മുറ്റത്തെ പന്തലിലേക്ക് ഞാൻ നടക്കുമ്പോൾ നാദസ്വരവും തകിലും അതിന്റെ ഏറ്റവും ഉയർന്ന ശ്രുതിയിലായിരുന്നു. സ്വർണ്ണവർണ്ണമുള്ള തോരണങ്ങളും, സുഗന്ധം പരത്തുന്ന ആയിരക്കണക്കിന് മുല്ലപ്പൂക്കളും കുരുത്തോലകളും കൊണ്ട് അലങ്കരിച്ച വലിയൊരു മണ്ഡപം. നടുവിലായി എരിയുന്ന നിലവിളക്കും, അരികിലായി പൂജാദ്രവ്യങ്ങളും വെച്ചിട്ടുണ്ട്. മണ്ഡപത്തിലേക്ക് കയറി ഞാൻ ആ വലിയ പീഠത്തിൽ വന്നിരുന്നു.
എതിർവശത്തായി തിരുമേനി ഇരിപ്പുണ്ട്. എനിക്ക് ചുറ്റുമായി സച്ചുച്ചേട്ടനും, വിഷ്ണുവും കൂട്ടുകാരും, അമ്മാവന്മാരുമെല്ലാം വലിയൊരു കോട്ടപോലെ നിൽപ്പുണ്ട്. പൂജാരിയുടെ മന്ത്രോച്ചാരണങ്ങൾ ആ പന്തലാകെ മുഴങ്ങി കേൾക്കാം.
അല്പനേരത്തിനകം തറവാട്ടിന്റെ ഉമ്മറത്തുനിന്നും ആളുകൾ രണ്ടുവശത്തേക്കും മാറിവഴിമാറുന്നത് ഞാൻ കണ്ടു. എന്റെ ശ്വാസമൊന്ന് നിന്നു. തോഴിമാരുടെയും, അനഘ ചേച്ചിയുടെയും അഞ്ജലി ചേച്ചിയുടെയും നടുവിൽ, സാക്ഷാൽ ലക്ഷ്മിദേവിയെപ്പോലെ അവൾ നടന്നുവരികയാണ്. കടും കുങ്കുമ നിറമുള്ള ആ കാഞ്ചീപുരം പട്ടുസാരിയിൽ, കഴുത്തിൽ നിറയെ സ്വർണ്ണാഭരണങ്ങളണിഞ്ഞ്, തലകുനിച്ച് വല്ലാത്തൊരു നാണത്തോടെ അവൾ നടന്നടുക്കുമ്പോൾ, ചിലമ്പുന്ന ആ പാദസരങ്ങളുടെ നാദം എന്റെ ഹൃദയമിടിപ്പിന്റെ താളമായിരുന്നു.
മണ്ഡപത്തിലേക്ക് കയറി അവൾ എന്റെ വലതുവശത്തായി വന്നിരുന്നു. നാണത്താൽ ചുവന്ന ആ മുഖത്ത് നിന്നും ഒരുനിമിഷം പോലും കണ്ണെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ സാമീപ്യം അറിഞ്ഞതുകൊണ്ടാകാം, അവളുടെ ശ്വാസത്തിന്റെ വേഗത കൂടിയിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.
തിരുമേനിയുടെ മന്ത്രോച്ചാരണങ്ങൾക്കും പന്തലിലെ ബഹളങ്ങൾക്കുമിടയിൽ ഇന്ദ്രനീലം തറവാട് ആ വലിയ മുഹൂർത്തത്തിനായി കാത്തുനിന്നു.
നിലവിളക്കിലെ അഗ്നി സാക്ഷിയായി അദ്ദേഹം പൂജകൾ ഓരോന്നായി ചെയ്തുതീർത്തു. ഒടുവിൽ, മന്ത്രോച്ചാരണങ്ങൾ നിർത്തി പൂജാരി എന്നെ നോക്കി നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.
”നല്ല മുഹൂർത്തമായി… ഇനി ഈ താലിയെടുത്ത് വധുവിന്റെ കഴുത്തിൽ അണിയിച്ചോളൂ…”
അത്രയും പറഞ്ഞ്, വെറ്റിലപ്പാക്കുകൾക്കും പൂക്കൾക്കും നടുവിലായി വെച്ച, മഞ്ഞച്ചരടിൽ കോർത്ത ആ താലിമാല തിരുമേനി വലിയൊരു അനുഗ്രഹത്തോടെ എന്റെ കയ്യിലേക്ക് വെച്ചുതന്നു.
പന്തലിലെ നാദസ്വരം പെട്ടെന്ന് കെട്ടിമേളത്തിലേക്ക് മാറി.
നാലുപാടുനിന്നും കുരവകളും വായ്ക്കുരവകളും മുഴങ്ങി. ഞാൻ ആ താലിയുമായി ഇരിപ്പിടത്തിൽ നിന്നും പതുക്കെ എഴുന്നേറ്റ് അവളുടെ നേർക്ക് തിരിഞ്ഞുനിന്നു. വരാനിരിക്കുന്ന ആ വലിയ നിമിഷത്തിന്റെ പൂർണ്ണതയിൽ അവൾ ഇരുകൈകളും നെഞ്ചോട് ചേർത്ത് കൂപ്പി, കണ്ണുകളടച്ച് വലിയൊരു പ്രാർത്ഥനയോടെ എന്റെ മുന്നിൽ ഇരുന്നു. ആ നീലക്കണ്ണുകളുടെ കോണിൽ ഒരു തുള്ളി കണ്ണുനീർ വന്ന് തിളങ്ങുന്നുണ്ടായിരുന്നു; ജനിച്ചുവളർന്ന വീടുവിട്ട് എന്റെ ലോകത്തേക്ക് വരാൻ പോകുന്ന ഒരു പെൺകുട്ടിയുടെ സന്തോഷവും സങ്കടവും കലർന്ന കണ്ണുനീർ.
അനഘ ചേച്ചിയും അഞ്ജലി ചേച്ചിയും ഭദ്ര ആന്റിയും പതുക്കെ അവളുടെ പിന്നിലായി വന്ന് നിന്നു. അനഘ ചേച്ചി വളരെ സ്നേഹത്തോടെ, മുല്ലപ്പൂക്കൾ ചൂടിയ അവളുടെ ആ നീണ്ട കാർമുകിൽ മുടിയിഴകൾ പതുക്കെ രണ്ടുകൈകൾ കൊണ്ടും മുകളിലേക്ക് ഉയർത്തിപ്പിടിച്ചു തന്നു. അവളുടെ ആ വെളുത്ത കഴുത്ത് എന്റെ മുന്നിൽ തെളിഞ്ഞുവന്നു.
വിറയ്ക്കുന്ന കൈകളോടെ, പ്രാർത്ഥനയോടെ കൂപ്പുകൈകളുമായി ഇരിക്കുന്ന എന്റെ പ്രാണന്റെ കഴുത്തിലേക്ക് ആ മഞ്ഞച്ചരടിൽ കോർത്ത താലി ഞാൻ അണിയിച്ചു. താലിച്ചരട് പിടിച്ച എന്റെ വിരലുകൾ അവളുടെ കഴുത്തിൽ പതുക്കെ സ്പർശിച്ചപ്പോൾ, വല്ലാത്തൊരു കുളിരോടെ ആ ദേഹമൊന്ന് പൂത്തുലയുന്നത് ഞാൻ അറിഞ്ഞു. ആദ്യത്തെ കെട്ട് ഞാൻ പൂർത്തിയാക്കിയതും, പിന്നിൽ നിന്ന അനഘ ചേച്ചിയും ഭദ്ര ആന്റിയും ചേർന്ന് ബാക്കി കെട്ടുകളും ഭംഗിയായി പൂർത്തിയാക്കി.
ചുറ്റും നിന്ന ബന്ധുക്കളും എന്റെ സുഹൃത്തുക്കളും സ്നേഹത്തോടെയും വാത്സല്യത്തോടെയും ഞങ്ങൾക്കുമേൽ പൂക്കൾ വർഷിച്ചുകൊണ്ടിരുന്നു.
