നാഗക്കാവിലേക്ക് നോക്കിയിരിക്കുന്ന ചാരുവിന്റെ തോളിൽ ഒരുകൈവന്നു സ്പർശിച്ചപ്പോൾ ഞെട്ടലോടെ അവൾ തിരിഞ്ഞുനോക്കി.
“ഹോ… മുത്തശ്ശി…, പേടിപ്പിച്ചുകളഞ്ഞല്ലോ..”
നെഞ്ചിൽ കൈവച്ച് ഹൃദയസ്പന്ദനത്തെ ആശ്വസിപ്പിച്ചുകൊണ്ട് ചാരു പറഞ്ഞു.
“മുത്തശ്ശിടെ കുട്ടിക്ക് ന്താ അറിയേണ്ടേ… ന്നോട് ചോദിക്കൂ.. നിക്ക് അറിയണെത് ഞാൻ പറഞെരാ…”
“നിക്കറിയണം ഭദ്ര ങ്ങനെ മരിച്ചു ന്ന്.”
“സത്യം നിക്കും അറിയില്ല്യാ… ”
കാവിലേക്ക് നോക്കിക്കൊണ്ട് മുത്തശ്ശി പറഞ്ഞു
“മാസത്തിലുള്ള പൂജമാത്രേയോള്ളൂ ഇപ്പകാവിൽ..അത് കഴിഞ്ഞാ ആരും പോവ്വാറില്ല്യ അങ്ങട്..
മഠത്തിൽ തിരുമേനി പ്രത്യേകം പറഞ്ഞിരിക്കിണു സ്ത്രീജനങ്ങൾ ആരുംതന്നെ കാവിലേക്ക് പ്രവേശിക്കരുതെന്ന്.
അത് ഭദ്രയുടെ ശക്തി വർധിക്കുന്നതിന് കാരണമാവുംന്ന്.
തിരുമേനിപറഞ്ഞ പറഞ്ഞതാ…
കാലങ്ങൾകഴിഞ്ഞിട്ടും ഇപ്പഴും ഒരുമാറ്റവുല്ല്യതെ ആ വാക്കിനെ പാലിച്ചുപോണു.”
“അപ്പൊ.. ഭദ്രേടെ ആത്മാവ് ഇപ്പോഴും…
ഇപ്പോഴുമുണ്ടോ…?”
“ഉം…. ദുർമരണമല്ലേ,
ശാന്തികിട്ടില്ല്യ ആത്മാവിന്.”
“ഭദ്രേടെ ആത്മാവാണെന്നങ്ങനെ മനസിലായി.. ആരേലും കണ്ടോ..?”
ചാരുവിന്റെ മനസിൽ ചോദ്യങ്ങളുയർന്നു,
അവ ഓരോന്നായി പുറത്തേക്ക് വന്നു.
“ഹരീടെ അച്ഛനോട് ചോദിക്കൂ..
അവന്റെ കീഴിലാ മഠത്തിൽതിരുമേനി വന്ന് കർമ്മങ്ങളൊക്കെ ചെയ്തത്.”
“ങേ…അച്ഛനോ…?”
ചാരുവിന്റെ മുഖത്തുണ്ടായ അത്ഭുതപ്രവാഹം തമ്പുരാട്ടി ശ്രദ്ധിച്ചു.
“ന്റെകുട്ടി അവശ്യല്ല്യത്തകാര്യങ്ങളൊന്നും ആലോചിക്കേണ്ട, നാമം ജപിച്ച് ഇരുന്നോളൂ…
കുറച്ചൂസം കൂടെയല്ലേയൊള്ളൂ..”
ചാരുവിനെ നെറുകയിൽ തലോടികൊണ്ട് മുത്തശ്ശി പറഞ്ഞു.
“ഉം അതെ, കുറച്ചുദിവസം, അതിനുള്ളിൽ അറിയണം ഭദ്ര എങ്ങനെ മരിച്ചു ന്ന്..”
ചാരു മനസിൽ ഉറപ്പിച്ചു.
മേശയിൽ നിന്ന് വെള്ളപേപ്പറും,
പേനയുമെടുത്ത് മുകളിൽ ഭദ്രയെന്നെഴുതി അടിവരയിട്ടുവച്ചു.
ഭദ്ര എങ്ങനെ മരണപ്പെട്ടു എന്നറിയാനുള്ള ആകാംക്ഷ അവളെ അസ്വസ്ഥയാക്കികൊണ്ടേയിരുന്നു.
മനക്കലെ തലമൂത്തവരെയെല്ലാം അന്ന് വൈകുന്നേരം അവൾ ചെന്ന് കണ്ടു ,
പക്ഷേ ഭാർഗ്ഗവിതമ്പുരാട്ടി പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് അവരും പറഞ്ഞുകൊടുത്തത്.
അതിന് ശേഷം വളരെയധികം ദുഃഖത്തോടെയായിരുന്നു ചാരു മനക്കല് വന്നുകയറിയത്.
സന്ധ്യാനേരത്ത് ഉമ്മറത്തിണ്ണയിലിരിക്കുമ്പോഴാണ് നാഗക്കാവിൽ ഉറങ്ങിക്കിടക്കുന്നസത്യങ്ങൾ അവളുടെ അഞ്ജനമെഴുതിയ കണ്ണുകളെ മാടിവിളിച്ചത്.
നാല്ഭാഗവും നോക്കി ആരുമില്ല,
ചാരു പതിയെ എഴുന്നേറ്റ് നാഗക്കാവിലേക്ക് നടന്നു.
സൂര്യൻ മറഞ്ഞുതുടങ്ങി, ഇരുട്ട് വ്യാപിച്ചുകൊണ്ടിരുന്നു.
കാവിന്റെ മുൻഭാഗത്തായ് അവൾ നിന്നു.
അവളുടെ കണ്ണുകൾ കല്പടവുകളിലേക്ക് പതിഞ്ഞു. അവ മഴകൊണ്ട് ക്ലാവ് പിടിച്ചിരിക്കുന്നു, അതിന് മുകളിലൂടെ ചെറിയ പ്രാണികൾ ഇഴഞ്ഞുനീങ്ങുന്നുണ്ട്.
ഇളം കാറ്റ് അവളെ പുൽകികൊണ്ട് സ്വാഗതം ചെയ്തു.
അരളിയുടെയും, പാലപ്പൂവിന്റെയും ഗന്ധം ചുറ്റിലും പരന്നു.
കാർമേഘങ്ങൾ വിണ്ണിനെ മറച്ചുപിടിച്ചു.
ചാരു പതിയെ കല്പടവുകളിൽചവിട്ടി കാവിലേക്ക് കയറാൻ തുടങ്ങി.
കാവിലെ ചുറ്റുമതിലിൽ അവൾ വിരലുകളോടിച്ചു,
“ഇവിടെയാണോ ഭദ്ര മരിച്ചുകിടന്നത്..”
നാഗരാജാവും, നാഗയക്ഷിയും,നാഗകന്യകയും,
കരിനാഗാവും,മണിനാഗവും എന്നുവേണ്ട ഒട്ടനവധി ശിലാവിഗ്രഹങ്ങൾവച്ച് പൂജിച്ച തറയടെ മുകളിലേക്ക് കയറാനുള്ള കല്പടവുകളിലേക്ക് നോക്കികൊണ്ടവൾ സ്വയം ചോദിച്ചു.
വർഷങ്ങൾ പഴക്കമുള്ള ചിരാത് ദ്രവിച്ചു മണ്ണിനോട് ചേർന്ന് കിടക്കുന്നു.
പാതി നശിച്ച ശിലകൾ.
എണ്ണക്കറപടർന്ന് ക്ലാവ് പിടിച്ച ദീപസ്തംഭം.
കണ്ണിനെ കുളിർമ്മയെക്കുന്ന ഓരോ കാഴ്ചകളും അവൾ ഒപ്പിയെടുത്തു.
“എന്തായിരിക്കും കാരണം?
ഇനി ആരോട് ചോദിക്കും”
ചിന്താകുലയായിനിൽക്കുന്ന അവളുടെ പിന്നിൽ നിന്നും ചമ്മലകൾ ഞെരിയുന്ന ശബ്ദം കേട്ടു.
ഒരു നിമിഷം അവളവിടെ നിന്നു.
പിന്നിലാരോ ഉണ്ടെന്നസത്യം തിരിച്ചറിഞ്ഞു.
ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടി,
പതിയെ തിരിഞ്ഞു നോക്കിയ ചാരു ആ കാഴ്ച്ചകണ്ട് പെട്ടന്നതന്നെ ഭയത്താൽ രണ്ടടി പിന്നിലൊട്ടു നിന്നു.
