“ചാരു പിന്നിലേക്ക് ചലിച്ചു. കസേരയുടെ കാലിൽ അവൾക്ക് തടസമായിനിന്നു.
തെളിഞ്ഞു വന്ന ആരൂപം ഒടുവിൽ പൂർണത കൈവരിച്ചു.
പാദങ്ങൾ നിലത്ത് സ്പർശിക്കാതെ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് ആർത്തു ചിരിച്ചു. ആ അട്ടഹാസം ഒറ്റമുറിയെ പ്രകമ്പനം കൊള്ളിച്ചു.
“ഭദ്ര….”
ചാരു അറിയാതെ പറഞ്ഞു.
എന്ത് ചെയ്യണമെന്നറിയാതെ അവൾ പകച്ചനിന്നു.
സംഹാരരൂപനും ആദിശങ്കരനുമായ സാക്ഷാൽ കൈലാസനാഥനെ സ്മരിച്ചുകൊണ്ട് ആത്മരക്ഷക്കായി ശിവസ്തോത്രം ജപിക്കാൻ തുടങ്ങി.
“ഓം നമഃ ശിവായ…
ഓം നമഃ ശിവായ…
ഓം നമഃ ശിവായ…”
“നാഗേന്ദ്രഹാരായ ത്രിലോചനയ,
ഭസ്മാങ്ഗരാഗായ മഹേശ്വരായ,
നിത്യായ ശുദ്ധായ ദിഗമ്ബരായ,
തസ്മൈ ‘ന’ കാരായ നമഃ ശിവായ…”
ശിവസ്തോത്രം ജപിക്കുമ്പോഴും ഭദ്ര ആർത്തട്ടഹസിച്ചുകൊണ്ടേയിരുന്നു.
ചാരു അവളുടെ അട്ടഹാസംകേട്ട് പതിയെ കണ്ണുതുറന്നുനോക്കി
“ന്നെ ഒന്നും ചെയ്യരുത്…”
ഭയത്തോടെ ചാരു രണ്ടുകൈയ്യും കൂപ്പികൊണ്ട് പറഞ്ഞു.
“ന്നെ ന്തിന് ഭയക്കണം.. നിക്ക് ഒന്നും ചെയ്യാനാകില്ല്യാ നിന്റെ കൈയിലെ രക്ഷയുള്ളടത്തോളംകാലം.”
ഭദ്രയുടെ മറുപടി കേട്ടപ്പോൾതന്നെ ചാരുവിന് പകുതിജീവൻ തിരിച്ചുകിട്ടി.
“ന്നെ കുറിച്ചല്ല അറിയേണ്ടേ…
ന്നോട് ചോദിക്കൂ.. മുത്തശ്ശിയോട് ചോദിച്ചാൽ മുത്തശ്ശിക്ക് അറിയണതല്ലേ പറയു….”
ചെറുപുഞ്ചിരിയോടെ ഭദ്ര പറഞ്ഞു.
സംസാരിക്കുമ്പോൾ അവളുടെ പല്ലുകൾക്ക് പ്രത്യേക തിളക്കമുണ്ടായിരുന്നു.
തൂവെള്ള നിറത്തിലുള്ള പല്ലുകളുടെ ഇടയിൽകൂടെ ദ്രംഷ്ഠകൾ വരുന്നുണ്ടോയെന്ന് ചാരു സൂക്ഷ്മതയോടെ നോക്കി.
ഇല്ലായെന്ന് ബോധ്യപ്പെട്ടപ്പോൾ തന്നെ അവൾ ദീർഘശ്വാസമെടുത്തുവിട്ടു.
“മുത്തശ്ശി പറഞ്ഞ ഭദ്രേയെ നീയറിയൂ…
എല്ലാവരെയും, സ്നേഹിച്ചുകയും, വിശ്വസിക്കുകയും ചെയ്ത ഒരു ഭദ്ര ണ്ടായിരുന്നു ഈ മനക്കല്,
ആരും അറിയാതെ പോയ സത്യം.
ന്റെ മരണം… അത് നടപ്പിലാക്കിയ മനക്കലെ ആൺത്തരികളെ ഞാൻ ഇല്ല്യാതെയാക്കും.നാഗരാജാവാണെ സത്യം.”
ചാരു എന്തുചെയ്യണമെന്നറിയതെ നിന്നു.
തുറന്നിട്ട ജാലകപ്പൊളിയിലേക്ക് ഭദ്ര നോക്കിയതും
വലിയശബ്ദത്തോടെ ജാലകപ്പൊളി വന്നടഞ്ഞു.
ഇടിച്ചുകയറിയ ഇളംകാറ്റിന് തടസം സൃഷ്ടിച്ചുകൊണ്ട് മുറിയിലേക്ക് കടക്കുന്ന വാതിലും ഭദ്രയുടെ ദൃഷ്ടിപതിഞ്ഞതോടെ താനെ വന്നടഞ്ഞു
ചാരു പകച്ചുനിന്നു.
ഭദ്ര ആർത്തുചിരിച്ചു.
“ന്തിനാ പേടിക്കുന്നെ, നിക്ക് ഒന്നും ചെയ്യാനാകില്ല്യാ. ന്നെകുറിച്ചല്ലേ നീ അന്വേക്ഷിച്ചു കൊണ്ടിരിക്കാണെ ഞാൻ പറയാം…”
ഭദ്രക്ക് ചുറ്റും കോടവന്നുനിറഞ്ഞു
എവിടന്നോ വലിഞ്ഞുകയറിയ കറുത്തപൂച്ച
കഴുക്കോലിന്റെ ഇടയിലൂടെ എത്തിനോക്കി.
അതിന്റെ പല്ലുകളിൽ രക്തം പുരണ്ടിരിക്കുന്നുണ്ടെന്ന് ചാരുവിന് തോന്നി.
പുറത്ത് നിന്ന് ചാവലിപ്പട്ടികൾ നിർത്താതെ ഒരിയിട്ടു.
രൗദ്രഭാവത്തിൽ ഭദ്ര കറുത്തപൂച്ചയെ നോക്കിയതും
അനുസരണയുള്ള വളർത്തുമൃഗത്തെപ്പോലെ അവിടെനിന്നും അപ്രത്യക്ഷമായി.
ഭദ്ര പുഞ്ചിരിച്ചുകൊണ്ട് ചാരുവിനെ നോക്കി.
“ഞാൻ… നിക്ക് …നിക്ക് ഒന്നും അറിയേണ്ട..
ന്നെ വെറുതെ വിടണം….”
ചാരു രണ്ടുകൈകളും കൂപ്പി കേണപേക്ഷിച്ചു
ചാരുവിന്റെ മറുപടികേട്ട ഭദ്ര വീണ്ടും അട്ടഹസിച്ചു.
“ന്നെ കണ്ടിട്ടാണോ..”
“ഉം..അതെ…”
ഭയത്തോടെ അവൾ പറഞ്ഞു.
ഭദ്ര പുഞ്ചിരിച്ചു , അവൾക്ക് ചുറ്റുമുള്ള കോട പതിയെ പിൻവാങ്ങി ഭദ്രനിലത്ത് സ്ഥാനമുറച്ചു.
സാധാരണ ഒരു പെണ്കുട്ടിയായി ഭദ്രമാറിയ
അവൾ കാഞ്ഞിരം കൊണ്ട് പണിതീർത്ത കട്ടിലിന്റെ ഒരു വശത്തായി ഇരുന്നു.
ചാരുവിനോട് ഇരിക്കാൻ കൽപ്പിച്ച് ഭദ്ര തന്റെ കഥകളുടെ കെട്ടഴിച്ചു.
“ഒരുകാലത്ത് ഈ നാട് ഭരിച്ചിരുന്ന തമ്പ്രാക്കളാണ് തൈക്കാട്ട് മനക്കല് ണ്ടായിരുന്നത്.
പണവും,പ്രതാപവും തലക്ക് പിടിച്ചപ്പോൾ പെണ്ണിന്റെ മാനത്തിന് തൊടിയിലെ പുല്ലിന്റെ വിലപോലും കല്പിക്കാത്തവർ..
ഒരു നശിച്ച ജന്മമായിരുന്നു ന്റെ..
പെറ്റിട്ടതും ‘അമ്മ കാലം ചെയ്തു…
പിന്നാലെ അച്ഛനും..
ആരോരുമില്ലാത്ത ഞാൻ ഒരധികപറ്റായി വളർന്നു. നിക്ക് ഓർമ്മവച്ചനാൾ മുതൽ
ഊട്ടുപുരയിലായിരുന്നു ന്റെ ബാല്യം.
കരിയും, പുകയും കൊണ്ട് ദാസിപ്പെണ്ണുങ്ങളുടെകൂടെ…”
