പാർവണം – 5 Likeഅടിപൊളി  

​”ഹൊ! ഞങ്ങടെ കൂട്ടുകാരന്റെ പെണ്ണിനെ കാണാൻ എന്തൊരു ഭംഗിയാ…” കാവ്യ ഓടിച്ചെന്ന് പാർവണയുടെ കവിളിൽ പതുക്കെ തലോടി. മാളവികയും ദേവികയും അവളുടെ ചുറ്റും കൂടി.

​”സത്യം പറയാലോ പാർവണേ… ഈ കുങ്കുമ നിറമുള്ള കാഞ്ചീപുരം പട്ടുസാരിയും ഉടുത്ത് നീ മണ്ഡപത്തിലേക്ക് വരുമ്പോഴേക്കും, അപ്പുറത്ത് നിൽക്കുന്ന നമ്മ്ടെ ആദിയുടെ ബോധം പോകും, നോക്കിക്കോ!”

ദേവിക അത് പറഞ്ഞതും, കണ്ണാടിയിലൂടെ അവരെ നോക്കി നാണത്തോടെ പാർവണ ഒന്നു ചിരിച്ചു.

​അപ്പോഴേക്കും ആഭരണപ്പെട്ടികളുമായി സാവിത്രി അമ്മായിയും രമ അമ്മായിയും അങ്ങോട്ടേക്ക് വന്നു.

​”ദേ… പെൺപിള്ളേരെ, അവൾക്കിനി സ്വർണ്ണമൊക്കെ ഇട്ടുകൊടുക്കട്ടെ. മുഹൂർത്തത്തിന് സമയമാകുന്നു,”

എന്ന് പറഞ്ഞുകൊണ്ട് സാവിത്രി അമ്മായി ആ വലിയ പാലക്കാമാല അവളുടെ കഴുത്തിലേക്ക് അണിയിച്ചു.

​പിന്നാലെ രമ അമ്മായി ലക്ഷ്മിരൂപം പതിപ്പിച്ച കാശുമാലയും, നീളമുള്ള മുല്ലമൊട്ടുമാലയും ഇട്ടുകൊടുത്തു.

“ഈ നെറ്റിചുട്ടിയും ജിമിക്കിയും കൂടി വെക്കുമ്പോഴാ നമ്മ്ടെ കുട്ടിയുടെ മുഖത്തിന് ഒരു ഐശ്വര്യം വരുന്നത്,”

രമ അമ്മായി അവളുടെ കവിളിൽ പതുക്കെ തൊട്ടു.

​മുത്തശ്ശി കൊടുത്ത ആ പഴയ കാപ്പുവള അവളുടെ വലതുകയ്യിൽ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. വങ്കിയിലകളും, പാദസരങ്ങളുമെല്ലാം അണിഞ്ഞ്, കുങ്കുമപ്പട്ടുടുത്ത് നിൽക്കുന്ന അവളെ കണ്ടപ്പോൾ രേവതി ആന്റി അത്ഭുതത്തോടെ പറഞ്ഞു.

​”സാക്ഷാൽ ലക്ഷ്മിദേവി ഇന്ദ്രനീലം തറവാട്ടിലേക്ക് ഇറങ്ങിവന്നതുപോലെയുണ്ട് നമ്മുടെ കുട്ടിയെ കാണാൻ. കണ്ണുകിട്ടാതിരിക്കാൻ വേഗം ഒരു കറുത്ത പൊട്ട് വെച്ചുകൊടുക്ക് അനഘേ…”

​അനഘ ചേച്ചി വേഗം ഒരു ചെറിയ കറുത്ത പൊട്ട് അവളുടെ ചെവിയുടെ പിന്നിലായി തൊട്ടുകൊടുത്തു.

​ഇതെല്ലാം കണ്ടുകൊണ്ട് മുറിയുടെ വാതിൽക്കൽ നിറകണ്ണുകളോടെ നിൽക്കുകയായിരുന്നു ഭദ്ര ആന്റി. സ്വന്തം മകൾ സർവ്വാഭരണവിഭൂഷിതയായി മറ്റൊരു വീട്ടിലേക്ക് പോകാൻ ഒരുങ്ങിനിൽക്കുന്ന ആ വലിയ നിമിഷം ആ അമ്മയുടെ നെഞ്ചിൽ വല്ലാത്തൊരു സങ്കടവും അതിലേറെ സന്തോഷവും നിറച്ചിരുന്നു. ഭദ്ര ആന്റിയുടെ കണ്ണുകൾ നിറഞ്ഞത് കണ്ട്, എന്റെ അമ്മ

ഓടിച്ചെന്ന് ആന്റിയുടെ തോളിലൂടെ കയ്യിട്ടു.

​”കരയാതെ ഭദ്രേ… ഇന്ന് നമ്മുടെ കുട്ടിക്ക് ഏറ്റവും വലിയ സന്തോഷത്തിന്റെ ദിവസമാ. നീയിങ്ങനെ കണ്ണുനിറഞ്ഞാൽ അവൾക്കും സങ്കടമാകും. നോക്കിക്കേ അവളെ… എത്ര സുന്ദരിയായിട്ടാ നിൽക്കുന്നതെന്ന്,”

അമ്മ വലിയൊരു വാത്സല്യത്തോടെ ഭദ്ര ആന്റിയെ ആശ്വസിപ്പിച്ചു. എന്നിട്ട് പാർവണയുടെ അടുത്തേക്ക് ചെന്ന് അവളുടെ നെറുകയിൽ പതുക്കെ ചുംബിച്ചു. തനിക്ക് കിട്ടാൻ പോകുന്ന പുതിയ അമ്മയുടെ ആ സ്നേഹചുംബനത്തിൽ അവൾ

അമ്മയെ ചേർത്തുപിടിച്ചു.

​ഇതിനിടയിൽ പൂമുഖത്തെ വലിയ ചാരുകസേരകളിൽ ഇരിക്കുകയായിരുന്ന മുത്തശ്ശനും മുത്തശ്ശിയും ഈ ബഹളങ്ങളെല്ലാം നോക്കിക്കാണുന്നുണ്ടായിരുന്നു. പട്ടുസാരിയും കസവുമുണ്ടും ഉടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന ബന്ധുക്കളെ നോക്കി മുത്തശ്ശി ചോദിച്ചു.

​”നമ്മുടെ കുട്ടികളുടെ ഒരുക്കങ്ങൾ ഒക്കെ എന്തായി? മുഹൂർത്തത്തിന് സമയമാകുന്നു…”

​”രണ്ടാളും റെഡിയായി മുത്തശ്ശീ… ദേ ഞങ്ങളുടെ കല്യാണച്ചെക്കൻ അങ്ങ് ഉഷാറായിട്ട് വരുന്നുണ്ട്,”

സച്ചുച്ചേട്ടനും കൂട്ടുകാരും മാമന്മാരും ചേർന്ന് എന്നെ പൂമുഖത്തേക്ക് കൂട്ടിക്കൊണ്ടുവന്നു.

​കസവണിഞ്ഞ്, കഴുത്തിൽ വലിയൊരു തുളസിമാലയുമിട്ട് പൂമുഖത്തേക്ക് വന്ന ഞാൻ നേരെ പോയി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കാൽക്കൽ വീണ് നമസ്കരിച്ചു.

​”ദീർഘായുസ്സായിരിക്കട്ടെ “

എന്ന് പറഞ്ഞ് മുത്തശ്ശി എന്നെ അനുഗ്രഹിച്ചു.

​നാദസ്വരത്തിന്റെ ശബ്ദം അപ്പോൾ പന്തലിൽ ഉച്ചത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു. അകത്തെ മുറിയിൽ, സർവ്വാഭരണവിഭൂഷിതയായി, നാണവും നെഞ്ചിടിപ്പുമായി എന്റെ വധു ആ വലിയ നിമിഷത്തിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. പ്രണയവും സൗഹൃദവും കുടുംബബന്ധങ്ങളുടെ സ്നേഹവുമെല്ലാം വല്ലാതെ പൂത്തുനിൽക്കുന്ന ആ മംഗളമുഹൂർത്തത്തിലേക്ക് ഇന്ദ്രനീലം തറവാട് അതിന്റെ പൂർണ്ണതയോടെ നടന്നടുക്കുകയായിരുന്നു….

Updated: July 27, 2026 — 1:12 pm

Leave a Reply

Your email address will not be published. Required fields are marked *