”എന്റെ കുട്ടീടെ വേളി നമ്മൾ ഗംഭീരമായിട്ട് തന്നെ നടത്തും. അതിനിപ്പോ രാവും പകലും ഉറങ്ങാതിരുന്നാലും വേണ്ടില്ല,”
എന്റെ അമ്മ വലിയൊരു സന്തോഷത്തോടെ പറഞ്ഞു. അമ്മയുടെ കണ്ണുകൾ അപ്പോൾ എന്നെയും പാർവണയെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു.
അനഘ ചേച്ചിയും അഞ്ജലി ചേച്ചിയും അപ്പൊഴേക്കും ഡ്രസ്സ് എടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞിരുന്നു.
ഈ വലിയ ബഹളങ്ങൾക്കും ഒരുക്കങ്ങൾക്കും ഇടയിൽ, ഹാളിലെ ഒരു വലിയ തടിത്തൂണിന് മറവിലായി നിൽക്കുകയായിരുന്നു പാർവണ. 27-ാം തീയതി കുട്ട്യോള്ടെ വേളി എന്ന് കേട്ടപ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ ആ വലിയ ചിരിയും നാണവും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എന്റെ നോട്ടം അവളുടെ കണ്ണുകളുമായി ഇടഞ്ഞു. ആ വലിയ ബഹളങ്ങൾക്കിടയിലും, ആ നോട്ടത്തിൽ പരസ്പരം കോർത്തുനിൽക്കുമ്പോൾ, വരാനിരിക്കുന്ന ആ വലിയ ദിവസത്തിലേക്കുള്ള നിമിഷങ്ങൾ ഞങ്ങളുടെ ഹൃദയങ്ങൾ എണ്ണിക്കഴിയുകയായിരുന്നു. ആ തറവാടാകെ അപ്പോഴേക്കും വലിയൊരു ഉത്സവത്തിന്റെ ലഹരിയിലേക്ക് കടന്നിരുന്നു..
ഉച്ചഭക്ഷണമെല്ലാം കഴിഞ്ഞ് തറവാട്ടിലെ കല്യാണത്തിരക്കുകൾ വീണ്ടും സജീവമായിത്തുടങ്ങി. ഞാനും സച്ചുച്ചേട്ടനും കൂടി കല്യാണക്കത്ത് അച്ചടിക്കാൻ കൊടുക്കാൻ ടൗണിലേക്ക് പോകാൻ തയ്യാറായി ഇറങ്ങി. പോകുന്നതിന് മുൻപായി കാര്യങ്ങൾ ചോദിച്ചറിയാൻ ഞാൻ ഉമ്മറത്ത് നിന്നിരുന്ന ശ്രീനാരായണൻ അമ്മാവന്റെ അടുത്തേക്ക് ചെന്നു.
”അമ്മാവാ… അപ്പൊ കത്ത് എത്ര എണ്ണമാ അടിക്കാൻ ഏൽപ്പിക്കേണ്ടത്?”
ഞാൻ ചോദിച്ചു.
”നമ്മൾ അന്ന് ലിസ്റ്റ് തയ്യാറാക്കിയപ്പോൾ ഒരു ആയിരത്തി അഞ്ഞൂറ് പേരില്ലായിരുന്നോ? ഒരു 800 അടിച്ചോളാൻ പറഞ്ഞേക്ക്. പിന്നെ… പ്രസ്സിൽ പൈസയൊന്നും നീ ഇപ്പൊ കൊടുക്കണ്ട കേട്ടോ. ഞാൻ ഇന്നലെ ടൗണിൽ പോയപ്പോൾ തന്നെ അവർക്ക് അഡ്വാൻസ് കൊടുത്തു വെച്ചിട്ടുണ്ട്. കത്ത് കയ്യിൽ കിട്ടുമ്പോ ബാക്കി പൈസ കൊടുത്താൽ മതി,”
അമ്മാവൻ കാര്യങ്ങൾ കൃത്യമായി പറഞ്ഞുതന്നു
.
അമ്മാവനോട് യാത്ര പറഞ്ഞ് ഞങ്ങൾ മുറ്റത്തേക്കിറങ്ങി. മുത്തശ്ശന്റെ ആ പഴയ റോയൽ എൻഫീൽഡ് ബുള്ളറ്റിലായിരുന്നു ടൗണിലേക്കുള്ള ഞങ്ങളുടെ യാത്ര. അന്ന് പാർവണയെയും കയറ്റി ഈ നാട്ടുതൊടികളിലൂടെ പോയ ഓർമ്മകൾ ആ വണ്ടിയുടെ ശബ്ദത്തിനൊപ്പം എന്റെ മനസ്സിലൂടെ കടന്നുപോയി. സച്ചുച്ചേട്ടനായിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഞാൻ പിന്നിലിരുന്ന് ആ കാറ്റും വെയിലും ആസ്വദിച്ച് വരാനിരിക്കുന്ന
ദിവസങ്ങളെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു.
ടൗണിലെത്തി പ്രസ്സിൽ കയറി ലിസ്റ്റ് പ്രകാരം കത്തടിക്കാൻ ഏൽപ്പിച്ച് ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. വണ്ടിയുടെ അടുത്തേക്ക് നടക്കുന്നതിനിടയിലാണ് എതിർവശത്തുനിന്ന് ഒരാൾ ഞങ്ങളെ കടന്നുപോയത്. അയാളുടെ കണ്ണുകൾ എന്റെ നേരെയായിരുന്നു. ഒരു നിമിഷം ആ നോട്ടം എന്നിൽ ഉടക്കി നിന്നു. അതിൽ വല്ലാത്തൊരു പകയും വെറുപ്പും എരിഞ്ഞുനിൽപ്പുണ്ടായിരുന്നു. ഒരു ചിരി പോലുമില്ലാതെ, എന്നെത്തന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അയാൾ ഞങ്ങളെ കടന്നുപോയി.
അയാളുടെ ആ പോക്കും നോട്ടവും കണ്ട് സച്ചുച്ചേട്ടൻ സംശയത്തോടെ ചോദിച്ചു
”എടാ ആദീ… അതാരടാ ആ പോയത്? അയാളുടെ നോട്ടം അത്ര ശരിയല്ലല്ലോ…”
ഞാൻ ആ പോകുന്നയാളെ തന്നെ നോക്കി നിന്നു. എന്റെ ശബ്ദം അല്പം ഗൗരവത്തിലായി.
”അത്… സച്ചുച്ചേട്ടാ, ഞാൻ അന്ന് പറഞ്ഞില്ലേ… പാർവണയുടെ പുറകെ നടന്ന് അവളെ ശല്യം ചെയ്യുകയും, പിന്നെ എന്നെ കത്തിക്കൊണ്ട് കുത്തുകയും ചെയ്ത ആ ദേവൻ… അവന്റെ അച്ഛനാ ആ പോയത്.”
അതുകേട്ടതും സച്ചുച്ചേട്ടന്റെ മുഖത്തെ സംശയം മാറി അവിടെ ചെറിയൊരു ആശങ്ക നിറഞ്ഞു.
”എടാ അയാളുടെ നോട്ടം വല്ലാത്തൊരു നോട്ടമായിരുന്നല്ലോ… ഒരുമാതിരി പകയോടെയല്ലേ അയാൾ നമ്മളെ നോക്കിപ്പോയത്. കല്യാണത്തിന്റെ ഈ സമയത്ത് ഇനി അയാൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ?”
സച്ചുച്ചേട്ടൻ ചോദിച്ചു.
സച്ചുച്ചേട്ടന്റെ ആ ചോദ്യത്തിന് മറുപടിയായി എന്റെ പക്കൽ ഒന്നുമുണ്ടായിരുന്നില്ല. ഞാൻ വെറുതെ ഒരു മൗനം മാത്രം പാലിച്ചു. കാറ്റിൽ പൊടിപറത്തിക്കൊണ്ട് അയാൾ ടൗണിലെ ആൾക്കൂട്ടത്തിനിടയിലൂടെ നടന്നു മറയുന്നത് ഞാൻ നോക്കിനിന്നു. എന്റെ മനസ്സിൽ അപ്പോൾ ഒരായിരം ചിന്തകൾ ഒരുമിച്ചു കൂടുകയായിരുന്നു.
