ഭദ്ര നോവല്‍

“നിയിപ്പ ന്താ ചെയ്യാ…”
ഒന്നും അറിയാത്തപോലെ ചാരു ചോദിച്ചു.

“മ്… വരട്ടെ, മഠത്തിൽ തിരുമേനി വന്നാൽ ല്ലാം ശരിയാവും

ചാരു ഹരിയുടെ കണ്ണുകളിലേക്ക് നോക്കി

“മേലാസകലം നല്ല വേദനണ്ടേ
നിക്കൊന്ന് മേല് കഴുകണം..

“മ്…”
ചാരു ഒന്ന് മൂളിയിട്ട് കാവിലേക്ക് നോക്കി,
അപ്പോഴും അവളുടെ മനസിൽ അമ്മാളുവിന് എന്തുപറ്റി എന്ന ,
ചിന്തയായിരുന്നു.

“ന്റെ മേൽമുണ്ടെടുത്ത് നീയ്യാ കടവിലേക്ക് വാ… ഞാനവിട്യണ്ടാവും…”

ചാരു തലയാട്ടി

“കേട്ടില്ല്യാന്നുണ്ടോ…”

“ഉവ്വ്…കേട്ടു..’

“ന്നാ ത് വാതുറന്ന് പറഞ്ഞൂടെ…”
ഹരി അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.

“ഏട്ടൻ നടന്നോളൂ… ഞാൻ പിന്നാലെ ണ്ട്.”

ഹരി അവളുടെ മുറിയിൽനിന്ന് പുറത്തിറങ്ങി നേരെ മനക്കലെ തെക്കുഭാഗത്തുള്ളകുളത്തിനരികിലേക്ക് ചെന്നു.

അവിടെ കണ്ടകഴ്ച്ച അയ്യാളെ അത്ഭുതപ്പെടുത്തി.

നീലനിറമുള്ള ജലത്തിലേക്ക് കാലുകളിട്ട്
കൽപ്പടവുകളിൽ ഹരിയെയും കാത്തിരിക്കുന്ന ചാരു.

“ഹൈ…. ന്താ ഈ കാണ് ണെ ,ത്രവേഗം ഇങ്ങട് പോര്യേ….
അല്ല… ങ്ങനെ ആദ്യത്തി…”

ഹരിക്ക് അറിയാനുള്ള ആകാംക്ഷയായി.

“ഹരിയേട്ടന്റെ മുന്നിലൂടെയല്ലേ ഞാൻ ഇങ്ങട് വന്നേ…അപ്പഴേക്കും മറന്നോ…”

ചാരുവിന്റെ രൂപത്തിൽ വന്ന ഭദ്ര പറഞ്ഞു.

ഭദ്രയുടെ കണ്ണിലെ പ്രതികാരത്തിന്റെഅഗ്നി ആളിക്കത്തുന്നത് ഹരിക്ക് കാണാൻ കഴിഞ്ഞില്ല.

ഭദ്രയെഴുന്നേറ്റ് ഹരിക്ക് സമാന്തരമായി നിന്നു, കുസൃതികലർന്ന ഭാവത്തിൽ അയ്യാളോട് ചോദിച്ചു.

“കുളിക്കണ്ടേ ഹരിയേട്ടന്…”

“മ്…, വേണം,,ഇയ്യന്നെ കുളിപ്പാക്കാൻ വന്നതാണോ”

ഹരി ചാരുവിന്റെ രൂപത്തിൽ വന്ന ഭദ്രയെ ചേർത്ത് പിടിച്ച് അവളുടെ തിളങ്ങുന്ന കണ്ണിലേക്ക് നോക്കി.

“ചാരു…. ഈ മിഴികൾക്കിന്നെന്ത് തിളക്കാ..
മ്മളൊരുമിച്ചുള്ള നിമിഷങ്ങളിൽപോലും ഞാൻ ത്ര തിളക്കത്തോടെ കണ്ടിട്ടില്ല്യ…”

ഹരി അവളുടെ കണ്ണുകളിലേക്ക് മാറി മാറി നോക്കി,
പതിയെ അവളെ മാറോട് ചേർത്തു.

ഭദ്ര തന്റെ കൈകൾകൊണ്ട് ഹരിയെ വരിപ്പുണർന്നു,
തന്നെ അവൾ കീഴ്പെടുത്തുകയാണോ യെന്ന് തോന്നിയ ഹരി അവളുടെബന്ധനം വേർപെടുത്താൻ ശ്രമിച്ചു പക്ഷേ ഭദ്രയുടെ വലയത്തിൽ നിന്നും പുറത്കടക്കാൻ അയ്യാൾക്കായില്ല.

“ദേ വിടൂ ആരെങ്കിലും കാണും ചാരൂ….”
ഹരി ആവർത്തിച്ചെങ്കിലും ഭദ്ര പിടി മുറുക്കിക്കൊണ്ടിരുന്നു
അവളുടെ ശരീരത്തിന്റെ ചൂട് സഹിക്കാനാവാതെ ഹരി വിയർത്തോലിച്ചു.

ഭദ്ര അവനെയും കൊണ്ട് നീലനിറമുള്ള കുളത്തിലേക്ക് ചാടി.

കുളത്തിൽ തളിരിട്ട ആമ്പലും,
കുളവാഴയുമെല്ലാം അവളുടെ സാനിധ്യം ജലത്തിലനുഭവപ്പെട്ട നിമിഷം ഓടിയൊളിച്ചു.
മത്സ്യങ്ങളും, ചെറു പ്രാണികളും ജീവനുംകൊണ്ട് ജലത്തിൽ കിടന്ന് പരക്കംപാഞ്ഞു.
ഓളങ്ങൾ തിരമലപോലെ കരയിലേക്കാടിച്ചുകയറി. ശ്വാസം കിട്ടാതെ ഹരി കുളത്തിൽ മുങ്ങിത്താഴ്ന്നു.

മുകളിലത്തെ മുറിയിലെ ജാലകത്തിനടുത്ത് നാഗക്കാവിലേക്ക് നോക്കിയിരിക്കുകയായിരുന്ന ചാരുവിന് പെട്ടന്നാണ് ഭദ്രപറഞ്ഞ വാക്കുകൾ ഓർമ്മാവന്നത്.

“മനക്കലെ ഒരാൺത്തരിയേയും ജീവനോടെ വാഴിക്കില്ല”

“ദേവി… ഹരിയേട്ടൻ “

ആൾപെരുമാറ്റമില്ലാത്ത തെക്കേ കുളപ്പുരയിലേക്ക് അവൾ ഹരിയുടെ മേൽമുണ്ടുമായി ഓടി…
അന്ധവിശ്വാസമാണ് ഇതെല്ലാമെന്ന് എപ്പോഴും പറഞ്ഞുനടക്കുന്ന ഹരിക്ക്
രക്ഷയിലും, മന്ത്രത്തിലും തീരെ വിശ്വാസമുണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ ഒരുതരത്തിലുള്ള രക്ഷയോ ഏലസോ അയ്യാൾ ധരിക്കാറില്ലയിരുന്നു.

ചാരുവിന്റെ സാനിധ്യമറിഞ്ഞ ഭദ്ര അവിടെനിന്നും പിന്മാറി.
കുളം ശാന്തമായി ഓളങ്ങൾ ക്രമാതീതമായി കുറഞ്ഞുവന്നു
ബോധരഹിതനായി കുളത്തിലെ കൽപ്പടവുകളിൽ കിടക്കുന്ന ഹരിയെ കണ്ടപ്പോൾ അവൾ കൈയ്യിലുള്ള മുണ്ട് വലിച്ചെറിഞ്ഞ് അയ്യാളുടെ അടുത്തേക്ക് ഓടിചെന്നു.

“ഹരിയേട്ടാ…. ഹരിയേട്ടാ…
കണ്ണുതുറക്കൂ…”

അവൾ ഹരിയെ മടിയിലേക്ക് കിടത്തി കവിളിൽ തട്ടിക്കൊണ്ട് വിളിച്ചു.
ഓരോ വിളിയിലും അവളുടെ മിഴിനീർക്കണങ്ങൾ പൊഴിഞ്ഞ് ഹരിയുടെ മുഖത്ത് വീഴുന്നുണ്ടായിരുന്നു.
വിളിച്ചിട്ട് എഴുന്നേൽക്കാത്തയപ്പോൾ
ചാരു ശ്രീ ദുർഗ്ഗാ ദേവിയെ മനസിൽ ധ്യാനിച്ച് കല്പടവുകളിലേക്ക് പാഞ്ഞുകയറിയ കുളത്തിലെജലം ഒരുകൈയ്യിൽ കോരിയെടുത്ത് ഹരിയുടെ മുഖത്തേക്ക് തെളിച്ച് വീണ്ടും വിളിച്ചു.

പതിയെ കണ്ണുതുറന്ന ഹരി അവളെ കണ്ടപ്പോൾതന്നെ വലംകൈ ഉയർത്തി ചാരുവിന്റെ കവിളിൽ തലോടി..

“നിനക്ക്…നിനക്കൊന്നും സംഭവിച്ചില്ല്യാല്ലോ…?”

“ഇല്ല്യാ ഏട്ടാ…”

ചാരുവിന്റെ മടിയിൽ നിന്നും ഹരി എഴുന്നേൽക്കാൻ ശ്രമിച്ചു.

അവളയ്യാളെ കുളത്തിനോട് ചാരിനിൽക്കുന്ന തൂണിലേക്ക് ചാരിയിരുത്തി.

“അമ്മേ…ദേവി…വയ്യ..
ത്രയോ തവണ ഞാനീ കുളത്തിൽ കുളിച്ചിരിക്കിണു.. പക്ഷേ ഇതാദ്യ…”

എന്തൊക്കെയോ ചാരുവിന് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ ഹരിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ അവൾക്ക് ചോദിക്കാൻ മനസുവന്നില്ല.
ജലം അയ്യാളെ വല്ലാതെ ഭയപ്പെടുത്തതിയിരിക്കുകയാണെന്ന്
ചാരുവിന് മനസിലായി.

കൽപ്പടവുകളിൽ നിന്ന് അയ്യാളെ എഴുന്നേല്പിച്ച് അവൾ മനക്കലിലേക്ക് കൂട്ടിക്കൊണ്ടുപോയി
മുറിയിൽ കിടത്തി . വിവരമറിഞ്ഞെത്തിയ
ഭാർഗ്ഗവിതമ്പുരാട്ടിയും, സവിത്രിതമ്പുരാട്ടിയുംമുറിയിലേക്ക് എത്തിയപ്പോഴേക്കും
ക്ഷീണംകൊണ്ട് ഹരി പെട്ടന്ന്തന്നെ നിദ്രയിലാണ്ടിരുന്നു.

“ന്താ ണ്ടായേ..?”
മുത്തശ്ശി ചാരുവിനോട് ചോദിച്ചു.

“അറിയില്ല്യാ… കുളത്തില് വീണുകിടക്കുന്നത് കണ്ടു.. “

” അനർത്ഥം കണ്ടില്ലേ… അമ്മേ ദേവീ… കത്തോളണെ,.. ഓനുറങ്ങിക്കോട്ടെ ശല്ല്യപ്പെടുത്തേണ്ടാ ല്ലാവരും വര്യാ..”

ഭാർഗവിതമ്പുരാട്ടി മുൻപിൽ നടന്നു.
പിന്നാലെ സാവിത്രിതമ്പുരാട്ടിയും ചാരുവും നടന്നു.
മുറിയടച്ചു പുറത്തകടന്ന ചാരുവിന് അപകടം മനസിലായപ്പോൾ അടച്ച മുറി വീണ്ടും തുറന്ന് ഹരിയുടെ അടുത്തേക്ക് ചെന്നു.
തന്റെ കഴുത്തിലണിഞ്ഞ മന്ത്രങ്ങളാൽ ജപിച്ചുകെട്ടിയ കറുത്തചരടിൽകോർത്ത ഏലസ് ഊരി ഹരിയുടെ കഴുത്തിലേക്ക് സംഹാരരൂപനേയും ശ്രീദുർഗ്ഗാ ദേവിയെയും സ്മരിച്ചുകൊണ്ട് ചാരു കെട്ടികൊടുത്തു.
ഒരാത്മസംതൃപ്തിയോടെ അവൾ തിരിഞ്ഞുനടന്നു.

ഉച്ചയോട് അടുത്തപ്പോഴാണ് മഠത്തിൽ തിരുമേനിയുടെ രണ്ടു ശിഷ്യന്മാർ മനക്കലിലേക്ക് വന്നുകയറിയത്,
ഭാർഗ്ഗവിതമ്പുരാട്ടിയെകണ്ട് ചുവന്നപട്ട്കൊണ്ട് മൂടി,
വാഴനാരിനാൽ ഭദ്രമായി കെട്ടിയ നാല് ചെറിയ മൺകുടങ്ങൾ കൊടുത്തു.
സന്ധ്യകഴിഞ്ഞ് മനക്കലിന്റെ വടക്ക്,തെക്ക് കിഴക്ക്,പടിഞ്ഞാറ് എന്നീഭാഗങ്ങളിൽ കുഴിച്ചിടാൻ പറഞ്ഞു.
നാളെ സന്ധ്യകഴിഞ്ഞേ തിരുമേനി വരു എന്ന് അവർ പറഞ്ഞപ്പോഴാണ് ഭാർഗ്ഗവിതമ്പുരാട്ടിക്ക് ശ്വാസം നേരെ വീണത്.

പക്ഷെ അതോന്നുമല്ലായിരുന്നു ചാരുവിനെ അലട്ടികൊണ്ടിരുന്നത്
അമ്മാളുവിന് എന്ത് സംഭവിച്ചു എന്നതായിരുന്നു.
മഠത്തിൽ തിരുമേനിയുടെ ശിഷ്യന്മാർ പോയിക്കഴിഞ്ഞ് ചാരു പതിയെ നാഗക്കാവിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *