“വല്ല്യമ്പ്രാട്ട്യേ…ഒന്നിങ്ങട് വര്യാ..”
രാമൻനായരെ ചികിത്സിക്കുകയായിരുന്ന വൈദ്യർ ഉടൻ ഉമ്മറത്തേക്ക് കയറിപ്പോകുന്ന ഭാർഗ്ഗാവിതമ്പുരാട്ടിയെ വിളിച്ചു.
“ന്താ വൈദ്യരെ…”
“ഇദ്ദേഹം ആരെയോ വിളിക്കിണു..”
ഹരി വേഗം രാമൻനായരുടെ അടുത്തേക്ക് ചെന്ന് ചെവി അയ്യാളുടെ മുഖത്തേക്ക് അടുപ്പിച്ചു വച്ചു.
ചെറിയ ശബ്ദത്തിൽ അയ്യാൾ എന്തോ പറയുന്നുണ്ടായിരുന്നു.
കൂടെ ചാരുവും ഹരിയുടെ അടുത്തേക്ക് ചെന്നു.
ചെവി അയ്യാളുടെ മുഖത്തേക്ക് അടുപ്പിച്ചപ്പോൾ അവളുടെ മുടിയിഴകൾ ഒരുവശത്തേക്ക് വീണു.
ഇടത് കൈകൊണ്ട് അവൾ അഴിഞ്ഞുവീണ കേശത്തെ ഒതുക്കിവച്ച് രാമൻനായർ എന്താണ് പറയുന്നതെന്ന് ശ്രദ്ധിച്ചു.
“അപ്പൂഞ്ഞേ…. അവൾ…അപ്പൂഞ്ഞേ… ”
ഇടറിയ ശബ്ദത്തോടെ, അടഞ്ഞുകിടന്ന കണ്ണുകൾ പാതിതുറന്ന് കൊണ്ട് രാമൻ നായർ പിറുപിറുത്തു.
“അപ്പൂഞ്ഞിനെ വിളിക്ക് ണ്ടല്ലോ മുത്തശ്ശ്യെ… ആരാ അപ്പൂ…”
പറഞ്ഞു മുഴുവനക്കാതെ ഭയത്തോടെ അവൾ അവിടെനിന്നും എഴുന്നേറ്റ് മുത്തശ്ശിയുടെ അടുത്തേക്ക് ചെന്ന്
ചില ഓർമ്മകൾ തിരിച്ചുകിട്ടിയപോലെ ചോദിച്ചു.
“ഇവ്ടെ ആരാ അപ്പു… പറ മുത്തശ്ശി..”
“അപ്പു ന്ന് പറയണത് ദേ ഹരിക്കുട്ടന്റെ അച്ഛൻ. കുഞ്ഞുന്നാൾളെ പേരാ.. ഇപ്പ ആരും വിളിക്ക്യാറില്ല്യാ….”
ചാരു അൽപ്പനേരം കണ്ണുകളടച്ചു നിന്നു.
“അതെ… നിക്ക് ഓർമ്മയുണ്ട്. ആന്ന് ദേവന്റെ കൂടെ ണ്ടായിരുന്നയാളിന്റെ പേര് അപ്പു ന്നായിരുന്നു.”
ചാരു മനസിനെ ഏകാഗ്രമാക്കികൊണ്ട് താൻ കണ്ട കാഴ്ചകൾ ഓരോന്നായി ഓർത്തെടുത്തു.
നാഗക്കാവിനോട്ചരിനിന്ന തന്റെ മുൻപിലൂടെ കാവിനുള്ളിലേക്ക് കടന്ന് ഭദ്രയുടെ അർദ്ധനഗ്നമായാ ശരീരത്തെ മേൽമുണ്ട്കൊണ്ട് മറക്കുന്ന അപ്പുവിന്റെ മുഖം അവളുടെ മനസിൽ നിന്നിമാഞ്ഞു.
“ദേവി…. അച്ഛൻ…”
അടച്ചുപിടിച്ച കണ്ണുകൾ നിമിഷനേരം കൊണ്ട് തുറന്ന ചാരു
തൊണ്ടയിൽ വന്ന ഉമിനീർ വലിച്ചിറക്കി.
അപമാനവും,ലജ്ജയുംകൊണ്ട് അവൾ തലതാഴ്‍ത്തി.
പക്ഷെ ഭദ്രയുടെ വാക്കുകൾ ഒരശരീരിപോലെ ചെവിയിൽ മിന്നിമഞ്ഞുകൊണ്ടിരുന്നു.
“ന്നെ നിഗ്രഹിച്ചവരുടെ നാശം കണ്ടേ ഞാൻ മടങ്ങു..”
അച്ഛന്റെ ജീവൻ അപകടത്തിലാണെന്ന് ഉറച്ചു വിശ്വസിച്ച അവൾ ഹരിയോട് കാര്യങ്ങൾ പറഞ്ഞു.
പക്ഷെ നിരീശ്വരവാദിയായ ഹരി കേട്ടപാടെ തള്ളിക്കളഞ്ഞു.
“ന്താ ഈ പറയണേ… അച്ഛന്റെ ജീവനോ..
നിനക്കെന്താ ഭ്രാന്ത് പിടിച്ചോ…
അച്ഛന്റെ കഴുത്തിൽ മഠത്തിൽ തിരുമേനി കെട്ടികൊടുത്ത രക്ഷ കണ്ടിരിക്കിണോ ഇയ്യ്.. അത് മതി അച്ഛന്.. “
പ്രതികാരദാഹിയായ ഭദ്രയുടെ ലക്ഷ്യത്തെ ഭംഗം വരുത്താൻ അവൾ മനക്കലെ ആരുടെയും ശ്രദ്ധപിടിക്കാതെ നിലാവലയം തീർത്ത രാത്രിയിൽ
ശിവക്ഷേത്രത്തെ ലക്ഷ്യമാക്കി അച്ഛനെ തിരഞ്ഞു നടന്നു.
പൂർണ്ണചന്ദ്രൻ വിണ്ണിൽ നിന്ന് തനിക്ക് പ്രകാശം ചൊരിയുന്നുണ്ടെന്ന് മനസിലാക്കിയ ചാരു നടത്തത്തിന്റെ വേഗതകൂട്ടി.
നാഗക്കാവ് കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് ഇടവഴിയിലൂടെ ശിവക്ഷേത്രത്തിന്റെ മുൻപിലെത്തി.
ചുറ്റിലും നിലാവിന്റെ വെള്ളിവെളിച്ചം മാത്രം.
ഇളംകാറ്റ് അവളുടെ ശരീരത്തെ തലോടികൊണ്ടേയിരുന്നു
തണുത്ത രാത്രിയിലും നെറ്റിയിൽ നിന്ന് വിയർപ്പുതുള്ളികൾ പൊഴിയാൻ തുടങ്ങി.
നിലാവിന്റെ വെളിച്ചത്തിൽ അവൾക്ക് കാണാമായിരുന്നു തന്റെ നിഴലല്ലാതെ മറ്റാരുടെയോ നിഴൽകൂടെ തനിക്കൊപ്പമുണ്ടെന്ന്.
ചാരു പതിയെ തിരിഞ്ഞു നോക്കി,
പക്ഷേ അവളുടെ പിന്നിൽ ആരുമുണ്ടായിരുന്നില്ല…
അവൾ മുന്നോട്ട് ചലിച്ചു.
ഭയം അവളിൽ കിടന്ന് താണ്ഡവമാടി.
പക്ഷെ തന്റെ അച്ഛന്റെ ജീവൻ, അത് കാത്തുരക്ഷിക്കാൻ അവൾ ബാധ്യസ്ഥയാണെന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ എവിടെനിന്നോ ധൈര്യം അവളിലേക്കെത്തിചേർന്നു.
മാധവൻ പിന്നിട്ട ഇടവഴികളിലൂടെ ചാരു നടന്ന് ചെറിയ വനത്തിലെത്തി.
വള്ളികൾ പടർന്ന് പന്തലിച്ചിരിക്കുന്നു.
അവൾ ചുറ്റിലും നോക്കി.
നിലാവിന്റെ വെളിച്ചം മാത്രം.
ഇലപോലും അനങ്ങാത്ത നിശബ്ദത
തന്റെ പിന്നിൽ ചമ്മല ഞെരിയുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി..പടർന്നു കിടക്കുന്ന വള്ളികൾക്കു പകരം സർപ്പങ്ങൾ കിടന്നാടുന്നു, ഒന്നും രണ്ടുമല്ല അനേകം സർപ്പങ്ങൾ,
ശ്വാസം പിടിച്ചുനിർത്തി അവൾ തന്റെ ചുറ്റിലും നോക്കി നിലാവിന്റെ വെളിച്ചത്തിൽ അതിന്റെ സ്വർണനിറമുള്ള ഫണം വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.
