എന്ന് പറഞ്ഞ് ചേച്ചി ഒരു കത്ത് കയ്യിലെടുത്തു. എന്നിട്ട് നേരെ പൂമുഖത്തെ പടികളിലിരുന്ന് ഫോണെടുത്ത് അതിന്റെ നല്ലൊരു ഫോട്ടോ എടുത്തു.
”അമ്മേ… അപ്പൊ ഞാൻ ദൂരെയുള്ള ബന്ധുക്കൾക്കും, നമ്മ്ടെ സ്വന്തക്കാർക്കും എല്ലാവർക്കും കത്ത് വാട്സാപ്പിൽ അയക്കാൻ തുടങ്ങുവാണേ…”
ചേച്ചി ഫോണിൽ ടൈപ്പ് ചെയ്യുന്നതിനിടയിൽ പറഞ്ഞു.
”ആഹ്… എല്ലാവർക്കും അയച്ചോ. നമ്മ്ടെ കുടുംബത്തിലുള്ള ഗ്രൂപ്പിലേക്കും ഇട്ടേക്ക്. കൂടെ ഒരു കാര്യവും കൂടി പ്രത്യേകം വോയ്‌സ് മെസ്സേജ് ആയിട്ട് പറഞ്ഞോണം. ദൂരെയുള്ളവരെ നേരിട്ട് വന്ന് വിളിക്കാൻ സമയം ഇല്ലാത്തതുകൊണ്ടാണ് വാട്സാപ്പിൽ കത്തയക്കുന്നതെന്നും, ഇതൊരു നേരിട്ടുള്ള വിളിയായി കരുതി എല്ലാവരും കല്യാണത്തിന് തലേദിവസം തന്നെ പാലക്കാട് ഇന്ദ്രനീലം തറവാട്ടിലേക്ക് എത്തണമെന്നും പറയണം കേട്ടോ,”
അമ്മ ഓർമ്മിപ്പിച്ചു.
”അതൊക്കെ ഞാൻ ഗംഭീരമായിട്ട് ഒരു വോയ്‌സ് ഇട്ട് വിട്ടിട്ടുണ്ട് അമ്മേ. ദാ, കട്ടാക്കടയിലുള്ള
രാജീവ് അങ്കിളിനും മീര ആന്റിക്കും ഒക്കെ ഇപ്പൊ മെസ്സേജ് പോയി. അവരൊക്കെ വോയിസ് കേട്ടിട്ട് വലിയ സന്തോഷത്തിലാ. എല്ലാവരും ഇരുപത്തേഴാം തീയതിക്ക് മുൻപ് തന്നെ ഇങ്ങെത്തും എന്ന് പറയുന്നുണ്ട്,”
ഫോണിൽ നിന്നും കണ്ണെടുക്കാതെ, എല്ലാവർക്കും കത്ത് ഫോർവേഡ് ചെയ്യുന്ന തിരക്കിൽ ചേച്ചി പറഞ്ഞു.
ചേച്ചി പറഞ്ഞതുകേട്ട് എല്ലാവരും വലിയ സന്തോഷത്തിലായി. ഡിജിറ്റൽ യുഗത്തിന്റെ ഈ വേഗതയിലും, ആ വലിയ തറവാടിന്റെ സ്നേഹവും ഊഷ്മളതയും ആ മെസ്സേജുകളിലൂടെ എല്ലാവരിലേക്കും എത്തുന്നുണ്ടായിരുന്നു.
”ശരി… ഫോണിലൂടെയുള്ള വിളി അനഘ ഗംഭീരമായിട്ട് നടത്തുന്നുണ്ട്. ഇനി നമുക്ക് നേരിട്ട് പോയി വിളിക്കാനുള്ളവരുണ്ടല്ലോ. സച്ചൂ… ആദീ… നിങ്ങൾ വേഗം
പോയി ഭക്ഷണം കഴിക്ക്. നമുക്ക് വേഗം ഇറങ്ങണം. ആദ്യം നമ്മുടെ പടിപ്പുര കടന്ന് ആ വല്യേട്ടന്റെ വീട്ടിൽ പോയി കത്ത് കൊടുത്ത് തുടങ്ങാം. പിന്നെ അമ്പലത്തിലെ തിരുമേനിക്കും കൊടുക്കണം,”
അമ്മാവൻ പരിപാടികൾ കൃത്യമായി പ്ലാൻ ചെയ്തു.
ഞാൻ തലകുലുക്കി സമ്മതിച്ചു. എന്നിട്ട് പാർവണയെ ഒന്ന് നോക്കി. കയ്യിലിരുന്ന ആ ആദ്യത്തെ ക്ഷണക്കത്ത് അപ്പോഴും നെഞ്ചോട് ചേർത്തുപിടിച്ച്, ആ ഉമ്മറത്തെ തൂണിനരികിൽ തന്നെ നിൽക്കുകയായിരുന്നു അവൾ…
**
നാട്ടുകാരെയും സ്വന്തക്കാരെയുമെല്ലാം നേരിൽ കണ്ട് കല്യാണക്കത്ത് കൊടുക്കുന്ന വലിയ തിരക്കുകളിലായിരുന്നു പിന്നീടുള്ള ദിവസങ്ങൾ. സച്ചുച്ചേട്ടന്റെ ബുള്ളറ്റിന് പിന്നിലിരുന്നും അമ്മാവന്മാർക്കൊപ്പവും നാടുമുഴുവൻ ഓടിനടന്ന് എല്ലാവരെയും ക്ഷണിക്കുന്നതിനിടയിൽ, ആ ദിവസങ്ങൾ ഒരു കാറ്റുപോലെ കടന്നുപോയത് ഞാൻ അറിഞ്ഞതേയില്ല.
കല്യാണത്തിന് ഇനി വെറും രണ്ട് ദിവസങ്ങൾ മാത്രം ബാക്കി. ഇന്ദ്രനീലം തറവാടാകെ ഇപ്പോൾ വലിയൊരു ഉത്സവപ്പറമ്പ് പോലെയാണ്. മുറ്റത്തെ കൂറ്റൻ പന്തലിൽ മുഴുവൻ വർണ്ണവിളക്കുകൾ തെളിഞ്ഞു കഴിഞ്ഞു. ബന്ധുക്കളും നാട്ടുകാരുമൊക്കെയായി തറവാട്ടിൽ എങ്ങും ആളുകളുടെ വലിയൊരു ബഹളമാണ്. അടുക്കളപ്പുറത്ത് നിന്നുള്ള പായസത്തിന്റെ മധുരഗന്ധം ആ രാത്രിയിലെ ഇളംകാറ്റിൽ മുറ്റത്താകെ ഒഴുകിനടക്കുന്നുണ്ടായിരുന്നു.
പന്തലിലെ വർണ്ണവിളക്കുകളുടെ ഭംഗി നോക്കി ഉമ്മറത്തെ തിണ്ണയിൽ നിൽക്കുമ്പോഴാണ്, ആ വലിയ ആൾക്കൂട്ടത്തിനിടയിൽ നിന്നും മാറി അവൾ എന്റെ അടുത്തേക്ക് വന്നത്. കടും പച്ച നിറത്തിലുള്ള ഒരു പട്ടുപാവാടയായിരുന്നു വേഷം. അവൾ പതിയെ എന്റെ തൊട്ടടുത്തായി വന്ന് പന്തലിലെ തിരക്കുകളിലേക്ക് തന്നെ നോക്കി നിന്നു.
”എന്താ പെണ്ണേ… ആ വലിയ ബഹളങ്ങൾക്കിടയിൽ നിന്നും ഇങ്ങോട്ട് മാറിയത്?”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
”അത്… വെറുതെ…”
എന്നെ നോക്കാതെ തന്നെ അവൾ പറഞ്ഞു. എന്നിട്ട് വലിയൊരു നെടുവീർപ്പോടെ, പതുക്കെ ആ പാലക്കാടൻ ഈണത്തിൽ അവൾ കൂട്ടിച്ചേർത്തു.
”ആദീ… നമ്മ്ടെ വേളിക്ക് ഇനി വെറും രണ്ട് ദിവസങ്ങൾ കൂടിയല്ലേ ഉള്ളൂ…”
