“എന്തായാലും വീട്ടിൽ വരാതെ തിരിച്ചുപോകരുത്.” ഞാൻ വീണ്ടും പറഞ്ഞു.
“ഇന്നെന്തായാലും എനിക്ക് ലഞ്ചിന് അവിടെയെത്തണം. ലക്ഷ്‌മിയുടെ ഒരു ഫ്രണ്ടിന്റെ വീട്ടിലാണ് ലഞ്ച്. മിക്കവാറും തിരിക്കാൻ രാത്രിയാകും. അവിടെ താങ്ങാനും ചാൻസുണ്ട്. ഒന്നും പ്ലാൻഡ് അല്ല.” ഞാൻ ഒന്നും മിണ്ടാതെ ടീച്ചർ പറയുന്നത് കേട്ടിരുന്നു.
“നാളെയോ മറ്റന്നാളോ ഞാൻ വരാം. നിനക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ. നിന്റെ വീട്ടിൽ പോകണം എന്ന് ഞാൻ ലക്ഷ്മിയോടു പറഞ്ഞിട്ടുണ്ട്. നിന്നെകുറിച്ചും.” ഞാൻ അക്ഷമയോടെ എന്നാൽ അതു പുറത്തികാണിക്കാതെ കേട്ടിരുന്നു. എന്റെ മനസ്സിൽ സംഭവിക്കുന്നതെന്തെല്ലാമാണെന്നു ടീച്ചർക്ക് ഊഹിക്കാൻ കഴിയും എന്നെനിക്ക് ഉറപ്പാണ്. എങ്കിലും ഞാൻ ഒന്നും പുറത്തു കാണിച്ചില്ല.
“എനിക്കെന്തു ബുദ്ധിമുട്ട്? സന്തോഷം. അവർക്കെന്താ ജോലി? അവരും വരുവോ?”
“അവൾ ഒരു ട്രാൻസ്‌പോർട് കമ്പനിയിലാണ് ജോലി. അവൾ വരില്ല. വീക്കെൻഡിൽ മാത്രേ അവൾക്ക് ഒഴിവുള്ളു.”
“അവരെ ഫാമിലി?”
“നാട്ടിലാണ്. ഹസ്ബന്റിനു ഇവിടെയായിരുന്നു ജോലി. ഇപ്പൊ നാട്ടിൽ കിട്ടിയപ്പോ അങ്ങോട്ടുപോയി. അവളുടെ ജോലി നല്ലതായതുകൊണ്ട് അവൾ ഇവിടെ തന്നെ. നാട്ടിലും ഇവിടെയുമായി ജീവിക്കുന്നു. അങ്ങോട്ടുമാറാണ് ശ്രമിക്കുന്നുണ്ട്. പക്ഷേ അത്രയെളുപ്പമല്ല.”
ഇതിനിടക്ക് ഭക്ഷണം വന്നു. രണ്ടുപേരും കഴിക്കാൻ തുടങ്ങി.
“ഓരോരുത്തർക് ഓരോ പ്രശ്നങ്ങൾ… അല്ലെ?” ഞാൻ ടീച്ചറെ ഒന്ന് ആശ്വസിപ്പിക്കാനായി പറഞ്ഞു. എന്നാൽ ടീച്ചർ അതിനു മറുപടിയൊന്നും തന്നില്ല..
“അവളോട് സംസാരിക്കട്ടെ. എന്നിട്ടു ഞാൻ പറയാം. തിങ്കളോ ചൊവ്വയോ ഞാൻ വരാൻ നോക്കാം.”
എനിക്ക് ഇതിൽ കൂടുതൽ സന്തോഷം ഇനി വരാനില്ല.
“ടീച്ചർ സമയം പറഞ്ഞാ മതി. മെട്രോയിൽ വന്നുമതി. റൂട്ട് ഞാൻ പറഞ്ഞുതരാം. ഇന്നത്തെപോലെ. ഞാൻ സ്റ്റേഷനിൽ വരാ.” എന്റെ താല്പര്യം ഞാൻ മറച്ചുവച്ചില്ല.
ടീച്ചറുടെ യാത്രയെ കുറിച്ചും ലക്ഷ്‌മിയുടെ ജോലി, ഫാമിലി എന്നിവയെകുറിച്ചുമെല്ലാം സംസാരിച്ചു ഭക്ഷണം കഴിച്ചിരുന്നു സമയം ഒരുപാടായി. ടീച്ചർക്ക് ലക്ഷ്മിയുടെ കാൾ വന്നു. രണ്ടുപേരും ഒരു രണ്ടുമിനുറ്റോളം സംസാരിച്ചു. നല്ല അടുപ്പത്തോടുകൂടിയാണ് രണ്ടാളും സംസാരിക്കുന്നത്. ഇതെനിക്ക് ഒരു ആശ്വാസമായി. ചില ചോദ്യങ്ങൾക്കു ടീച്ചർ പിന്നെ പറയാം എന്ന് പറയുന്നുണ്ടായിരുന്നു. ഫോൺ വച്ച ശേഷം ടീച്ചർ പറഞ്ഞു “പോകാനായി. ഞാൻ വിളിക്കാം. ഇറങ്ങിയാലോ?”
ഞാൻ വെയിറ്ററെ വിളിച്ചു ബില് അടച്ചു. ഞങ്ങൾ പുറത്തിറങ്ങി. വെയിൽ അല്പം ചൂടായിരുന്നു. മെട്രോ സ്റ്റേഷൻ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. “ടീച്ചർ റിട്ടേൺ ടിക്കറ്റ് എടുത്തിട്ടുണ്ടോ?” ഞാൻ ചോദിച്ചു.
“അയ്യോ, ഇല്ലല്ലോ, അതു മറന്നു.”
“സാരമില്ല. ഇപ്പോൾ വലിയ തിരക്കുണ്ടാവില്ല. രാവിലെയും വൈകീട്ടുമാണ് പ്രശ്നം.”
ഞങ്ങൾ ടിക്കറ്റ് കൗണ്ടറിലെത്തി. ഞാൻ ടീച്ചർക്കുവേണ്ട ടിക്കറ്റ് എടുത്തു നൽകി. ടീച്ചർ പണം നൽകാൻ ശ്രമിച്ചെങ്കിലും ഞാൻ തന്നെ കൊടുത്തു. “ആവശ്യത്തിന് കാശുണ്ട്. അച്ഛൻ തരാറുണ്ട്.” ഞാൻ പറഞ്ഞു. പ്ലാറ്റ്ഫോമിലേക്ക് ടീച്ചറെ യാത്രയാകുമ്പോൾ ടീച്ചറെ വീണ്ടും ഒന്നോർമിപ്പിക്കാൻ ഞാൻ മറന്നില്ല.
“വരണം. ഞാൻ കാത്തിരിക്കും.”
“നീ എന്താ ഇത്ര ഫോർമൽ? ഭയങ്കര മസിൽ പിടിച്ചുകൊണ്ട്.? അന്ന് വരുമ്പോഴും ഇങ്ങനെ സീരിയസ് ആയിരിക്കരുത് കേട്ടോ.” ടീച്ചർ ചിരിച്ചുകൊണ്ട് ചോദിച്ചു. ഇപ്പോഴാണ് ഞാൻ ശരിക്കും ഒന്ന് ചിരിച്ചത്. ഞാനോർത്തു. രണ്ടുപേരും കുലുങ്ങിചിരിച്ചു.
“ഞാനെന്തായാലും വരും. വിളിക്കാം. ബീ ഹാപ്പി. പോട്ടെ?” ഇതും പറഞ്ഞു ടീച്ചർ പ്ലാറ്റഫോമിലേക്കു നടന്നു. ഞാൻ കൈവീശി യാത്ര പറഞ്ഞു.
മനസു തുള്ളിച്ചാടിയാണ് ഞാൻ അവിടെ നിന്ന് വീട്ടിലേക്കു ബസ്സിൽ കയറിയത്. മനസ്സും ശരീരവും ഒരു പ്രത്യേക എനർജി വന്നു നിറഞ്ഞപോലെ.
വീട്ടിലെത്തി ഞാൻ വീടാകെ ക്ലീൻ ചെയ്തു. പുസ്തകങ്ങളും വസ്ത്രങ്ങളും അടുക്കളയുമെല്ലാം അടുക്കിപ്പെറുക്കി വച്ചു.. ബാത്റൂമുകൾ രണ്ടും ക്ലീൻ ചെയ്തു. തറയെല്ലാം തുടച്ചു വൃത്തിയാക്കി. അലമാരകളും ജനലുകളും സോഫയുമെല്ലാം പൊടി തട്ടി തുടച്ചു വൃത്തിയാക്കി. എസിയുടെ ഫിൽറ്ററുകളും ഫാനുമെല്ലാം പൊടിതട്ടി വൃത്തിയാക്കി. ജീവിതത്തിൽ ആദ്യമായാണ് ഇത്ര ജോലി ഒരൊറ്റ ദിവസംകൊണ്ട് ചെയ്തുതീർക്കുന്നത്. ഇതെല്ലം കഴിഞ്ഞിട്ട് പുറത്തുപോയി കുറച്ചു സ്‌നാക്‌സും ജ്യുസും പഴങ്ങളുമേല്ലാം വാങ്ങിവെക്കാൻ പ്ലാൻ ചെയ്തതാ. ക്‌ളീനിംഗ് കഴിഞ്ഞപ്പോൾ തന്നെ പന്ത്രണ്ടു മണിയായി. കുളിച്ചു. നല്ല ക്ഷീണമുള്ളതുകൊണ്ട് ഉറങ്ങിയതറിഞ്ഞില്ല.
