ഭദ്ര നോവല്‍

പതിയെ പതിയെ അവളുടെ രൂപം നിറംമങ്ങാൻ തുടങ്ങി.
അപ്പോഴും ഭദ്ര കണ്ണുകളടച്ചു പ്രാർത്ഥിക്കുന്ന ചാരുവിനെ തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

“ചാരു…ഇനിയൊരിക്കലും മ്മൾ കാണില്ല്യാ… ഒന്ന് കണ്ണുതുറക്കൂ..”
സംസാരിക്കാൻ കഴിയാതെ ഭദ്ര നിറമിഴികളോടെ മനസിൽ പറഞ്ഞു.

തന്നെ ആരോ വിളിക്കുന്നപോലെ തോന്നിയ ചാരു പെട്ടന്ന് മിഴികൾതുറന്ന് നോക്കി.

അന്തരീക്ഷത്തിൽ നീല വെളിച്ചം തൂകികൊണ്ട് ഭദ്ര തിരുമേനിയുടെ കൈകളിലെ ആണിയിലേക്ക് പതിയെ ലയിച്ചുകൊണ്ടേയിരുന്നു.

ദുരാത്മാവാണെന്നറിഞ്ഞിട്ടും ചാരു അവളെ ഒരുപാടിഷ്ട്ടുപ്പെട്ടുപോയതിനാലാകാം
ഭദ്രയെ മഠത്തിൽ തിരുമേനി അവാഹിക്കുന്നത് നിറമിഴികളോടെ അവൾ നോക്കിന്നത്.

“അമ്മേ ദേവീ ഭദ്രേ…”
ചാരു അറിയാതെ വിളിച്ചു

പൂർണ്ണമായും അവളെ ആണിയിലേക്ക് ആവഹിച്ചെടുത്ത തിരുമേനി ചുവപ്പ് ചരട്കൊണ്ട് ആണിയുടെ തലപ്പത്ത് ഒരു കെട്ട് കെട്ടി പതിയെ നാക്കിലയിൽ വച്ചു.

പ്രകൃതി ശാന്തമായി കാറ്റിന്റെ ശക്തികുറഞ്ഞു.

“അമ് …..അമ്മേ….”
ബോധരഹിതയായി കിടക്കുന്ന ഹരി പതിയെ എഴുന്നേറ്റു.

അവനെ പിടിച്ചെഴുന്നേല്പിക്കാൻ തിരുമേനി ചാരുവിനോട് ആംഗ്യം കാണിച്ചു.

മറുത്തൊന്നും പറയാതെ തിരുമേനിയെഴുന്നേറ്റ് നാക്കിലയിൽ ഭദ്രയെ ആവാഹിച്ച ആണി ഇലയോടുകൂടിയെടുത്ത്‌ നാഗക്കാവിലേക്ക് നടന്നു.

ഉമ്മറവാതിലിലൂടെപുറത്തേക്ക് ഇറങ്ങിയ തിരുമേനിക്ക് പിന്നാലെ സ്വർണനിറമുള്ള സർപ്പവും കൂട്ടിന് ഇഴഞ്ഞുനീങ്ങി.

ഇരുട്ട് കുത്തിയ വഴിയിലൂടെ നടന്ന്
കാവിനോട് ചരിയുള്ള ഏഴിലംപാലയുടെ ശിഖരത്തിൽ ഭദ്രയെ ആവാഹിച്ച ആണി തിരുമേനി കൈയിലെടുത്ത് തന്റെ ശിരസ് കൊണ്ട് അടിച്ചിറക്കി.
നെറ്റിപിളർന്നു രക്തം ഒഴുകിയെങ്കിലും ദുർഗ്ഗാദേവിയെ മനസിൽ ധ്യാനിച്ചുകൊണ്ട് തന്റെ കർമ്മം പൂർത്തീകരിച്ചു.

തിരിഞ്ഞുനടന്ന തിരുമേനി വീണ്ടും ഭദ്രയെ ബന്ധിച്ചപാലയെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചുനിന്നു. കറുത്തുകുത്തിയ കാർമേഘം പതിയെ വഴിമാറി, പൂർണ്ണചന്ദ്രൻ നിലാവല ചൊരിഞ്ഞ് തിരുമേനിക്ക് വഴിവിളക്കായി നിന്നു.

മനക്കലിൽ തിരിച്ചെത്തിയ തിരുമേനിയെ തന്റെ സഹായികൾ കത്തുനിൽക്കുന്നുണ്ടായിരുന്നു.

“മാധവന്റെ ചിതയൊരുക്കിയിരിക്കുന്നു.”
സ്വകാര്യമായി ഉണ്ണി തിരുമേനിയുടെ ചെവിയിൽ പറഞ്ഞു.

മറുത്തൊന്നും മിണ്ടാതെ ആവാഹനക്കളമൊരുക്കിയ മുറിയിലേക്ക് തിരുമേനി കടന്നുചെന്നു.

അവിടെ ചാരുവും, ഹരിയും,ഭാർഗ്ഗവിതമ്പുരാട്ടിയും, സാവിത്രിതമ്പുരാട്ടിയും അയാളെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

തിരുമേനി പൂവും തുളസികതിരുമെടുത്ത് തന്നെ സ്വയമുഴിഞ്ഞ് ശ്രീ ദുർഗ്ഗാദേവിയുടെ കാൽക്കൽ അർപ്പിച്ച് ദീർഘശ്വാസമെടുത്ത്‌നിന്നു.

“വരൂ…”
തിരുമേനി അവരെയും കൊണ്ട് തെക്ക്ഭാഗത്തെ പറമ്പിലേക്ക് നടന്നു.

ചിതയൊരുക്കിയത് കണ്ട സാവിത്രിതമ്പുരാട്ടി അലറികരഞ്ഞ് ചിതക്കരികിലേക്ക് ഓടിയെത്തി.
ചിതയിൽ കിടക്കുന്ന തന്റെ മകനെ കണ്ട ഭാർഗ്ഗവിതമ്പുരാട്ടിക്ക് ഒരടിപോലും മുന്നോട് നടക്കാൻ കഴിയാതെ തൊടിയിലിരുന്നുകൊണ്ട് തേങ്ങിക്കരഞ്ഞു.

“വിഷമിക്കരുത് ന്ന് ഞാൻ പറയിണില്ല്യാ…
വിധി അങ്ങനെ കരുതി സമാധാനിക്ക്യാ.”

തിരുമേനി ആശ്വാസവാക്കുകൾ പറഞ്ഞ് അവരെ സമാധാനിപ്പിച്ചു.

“ഹരീ…ചെല്ലൂ….ചെന്നിട്ട് ചിതക്ക് അഗ്നിവക്കൂ…”
ഹരിയെ നോക്കിക്കൊണ്ട് തിരുമേനി പറഞ്ഞു.

“ഉണ്ണീ…”തിരുമേനി നീട്ടിവിളിച്ചു.
ഉണ്ണി ഹരിയെയും കൂട്ടി കുളത്തിൽമുങ്ങി ഈറനോടെ തിരിച്ചുവന്നു.

തിരുമേനിയുടെ കാർമികത്വത്തിൽ ഹരി അച്ഛന്റെ ചിതക്ക് അഗ്നികൊളുത്തി.

ആളിക്കത്തുന്ന അഗ്നിയിലേക്ക് തിരുമേനി മാധവന് വേണ്ടി തയ്യാറാക്കിയ രക്ഷ ഉപേക്ഷിച്ചു.
അഗ്നിയിൽ ലയിച്ച രക്ഷ വലിയ പ്രകാശത്തോട് കൂടെ ആകാശത്തേക്ക് മാധവന്റെ ആത്മാവിനൊപ്പം ഉയർന്ന് പോയി
തിരുമേനി പുഞ്ചിരിച്ച്കൊണ്ട് ആ പ്രകാശത്തെ നോക്കിനിന്നു.

“പുലകുളികഴിഞ്ഞ അന്ന് നാഗക്കാവിൽ സന്ധ്യക്ക് വിളക്ക് കൊളുത്തണം,
കേട്ടോ ഹരി..”
തിരിഞ്ഞുനിന്ന് തിരുമേനി പറഞ്ഞു.

“മ്..”
മറുത്തൊന്നും പറയാതെ ഹരി ഒന്ന് മൂളുകമാത്രമേ ചയതോള്ളു.

“ഭൂമിയിൽ ചെയ്ത് ദുഷ്ട്ടകർമ്മത്തിന്റെ ഫലം. അപമൃത്യു.”

തിരുമേനി ദീർഘ ശ്വാസമെടുത്തു.

“സർവ്വമംഗള മാംഗല്ല്യേ
ശിവേ സർവാർത്രസാധികേ
ശരണ്യയേത്രയംമ്പകെ ഗൗരി
നാരായണീ നമോസ്തുതേ..”

“അമ്മേ ദേവീ ഭദ്രേ…
സർവ്വേശ്വരി…ആദിപരാശാക്തീ…
നീയെ തുണ..”

തിരുമേനി ദേവിയെ സ്‌തുതിച്ച് കൈകൾ വിണ്ണിലേക്ക് ഉയർത്തിക്കൊണ്ട് തൊഴുതു നിന്നു.

15 ദിവസങ്ങൾക്ക് ശേഷം.

“ഹരിയേട്ടാ…. ഹരിയേട്ടാ…. ഇതെവിട്യാ പോയേ…”
മനക്കല് മുഴുവൻ ഹരിയെ തിരഞ്ഞിട്ട് കാണാത്തത്കൊണ്ട് ചാരു കുളക്കടവിലേക്ക് ചെന്നു.

“തിരുമേനി പറഞ്ഞത് മറന്നോ,ഏട്ടാ നാഗക്കാവില് വിളക്ക് തെളിയിക്കേണ്ട വര്യാ”

കൽപ്പടവിൽ ഒറ്റക്കിരിക്കുന്നത് കണ്ട ചാരു ഹരിയെ ബലമായി പിടിച്ചുകൊണ്ട് മനക്കലിലേക്ക് ചെന്ന്
കുളിച്ചു ശുദ്ധിയായി
എണ്ണയും തിരിയുമായി നാഗക്കാവിലേക്ക് നടന്നു.
ദീപസ്തംഭത്തിൽ തിരിതെളിയിച്ച് നാഗപ്രതിഷ്ഠക്ക് മുൻപിൽ തൊഴുത് അവർ പുറത്തേക്ക് ഇറങ്ങി.
ഈറൻ കാറ്റ് ചാരുവിനെ തഴുകികൊണ്ടേയിരുന്നു.
അവൾ പതിയെ ഭദ്രയെ ആവാഹിച്ച പാലമരത്തിലേക്ക് നോക്കി.

പാലമരത്തിന്റെ ശിഖരത്തിൽ ആണിയിൽ ചുവന്ന ചരട് തൂങ്ങിനിൽക്കുന്നത് കണ്ടപ്പോൾ ചാരുവിന്റെ മിഴികൾ നിറഞ്ഞൊഴുകി.
ഭദ്രയുടെ അദൃശ്യസാനിധ്യം തന്നിൽ നിൽക്കുന്നതായി അവൾക്ക് തോന്നി.

“ഹൈ… ങ്ങട് വര്യാ…”
മുൻപേ നടന്ന ഹരി തിരിഞ്ഞുനിന്ന് ചാരുവിനെ വിളിച്ചു.

ഹരി അവളുടെ അടുത്തേക്ക് തിരിച്ചുനടന്ന് ചാരുവിന്റെ വലം കൈയിൽ പിടിച്ചതും അവൾ കുഴഞ്ഞു വീണതും ഒരുമിച്ചായിരുന്നു.

“മോളെ…”
നിലത്ത് നിന്ന് അവളെ കോരിയെടുത്ത് ഹരി മനക്കലിലേക്ക് ഓടി.
മുറിയിൽ കിടത്തിയ അവൾക്ക് ചുറ്റും അമ്മയും, മുത്തശ്ശിയും മനക്കലെ ദാസിപെണ്ണുങ്ങളും വട്ടംകൂടി.

“മോളെ ചാരു..കണ്ണ് തുറക്ക് മോളെ”
ഹരി വേവലാതി പെട്ടു.

മുത്തശ്ശി ലോട്ടയിൽ വെള്ളമെടുത്ത് ചാരുവിന്റെ മുഖത്തേക്ക് തെളിയിച്ചു.
പതിയെ കണ്ണുതുറന്ന ചാരു അമ്മയെനോക്കി പുഞ്ചിരിച്ചു.

“ന്റെ ദേവീ…”
സാവിത്രിതമ്പുരാട്ടി ഹരിയെ പുറത്തേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു.

“അച്ഛനാവാൻ പോവ്വാ ന്റെ കുട്ടി.”
അത് കേട്ട ഹരിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ
പറ്റാത്തതിനുമപ്പുറത്തായിരുന്നു.
ഉടനെ
ചാരുവിനെയും പൊക്കിയെടുത്ത് മുകളിലെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി.

ജാലകത്തിനോട് ചരിയുള്ള കസേരയിൽ ഇരുത്തി.
കവിളിൽ ഉമ്മവച്ചുകൊണ്ടുപറഞ്ഞു

“കുഞ്ഞാവ വരാൻ പോവ്വാലെ..”

“മ്… ഹരിയേട്ടാ മ്മക്ക് പെൺകുഞ്ഞാണെങ്കിൽ ഭദ്ര ന്ന് പേരിടണം,
അവളെ ഇവിടെ വളർത്തണം.. “

Leave a Reply

Your email address will not be published. Required fields are marked *