ഭദ്ര നോവല്‍ 2

“ഇയ്യന്തിനാ പേടിക്കാണെ നങ്ങേല്യേ…, അരുമറിയില്ല്യാ…
മ്മള് മാത്രേയോള്ളൂ വ്വ്ടെ..”

മാധവൻ അവളെ സ്പർശിച്ചതും നങ്ങേലി തെറിച്ച് കാഞ്ഞിരത്തിന്റെ ചുവട്ടിലേക്ക് വീണു.

അത്ഭുതത്തോടെ അയ്യാൾ ചുറ്റിലും നോക്കി.
ഇത്ര ശക്തിയിൽ നങ്ങേലിയെങ്ങനെ വീണു എന്ന ചോദ്യം അയ്യാളിൽ ഉണർന്നു.

“വേണ്ട മ്പ്രാ… ഏന് പേട്യാ…”

നിലത്ത് വീണ്കിടക്കുന്ന നങ്ങേലി പറഞ്ഞു

“ഹഹഹ … ഈയസമയത്ത് ങ്ങട് ആരും വരില്ല്യാ ന്റെ പെണ്ണേ…”

മാധവൻ അവളെ പിടിച്ചെഴുന്നേല്പിക്കാൻ ചെന്നതും നങ്ങേലി തടഞ്ഞു.
എന്നിട്ട് അയ്യാളുടെ കഴുത്തിൽ കിടക്കുന്ന രക്ഷയിലേക്ക് വിരൽ ചൂണ്ടികൊണ്ട് പറഞ്ഞു.

“രക്ഷ…. അതശുദ്ധിയാവും..
ഏനാശാപം വേണ്ട മ്പ്രാ…..”

51 രുദ്രാക്ഷങ്ങൾ കോർത്തിണക്കി നിർമ്മിച്ച മാലയിൽ മഠത്തിൽ തിരുമേനി പ്രത്യേകം പൂജിച്ചെടുത്ത രക്ഷയെ മാധവൻ
നെഞ്ചോട് ചേർത്ത് തടവികൊണ്ട് മഠത്തിൽ തിരുമേനി പറഞ്ഞ വാക്കുകൾ ഓർത്തെടുത്തു.

“ഈ രക്ഷ പൂർണ്ണ ഭക്തിയോടും, ശുദ്ധിയോടും കൂടെമാത്രമേ ധരിക്കാവൂ,..
ആശുദ്ധകർമ്മങ്ങളിലേർപ്പെടുമ്പോൾ…
നിന്റെ ശരീരത്തിൽ ഈ രക്ഷയുണ്ടെങ്കിൽ
അതിന്റെ ശക്തി പതിമടങ്ങായി കുറയും,
പിന്നെ വീണ്ടും ഓരോ ദിവസവും 1001തവണ മൃത്യുഞ്ജയമന്ത്രങ്ങളാൽ 51 ദിവസത്തെ വ്രതാനുഷ്‌ഠാനത്തോട് കൂടി ജപിച്ച് ,
ഭസ്മം കൊണ്ട് അഭിഷേകം ചെയ്യണം”
മാധവൻ അല്പ്പനേരം മൗനംപാലിച്ചു നിന്നു.
എന്നിട്ട് കഴുത്തിൽ 51 രുദ്രാക്ഷങ്ങൾക്കോർത്തിണക്കിയ രക്ഷ അയ്യാൾ പതിയെ ഊരിയെടുത്തു.
കഴുത്തിൽ നിന്നും രക്ഷയെടുത്തതും
നിലാവെളിച്ചം ചൊരിഞ്ഞ ചന്ദ്രനെ കാർമേഘം വന്നുമൂടി.
കാട് കയറിയ സർപ്പക്കാവിലേക്ക് ഇളം കാറ്റ് ഒഴുകിയെത്തി,
പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധം ചുറ്റിലും പരന്നു.
വലിയ ശബ്ദത്തോട് കൂടി ഇടിയും മിന്നലും ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്നു.

മാധവൻ തന്റെ വലത് ഭാഗത്ത് തളിരിട്ടുനിൽക്കുന്ന തേക്കുമരത്തിന്റെ തയ്യിൽനിന്ന് ഒരില പറിച്ചെടുത്ത്
അഴിച്ചെടുത്ത തന്റെ രക്ഷ അതിൽവച്ച് ഇലയോട്കൂടി പൊതിഞ്ഞ് പുല്ലുകൾകൊണ്ട് മെത്തവിരിച്ച പാറകെട്ടിൽ വച്ചിട്ട് പതിയെ നങ്ങേലിയുടെ അടുത്തേക്ക് ചെന്നു.

നിലത്ത് വീണുകിടക്കുന്ന നങ്ങേലിയെ പിടിച്ചെഴുന്നേല്പിച്ചു.
അവളുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് കണ്ണുകളിൽ നോക്കിപറഞ്ഞു.

“ടി പെണ്ണേ…. നിക്ക് വേണം നിന്നെ..
മതിയാവോളം”

തമ്പുരാന്റെ വാക്കുകൾ കേട്ട നങ്ങേലിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു
തണുത്തുവിറങ്ങലിച്ച അവളുടെ അധരങ്ങളിൽ അയ്യാൾ ചൂണ്ടുവിരൽ വച്ചുകൊണ്ട് പുഞ്ചിരിയെ തടസപ്പെടുത്തി.
പതിയെ അവളെ മാറോട് ചേർത്ത് വരിപ്പുണർന്നു.

നായ്ക്കൾ ഓരിയിടുന്ന ശബ്ദവും ഇടിമിന്നലിന്റെ ശബ്ദവും, ഉള്ളിൽ കാമംനിറഞ്ഞു നിൽക്കുന്ന മാധവന് കേൾക്കാൻ കഴിഞ്ഞില്ല.
ഏഴിലംപാലയും, കരിമ്പനയും ശതമായ കാറ്റിൽ ഉലഞ്ഞാടി.

തന്റെ മാറോട് ചേർന്ന് കിടക്കുന്ന നങ്ങേലിയെ അയ്യാൾ രണ്ട് കാരങ്ങൾകൊണ്ട് ബന്ധിച്ചു.

തുളസിയുടെയും, കാച്ചിയ എണ്ണയുടെയും ഗന്ധമുള്ള നങ്ങേലിയുടെ മുടിയിഴകളിൽ അയ്യാൾ അമർത്തി ചുംബിച്ചു.

മാധവന്റെ ബന്ധനത്തിൽ നിന്നും രക്ഷപ്പെടാൻ നങ്ങേലി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

മാധവൻ വീണ്ടും അവളുടെ മുടിയിഴകളെ ചുംബിച്ചു,

തുളസിയുടെയും കാച്ചിയ എണ്ണയുടെയും ഗന്ധത്തിന് പകരം, ചുടുരക്തത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ട മാധവൻ ഒരുനിമിഷം ശങ്കിച്ചു നിന്നു.

ഉടനെ അയ്യാളുടെ ശരീരത്തിലുടനീളം ചൂട് അനുഭവപ്പെടാൻ തുടങ്ങി.

നങ്ങേലി അവളുടെ കാരങ്ങൾകൊണ്ട് മാധവനെ വലിഞ്ഞു മുറുകി.

“അപ്പുവേട്ടാ….”

മാറിൽ ചാഞ്ഞുകിടക്കുന്ന മാധവന്റെ ചെവിയിൽ ചുണ്ടുകൾ അടുപ്പിച്ച് കൊണ്ട് നങ്ങേലി വിളിച്ചു.

“മ്….”
അവളിൽ ലയിച്ചിരുന്ന മാധവൻ വിളികേട്ടു.

“ന്നെ ങ്ങനെ ചെയ്യണത് തെറ്റല്ലേ അപ്പുവേട്ടാ…”
നങ്ങേലിയുടെ ചോദ്യം കേട്ട മാധവൻ പരിഭ്രാന്തി പരത്തി.

അപ്പു…അധികം ആർക്കുമറിയത്തെ, പൂർവ്വകാലത്ത് തന്നെ വിളിച്ചിരുന്ന ഓമനപ്പേര്…
അവളുടെ ശരീരത്തിൽ നിന്നും പ്രവഹിക്കുന്ന ചൂട് താങ്ങാനാവാതെ മാധവൻ നങ്ങേലിയെ തള്ളിമാറ്റി.

Leave a Reply

Your email address will not be published. Required fields are marked *