മൃഗം – 4 2

“ശരി..എന്നാല്‍ പോയേച്ചു വാ..”

———-

ശങ്കരന്‍ പോയ ശേഷം രുക്മിണി മകളുടെ ഒപ്പമിരുന്ന് പ്രാതല്‍ കഴിച്ചു. പിന്നെ രണ്ടാളും കൂടി മുന്‍പിലെ മുറിയിലെത്തി ഇരുന്നു. അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ രുക്മിണി ആകാക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

“അമ്മെ..ഞാന്‍ പറയുന്നത് അമ്മ ക്ഷമയോടെ കേള്‍ക്കണം. ഇത് ഒരു മകളുടെ കുമ്പസാരമാണ്..എനിക്കിത് അമ്മയോട് പറഞ്ഞില്ലെങ്കില്‍ ഈ ജന്മം സമാധാനം കിട്ടില്ല..എല്ലാം അമ്മ അറിയണം..എല്ലാം…”

ദിവ്യ പറഞ്ഞു തുടങ്ങി. തന്റെ വഴിപിഴച്ച ചിന്തകളും ജീവിതവും, രതീഷുമായി തനിക്ക് ഉണ്ടായിരുന്ന ബന്ധവും അവനെ വീട്ടില്‍ വരുത്തിയതും ഉള്‍പ്പെടെ തന്റെ ജീവിതത്തില്‍ നടന്ന എല്ലാം അവള്‍ അമ്മയോട് പറഞ്ഞു. അവസാനം രതീഷിന്റെ വീട്ടില്‍ വച്ച് വാസു തന്നെ കണ്ടതും തന്നെ ഉപദേശിച്ചതും താക്കീത് നല്കിയതും, ആ വ്യക്തിത്വത്തോട് തനിക്ക് തോന്നിയ വിധേയത്വം അനുരാഗമായി മാറിയതും അവള്‍ തുറന്ന് പറഞ്ഞു. തന്റെ ജീവിതത്തെ അത്രയ്ക്ക് സ്വാധീനിച്ച് തന്നെ അടിമുടി മാറ്റിയ വാസുവിനെ താന്‍ അഗാധമായി സ്നേഹിക്കുന്നു എന്നും അവനില്ലാതെ തനിക്കിനി ഒരു ജീവിതമില്ല എന്നും പറഞ്ഞാണ് അവള്‍ നിര്‍ത്തിയത്. അവസാനം അവള്‍ ഇതും പറഞ്ഞു:

“വഴി തെറ്റി കുറെയേറെ സഞ്ചരിച്ചെങ്കിലും എന്റെ ചാരിത്ര്യം ഇതുവരെ ഞാന്‍ കളഞ്ഞു കുളിച്ചിട്ടില്ലമ്മേ..”

നിറകണ്ണുകളോടെയാണ് രുക്മിണി അവളുടെ കഥ കേട്ടിരുന്നത്. സ്വന്തം മകള്‍ നടത്തിയ തുറന്ന കുമ്പസാരം അവളെ ഒരേസമയം ഞെട്ടിക്കുകയും ഒപ്പം സന്തോഷിപ്പിക്കുകയും ചെയ്തു. വാസുവിനെ വിവാഹം കഴിക്കാനുള്ള അവളുടെ തീരുമാനം മാത്രമാണ് രുക്മിണിയില്‍ ആശങ്ക ഉളവാക്കിയത്. കാരണം മറ്റൊന്നുമല്ല..ശങ്കരേട്ടന്‍ അതിനു സമ്മതിക്കുമോ എന്നതായിരുന്നു അവളുടെ ശങ്ക. തന്റെ മകള്‍ക്ക് വാസുവിനെക്കാള്‍ നല്ലൊരു പയ്യനെ ലഭിക്കില്ല എന്ന് അവനെ വളര്‍ത്തിയ രുക്മിണിയെപ്പോലെ വേറെ ആര്‍ക്കാണ് അറിയാവുന്നത്? പക്ഷെ ശങ്കരേട്ടന്‍..

“മോളെ..നിന്റെ തീരുമാനം നല്ലതാണ്. നീ അവനു വേണ്ടി മാറി എന്നത് തന്നെ ഇത് ഈശ്വര നിശ്ചയമായതിന്റെ പേരിലാണ്..പക്ഷെ നിന്റെ അച്ഛന്‍…”

“സമയം ആകുമ്പോള്‍ എല്ലാം ഭഗവാന്റെ ഇഷ്ടം പോലെ തന്നെ നടക്കും അമ്മെ..അമ്മ നോക്കിക്കോ അച്ഛന്‍ പൂര്‍ണ്ണ മനസോടെ ഇതിനു സമ്മതിക്കും” ദിവ്യയ്ക്ക് അക്കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല.

“എന്നാലും എന്റെ മോന്‍..അവനിപ്പോള്‍ എവിടാണാവോ..” രുക്മിണി കണ്ണുകള്‍ തുടച്ചു.

“അമ്മ ആശങ്കപ്പെടാതെ..ഏട്ടന്‍ സാധാരണക്കാരനല്ല…ഈ ഭൂമിയില്‍ എവിടെയും ജീവിക്കാനുള്ള കഴിവ് വാസുവേട്ടനുണ്ട്.” ദിവ്യ അവളെ ആശ്വസിപ്പിച്ചു.

————

വാസു ചുറ്റിക്കറങ്ങി തിരികെ എത്തിയപ്പോള്‍ വെട്ടിത്തിളങ്ങുന്ന കടും നീല നിറമുള്ള ഒരു ബി എം ഡബ്ലിയു അവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടാണ്‌ ആശ്രമ വളപ്പിലേക്ക് കയറിയത്. അച്ചന്‍ പറഞ്ഞ ആളെത്തി എന്നവനു മനസിലായി. വാസു ചെല്ലുമ്പോള്‍ അച്ചനും അയാളും വരാന്തയില്‍ രണ്ടു കസേരകളില്‍ ഇരുന്നു സംസാരത്തിലാണ്.

“ങാ വന്നല്ലോ..പുന്നൂസേ..ഇതാണ് ഞാന്‍ പറഞ്ഞ ആള്‍..വാസു..”

അച്ചന്‍ അയാള്‍ക്ക് വാസുവിനെ പരിചയപ്പെടുത്തി. അവന്‍ അയാളെ നോക്കി കൈകള്‍ കൂപ്പി. പുഞ്ചിരിയോടെ അയാളും. വാസു അയാളെ മൊത്തത്തില്‍ ഒന്ന് നോക്കി. വണ്ടി കണ്ടാലേ അറിയാം ആളൊരു കോടീശ്വരന്‍ ആണെന്ന്. പക്ഷെ അയാളുടെ വേഷത്തിലോ ഭാവത്തിലോ അങ്ങനെ ഒരു ലക്ഷണമേ ഇല്ല. ഏകദേശം ആറടിക്ക് അടുത്ത് ഉയരം. അധികം വണ്ണം ഇല്ലാത്ത ശരീരം. നര കയറിയ മുടിയും മീശയും. മുഖത്ത് നല്ല കുലീനത്വമാണ്. മുണ്ടും ഷര്‍ട്ടും ആണ് വേഷം. ദേഹത്ത് യാതൊരു ആഭരണങ്ങളും ഇല്ല; വാച്ച് പോലും കെട്ടിയിട്ടില്ല. വാസുവിന് ഒറ്റ നോട്ടത്തില്‍ തന്നെ ചെറിയ ഒരു മതിപ്പ് അയാളെക്കുറിച്ച് തോന്നി.

“വാസു വാ..ഇരിക്ക്..” പുന്നൂസ് പുഞ്ചിരിച്ചുകൊണ്ട് അവനെ ക്ഷണിച്ചു. വാസു നിലത്ത്, അച്ചന്റെ കസേരയ്ക്ക് സമീപം ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *