ഭദ്ര നോവല്‍

പുറത്ത് ശാന്തമായ അന്തരീക്ഷം, മനക്കലെ കോഴികൾ അങ്ങോട്ടുമിങ്ങോട്ടും കൊക്കിപ്പറിനടക്കുനുണ്ട്.

അവളുടെ അജ്ഞനമെഴുതിയ കണ്ണുകൾ വീണ്ടും നാഗക്കാവിലേക്ക് തിരിഞ്ഞു.

അപ്രതീക്ഷിതമായി വലിയ ശബ്ദത്തോട്കൂടി തുറന്നിട്ട ജാലകപ്പൊളി വന്നടഞ്ഞു.

“അമ്മേ…” ഭയത്തോടെ ചാരു രണ്ടടി പിന്നിലേക്ക് വലിഞ്ഞുകൊണ്ട് വിളിച്ചു.

“ന്റെ കുട്ട്യേ…. ന്താ ദ്..”
ഭാർഗ്ഗവിതമ്പുരാട്ടി ചോദിച്ചു.

“ഒന്നൂല്യ മുത്തശ്ശി..കാറ്റിന് അടഞ്ഞതാ..”
അടഞ്ഞ ജാലകപ്പൊളി അവൾ വീണ്ടും തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ പറഞ്ഞു.
എത്ര ശ്രമിച്ചിട്ടും ചാരുവിന് അടഞ്ഞ പൊളി തുറക്കാൻ കഴിഞ്ഞില്ല.
ശ്രമം പരാജയപ്പെട്ടപ്പോൾ കാവിലെ നാഗങ്ങളെ മനസിൽ ധ്യാനിച്ചു.

“ഓം നാഗ നാഗ, നാഗേന്ദ്രായഃ
ഓം നാഗ നാഗ നാഗേന്ദ്രായഃ
ഓം നാഗ നാഗ നാഗേന്ദ്രായഃ
നാഗാ നാഗരാജാ നാഗയക്ഷ നമോസ്തുതേ.”

സർവ്വശക്തിയുമെടുത്ത് ചാരു കാറ്റിൽ അടഞ്ഞുകിടന്ന ആ ജാലകപ്പൊളി തുറന്ന്
കാവിലേക്ക് നോക്കി.

ആൽമരത്തിന്റെ വേരുകളും,വള്ളികളും പടർന്ന് പന്തലിച്ചു നിൽക്കുന്ന നാഗക്കാവിൽ ഒരു സ്ത്രീരൂപം അവൾ കണ്ടു.

പെട്ടന്ന് തന്നെ ആ രൂപം ആൽമരത്തിന്റെ ഇടയിലേക്ക് മറഞ്ഞു.

ആരാണെന്നറിയാൻ ചാരു തിരിഞ്ഞ് കാവിലേക്കോടി..

“ങ്ങടാ കുട്ട്യേ.. ത്ര ധൃതിയിൽ…”
ഭാർഗ്ഗവിതമ്പുരാട്ടി ചോദിച്ചു.

“ദേ പ്പ വരാ മുത്തശ്ശി…”

തിരിഞ്ഞുനോക്കാതെ അവൾ കോണിപ്പടികൾ ഇറങ്ങി ഉമ്മറത്ത് കിതച്ചുകൊണ്ട് വന്നുനിന്നു.

നശിച്ചു ഉപയോഗശൂന്യമായി കിടക്കുന്ന, നാഗരാജവും, നാഗയക്ഷിയും, മുഖ്യപ്രതിഷ്ഠയായി പൂജിച്ചിരുന്ന ആ കാവിലേക്ക് അവൾ തെക്കിനിയോട് ചരിയുള്ള മുറിയിൽ നിന്ന്കണ്ട ആ സ്ത്രീരൂപം ആരാണെന്നറിയാൻ ആകാംക്ഷയായി.
ഉമ്മറത്തനിന്ന് മുറ്റത്തെക്കിറങ്ങിയപ്പോൾ
ആരോ തന്നെ തടയുന്നത് പോലെ തോന്നി.
വല്യച്ഛൻ കൈയിൽ കെട്ടികൊടുത്ത രക്ഷയിലേക്കൊന്നു നോക്കികൊണ്ട് അവൾ പതിയെ കാവിലേക്ക് നടന്നു.
ഭയം അവളെ വേട്ടയാടിതുടങ്ങിയിരുന്നു…
ചാരു ചുറ്റിലും നോക്കി എങ്ങും ആരുമില്ല…!
അവൾ നാഗക്കാവിനെ ലക്ഷ്യമാക്കിനടന്നു.

കാവിനോട് അടുത്തെത്തിയപ്പോൾ തന്റെ പിന്നിലാരോ വന്നുനിൽക്കുന്നപോലെ തോന്നിയ ചാരു പെട്ടന്ന് തിരിഞ്ഞുനോക്കി,

വെള്ളതോർത്തുമുണ്ടുടുത്ത്,പൂണൂൽ ധരിച്ച് കൈയിൽ എണ്ണയും,തിരിയും പിടിച്ച്
നെറ്റിയിൽ ചന്ദനക്കുറിവരച്ച ഒരു ശാന്തിക്കാരൻ യുവാവായിരുന്നു തന്റെ പിന്നിലെന്ന് മനസിലാക്കൻ ചാരുവിന് ഒറ്റ നോട്ടംതന്നെ ധാരാളമായിരുന്നു..

“ന്താ കുട്ട്യേ ഇവിടെ…! അറില്ല്യേ..,! സ്ത്രീജനങ്ങളാരും ങ്ങട് കടക്കാൻ പാടില്ല്യാന്ന്.. മനക്കല് പുതുതായി വന്നതാണോ..? അല്ല മുൻപ് കണ്ടിട്ടില്ല്യ..അതാ ചോദിച്ചേ..?”

“ഉം…അതെ “

മറുപടി പറഞ്ഞ് ചാരു കാവിലേക്ക് തന്നെ തിരിന്നു നടന്നു.

“കുട്ടിഒന്ന് നിൽക്കാ.”
വലത് കൈ ഉയർത്തിക്കൊണ്ട് ശാന്തിക്കാരൻ വിളിച്ചു.

തിരിഞ്ഞുനോക്കാതെ ചാരു നിന്നു.

“പറഞ്ഞത് കേട്ടില്ല്യാ ന്നുണ്ടോ.? നാഗക്കാവിനുള്ളിലേക്ക് സ്ത്രീകളാരെങ്കിലും കടന്നാൽ…
അവിടെ സ്ത്രീസ്പർശം ണ്ടായാൽ അനർത്ഥം,അത് നിശ്ചയ..”

കേട്ടപാതി ചാരു തിരിഞ്ഞുനോക്കി

“തിരുമേനി ന്താ പറഞ്ഞു വന്നേ…”
അറിയാനുള്ള ആകാംക്ഷയിൽ ചാരു ചോദിച്ചു.

“ദുർമരണം നടന്ന കാവായിത്., പത്തുപതിനാഞ്ചാണ്ടിന് മുൻപ് കാവിനുള്ളിൽ ദുർമരണപ്പെട്ട ഭദ്രേടെ ആത്മവിനെ ഇവിട്യാടക്കം ചെയ്തതെന്ന് കേട്ടിരിക്കിണു.”

“കൃഷ്ണാ….”

കുറച്ചുദൂരെനിന്നൊരാൾ അയ്യാളെ കൈനീട്ടി വിളിച്ചു.

“ദാ വരണു…”
കൈകൊണ്ട് ആംഗ്യം കാണിച്ച് ശാന്തിക്കാരൻ വിളിച്ചുപറഞ്ഞു.

“മടങ്ങിപ്പോക്കോളൂ… ഉം…”

അത്രേം പറഞ്ഞു ശാന്തിക്കാരൻ തിരിഞ്ഞു നടന്നു.

അയ്യാളുടെ വാക്ക് വകവെക്കാതെ ചാരു വീണ്ടും നാഗക്കാവ് ലക്ഷ്യമാക്കി നടന്നു.

“ന്താ ഈകാട്ട്ണെ ന്റെ കുട്ട്യേ…”

പിന്നിൽനിന്ന് മുത്തശ്ശിയുടെ വിളികേട്ടവൾ നിന്നു.

“ഞാനിങ്ങാടാ വന്നേ ന്ന് മുത്തശ്ശിക്കെങ്ങന്യാ മനസിലയെ..”
തിരിഞ്ഞു നിന്നവൾ ചോദിച്ചു.

“നിക്കറിയാ… നിന്റെ മനസിലെന്തോ കയറികൂടിയിരിക്കിണു..”

“ന്ത്… ഒന്നൂല്ല്യ… മുത്തശ്ശിക്ക് വെറുതെ തോന്ന്യേതാകും.”

“ഇങ്ങട് വര്യാ…. ഇവിടം അത്ര നല്ലതല്ല…”

“ഞാൻ വന്നോളാ മുത്തശ്ശി….,”
ചാരു വാശിപിടിച്ചു.

“വരാൻ പറഞ്ഞ വര്യാ… ഈയിടെ ഇത്തിരി കുറുമ്പ് കൂടിയിരിക്കിണു..”

ഭാർഗ്ഗവിതമ്പുരാട്ടി ചാരുവിന്റെ കൈപിടിച്ചു തിരിഞ്ഞു നടന്നു..

തിരിഞ്ഞുനടക്കുമ്പോഴും അവൾ കാവിലേക്ക് ഇടക്കിടെ തിരിഞ്ഞുനോക്കികൊണ്ടേയിരുന്നു.
എന്തോ രഹസ്യം ആ നാഗക്കാവിൽ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി.

അജ്ഞാനമെഴുതിയ അവളുടെ മിഴികൾ അപ്പോഴും മുൻപ്കണ്ട ആ സ്ത്രീരൂപത്തെ തിരയുകയായിരുന്നു.

മുറിയിലെത്തിയ ചാരുലത കിഴക്ക്ഭാഗത്തെ ജാലകത്തിന്റെ ഒരുപൊളി തുറന്നിട്ടു.
കാലങ്ങളായി അടഞ്ഞുകിടന്ന ജാലകത്തിന്റെ പൊളിതുറക്കാൻ അവൾ നന്നേകഷ്ട്ടപെട്ടു.
വിജാകിരിയും മറ്റും തുരുമ്പുപിടിച്ച് ദ്രവിച്ചിരുന്നു.

ജാലകത്തിനോട്ചാരി അവൾ മരത്തിൽ പണിതീർത്ത ചെറിയ മേശയും,അതിനോടൊപ്പമുള്ള മരത്തിന്റെ കസേരയും വലിച്ചുനീക്കി,
നനഞ്ഞ ശീലകൊണ്ട് തുടച്ചുവൃത്തിയാക്കി
ദീർഘശ്വാസമെടുത്ത്‌ അവൾ വലിച്ചിട്ട കസേരയിലിരുന്നു.
എന്തോ ആലോചിച്ചിരിക്കുകയായിരുന്നു.

നാഗക്കാവിലേക്ക് നോക്കിയിരിക്കുന്ന ചാരുവിന്റെ തോളിൽ ഒരുകൈവന്നു സ്പർശിച്ചപ്പോൾ ഞെട്ടലോടെ അവൾ തിരിഞ്ഞുനോക്കി.

“ഹോ… മുത്തശ്ശി…, പേടിപ്പിച്ചുകളഞ്ഞല്ലോ..”
നെഞ്ചിൽ കൈവച്ച് ഹൃദയസ്പന്ദനത്തെ ആശ്വസിപ്പിച്ചുകൊണ്ട് ചാരു പറഞ്ഞു.

“മുത്തശ്ശിടെ കുട്ടിക്ക് ന്താ അറിയേണ്ടേ… ന്നോട് ചോദിക്കൂ.. നിക്ക് അറിയണെത് ഞാൻ പറഞെരാ…”

“നിക്കറിയണം ഭദ്ര ങ്ങനെ മരിച്ചു ന്ന്.”

“സത്യം നിക്കും അറിയില്ല്യാ… ”
കാവിലേക്ക് നോക്കിക്കൊണ്ട് മുത്തശ്ശി പറഞ്ഞു

“മാസത്തിലുള്ള പൂജമാത്രേയോള്ളൂ ഇപ്പകാവിൽ..അത് കഴിഞ്ഞാ ആരും പോവ്വാറില്ല്യ അങ്ങട്..
മഠത്തിൽ തിരുമേനി പ്രത്യേകം പറഞ്ഞിരിക്കിണു സ്ത്രീജനങ്ങൾ ആരുംതന്നെ കാവിലേക്ക് പ്രവേശിക്കരുതെന്ന്.
അത് ഭദ്രയുടെ ശക്തി വർധിക്കുന്നതിന് കാരണമാവുംന്ന്.
തിരുമേനിപറഞ്ഞ പറഞ്ഞതാ…
കാലങ്ങൾകഴിഞ്ഞിട്ടും ഇപ്പഴും ഒരുമാറ്റവുല്ല്യതെ ആ വാക്കിനെ പാലിച്ചുപോണു.”

“അപ്പൊ.. ഭദ്രേടെ ആത്മാവ് ഇപ്പോഴും…
ഇപ്പോഴുമുണ്ടോ…?”

“ഉം…. ദുർമരണമല്ലേ,
ശാന്തികിട്ടില്ല്യ ആത്മാവിന്.”

“ഭദ്രേടെ ആത്മാവാണെന്നങ്ങനെ മനസിലായി.. ആരേലും കണ്ടോ..?”

ചാരുവിന്റെ മനസിൽ ചോദ്യങ്ങളുയർന്നു,
അവ ഓരോന്നായി പുറത്തേക്ക് വന്നു.

“ഹരീടെ അച്ഛനോട് ചോദിക്കൂ..
അവന്റെ കീഴിലാ മഠത്തിൽതിരുമേനി വന്ന് കർമ്മങ്ങളൊക്കെ ചെയ്തത്.”

“ങേ…അച്ഛനോ…?”
ചാരുവിന്റെ മുഖത്തുണ്ടായ അത്ഭുതപ്രവാഹം തമ്പുരാട്ടി ശ്രദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *