അമ്മ അകത്തേക്ക് പോയതും, സച്ചുച്ചേട്ടൻ എന്റെ തോളിൽ കയ്യിട്ട് മുറ്റത്തെ പന്തലിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു
”നോക്കടാ… നമ്മുടെ
വീടുകളിൽ ഒരു കല്യാണം വരുമ്പോഴുള്ള ഈ ഒരു ബഹളം, ഇതിനൊരു പ്രത്യേക ഭംഗിയല്ലേ? ഇപ്പൊ ഈ പന്തൽ പണിയും, കത്ത് കൊടുക്കലും ഒക്കെ ആകുമ്പോഴാ നമുക്ക് കല്യാണത്തിന്റെ ശരിക്കുമുള്ള ആ ഒരു ഫീൽ കിട്ടുന്നത്.”
”അതെ ചേട്ടാ…”
ഞാൻ അത് ശരിവെച്ചു. ചായ കുടിച്ചുകൊണ്ട് ഞാൻ ആ മുറ്റത്തേക്കും ചുറ്റുമുള്ള ആരവങ്ങളിലേക്കും നോക്കി നിന്നു.
ഉമ്മറത്തെ ആ ബഹളങ്ങൾക്കിടയിൽ നിന്നും കുടിച്ചുകൊണ്ടിരുന്ന ചായഗ്ലാസ് തിണ്ണയിൽ വെച്ച് ഞാൻ വേഗം കുളിക്കാനായി നടന്നു.
തണുത്ത വെള്ളത്തിൽ കുളിച്ച് മുറിയിലേക്ക് വരുമ്പോൾ മനസ്സിൽ വല്ലാത്തൊരു ഉന്മേഷമായിരുന്നു. അലമാരയിൽ നിന്നും ഒരിളം നീല ഷർട്ടും കസവുകരയുള്ള മുണ്ടും ഞാൻ എടുത്തുടുത്തു. കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകുമ്പോൾ എന്റെ മുഖത്ത് വല്ലാത്തൊരു തിളക്കമുള്ളതുപോലെ എനിക്ക് തോന്നി. വരാനിരിക്കുന്ന ആ വലിയ ദിവസത്തിന്റെ എല്ലാ സന്തോഷവും ആ ചിരിയിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
വാച്ചും കെട്ടി മുറിയിൽ നിന്നും പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് വാതിൽക്കൽ അവൾ വന്നുനിന്നത്. ആ പഴയ കള്ളച്ചിരിയോടെ എന്നെ ഒന്ന് അടിമുടി നോക്കി.
”എന്താ പെണ്ണേ… എന്റെ കൂടെ ടൗണിലേക്ക് പോരുന്നോ കത്ത് വാങ്ങാൻ?”
ഞാൻ കുസൃതിയോടെ ചോദിച്ചു.
അതുകേട്ട് അവൾ ആ വലിയ നീലക്കണ്ണുകൾ ഒന്ന് ഉരുട്ടി. എന്നിട്ട് ദാവണിത്തുമ്പ് വിരലിലിട്ട് ചുറ്റിക്കൊണ്ട് ചോദിച്ചു.
”ഏയ്… കല്യാണക്കത്ത് അച്ചടിച്ചത് വാങ്ങാൻ എവിടെയെങ്കിലും വധു പോവാറുണ്ടോ? അതൊക്കെ ചെക്കനും കൂട്ടുകാരും കൂടി പോയി വാങ്ങേണ്ടതാ… ആദി വേഗം പോയിട്ട് ആ കത്ത് വാങ്ങിക്കൊണ്ട് വാ. എനിക്ക് ആദ്യമേ കാണണം നമ്മ്ടെ പേരുകൾ അതിൽ അച്ചടിച്ചുവന്നത്.”
അവളുടെ ആ മറുപടി കേട്ട് എനിക്ക് ചിരിവന്നു.
“അതിനെന്താ… ഞാൻ വേഗം വാങ്ങി വരാം. നീ ഉമ്മറത്ത് തന്നെ നിന്നോ,”
അവളുടെ ആ കുറുമ്പ് നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി ഒന്നുകൂടി ചിരിച്ചിട്ട് ഞാൻ വേഗം പുറത്തേക്കിറങ്ങി.
മുറ്റത്ത് സച്ചുച്ചേട്ടൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് കാത്തുനിൽപ്പുണ്ടായിരുന്നു. ഞാൻ വേഗം പിന്നിൽ കയറിയിരുന്നു. ബുള്ളറ്റിന്റെ വലിയ ശബ്ദം ആ മുറ്റത്തെ പണിക്കാർക്കിടയിലൂടെ കീറിമുറിച്ചുകൊണ്ട് മുന്നോട്ട് കുതിച്ചു. ഇന്ദ്രനീലം തറവാടിന്റെ പടിപ്പുര കടന്ന് ടൗണിലേക്കുള്ള ആ യാത്രയിൽ സച്ചുച്ചേട്ടൻ വണ്ടിയിലിരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു.
”എടാ ആദീ… ഇന്നലെ നമ്മൾ ടൗണിൽ വെച്ച് അയാളെ കണ്ട കാര്യം ഓർത്ത് നീയിപ്പോ പേടിക്കാനൊന്നും നിൽക്കണ്ട ട്ടോ. നമ്മൾ കൂടെയുണ്ടല്ലോ. കല്യാണത്തിന്റെ ഈ സമയത്ത് അവൻ വല്ല പ്രശ്നത്തിനും വന്നാൽ അപ്പൊ കാണിച്ചുകൊടുക്കാം.”
സച്ചുച്ചേട്ടൻ വണ്ടി ഓടിക്കുന്നതിനിടയിൽ ഗൗരവത്തോടെ പറഞ്ഞു.
”അതൊന്നും ഓർത്ത് ഞാനിപ്പോ വിഷമിക്കുന്നില്ല ചേട്ടാ… ഇപ്പൊ എന്റെ മനസ്സിൽ കത്ത് വാങ്ങണം, ഇന്നുതന്നെ എല്ലാവർക്കും കൊടുത്ത് തുടങ്ങണം എന്നുള്ള ചിന്ത മാത്രേ ഉള്ളൂ.”
കാറ്റിലൂടെ എന്റെ ശബ്ദം ചേട്ടനിലേക്ക് എത്തി.
ടൗണിലെ തിരക്കുകൾക്കിടയിലൂടെ വണ്ടി ആ പഴയ പ്രസ്സിന്റെ മുന്നിൽ ചെന്നുനിന്നു.
ഞങ്ങൾ അകത്തേക്ക് കയറുമ്പോൾ പ്രസ്സുടമ രാഘവേട്ടൻ അവിടെ വലിയൊരു കെട്ട് കത്തുകൾ അടുക്കിവെക്കുന്ന തിരക്കിലായിരുന്നു.
”ആഹ്… ആദി വന്നോ? ഞാൻ ഇപ്പൊ സച്ചുവിനെ വിളിക്കാൻ ഇരിക്കുവായിരുന്നു. നിങ്ങളുടെ കത്തുകൾ ഇപ്പൊ പ്രിന്റ് ചെയ്ത് കഴിഞ്ഞതേയുള്ളൂ, എല്ലാം അടുക്കി വെക്കുവാരുന്നു,”
രാഘവേട്ടൻ ഞങ്ങളെ കണ്ടതും വലിയ സന്തോഷത്തോടെ പറഞ്ഞു.
“എന്തായി രാഘവേട്ടാ… എല്ലാം നമ്മൾ പറഞ്ഞപോലെ തന്നെ ഭംഗിയായിട്ട് അടിച്ചില്ലേ?”
സച്ചുച്ചേട്ടൻ ഒരു കസേരയിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു.
”പിന്നില്ലാതെ… ഇന്ദ്രനീലം തറവാട്ടിലെ പെൺകുട്ടിയുടെ കല്യാണമല്ലേ. നമ്മൾ അതിൽ കുറവൊന്നും വരുത്തിയിട്ടില്ല. ഇതൊന്ന് നോക്കിക്കേ…”
