പാർവണം – 5 Likeഅടിപൊളി  

​ഇതുകേട്ടതും തൂണിൽ ചാരിയിരിക്കുകയായിരുന്ന ഭദ്ര ആന്റി പറഞ്ഞു

​”അപ്പൊ പിന്നെ നാളെ വൈകുന്നേരം തന്നെ ഇവിടെ അടുത്തുള്ളവരെ ഒക്കെ പോയി വിളിച്ചു തുടങ്ങാം. ബാക്കിയുള്ളവരെ മറ്റന്നാൾ തൊട്ടും വിളിക്കാലോ… അല്ലേ ഭാമേ?”

ഭദ്ര ആന്റി അമ്മയെ നോക്കി ചോദിച്ചു.

​”അതെന്നെ.”

അമ്മ തലകുലുക്കി.

“പിന്നെ നമ്മ്ടെ ദൂരെയുള്ള ബന്ധുക്കളെ മുഴുവൻ നേരിൽ പോയി വിളിക്കാൻ ഇത്തിരി പാടാ ഭദ്രേ. എല്ലാവരെയും വിളിക്കാൻ ഇനി തിരുവനന്തപുരം വരെ പോവണ്ടേ… സമയം തീരെ ഇല്ലല്ലോ. അതുകൊണ്ട് അവർക്കൊക്കെ കല്യാണക്കത്ത് വാട്സാപ്പ് വഴി അങ്ങോട്ട് അയച്ചുകൊടുക്കാം എന്നാ ഞാൻ വിചാരിക്കുന്നത്.”

​അമ്മ അത്

പറഞ്ഞുതീർന്നതും അനഘ ചേച്ചി വേഗം ഏറ്റുപിടിച്ചു

​”അതൊക്കെ ഞാൻ നോക്കിക്കോളാം അമ്മേ… അമ്മ ആരുടേയൊക്കെയാണെന്ന് പറഞ്ഞാ മതി, ദൂരെയുള്ള എല്ലാവർക്കും കത്ത് ഞാൻ വാട്സാപ്പ് ചെയ്തോളാം.”

​ആ വലിയ കുടുംബത്തിലെ ഓരോരുത്തരും എന്റെ കല്യാണത്തിന്റെ ഉത്തരവാദിത്തങ്ങൾ അങ്ങനെ സന്തോഷത്തോടെ ഏറ്റെടുക്കുന്നത് കണ്ട് നിറഞ്ഞ മനസ്സോടെ ഞാൻ ഉമ്മറത്തെ ആ തിണ്ണയിൽ പോയിയിരുന്നു. ആ സന്തോഷങ്ങൾക്കിടയിലും എന്റെ കണ്ണുകൾ അറിയാതെ അകത്തേക്ക് നീണ്ടു, അവിടെയെങ്ങാനും എന്റെ പാതി ജീവൻ എന്നെയും കാത്ത് നിൽപ്പുണ്ടോ എന്നറിയാൻ.

ഉമ്മറത്തെ ആ വലിയ ബഹളങ്ങൾക്കും കൂട്ടച്ചിരികൾക്കും ഇടയിൽ നിന്നും ഞാൻ പതിയെ അകത്തേക്ക് നടന്നു. എന്റെ കണ്ണുകൾ അവളെയാണ് തിരഞ്ഞത്. അകത്തെ മുറികളിലും, അടുക്കളഭാഗത്തും ഞാൻ നോക്കി. അവിടെയെങ്ങുമില്ല. പിന്നെ പത്തായപ്പുരയുടെ പിന്നിലും, സർപ്പക്കാവിലേക്കുള്ള വഴിയിലുമൊക്കെ നോക്കിയിട്ടും അവളെ കണ്ടില്ല. ഒടുവിൽ കുളക്കടവിലേക്ക് ഒന്ന് പോയി നോക്കാം എന്ന് കരുതി അങ്ങോട്ട് നടന്നപ്പോഴാണ്, ആ കൽപ്പടവുകളിൽ തനിച്ചിരിക്കുന്ന അവളെ ഞാൻ കണ്ടത്.

​ചുറ്റും വലിയൊരു ശാന്തതയായിരുന്നു. താഴെ നിന്നും ഓരോ ചെറിയ കല്ലുകളെടുത്ത് കുളത്തിലെ വെള്ളത്തിലേക്ക് എറിയുകയാണവൾ. ഓരോ കല്ല് വീഴുമ്പോഴും വെള്ളത്തിലുണ്ടാകുന്ന ആ ഓളങ്ങളെ നോക്കി എന്തോ വലിയ ചിന്തയിലാണെന്ന് തോന്നി. ഞാൻ പതുക്കെ നടന്ന് അവളുടെ തൊട്ടടുത്തായി, ആ കൽപ്പടവിൽ അവളോട് ചേർന്നിരുന്നു.

​”എന്താ പെണ്ണേ… ഒറ്റയ്ക്ക് ഇവിടെ വന്നിരിക്കുന്നത്?”

ഞാൻ ചോദിച്ചു.

​എന്റെ ശബ്ദം കേട്ടതും അവൾ മുഖമുയർത്തി. ആ വലിയ നീലക്കണ്ണുകൾ കൊണ്ട് അവൾ കുറച്ചുനേരം എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു. എന്നിട്ട് വളരെ പതുക്കെ അവൾ ചോദിച്ചു

​”ആദീ… ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”

​അവളുടെ ആ ചോദ്യം കേട്ട് ഞാൻ ചിരിച്ചുകൊണ്ട് അവളുടെ മുടിയിഴകളിൽ ഒന്ന് തലോടി.

​”നമുക്കിടയിൽ ഇപ്പൊ ഇങ്ങനെ ഒരു മുഖവുരയുടെ ആവശ്യമുണ്ടോ പെണ്ണേ… നിനക്ക് ചോദിക്കാനുള്ളത് എന്താന്ന് വെച്ചാ നീ ചോദിക്ക്.”

​അവൾ മുഖം താഴ്ത്തി, വിരലുകൾ പരസ്പരം കോർത്തുപിടിച്ചുകൊണ്ട് പതിയെ ചോദിച്ചു.

​”ആദീക്ക്… ഇതിനുമുൻപ് ആരോടെങ്കിലും ഇഷ്ടം ണ്ടായിരുന്നോ?”

​ആ ഈണത്തിലുള്ള കുസൃതിച്ചോദ്യം കേട്ട് ഞാൻ ഒരല്പം അമ്പരന്നെങ്കിലും, വലിയൊരു ചിരിയോടെ തന്നെ മറുപടി പറഞ്ഞു.

​”ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ… ഉണ്ടായിരുന്നു. പണ്ട് പഠിക്കുന്ന കാലത്തുള്ള ഒരു ചെറിയ ക്രഷ്. അതൊരു വൺ സൈഡ് ആയിരുന്നു. അല്ലാതെ രണ്ടുപേരും തമ്മിൽ അറിഞ്ഞുകൊണ്ടുള്ള ഒരു പ്രേമമൊന്നും ഈ ആദിയുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല… എന്താ ഇപ്പൊ എന്റെ പെണ്ണിന് പെട്ടെന്ന് അങ്ങനെ ചോദിക്കാൻ തോന്നിയത്?”

​”അല്ല… ഞാൻ വെറുതെ… ഒന്നറിയാൻ വേണ്ടി ചോദിച്ചതാ…”

അവൾ ചിരിയമർത്തിക്കൊണ്ട് പറഞ്ഞു.

​”ഉം… നിനക്കുണ്ടായിരുന്നോ ആരോടെങ്കിലും ഇതുപോലെ?”

ഞാൻ കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

​”എനിക്ക്… എന്റെ ജീവിതത്തിൽ ഇതുവരെ അങ്ങനെ ആരോടും തോന്നിയിട്ടില്ല്യ ആദീ…”

അവൾ വളരെ സത്യസന്ധമായി, എന്റെ

കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

Updated: July 27, 2026 — 1:12 pm

Leave a Reply

Your email address will not be published. Required fields are marked *