്ടും മുഖം തരാൻ പോലും തയ്യാറായില്ല….

വീട്ടിലെ ജോലി നിർത്തി…

തയ്യൽ പഠിക്കാൻ പോവാണെന്ന് ഇടയ്ക്ക് ശ്രീദേവി പറഞ്ഞു…..

കാണാനൊരുപാട് കൊതിച്ചിരുന്നു…പക്ഷെയതിന് ശ്രമിച്ചില്ല അമ്മയുടെ കഴുകാൻ കണ്ണിൽ അവൾ പെടുന്നതിലും നല്ലത് ഈ അകലമാണെന്ന് കരുതി സമാധാനിച്ചു…..

ഏതാനും മാസം കഴിഞ്ഞ് ഡിഗ്രിക്ക് പഠിക്കാനായി ഡൽഹിക്ക് പറക്കും മുന്നേ ആ വീടിന്റെ അവിടേക്ക് ഒന്ന് ചെന്നു നോക്കി….

ഒരു നോക്ക് കാണാൻ…..

വീട് പൂട്ടികിടക്കുകയായിരുന്നു…

ബന്ധുക്കളുടെ വീട്ടില് പോയതാണെന്ന് അടുത്തുള്ള പറമ്പിൽ ചൂട്ടു പെറുക്കുകയായിരുന്ന സ്ത്രീ പറഞ്ഞു….

ഡൽഹിയിൽ എത്തിയിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും അവള് മാത്രം വിട്ടുപോയില്ല…..

കൂടെ പഠിക്കുന്നൊരു സിന്ധി പെൺകുട്ടി വട്ടമിട്ട് പിന്നാലെ കൂടിയിട്ടും എണ്ണ കിനിയുന്ന നീണ്ട മുടിയുള്ള നരച്ച പാവാടയിട്ടൊരു പതിനാറുകാരി ചങ്കിലങ്ങനെ ചിലന്തി വല നൂർത്തു കുടിയിരുന്നു…..

1 Comment

Add a Comment
  1. Adutha part ennan

Leave a Reply

Your email address will not be published. Required fields are marked *