ഭദ്ര നോവല്‍

“ഇയ്യന്തിനാ കുട്ട്യേ…. അവശ്യല്ല്യാത്ത ഇടത്തേക്കൊക്കെ പോണേ,അതല്ലേ ഇപ്പ ങ്ങനെ കാണേണ്ടി വന്നേ…..
ദേവീ കാത്തോൾണെ”

കലങ്ങിയ കണ്ണുകളോടെ മുത്തശ്ശി പറഞ്ഞു

“മുത്തശ്ശി…. ഇനിയിപ്പ അതേക്കുറിചോന്നും ആലോചിക്കേണ്ട…
വരൂ… ഓള് കിടന്നോട്ടെ…”

ചാരുവിന്റെ മുറിയിൽ നിന്ന് ഓരോരുത്തരായി പുറത്തേക്ക് നടന്നു.

“ഹരിയേട്ടാ… ഒന്ന് നിൽക്കൂ..”
അയ്യാൾ കട്ടിളയുടെ പടിവാതിക്കൽ നിൽക്കുമ്പോൾ ചാരു വിളിച്ചു.
ഹരി പിന്തിരിഞ്ഞുവന്നു.

“നിക്കെന്തോ പേട്യാവുണു ഹരിയേട്ടാ…
ന്തോ വൻദുരന്തം വരാനിരിക്കണ പോലെ,
മനസ് പറയുണു.”

“ഏയ്…ങ്ങനെയൊന്നുല്ല്യാ ട്ടോ…മോൾക്ക് തോന്നുന്നതാ”

ഹരി അവളുടെ നെറുകയിൽ തലോടികൊണ്ട് പറഞ്ഞു.

“ഹരിയേട്ടന് ന്തേലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല്യാ..”
അഞ്ജനമെഴുതിയ അവളുടെ കണ്ണുകളിൽനിന്നും ചുടു മിഴിനീർക്കണങ്ങൾ
തടാകംപോലെ ഒഴുകാൻ തുടങ്ങി.

“നിക്കേന്ത് സംഭവിക്യാൻ, ന്താ ഈ പറയണേ…
അതുമിതൊന്നും ആലോചിച്ച്കിടക്കേണ്ട,
കുറച്ചുസമയം കൂടെ ഉറങ്ങിക്കോളൂ..”

മിഴിനീർക്കണങ്ങൾ തഴുകിയ കവിൾതടത്തിൽ ഹരി മൃദുവായി ചുംബിച്ചു.

ചാരു പതിയെ കണ്ണുകളടച്ച്
നിദ്രയിലേക്ക് ആഴ്ന്നിറങ്ങുന്നത് വരെ ഹരി അവൾക്ക് കാവലിരുന്നു.

“ഹരീ….”
മുത്തശ്ശിയുടെ നീട്ടിയുള്ള വിളികേട്ടാണ് അവൻ ചാരുവിന്റെ അടുത്തനിന്ന് എഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നത്.

“നിനക്ക് ബുദ്ധിമുട്ടാകില്ലേ ചാ നിക്കൊരു കാര്യം പറയാന്ണ്ട്..”

“ന്താ മുത്തശ്ശി…”
ഹരി ആകാംക്ഷയോടെ ചോദിച്ചു.

“മഠത്തിൽ തിരുമേനി തന്നയച്ച ആ
മൺകുടങ്ങൾ ഇന്ന് രാത്രി മനക്കലെ നാല് മൂലക്കല് ഇയ്യ് കൊണ്ടോയി കുഴിച്ചിടോ”

“മുത്തശ്ശിക്ക് വേറെപണിയൊന്നുല്ല്യേ..
പ്രേതവും ഭൂതവും, ആത്മാവും ന്നൊക്കെ പറഞ്ഞു നടക്കാൻ”

പുച്ഛഭാവത്തിൽ ഹരി പറഞ്ഞു.

“നിന്റെ അച്ഛൻ മാധവൻ ന്ന് വരാ ന്ന് പറഞ്ഞിരിക്കിണു , അഥവാ വന്നില്ലെങ്കിൽ ഇയ്യ് ചെയ്യണം ആ കർമ്മം..”

“വന്നില്ലെങ്കിൽ അല്ലെ, ന്തായാലും അച്ഛൻ വരും.”

അതും പറഞ്ഞ് ഹരി മുറ്റത്തേക്കിറങ്ങി അമ്പലപ്പറമ്പിലേക്ക് നടന്നകന്നു.

സ്വപ്നത്തിലുടനീളം ഭദ്രയും, ഭദ്രയുടെ മരണവുമായത്കൊണ്ട് ചാരു പെട്ടന്ന് തന്നെ നിദ്രയിൽനിന്നും ഞെട്ടിയെഴുന്നേറ്റു.

മേശപ്പുറത്ത് വച്ച മൺകൂജയിൽ നിന്നും മതിയാവോളം വെള്ളമെടുത്ത്‌കുടിച്ചു.
എന്നിട്ട് ജാലകത്തിനോട് ചാരി നാഗക്കാവിലേക്ക് നോക്കിയിരുന്ന് ചിന്തകളിലാണ്ടു.

“ഞാൻ കണ്ടത് സ്വപ്നമാണോ,അതോ യാഥാർഥ്യങ്ങളോ?
ആരാണ് ദേവൻ.. അയ്യളിപ്പോ എവിട്യാ…
ദേവന്റെ കൂടെ ഒരാളുംകൂടെയുണ്ടായിരുന്നല്ലോ ദേവീ…”

ചാരു എത്ര ആലോചിച്ചിട്ടും ഭദ്രയെ നിഗ്രഹിക്കാൻ ദേവന്റെ കൂടെനിന്ന ആ തമ്പുരാന്റെ പേര് പോയിട്ട് മുഖംപോലും അവൾക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.

സകല ദൈവങ്ങളെയും അവൾ മാറിമാറി വിളിച്ചു.പക്ഷെ ഫലമുണ്ടായില്ല.

നിരാശയോടെ അവൾ നാഗക്കാവിലേക്ക് നോക്കിയേറെനേരമിരുന്നു.

“നേരം സന്ധ്യയാവാറായി,
ഹരികുട്ടൻ വന്നില്ല്യല്ലോ,ഇതുവരെ..”
നിലവിളക്ക് കൊളുത്തി സന്ധ്യാനാമത്തിനായി ഉമ്മറത്തിരുന്ന ഭാർഗ്ഗവിതമ്പുരാട്ടി അകത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

“അമ്പലത്തില്ണ്ടാവും അമ്മേ…”
അകത്തുനിന്ന് സാവിത്രിതമ്പുരാട്ടി പറഞ്ഞു.

കാവിതേച്ച നിലത്ത് ഭാർഗ്ഗവിതമ്പുരാട്ടി കാലുകൾനീട്ടിയിരുന്നുകൊണ്ട് നാമം ജപിക്കാൻ തുടങ്ങി.

“ഓം……
ബഹോ ദേവി, മഹാദേവി
സന്ധ്യേ, വിദ്യേ, സരസ്വതീ
അചരെ, അമരെ ചൈവ
ബ്രഹ്മയോനെ നമോസ്തുതേ,
സന്ധ്യേ ദേവീ നമോസ്തുതേ.

ദേവിത്വം പ്രാ കൃതചിത്തം
താനിസാരായ ചിത്താൻമേ
പാപംഹുംഭട്ട് നമോസ്തുതേ
ദീപ്താ സൂക്ഷമാ ജയഭദ്രാ.
സന്ധ്യാ ദേവി നമോസ്തുതേ..”

നമാജപം കഴിഞ്ഞെഴുന്നേൽക്കുന്ന സമയത്താണ് ചൂട്ടുമായി രണ്ട് പേര് പടിപ്പുരയിൽ നിൽക്കുന്നത് തമ്പുരാട്ടികണ്ടത്,
സൂക്ഷിച്ചു നോക്കിയ തമ്പുരാട്ടിയുടെ മുഖത്ത് അൽപ്പം ആശ്വാസംവീണു.

“ന്താ ത്ര നേരം വൈക്യേ മാധവാ…”

“മ്മടെ…മഠത്തിൽ തിരുമേനിയെ ചെന്നു കണ്ടേ… ഇശ്ശി വേഗം ങ്ങട് വരാൻ പറഞ്ഞു. തിരുമേനിടെ ബന്ധനം ഭേദിച്ച് അവള് പുറത്ത് കടന്നു ത്രേ, ഭദ്ര..”

“ചതിച്ചു ലോ ന്റെ ദേവീ…”
ഭാർഗ്ഗവിതമ്പുരാട്ടി വലത് കൈ നെഞ്ചിൽ വച്ചുകൊണ്ട് പറഞ്ഞു.

“വിവരറിഞ്ഞപ്പോ രാമനേം കൂട്ടി ഞാഇങ്ങട് പോന്നു.
ബന്ധിക്കണം…അവളെ, ഇനി പുറത്ത് കടക്കാൻ കഴിയാതെ നരകിച്ചു നരകിച്ചു കഴിയണം..”

മാധവന്റെ വാക്കുകളിൽ പ്രതികാരത്തിന്റെ തീക്ഷണത ഉടലെടുത്തു.

“സവിത്രിേ…. ”
അയ്യാൾ നീട്ടി വിളിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി.

ചൂട്ട് കെടുത്തികൊണ്ട് രാമൻ ഉമറത്തിണ്ണയിലേക്ക് കയറിയിരുന്നു.

നീട്ടി മുറിച്ച നാക്കിലയിൽ ചോറുവിളമ്പികൊണ്ട് സാവിത്രിതമ്പുരാട്ടി പറഞ്ഞു.

“ന്റെ സംശയം , ചാരുമോൾ കാവിലേക്ക് കയറിയോ ന്ന.. സ്ത്രീ സ്പർശം കാവിനുള്ളിലേറ്റാൽ ഭദ്രക്ക് പുറത്ത് വരാൻ കഴിയും ന്നല്ലേ പറഞ്ഞേ…”

“എവിട്യാ ചാരുമോള്…
ഞാൻ കണ്ടില്ല്യല്ലോ..”

പിന്നിലേക്ക് നോക്കിക്കൊണ്ട് മാധവൻ ചോദിച്ചു.

“ഓള് മേലെ ണ്ടാവും..
ഹാ പിന്നെ, ന്ന് കാവിനടുത്തു വച്ച് ചാരുമോള് ബോധം നഷ്ട്ടപ്പെട്ട് കിടക്കണ കണ്ടു.”

അൽപ്പം സ്വകാര്യത്തോടെ സവിത്രിതമ്പുരാട്ടി പറഞ്ഞു.

“അത് വെയിൽ കൊണ്ടതാകും..”
നീണ്ടൊരു ഏമ്പക്കം വിട്ട് മാധവൻ ഇലമടക്കിഎണീറ്റു.

കൈകഴുകി നേരെ ചെന്നത് ചാരുവിന്റെ മുറിയിലേക്കായിരുന്നു.

അടഞ്ഞുകിടന്ന വാതിൽ മാധവൻ പതിയെ തുടന്നു.

ഇളം കാറ്റ് മുറിക്കുളിൽ നിന്ന് അയ്യാളെ ആവരണം ചെയ്തു.
ശരീരമാസകലം കുളിര് കൊരുന്നപോലെ അനുഭവപ്പെട്ട മാധവൻ ശരീരമൊന്ന് കുടഞ്ഞു.
പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധം മുറിക്കുള്ളിൽ ഒഴുകിയെത്തി.

മുറിക്കുള്ളിൽ കടന്നതും വലിയ ശബ്ദത്തോടെ വാതിലും, ജനൽപാളികളും വന്നടഞ്ഞു.
ചുറ്റുഭാഗവും കോടവന്ന് മൂടി.

മാധവൻ ചുറ്റിലും നോക്കി.
നെറ്റിയിൽ നിന്നു വിയർപ്പുതുള്ളികൾ പൊടിയൻ തുടങ്ങി.
ഓട്മേഞ്ഞ കഴുക്കോലിന്റെ ഇടയിലൂടെ എങ്ങുനിന്നോ ഒരു മൂങ്ങ വന്നിരുന്നു അതിന്റെ കണ്ണുകളുടെ തിളക്കം അയ്യാളുടെ മുഖത്ത് പതിച്ചു.

“ചാരു…. മോളെ….ചാരു…”
ഭയത്തോടെ മാധവൻ വിളിച്ചു.
പിന്തിരിഞ്ഞു നടക്കാൻ നോക്കിയപ്പോൾ വരിക്കപ്ലാവിൽ പണിതീർത്ത വളകൾ കിടയിലൂടെ സർപ്പങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് കണ്ടു, അതിലൊന്ന് താഴേക്ക് വീണതും രണ്ടടി പിന്നിലേക്ക് മാറി മേശയോട് ചാരിനിന്നുകൊണ്ട് അയ്യൾ ഉച്ചത്തിൽ നിലവിളിച്ചു.

മേശയിൽ പിടിച്ച മാധവന്റെ കൈകളിൽ എന്തോ ഇഴയുന്നപോലെ അനുഭവപ്പെട്ടപ്പോൾ അയ്യാൾ തിരിഞ്ഞുനോക്കി.

കറുത്ത ശരീരത്തിൽ വെളുത്ത വരകളുമായി ഒരു കുഞ്ഞു സർപ്പം ഫണമുയർത്തി നിൽക്കുന്നു.
അയ്യാളുടെ കൈപത്തിയുടെ പുറംഭാഗത്ത് അത് ചുറ്റികിടന്നു.
കൈവലിച്ചാൽ വിഷം തീണ്ടുമെന്ന് മനസിലാക്കിയ മാധവൻ കണ്ണുകളടച്ചു സംഹാരരൂപനെ മനസിൽ ധ്യാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *