അങ്ങോട്ട് സന്തോഷത്തോടെ ഏറ്റു. നാളത്തെ കാര്യങ്ങളൊക്കെ ഈ ദിനേശൻ നോക്കിക്കോളാം… പോരേ?”
രേവതി ആന്റി നിറഞ്ഞ ചിരിയോടെ അമ്മയെ കെട്ടിപ്പിടിച്ചു.
“വരുന്ന വഴിക്ക് വല്ലാത്ത ട്രാഫിക് ആയിരുന്നു ഭാമേ, അതാ ഇത്രയും വൈകിയത്. എന്തായാലും ഇന്ദ്രനീലം തറവാട്ടിലെ കാര്യങ്ങളൊക്കെ ഗംഭീരമായിട്ട് തന്നെ നടക്കുന്നുണ്ടല്ലോ.”
”എല്ലാം ഒരുവിധം ഒതുങ്ങി രേവതീ… നിങ്ങളിങ്ങനെ നിൽക്കാതെ അകത്തേക്ക് വാ,”
അമ്മ അവരെ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു.അമ്മായിമാരും ഭദ്ര ആന്റിയുമൊക്കെ ബന്ധുക്കളോട് കുശലംപറഞ്ഞു ചിക്കുകയാണ്.
ആ വലിയ തറവാട്ടിലെ നിലവിളക്കിന്റെ വെളിച്ചത്തേക്കാൾ വലിയൊരു പ്രകാശം എന്റെ മനസ്സിൽ നിറയുന്നുണ്ടായിരുന്നു. വരാനിരിക്കുന്ന ആ മനോഹരമായ ജീവിതത്തിലേക്കുള്ള വലിയൊരു അനുഗ്രഹമായാണ് ആ കൂട്ടിച്ചിരികളെ ഞാൻ അപ്പോൾ നോക്കിക്കണ്ടത്.
കിഴക്ക് വെള്ളകീറും മുൻപേ ഇന്ദ്രനീലം തറവാട് ഉണർന്നിരുന്നു. പന്തലിൽ നിന്നും ഉയർന്നുകേൾക്കുന്ന നാദസ്വരത്തിന്റെ മംഗളനാദവും, ഇടതടവില്ലാതെ വരുന്ന ബന്ധുക്കളുടെ സംസാരവും ആ വലിയ ദിവസത്തിന്റെ വരവറിയിച്ചു. മുറ്റത്ത് വാഴപ്പിണ്ടിയും കുരുത്തോലയും കൊണ്ട് അലങ്കരിച്ച പന്തലിൽ വർണ്ണവിളക്കുകൾ പ്രകാശിച്ചുനിൽപ്പുണ്ട്. എല്ലാവർക്കും ഒരേയൊരു ചിന്ത മാത്രം—ഇന്ദ്രനീലത്തിലെ കുട്ടികളുടെ കല്യാണമാണ്, ഒരുക്കങ്ങളിൽ ഒട്ടും കുറവ് വരാൻ പാടില്ല.
രാവിലെ തന്നെ പടിപ്പുര കടന്ന് രണ്ട് കാറുകൾ മുറ്റത്തേക്ക് വന്നുനിന്നു. അതിരാവിലെ തന്നെ എത്തുമെന്ന് പറഞ്ഞ വാക്ക് തെറ്റിക്കാതെ എന്റെ ചങ്ങാതിമാർ എത്തിക്കഴിഞ്ഞിരുന്നു! വിഷ്ണു, വിശാഖ്, അശ്വിൻ, രോഹിത്… ഒപ്പം മാളവികയും ദേവികയും കാവ്യയും. കല്യാണവീടിന്റെ എല്ലാ ആലസ്യവും മാറ്റി വലിയൊരു ആവേശത്തോടെയാണ് അവർ വന്നിറങ്ങിയത്. ആൺപിള്ളേർ നേരെ എന്റെ തെക്കിനി മുറിയിലേക്കും, പെൺകുട്ടികൾ പാർവണ ഒരുങ്ങുന്ന വലിയ മുറിയിലേക്കും ഓടി.
എന്റെ തെക്കിനി മുറിയിൽ എന്നെ കല്യാണച്ചെക്കനായി അണിയിച്ചൊരുക്കാനുള്ള ചുമതല സച്ചുച്ചേട്ടനും അമ്മാവന്മാർക്കുമായിരുന്നു. കുളിച്ചുവന്ന എന്റെ കയ്യിലേക്ക് ഇളം കസവുള്ള മുണ്ടും പട്ടുഷർട്ടും വെച്ചുതന്നുകൊണ്ട് ദിനേശൻ മാമൻ പറഞ്ഞു.
”വേഗം ഉടുക്കാൻ നോക്ക് ചെറുക്കാ… അവിടെ മുഹൂർത്തത്തിന് സമയമാകാറായി. പെണ്ണുങ്ങളുടെ ഒരുക്കമൊക്കെ ഏതാണ്ട് കഴിയാറായിട്ടുണ്ടാവും.”
സച്ചുച്ചേട്ടൻ എന്റെ മുടി ചീകിയൊതുക്കി, കയ്യിൽ വാച്ചും കെട്ടിത്തന്ന് പെർഫ്യൂം അടിക്കുന്നതിനിടയിലാണ് വലിയൊരു ബഹളത്തോടെ വിഷ്ണുവും കൂട്ടരും അങ്ങോട്ടേക്ക് കയറിവന്നത്.
”ഡാ അളിയാ…! എന്താ ഗ്ലാമർ! ഈ കസവുമുണ്ടും പട്ടുഷർട്ടും ഒക്കെ ഇട്ടപ്പോ നമ്മ്ടെ ആദി ശരിക്കുമൊരു തറവാട്ടു കാരണവരെപ്പോലെ ഉണ്ടല്ലോ!”
വിഷ്ണു വലിയൊരു പൊട്ടിച്ചിരിയോടെ എന്റെ തോളിൽ അടിച്ചു.
”പിന്നില്ലാതെ… ഇവനിപ്പോ വെറും ആദിയല്ല, ഇന്ദ്രനീലം തറവാട്ടിലെ മരുമകനാ… അപ്പൊ ആ ഒരു ഗമയൊക്കെ മുഖത്ത് കാണണം,”
അശ്വിൻ എന്നെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു. രോഹിത്തും വിശാഖും അത് ശരിവെച്ചു.
അവരുടെ ആ ബഹളം കേട്ട് ശ്രീനാരായണൻ അമ്മാവനും ഹരിനാരായാനാൻ അമ്മാവനും ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതെന്തായാലും അശ്വിൻ പറഞ്ഞത് ശരിയാ. ഈ വേഷത്തിൽ ഇവനെ കാണാൻ നമ്മ്ടെ പഴയ കാരണവന്മാരുടെ ഒരു ഗാംഭീര്യം തന്നെയുണ്ട്. എന്തായാലും പാർവണക്കുട്ടി ഭാഗ്യം ചെയ്തവളാ…”
ചങ്ങാതിമാരുടെ
ആ സ്നേഹവും തമാശകളും കേട്ട് എന്റെയുള്ളിലെ ടെൻഷൻ പതുക്കെ മാറുന്നുണ്ടായിരുന്നു.
അതേസമയം, അകത്തെ നടുമുറ്റത്തിന് അടുത്തുള്ള ആ വലിയ ഹാളിൽ പെണ്ണുങ്ങളുടെ വലിയൊരു ലോകം തന്നെയായിരുന്നു. അവിടെ വലിയൊരു നിലക്കണ്ണാടിക്ക് മുന്നിൽ ഇരിക്കുകയാണ് എന്റെ പാർവണ. അനഘ ചേച്ചിയും അഞ്ജലി ചേച്ചിയും കൂടിയാണ് അവളുടെ മുടിയും മേക്കപ്പും ചെയ്യുന്നത്. ആ വലിയ കാർമുകിൽ മുടി പിന്നിക്കെട്ടി അതിൽ നിറയെ മുല്ലപ്പൂക്കൾ വെച്ചുകൊടുക്കുന്നതിനിടയിലാണ് മാളവികയും ദേവികയും കാവ്യയും അങ്ങോട്ടേക്ക് വന്നത്.
