“തുണിയെടുക്കാൻ പോയവളെ ഇത്ര നേരമായിട്ടും കാണാതായപ്പോ ഞാൻ കരുതി വല്ല കുറുക്കനും പിടിച്ചോന്ന്… ഇതിപ്പോ കുറുക്കൻ വേറെയാണല്ലോ! നടക്ക് പെണ്ണെ… അമ്മ അവിടെ നിന്നെ അന്വേഷിച്ച് നടക്കുന്നുണ്ട്…”
എന്നിട്ട് ചേച്ചി എന്നെ നോക്കി കണ്ണ് ചിമ്മിക്കൊണ്ട് പറഞ്ഞു
“പിന്നെ നീ… ഈ പത്തായപ്പുരയ്ക്ക് കാവൽ നിൽക്കാതെ, മുറ്റത്ത് കല്യാണപ്പന്തലിന് കുഴിയെടുക്കാനൊക്കെ പണിക്കാര് വന്നിട്ടുണ്ട് നീ അവിടെ പോയി കുറച്ചെന്തെങ്കിലും സഹായിക്ക് ചെറുക്കാ…”
എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ പാർവണ തുണികളും വാരിയെടുത്ത് അകത്തേക്ക് ഒറ്റ ഓട്ടമായിരുന്നു. അവളുടെ ആ ഓട്ടവും അനഘ ചേച്ചിയുടെ ആ കളിയാക്കലും കേട്ടപ്പോൾ എന്റെ മുഖത്തും വലിയൊരു ചമ്മൽ വന്നിരുന്നു. ഞാൻ തലചൊറിഞ്ഞുകൊണ്ട് വേഗം മുറ്റത്തെ പന്തൽ പണിക്കാരുടെ അടുത്തേക്ക് നടന്നു.അവിടെ നാലഞ്ചു പണിക്കർ നിന്ന് പന്തലിന്റെ തൂൺ തീർത്താൻ കുഴി കുത്തുകയാണ്. അടുക്കളയിൽ നിന്നും കൂജയിൽ കുറച്ചു ചൂട് വെള്ളവും എടുത്ത് പുറത്തെ മേശക്ക് മുകളിലായ് വച്ചു.
പ്രഭാതഭക്ഷണത്തിന്റെ വലിയൊരു മേളമൊക്കെ കഴിഞ്ഞ് തറവാട്ടിലെ വിശാലമായ ഹാളിൽ എല്ലാവരും ഒത്തുകൂടിയിരിക്കുകയാണ്. കല്യാണപ്പന്തലിന്റെ കാര്യങ്ങളും മറ്റും ചർച്ച ചെയ്യുന്നതിനിടയിലാണ് പടിപ്പുര കടന്ന് ശ്രീനാരായണൻ അമ്മാവനും ഹരിനാരായണൻ അമ്മാവനും കൂടി വരുന്നത് കണ്ടത്.
ജോത്സ്യനെ കണ്ട് തിയ്യതിയും മുഹൂർത്തവും കുറിച്ച് വരുന്ന വരവാണെന്ന് ആ മുഖത്തെ തിളക്കത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. അവരുടെ വരവ് കണ്ടപ്പോൾ തന്നെ ഹാളിലുണ്ടായിരുന്ന എല്ലാവരുടെയും സംസാരം നിന്നു.
”എല്ലാരും ഇങ്ങോട്ടൊന്ന് ശ്രദ്ധിച്ചേ…”
ഉമ്മറത്തേക്ക് കയറിവന്നയുടനെ ശ്രീനാരായണൻ അമ്മാവൻ വലിയൊരു സന്തോഷത്തോടെ പറഞ്ഞു.
അമ്മാവന്റെ കയ്യിൽ മഞ്ഞളും ചന്ദനവും തൊട്ട ആ ചെറിയ കടലാസ് തുണ്ടുണ്ടായിരുന്നു.
”എന്തായി ശ്രീനാരായണാ… തിയ്യതീം മുഹൂർത്തവും ഒക്കെ അനുകൂലാണോ?”
ചാരുകസേരയിൽ ഇരിക്കുകയായിരുന്ന മുത്തശ്ശൻ ആകാംക്ഷയോടെ ചോദിച്ചു.
”എല്ലാം വളരെ അനുകൂലമാ അച്ഛാ… ഈ വരുന്ന 27-ാം തീയതിയാ നമ്മ്ടെ കുട്ട്യോള്ടെ വേളി! രാവിലെ 10 മണിക്കും 10:45 നും ഇടയിലുള്ള അതിവിശേഷപ്പെട്ട മുഹൂർത്തം. രണ്ടാളുടേം നക്ഷത്രത്തിന് ഏറ്റവും യോജിച്ച സമയമാണെന്നാ ജോത്സ്യൻ പറഞ്ഞത്,”
ആ കടലാസ് എല്ലാവരെയും കാണിച്ചുകൊണ്ട് അഭിമാനത്തോടെ ഹരിനാരായണൻ അമ്മാവൻ പറഞ്ഞു.
അതുകേട്ടതും ആ വലിയ ഹാളിൽ സന്തോഷം അലയടിച്ചു. ആ തറവാടിന്റെ പൂമുഖത്ത് ഇരുന്നുകൊണ്ട് മുത്തശ്ശനും മുത്തശ്ശിയും നിറഞ്ഞ കണ്ണുകളോടെ ഇരുകൈകളും കൂപ്പി പ്രാർത്ഥിച്ചു.
”എല്ലാം എന്റെ കുട്ട്യോൾക്ക് നല്ല രീതിയിൽ തന്നെ നടക്കണേ ഭഗവാനേ… വല്ല്യോരുടെ അനുഗ്രഹം അവർക്ക് എന്നും ഉണ്ടാകണേ…”
മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ആ പ്രാർത്ഥനയിൽ ആ വലിയ തറവാടിന്റെ മുഴുവൻ വാത്സല്യവും നിറഞ്ഞുനിന്നിരുന്നു.
തിയ്യതി കേട്ടതും പെണ്ണുങ്ങളുടെ ഇടയിൽ വലിയൊരു പരിഭ്രാന്തിയായി. രമ അമ്മായി വേഗം മുന്നിലേക്ക് വന്ന് നെഞ്ചത്ത് കൈവെച്ചുകൊണ്ട് പറഞ്ഞു
”ഈശ്വരാ! 27-ാം തിയ്യതിക്കോ? അപ്പൊ ഇനി ദിവസങ്ങൾ തീരെ കുറവാണല്ലോ!
ഇനിയെന്തൊക്കെ പണികൾ കിടക്കുന്നു…”
”അതെ, പന്തലിന്റെ പണി ഇന്ന് തുടങ്ങിയത് നന്നായി. ഇനി ആദ്യം തന്നെ പോയി ക്ഷണക്കത്ത് അച്ചടിക്കാൻ കൊടുക്കണം. സ്വന്തക്കാർക്കും ബന്ധക്കാർക്കും എല്ലാവർക്കും നേരിട്ട് പോയി കൊടുക്കാനുള്ളതല്ലേ,”
സാവിത്രി അമ്മായിയും തിരക്കിന്റെ കാര്യം ഓർമ്മിപ്പിച്ചു.
”പിന്നെ സദ്യവട്ടങ്ങളുടെ കാര്യം… കേറ്ററിങ്ങുകാരെ നമ്മൾ പെട്ടെന്ന് തന്നെ ഏൽപ്പിക്കണ്ടേ?”
ഭദ്ര ആന്റി ചെറിയൊരു ആശങ്കയോടെ ചോദിച്ചു.
”അതൊന്നും ഓർത്ത് നീ വേവലാതിപ്പെടണ്ട ഭദ്രേ…”
ശ്രീനാരായണൻ അമ്മാവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“സദ്യയുടെ കാര്യം ഞാൻ നേരത്തെ തന്നെ നമ്മുടെ സുകുമാരനെ വിളിച്ച് ഏൽപ്പിച്ചിട്ടുണ്ട്.ഇന്ന് തിയതി വിളിച്ചു പറയുകയും ചെയ്തു.പന്തലിൽ വിളമ്പാനുള്ള പാത്രങ്ങളും സദ്യവട്ടങ്ങളും സുകുമാരൻ തന്നെ ഗംഭീരമായിട്ട് നോക്കിക്കോളും.”
