മൃഗം – 4 2

പറഞ്ഞതും പൌലോസിന്റെ വലതുകാല്‍ സുലൈമാന്റെ അടിവയറ്റില്‍ ശക്തമായി പതിഞ്ഞതും ഒരേ സമയത്തായിരുന്നു. ഒരു അലര്‍ച്ചയോടെ അവന്‍ ദൂരേക്ക് തെറിച്ചു വീണു.

അവന്റെ കണ്ണുകള്‍ മുകളിലേക്ക് മറിയുന്നതും അവന്‍ ബോധം കെട്ടു വീണതും മുസ്തഫ കണ്ടു. ഒരു നിമിഷം എല്ലാം നിശ്ചലമായ ഒരു പ്രതീതി അവിടെയുണ്ടായി.

“അടിക്കടാ അവനെ..”

മുസ്തഫ അലറി.

സുമോകളില്‍ ഇരുന്നവന്മാര്‍ ആയുധങ്ങളുമായി ചാടിയിറങ്ങി. അലര്‍ച്ചയോടെ തന്റെ നേരെ കുതിച്ചെത്തിയ മൊയ്തീനെ ഒഴിഞ്ഞുമാറിയ പൌലോസ് അവന്റെ വാരിയെല്ലുകളില്‍ ശക്തമായി ഇടിച്ചു. അവന്‍ പോലീസ് വാഹനത്തിന്റെ മുന്‍പില്‍ തലയടിച്ചു താഴേക്ക് വീണു. അനുജന്‍ വീഴുന്നത് കണ്ട മുസ്തഫ ഉച്ചത്തില്‍ അലറിക്കൊണ്ട്‌ നേരെ കടയിലേക്ക് ഓടിക്കയറി വെട്ടുകത്തി എടുത്തു. അപ്പോഴേക്കും പന്ത്രണ്ടോളം ഗുണ്ടകള്‍ പൌലോസിനെ വളഞ്ഞു കഴിഞ്ഞിരുന്നു.

“അങ്ങേരുടെ തെളപ്പ് ഇന്ന് തീരും…”

രവീന്ദ്രന്‍ സ്വയം പിറുപിറുത്തു.

“എടൊ സാറിനെ സഹായിക്കണ്ടേ..അവന്മാരുടെ കൈയില്‍ വടിവാളും ആയുധങ്ങളും ഉണ്ട്” ഒരു പോലീസുകാരന്‍ മറ്റുള്ളവരോട് ചോദിച്ചു.

“വേണ്ട..സി ഐ അറിഞ്ഞാല്‍ പ്രശ്നമാണ്..പൌലോസ് സാറിനു ട്രാന്‍സ്ഫറും സസ്പെന്‍ഷനും ഒന്നും ഒരു വിഷയമല്ല..ഇക്കൊല്ലം ഇത് മൂന്നാമത്തെ ട്രാന്‍സ്ഫര്‍ ആണ്…ഇയാള്‍ അവിടിരുന്നു കളി കണ്ടാല്‍ മതി…സാറ് പറഞ്ഞാല്‍ മാത്രമേ നമ്മളിതില്‍ ഇടപെടാവൂ….” മറ്റൊരു പോലീസുകാരന്‍ പറഞ്ഞു.

“വെട്ടി നുറുക്കടാ അവനെ..”

കത്തിയുമായി ചാടി വന്ന മുസ്തഫ ഗുണ്ടകളോട് അലറി. അവന്മാര്‍ വടിവാളുകള്‍ ഊരി പൌലോസിന് നേരെ കുതിച്ചു. ഒറ്റ സെക്കന്റ് കൊണ്ട് പൌലോസിന്റെ കൈയില്‍ സര്‍വീസ് റിവോള്‍വര്‍ പ്രത്യക്ഷപ്പെട്ടു. ഒരുത്തന്‍ കാല്‍മുട്ടിലെ അസ്ഥികള്‍ ചിതറി അലറി നിലത്ത് വീണു. മറ്റുള്ളവര്‍ അതുകണ്ട് ഞെട്ടി നിന്ന അതെ നിമിഷത്തില്‍ പൌലോസ് അവരെ ശക്തമായി ആക്രമിച്ചു. നിലത്തുണ്ടയിരുന്ന ഒരു വടിയെടുത്ത് അയാള്‍ തലങ്ങും വിലങ്ങും വീശി. ഗുണ്ടകള്‍ പല വഴിക്ക് ചിതറി വീണു. പൌലോസിന്റെ കൈയില്‍ രണ്ടു മൂന്നിടത്ത് വടിവാള്‍ കൊണ്ട് പോറലുകള്‍ ഏറ്റു ചോര ഒഴുകിയെങ്കിലും അവര്‍ എല്ലാവരെയും അയാള്‍ നിലം പരിശാക്കി കഴിഞ്ഞിരുന്നു. ഓടാനായി ശ്രമിച്ച മുസ്തഫയെ അയാള്‍ ഓടിച്ചിട്ട്‌ പിടിച്ച് വണ്ടിക്കരുകില്‍ എത്തിച്ചു.

“നിന്നെയും ഇവന്മാരെയും ഞാന്‍ അറസ്റ്റ് ചെയ്തിരിക്കുന്നു…പോലീസിനെ ആക്രമിച്ച കുറ്റത്തിന്…ഉം..കേറടാ വണ്ടിയേല്‍…” അവന്റെ കരണം തീര്‍ത്ത് പ്രഹരിച്ചുകൊണ്ട് പൌലോസ് പറഞ്ഞു.

“നിങ്ങള്‍ ഇവന്മാരെ അവരുടെ വണ്ടികളില്‍ സ്റ്റേഷനില്‍ എത്തിക്ക്….” പൌലോസ് കൂടെ ഉണ്ടായിരുന്ന പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പോലീസ് വാഹനവും സുമോകളും സ്റ്റേഷനിലേക്ക് കുതിച്ചു.

“എടൊ എസ് ഐ..താന്‍ ഇതിനനുഭവിക്കും..നോക്കിക്കോടോ” വണ്ടിയില്‍ ഇരുന്ന മുസ്തഫ പൌലോസിനോട്‌ പകയോടെ പറഞ്ഞു.

“മക്കളെ മുസ്തഫെ..പൌലോസ് ഇന്നോ ഇന്നലെയോ അല്ല നിന്നെപ്പോലെയുള്ളവന്മാരെ കാണാന്‍ തുടങ്ങിയത്..ഇമ്മാതിരി ഒന്നര ചക്രത്തിന്റെ വിലയില്ലാത്ത ഭീഷണി ഇങ്ങോട്ട് ഇറക്കല്ലേ….കൂടിവന്നാല്‍ നിന്റെ ഏമാന്‍ സി ഐ എന്നെ അങ്ങ് ട്രാന്‍സ്ഫര്‍ ചെയ്യുമായിരിക്കും..എനിക്ക് പുല്ലാടാ ട്രാന്‍സ്ഫര്‍..റിട്ടയര്‍ ആകുന്നതിനു മുന്‍പ് കേരളത്തിലുള്ള എല്ലാ സ്റ്റെഷനുകളിലും ജോലി എടുത്തേക്കാം എന്നൊരു നേര്‍ച്ച എനിക്കുണ്ട്..അതുകൊണ്ട് നീ വേറെ വല്ല വഴീം നോക്ക്”

ഒരു വളവ് തിരിച്ചുകൊണ്ട് പൌലോസ് പറഞ്ഞു. മുസ്തഫയും മൊയ്തീനും ഒഴികെയുള്ള മറ്റു പ്രതികള്‍ ആ വണ്ടിയില്‍ ഉണ്ടായിരുന്നില്ല. വണ്ടി കുതിച്ചു പാഞ്ഞു.[തുടരും]….

Leave a Reply

Your email address will not be published. Required fields are marked *