”ഇതൊക്കെ ഉടുത്ത്, നമ്മൾ എടുത്ത ആഭരണങ്ങളും അണിഞ്ഞ് നമ്മ്ടെ വധു മണ്ഡപത്തിലേക്ക് വരുമ്പോഴേക്കും, അപ്പുറത്ത് നിൽക്കുന്ന ഞങ്ങടെ കല്യാണച്ചെക്കന്റെ ബോധം പോകും, നോക്കിക്കോ…”
അഞ്ജലി ചേച്ചി വീണ്ടും വലിയൊരു കള്ളച്ചിരിയോടെ എന്നെ നോക്കി പറഞ്ഞു.
അത് കേട്ടതും പാർവണ സാരിത്തലപ്പുകൊണ്ട് മുഖം പാതി മറച്ച് ചിരിയമർത്തി.
ഈ ബഹളങ്ങൾക്കും തമാശകൾക്കും ഇടയിലേക്കാണ്, ചാരുകസേരയിൽ ഇരിക്കുകയായിരുന്ന മുത്തശ്ശി പതുക്കെ എഴുന്നേറ്റ് വന്നത്. എല്ലാവരും പെട്ടെന്ന് മുത്തശ്ശിക്ക് വഴിയൊരുക്കി കൊടുത്തു. മുത്തശ്ശിയുടെ ചുളിവ് വീണ കൈകളിൽ പഴയൊരു മരപ്പെട്ടി ഉണ്ടായിരുന്നു. നല്ല ഈട്ടിത്തടിയിൽ കൊത്തുപണികൾ ചെയ്ത ഒരു ചെറിയ പെട്ടി. മുത്തശ്ശി പതുക്കെ പാർവണയുടെ അടുത്തേക്ക് വന്നിരുന്നു. ഹാളിൽ പെട്ടെന്ന് വലിയൊരു നിശബ്ദത പരന്നു.
”സ്വർണ്ണവും പട്ടും ഒക്കെ നമ്മൾ പുതിയത് വാങ്ങിയെങ്കിലും… ഈ തറവാട്ടിലെ കാരണവത്തിമാർ തലമുറകളായി കൈമാറി വരുന്ന ഒരു സ്വർണ്ണമുണ്ട്…”
അത്രയും പറഞ്ഞുകൊണ്ട് മുത്തശ്ശി ആ ചെറിയ പെട്ടി പതുക്കെ തുറന്നു.
അതിനുള്ളിൽ ചുവന്ന പട്ടുതുണിക്ക് മുകളിലായി, പഴമയുടെ പ്രൗഢി വിളിച്ചോതുന്ന വലിയൊരു സ്വർണ്ണവള ഇരിപ്പുണ്ടായിരുന്നു. ഇന്നത്തെ കാലത്തെ പണിക്കാർക്ക് പോലും ചെയ്യാൻ കഴിയാത്തത്ര സൂക്ഷ്മമായ കൊത്തുപണികളുള്ള, ലക്ഷ്മി രൂപം പതിപ്പിച്ച ഒരു വലിയ കാപ്പുവള.
മുത്തശ്ശി ആ വള പുറത്തെടുത്ത് പാർവണയുടെ നേർക്ക് നീട്ടി.
”ഇത് എന്റെ അമ്മായിഅമ്മ ഈ തറവാട്ടിലേക്ക് ഞാൻ ആദ്യമായി വലതുകാൽ വെച്ച് കയറി വന്നപ്പോൾ എനിക്ക് തന്നതാ. വർഷങ്ങൾക്ക് ശേഷം നമ്മ്ടെ ഭദ്രയെ കല്യാണം കഴിച്ച് ഈ പടിപ്പുര കടത്തി കൊണ്ടുവന്നപ്പോൾ ഞാൻ ഇത് അവൾക്ക് കൈമാറി…”
മുത്തശ്ശി ഭദ്ര ആന്റിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
”ഇനിയിപ്പോ ഈ തറവാടിന്റെ പടിയിറങ്ങി, നമ്മ്ടെ ആദിയുടെ പെണ്ണായിട്ട് അവന്റെ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറാൻ പോകുന്നവൾക്ക് ഇത് അവകാശപ്പെട്ടതാ. ഇന്നാ മോളെ… ഇതും കൂടി എന്റെ കുട്ടിയുടെ കൈയ്യിൽ കിടക്കട്ടെ.”
വലിയൊരു വാത്സല്യത്തോടെ മുത്തശ്ശി ആ പൊന്നുവള പാർവണയുടെ വലതുകയ്യിലേക്ക് അണിയിച്ചു കൊടുത്തു.
അതുകേട്ടതും പാർവണയുടെ കണ്ണുകളിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ ആ പട്ടുസാരിയിലേക്ക് വീണു. തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഈ വലിയ തറവാട് വിട്ട് എന്റെ വീട്ടിലേക്ക് വരാനിരിക്കുന്നവളുടെ നെഞ്ചിലെ
വലിയൊരു നൊമ്പരമായിരുന്നു ആ കണ്ണുനീർ. ആരും പറയാതെ തന്നെ അവൾ എഴുന്നേറ്റ്, മുത്തശ്ശിയുടെ കാൽത്തൊട്ട് വന്ദിച്ചു.
”ദീർഘസുമംഗലിയായിരിക്കട്ടെ…”
മുത്തശ്ശി അവളുടെ നെറുകയിൽ കൈവെച്ച് അനുഗ്രഹിച്ചു.
അതുകണ്ട് നിന്ന അമ്മയും അമ്മായിമാരും എല്ലാം വല്ലാതെ വികാരാധീനരായിരുന്നു. ഈ നിമിഷങ്ങളത്രയും ഒരു നോക്കുകുത്തിയെപ്പോലെ കണ്ടുനിൽക്കുകയായിരുന്നു ഞാൻ. ജനിച്ചുവളർന്ന വീടിന്റെ പടിയിറങ്ങി, എന്നെ മാത്രം വിശ്വസിച്ച് എന്റെ കൂടെ വരാൻ പോകുന്നവളാണ്… അവൾക്ക് എന്ത് സങ്കടം വന്നാലും താങ്ങായി ഞാനുണ്ടാകുമെന്ന വലിയൊരു ഉറപ്പ് എന്റെ മനസ്സിൽ അപ്പോൾ ഒന്നുകൂടി ബലപ്പെടുകയായിരുന്നു. നിലവിളക്കിന്റെ ആ മഞ്ഞവെളിച്ചത്തിൽ, കണ്ണീർ നിറഞ്ഞ അവളുടെ ആ ചിരിക്ക് അന്ന് ആയിരം പൂർണ്ണചന്ദ്രന്മാരുടെ ഭംഗിയുണ്ടായിരുന്നു.
ഹാളിലെ ആ വലിയ ബഹളങ്ങൾക്കും സന്തോഷങ്ങൾക്കും ശേഷം, തറവാട്ടിലെ അത്താഴവും കഴിഞ്ഞ് ഞാൻ എന്റെ തെക്കിനി മുറിയിലേക്ക് നടന്നു. മുറ്റത്തെ കല്യാണപ്പന്തലിൽ അപ്പോഴും പണിക്കാർ എന്തൊക്കെയോ ചെയ്തു തീർക്കുന്നുണ്ട്. രാത്രിയുടെ വല്ലാത്തൊരു ശാന്തത ആ തറവാടിനെ പതിയെ പൊതിഞ്ഞു തുടങ്ങിയിരുന്നു. മുറിയിലെ ജനാല തുറന്നിട്ട്, ആ ഇളം കാറ്റും കൊണ്ട് ഞാൻ പുറത്തെ നിലാവിലേക്ക് നോക്കി നിന്നു. എന്റെ മനസ്സിൽ അപ്പോഴും ആ പൊന്നുവള കയ്യിലണിഞ്ഞ് നിറഞ്ഞ കണ്ണുകളോടെ നിന്ന എന്റെ പാർവണയായിരുന്നു.
