ഭദ്ര നോവല്‍

“അപ്പൊ ഭദ്ര അമാനുഷിക ശക്തിയുള്ളവളായിരുന്നോ മുത്തശ്ശി..?”
അത്ഭുതത്തോടെ ചാരു ചോദിച്ചു

“അങ്ങനെ ചോദിച്ചാൽ…?”
ഭാർഗ്ഗവിതമ്പുരാട്ടി ചിന്താകുലയായി ഇരുന്നു.

“ന്നിട്ട് “

“ഓള് കൊണ്ടച്ച പാലും, നൂറും നാഗങ്ങൾ വന്ന്കഴിക്കുന്നത് ഞങ്ങൾ നോക്കി നിന്നിട്ട്ണ്ട്,
ആയിടക്കാണ് ക്ഷേത്രത്തിലെ പൂജാതികർമ്മങ്ങൾ ചെയ്യാൻ തൃക്കണ്ടിയൂർ ഇല്ലത്തെ ഇളയസന്തതി ഉണ്ണികൃഷ്ണൻ തിരുമേനി മനക്കല് വന്നത്.

ഭദ്രയുടെ പെരുമാറ്റംശ്രദ്ധിച്ച തിരുമേനി അച്ഛൻ തമ്പുരാനോട് കാര്യങ്ങൾ അവതരിപ്പിച്ചു.
ഗണിച്ചുനോക്കാൻ അച്ഛൻ തമ്പുരാൻ കല്പിച്ചു.
ചിലഭാഗങ്ങൾ തിരുമേനിക്ക് അവ്യക്തമായിരുന്നു.
തിരുമേനി അവളുടെ ജാതകം പരിശോദിച്ച് വീണ്ടും ഗണിച്ചു നോക്കി.
അപ്പൊ അറിഞ്ഞ കാര്യങ്ങൾകേട്ട് ഞങ്ങളെല്ലാവരും ഞെട്ടി..”

“എന്താ തിരുമേനി പറഞ്ഞേ”

ചാരു ചെവിരണ്ടും കൂർപ്പിച്ചു

“ധ്യാനത്തിലായിരുന്ന തിരുമേനി കണ്ണുകൾ
തുറന്ന് അച്ഛൻതമ്പുരാനോട് പറഞ്ഞു

‘ദാരാ… ഈ വിഡ്ഢിത്തം പുലമ്പിയെ…
ഈ കുട്ടിടെ നാൾ ആയില്ല്യ…
നല്ല അസ്സൽ ആയില്ല്യം…
മകത്തിലേക്ക് കടന്നിട്ടില്ല്യാ..
നാഴിക മാറ്റംണ്ട്.. ഇത്ര വർഷായിട്ട് ഇടത്തെ സ്ത്രീജനങ്ങൾക്ക് ന്തേലും സംഭവിച്ചോ.. ഇല്യാല്ലോ..
ദേവി ചൈതന്യം കാണ്ണ്ണ്ട്,
നാഗായക്ഷിയുടെ കടാക്ഷവും..
ഇങ്ങട് വിളിക്യാ ആ കുട്ടിയെ ന്നിട്ട് കുളിപ്പിച്ച് ശുദ്ധിവരുത്തി ഇവിടെ ഇരുത്ത…
ഉം പെട്ടന്നാകട്ടെ..’
ഉണ്ണികൃഷ്ണൻ തിരുമേനി അച്ഛൻ തമ്പുരാനോട് കല്പിച്ചു.

തിരുമേനി കല്പിച്ചതും മനക്കലെ ദാസിപെണ്ണുങ്ങൾ ഓളെ കൂട്ടികൊണ്ടുവന്ന് തിരുമേനിക്ക് സമാന്തരമായി ഇരുത്തി.
ആദ്യം കുങ്കുമം എടുത്ത് ഓളെ കൈകളിൽ കൊടുത്തു,എന്നിട്ട് തിരുമേനി ചൊല്ലികൊടുത്ത മന്ത്രങ്ങൾ ഏറ്റുചൊല്ലി..
പിന്നീട് മഞ്ഞൾപ്പൊടിയും കൊടുത്തു ഓൾടെ കൈകളിൽ…
വീണ്ടും മന്ത്രങ്ങൾ ചൊല്ലി.

തിരിച്ചു വാങ്ങിയ കുങ്കുമവും,
മഞ്ഞൾപ്പൊടിയും തിരുമേനി ഒരു തളികയിൽ വച്ചിട്ട് ഭദ്രയെ ഒന്ന് നോക്കി..
ആനന്ദം തിരുമേനിയുടെമുഖത്ത് ദർശിച്ച അച്ഛൻതമ്പുരാൻ കാരണം തിരക്കി.

“ന്തയിരിക്കും മുത്തശ്ശി കാരണം?”
ചാരു ചോദിച്ചു.

” അന്ന് പറഞ്ഞ കന്യക….
മനക്കലെ വിളക്ക്..
നാഗകന്യകയുടെ ചൈതന്യമുള്ളവൾ
ആയില്ല്യം… അതോള..”

“ങേ.. ആര്… ഭദ്രയോ…”
ചാരുവിന്റെ കണ്ണുകൾ വട്ടംവച്ചു.

“ഉം,അതെ.”

“ന്നിട്ട്”

“അന്നുവരെ ഓൾക്ക് നേരെ ശകാരങ്ങളായി നിന്നോർ സ്നേഹംകൊണ്ട് പൊതിഞ്ഞു..
കീറിപ്പറിഞ്ഞ ഉടുപ്പെല്ലാം ഉപേക്ഷിച്ചു… പകരം പട്ടിൽ നെയ്ത പട്ടുപാവാടയണിഞ്ഞ് മനക്കലെ കന്യകയായി വാഴിച്ചു ഭദ്രയെ.

“ഭദ്രയെ കാണാൻ നല്ലഭംഗിണ്ടായിരുന്നു
ല്ലേ മുത്തശ്ശി..”
അൽപ്പം കുശുമ്പോടെയാണ് ചാരു ചോദിച്ചത്.
“അതെ,..നല്ല വെളുത്ത് പളുങ്കുപോലെയുള്ള ശരീരം,
അഞ്ജനംകൊണ്ട് എപ്പോഴും വാൽകണ്ണെഴുതും.
അധികം ഉയരല്ല്യാത്ത പ്രകൃതം,
പട്ടുപാവാടയാണ് ഓൾക്ക് ഇഷ്ട്ടം.”

ചാരു ഓരോ വാക്കുകളും ശ്രദ്ധയോടെ ശ്രവിച്ചു,
പ്രകൃതിയിലിരുന്നെവിടെയോ ഭദ്ര ഇതൊക്കെ കേൾക്കുന്നുണ്ടെന്ന് ചാരുവിന് തോന്നി, അവൾ ചുറ്റിലും നോക്കി

“ഇല്ല പ്രകൃതിക്ക് ഒരുമാറ്റവുമില്ല
ശാന്തം.”

പക്ഷെ കാവിലെ നാഗങ്ങൾ പാലമരത്തിന്റെ ചില്ലയിലൂടെയിഴയുന്നത് അവൾ കണ്ടു,
ആൽമരത്തിലെ വവ്വാൽകൂട്ടങ്ങൾ കലപില ശബ്ദമുണ്ടാക്കി ചിലച്ചു.

“മുത്തശ്ശി..എങ്ങനെ മരണപ്പെട്ടു ഭദ്ര..?

ചാരു മുറുക്കാൻപെട്ടിയിൽ നിന്നും വെറ്റിലയും പുകയിലയും, നൂറും,അടക്കയും ചേർത്ത് കൂട്ടുണ്ടാക്കികൊണ്ടു ചോദിച്ചു.

“അന്നൊൾക്ക് ഇരുപത്തൊന്ന് വയസ്.
ഒരിസം കാവിൽ വിളക്ക് വക്കാൻ പോയതാ… പിന്നെ ഞങ്ങൾ കണ്ടത്
അർദ്ധനഗ്നയായി കൽപടവിൽ കിടക്കുന്ന ഭദ്രേനെണ്…
ഒരുനോക്കെ കണ്ടോള്ളു.. പിന്നെ വയ്യ…
ആ ദുരന്തത്തിന് ശേഷം സകല ഐശ്വര്യങ്ങളും നഷ്ട്ടപ്പെട്ടു. അസുഖങ്ങളും,മരണങ്ങളുമായി മനക്കല് .”

ദീർഘശ്വാസമെടുത്ത് ഭാർഗ്ഗവിതമ്പുരാട്ടി പറഞ്ഞുനിർത്തി.

“അപ്പൊ ഹരി നിന്നോടൊന്നും പറഞ്ഞിട്ടില്ല്യേ…”

“ഇല്ല്യാ…ഞാൻ ആദ്യയിട്ടാ…..”

ചാരു പറഞ്ഞുമുഴുവനാക്കുന്നതിന് മുൻപ് മുകളിലെ സാവിത്രിതമ്പുരാട്ടിയുടെ മുറിയിൽ നിന്ന് ഒരലർച്ചകേട്ടത്.

“അമ്മ”
ചാരു ഒരുനിമിഷം ആലോചിച്ചു നിന്നു.

“അമ്മേ….”
അവൾ അമ്മയെ നീട്ടിവിളിച്ച് ഉമ്മറത്തിണ്ണയിൽനിന്ന് എഴുന്നേറ്റ് തെക്കിനിക്കടുത്ത മുറിയിലേക്ക് ഓടി…”

“സാവിത്രി.. ന്താ അവിടെ….”
ഭാർഗ്ഗവിതമ്പുരാട്ടിയും കൂടെ ചെന്നു.

അതിവേഗം കോണിപ്പടികൾ കയറിചെന്ന ചാരുലത കണ്ടത് ജാലകത്തിനടുത്ത് വച്ച മൺകൂജ താഴെവീണ് ഉടഞ്ഞിരിക്കുന്നകാഴ്ച്ചയാണ്.

പേടിച്ച് ചുരുണ്ടിരിക്കുന്ന സാവിത്രിതമ്പുരാട്ടിയെ അവൾ മാറോട് ചേർത്ത് പിടിച്ചു.

“ന്ത് പറ്റിയമ്മേ…”

“ദേ… ആ കൂജ… ആ കൂജ തനിയെ…തനിയെ നീങ്ങി താഴെ വീണു..
അതില് വെള്ളല്ല്യ…
ദേ ഇപ്പ…അത് കണ്ടോ? അതില് വെള്ളം…”

“അമ്മക്ക് തോന്നിതാകും ഞാനൊന്ന് നോക്കട്ടെ”
ചാരു കട്ടിലിൽ നിന്ന് എഴുന്നേറ്റു.

“വേണ്ടാ…”
സാവിത്രി അവളുടെ കൈകൾ പിടിച്ചുവച്ചു

ചാരു വലംകൈകൊണ്ട് ആ ബന്ധനം വേർപ്പെടുത്തി.

ഉള്ളിൽ ഭയമുണ്ടെങ്കിലും പകലാണെന്നസത്യം അവൾ തിരിച്ചറിഞ്ഞു.

മെല്ലെ ചിന്നിചിതറിയ കൂജക്കരികിൽ അവൾ ഇരുന്നു.

നിലത്ത് വീണ കൂജയിലെ വെള്ളം പല ആകൃതിയിൽ പരന്നു.
തളം കെട്ടിനിന്ന വെള്ളം പെട്ടന്ന് ഒഴുകാൻ തുടങ്ങി. ചാരു അതിനെ പിന്തുടർന്നു..
വെള്ളമൊഴുകി ചെന്ന്നിന്നത് പുറത്തേക്കുള്ള വാതിലിന്റെ അടുത്തായിരുന്നു.

ഇരുനിറത്തിലുള്ള ഒരു കാലിനെ അത് വലയം ചെയ്തു.
ചാരു മുകളിലേക്ക് നോക്കി.

“നീയ്യോ… ന്താ ഇവിടെ…”

“ചെറിയമ്പ്രാട്ടി വെള്ളം വേണം ന്ന് പറഞ്ഞിരുന്നു അത്ടുക്കാൻ പോയതാ..”

വെള്ളംനിറച്ച മൺകൂജ കൈയിൽപ്പിടിച്ചുകൊണ്ട് മനക്കലെ ദാസിപെണ്ണ് പറഞ്ഞു.

“മോളെ… ഞാനാ ഒളോട് വെള്ളം കഴിഞ്ഞപ്പ കൊണ്ടരാൻ പറഞ്ഞേ…”
ഭാർഗ്ഗവിതമ്പുരാട്ടിയുടെ മടിയിൽ കിടന്നുകൊണ്ട് സാവിത്രിതമ്പുരാട്ടി പറഞ്ഞു.

ചാരു വീണ്ടും ചിന്നിചിതറിയ കൂജക്കരികിൽ വന്നുനിന്നു
ഒരുകൈ അരയിൽ കുത്തിപിടിച്ചുകൊണ്ടു സ്വയം ചോദിച്ചു

“ദിപ്പങ്ങന്യാ താഴേക്ക് വീണേ.. ‘അമ്മ പറഞ്ഞപ്രകാരം വെള്ളം ശകലം പോലുംണ്ടായിരുന്നില്ല്യ… പിന്നെ ഇപ്പ ങ്ങനെ ഇത്രേം വെള്ളം…”

ചാരുവിനെ മനസിൽ ചോദ്യങ്ങളുയർന്നു

അവൾ ചുറ്റിലും നോക്കി,
അസ്വാഭാവികമായ ഒന്നും തന്നെ അവിടെ കാണാൻ കഴിഞ്ഞില്ല.

അടഞ്ഞു കിടക്കുന്ന ജാലകത്തിനടുത്തേക്ക് വന്ന് ഒരുപൊളിതുറന്നു.
വെളിച്ചം ആ മുറിയിലേക്ക് അടിച്ചുകയറി ഒരുനിമിഷം അവൾ കണ്ണുകൾ രണ്ടും അടച്ചുപിടിച്ചു,എന്നിട്ട് പതിയെ തുറന്നു,
വെളിച്ചം വിട്ടുപോയിട്ടില്ല
ജാലകത്തിലൂടെ ചാരു സൂക്ഷിച്ചുനോക്കി,
കാട്ടുവള്ളികളാൽ പടർന്ന് കാട്മൂടിക്കിടക്കുന്ന നാഗക്കാവായിരുന്നു.
അവൾക്ക് സമാന്തരമായി കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *