ഞാൻ അവരുടെ കയ്യിലുണ്ടായിരുന്ന ചെറിയ ബാഗുകൾ വാങ്ങിക്കൊണ്ട് ചോദിച്ചു.
”അത് പറയണ്ട ആദീ… തിരുവനന്തപുരത്ത് നിന്ന് ഇറങ്ങിയപ്പോൾ തന്നെ ലേറ്റായി. പിന്നെ വരുന്ന വഴിക്ക് ചെറിയൊരു ട്രാഫിക്കും. എന്തായാലും നമ്മൾ കൃത്യസമയത്ത് തന്നെ എത്തിയില്ലേ. പിന്നെ നമ്മുടെ ചെക്കന്റെ കല്യാണമല്ലേ, അത്യാവശ്യം ഒരുക്കങ്ങളൊക്കെ ഞങ്ങൾക്കും വേണ്ടേ?”
ദിനേശൻ മാമൻ വീണ്ടും കുസൃതിയോടെ ചിരിച്ചു.
എന്നിട്ട് പന്തലിലേക്കും ഉമ്മറത്തെ തിരക്കുകളിലേക്കും ഒന്ന് കണ്ണോടിച്ചിട്ട് മാമൻ വളരെ ഗൗരവത്തിൽ പറഞ്ഞു.
”എന്തായാലും കാര്യങ്ങളൊക്കെ വളരെ ഗംഭീരമായിട്ട് തന്നെ നടക്കുന്നുണ്ടല്ലോ
ആദീ. നിന്റെ കല്യാണം നമ്മൾ വിചാരിച്ചതിലും വലിയൊരു സംഭവമാകും. സച്ചുവും പിള്ളേരും ബാക്കി കാര്യങ്ങളൊക്കെ കൃത്യമായിട്ട് നോക്കുന്നുണ്ടല്ലോ അല്ലേ?”
”അതൊക്കെ സച്ചുച്ചേട്ടന്റെ കൺട്രോളിൽ തന്നെയാ മാമാ. ചേട്ടനുള്ളതുകൊണ്ട് എനിക്കിപ്പോ വേറെ ഒരു ടെൻഷനുമില്ല. നിങ്ങൾ എന്തായാലും വേഗം അകത്തേക്ക് നടക്ക്. അമ്മയും അമ്മായിമാരും എല്ലാവരും ഉമ്മറത്ത് തന്നെയുണ്ട്,”
ഞാൻ അവരെയും കൂട്ടി ഉമ്മറത്തേക്ക് നടന്നു.
ഉമ്മറത്തേക്ക് കയറുമ്പോൾ തന്നെ ബന്ധുക്കൾക്കൊപ്പം ചിരിച്ചുസംസാരിച്ചിരിക്കുന്ന പാർവണയെ അവർ കണ്ടു.
മൈലാഞ്ചിയിട്ട കൈകൾ കൊണ്ട് ദാവണിത്തുമ്പ് പിടിച്ച്, ആ വലിയ കൂട്ടച്ചിരികൾക്കിടയിൽ നാണത്തോടെ ഇരിക്കുന്ന അവളെ കണ്ടപ്പോൾ രേവതി ആന്റിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.
”നോക്കിക്കേ ദിനേശേട്ടാ… നമ്മുടെ ആദിയുടെ പെണ്ണിനെ കാണാൻ എന്തൊരു ഐശ്വര്യമാ,”
ആന്റി മാമനോട് പതുക്കെ പറയുന്നത് ഞാൻ കേട്ടു.
ആ വലിയ ജനക്കൂട്ടത്തിനിടയിലൂടെ അവരെയും കൂട്ടി ഞാൻ അകത്തേക്ക് കയറുമ്പോൾ, അവിടെയാകെ ഉയർന്നുകേൾക്കുന്ന ആ വലിയ ബഹളങ്ങൾക്കും മേലെ എന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ വലിയൊരു ചെണ്ടമേളം മുഴങ്ങുന്നുണ്ടായിരുന്നു. നാളെ ഈ നിമിഷം അവൾ എന്റേതായിരിക്കുമെന്ന ചിന്ത എന്റെ ഓരോ രക്തയോട്ടത്തിലും ഒരു പുതിയ താളമുണ്ടാക്കിയിരുന്നു.
ഹാളിലേക്ക് കയറിച്ചെല്ലുമ്പോൾ, അവിടെ കല്യാണത്തിനുള്ള എന്തൊക്കെയോ സാധനങ്ങൾ മാറ്റിവെക്കുന്ന തിരക്കിലായിരുന്നു അമ്മയും അനഘ ചേച്ചിയും. അപ്പോഴാണ് ജനക്കൂട്ടത്തിനിടയിലൂടെ വരുന്ന ഞങ്ങളെ അമ്മ കണ്ടത്. കയ്യിലിരുന്ന സാധനങ്ങൾ താഴെ വെച്ച്, മുഖത്ത് വലിയൊരു സന്തോഷത്തോടെ, എന്നാൽ ചെറിയൊരു പരിഭവത്തിന്റെ സ്വരത്തിൽ അമ്മ ഞങ്ങൾക്ക് നേരെ നടന്നുവന്നു.
”ആഹാ… മുഖ്യാതിഥികൾ ഇപ്പോഴാണോ ഇങ്ങോട്ട് എഴുന്നള്ളുന്നത്?”
അമ്മ കുസൃതിയോടെ ചോദിച്ചു.
“ഉച്ചയ്ക്ക് ഇങ്ങെത്തുമെന്ന് പറഞ്ഞിട്ട്… ദാ, സച്ചു രാവിലെ തൊട്ട് ഇവിടെ കിടന്ന് ഓടുവാ. നിങ്ങളെയും നോക്കി വരാന്തയിലിരുന്ന് എന്റെ കണ്ണ് കഴച്ചു ദിനേശേട്ടാ.”
അമ്മയുടെ ആ ഡയലോഗ് കേട്ടതും അനഘ ചേച്ചിയും വലിയ ആവേശത്തിൽ അങ്ങോട്ടേക്ക് വന്നു. രേവതി ആന്റിയുടെ കയ്യിൽ സ്നേഹത്തോടെ പിടിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.
”അതെ… അമ്മ പറഞ്ഞതാ ശരി. ആന്റിയെയും കൂട്ടി ഇത്രയും ലേറ്റായി വന്നതിന് പിഴയായിട്ട് നാളത്തെ കല്യാണസദ്യയുടെയും പന്തലിലെയും മേൽനോട്ടം മുഴുവൻ അമ്മാവനാണ്. എത്ര വലിയ കാരണവരായാലും ശരി, ആ ഡ്യൂട്ടി വേറെ ആർക്കും ഞാൻ വിട്ടുതരില്ല.”
ചേച്ചിയുടെയും അമ്മയുടെയും ആ പരിഭവം കേട്ട് ദിനേശൻ മാമൻ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. എന്നിട്ട് അമ്മയെ നോക്കി പറഞ്ഞു.
”പിന്നല്ലാതെ… കല്യാണച്ചെക്കന്റെ അമ്മയുടെയും പെങ്ങളുടെയും ഈ അധികാരവും ഗമയുമൊക്കെ ഒന്ന് മാറിനിന്ന് കാണാൻ വേണ്ടി മനപ്പൂർവ്വം ഞങ്ങൾ കുറച്ചൊന്ന് വൈകിയതാ ഭാമേ… അല്ലെങ്കിലും ഇവന്റെ കല്യാണം ഉറപ്പിച്ച അന്ന് തൊട്ട്, ചടങ്ങുകൾ എങ്ങനെയൊക്കെ ഗംഭീരമാക്കണം എന്ന് പ്ലാൻ ചെയ്ത് വല്ലാത്തൊരു ഓട്ടത്തിലായിരുന്നല്ലോ നീ. ആ ആവേശമൊക്കെ അവസാനത്തെ ഈ നിമിഷങ്ങളിൽ എങ്ങനെയുണ്ടെന്ന് ഒന്ന് നേരിട്ട് കാണണമല്ലോ. പിന്നെ അനഘക്കുട്ടി പറഞ്ഞ ആ പിഴ ഞാൻ
