മൃഗം – 4 2

“എടാ ഒരു കസേര ഇട്ടിരിക്ക്..നീ എന്നാത്തിനാ താഴെ ഇരിക്കുന്നത്?” അച്ചന്‍ അവനോടു ചോദിച്ചു.

“ഇവിടാ ഇരിക്കാന്‍ സുഖം” വാസു പറഞ്ഞു.

“അതല്ല പുന്നൂസേ കാര്യം..ഇവന്‍ എന്റെ ഒപ്പം കസേരയില്‍ ഇരിക്കില്ല..ഭയങ്കര ബഹുമാനം അല്യോ..” അച്ചന്‍ അവന്റെ ശിരസില്‍ തലോടിക്കൊണ്ട് പറഞ്ഞു.

“നല്ലത്..വിനയം ശക്തന്മാരുടെ ലക്ഷണമാണ്..” പുന്നൂസ് പറഞ്ഞു.

“ഇനി..പുന്നൂസ് വന്ന കാര്യം ഇവനോട് പറ..എല്ലാം ഇവന്‍ കേള്‍ക്കട്ടെ..പിന്നെ നമുക്ക് അവന്റെ തീരുമാനം എന്താണെന്നു നോക്കാം..അതുപോട്ടെ..പുന്നൂസിന് ഇവനെ കണ്ടിട്ട് എന്ത് തോന്നി?” അച്ചന്‍ ചോദിച്ചു.

പുന്നൂസ് ഒന്ന് പുഞ്ചിരിച്ചു; പിന്നെ അച്ചന്റെ കണ്ണിലേക്ക് നോക്കി.

“ഇദ്ദേഹം സാധാരണക്കാരനല്ല..ഉന്നത കുലജാതനായ വ്യക്തിയാണ് എന്ന് ആ കണ്ണുകളില്‍ നിന്നും എനിക്ക് ഊഹിക്കാന്‍ പറ്റും..മനസിനെ ഉദ്ദേശിക്കുന്ന രീതിയില്‍ നിസ്സാരമായി നിയന്ത്രിക്കാന്‍ കഴിവുള്ള ചുരുക്കം ചിലരില്‍ ഒരാള്‍..ഭയം എന്ന വാക്ക് അറിഞ്ഞു കൂടാത്ത വ്യക്തി…..”

പുന്നൂസിന്റെ വാക്കുകള്‍ വാസുവിനെ ഞെട്ടിച്ചു. വളരെ കൃത്യമായ ഒരു അവലോകനം ആണ് അവനെക്കുറിച്ച് ആദ്യ കാഴ്ചയില്‍ തന്നെ അയാള്‍ നടത്തിയിരിക്കുന്നത്. ഇയാള്‍ നിസ്സാരനല്ല എന്ന് വാസു മനസ്സില്‍ പറഞ്ഞു. പക്ഷെ അവന്‍ ഒന്നും മിണ്ടിയില്ല.

“പുന്നൂസ് പറഞ്ഞത് കുറഞ്ഞു പോയെങ്കിലെ ഉള്ളു..എന്തായാലും ഈ നിരീക്ഷണം എന്നെയും ഞെട്ടിച്ചു എന്ന് പറയാതെ വയ്യ..ഇനി വന്ന കാര്യത്തിലേക്ക് കടന്നാട്ടെ”

ചാരുകസേരയിലേക്ക് ചാരിക്കൊണ്ട് അച്ചന്‍ പറഞ്ഞു. പുന്നൂസ് സംസാരത്തിന്റെ മുന്നോടിയായി മുരടനക്കി കണ്ഠശുദ്ധി വരുത്തി. എന്താണ് അയാള്‍ പറയാന്‍ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷയോടെ വാസു അയാളെ നോക്കി.
“അച്ചനോട് വിവരങ്ങള്‍ എല്ലാം ഞാന്‍ പറഞ്ഞിട്ടുള്ളതാണ്..അതുകൊണ്ട് ഇപ്പോള്‍ ഈ പറയുന്നത് വാസുവിനോടായിട്ടാണ്..അച്ചന്‍ ബോറാകില്ലല്ലോ..” പുന്നൂസ് അച്ചനെയും അവനെയും നോക്കി പറഞ്ഞു.

“പുന്നൂസ് പറഞ്ഞോ..” അച്ചന്‍ കസേരയില്‍ ഒന്നിളകി ഇരുന്നുകൊണ്ട് പറഞ്ഞു.

“മോനെ വാസൂ, എനിക്ക് കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും വ്യാപാര സ്ഥാപനങ്ങള്‍ ഉണ്ട്. ദൈവകൃപയാല്‍ നല്ല ബിസിനസും നടക്കുന്നുണ്ട്. എന്റെ ഒരു ദിവസത്തെ വരുമാനം ലക്ഷങ്ങള്‍ ആണ്. ഞാനിത് പറയുന്നത് എന്റെ വലിപ്പം നിന്നെ അറിയിക്കാനല്ല, എന്റെ വ്യാപാരത്തിന്റെ വ്യാപ്തി അറിയിക്കാനും ഞാന്‍ അതില്‍ എത്രയധികം തിരക്കിലായിരിക്കും എന്നു മനസിലാക്കാനും വേണ്ടിയാണ്. ഈ നഗരങ്ങളില്‍ മൂന്നിലും എനിക്ക് കൂടെക്കൂടെ പോകേണ്ടി വരാറുണ്ട്. ഞാന്‍ തന്നെയാണ് ഈ സ്ഥാപനങ്ങള്‍ എല്ലാം നോക്കി നടത്തുന്നത്. മൂന്നിടത്തും എനിക്ക് വീടുകള്‍ ഉണ്ടെങ്കിലും എന്റെ കുടുംബം എറണാകുളത്താണ് താമസം. ആഴ്ചയില്‍ രണ്ടോമൂന്നോ ദിവസമേ ഞാനെന്റെ കുടുംബത്തിന്റെ കൂടെ കാണാറുള്ളൂ..ഇനി, ഞാന്‍ വിഷയത്തിലേക്ക് വരാം..”

മുന്‍പിലുള്ള ടീപോയില്‍ വച്ചിരുന്ന ഗ്ലാസില്‍ നിന്നും അല്പം വെള്ളം കുടിച്ച ശേഷം പുന്നൂസ് തുടര്‍ന്നു:

“വിഷയം പറയുന്നതിന് മുന്‍പ് എന്റെ ലേശം ചരിത്രം വാസു അറിയുന്നത് നല്ലതാണ്.. കല്യാണം കഴിഞ്ഞ് ഏറെക്കാലം എനിക്കും ഭാര്യയ്ക്കും കുട്ടികള്‍ ഉണ്ടായില്ല. ഞങ്ങള്‍ പല നേര്‍ച്ചകളും ചികിത്സകളും ഒക്കെ നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. അങ്ങനെ നിരാശയില്‍ കഴിയുന്ന സമയത്താണ് വളരെ അവിചാരിതമായി ഈ വന്ദ്യനായ അച്ചനെ എനിക്ക് പരിചയപ്പെടാന്‍ ഇടയായത്. അദ്ദേഹവുമായി ഞാനെന്റെ വിഷമം പങ്കു വച്ചപ്പോള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കാം എന്നും ഒരു വര്‍ഷത്തിനുള്ളില്‍ എനിക്ക് ദൈവം ഒരു കുഞ്ഞിനെ നല്‍കും എന്നും അദ്ദേഹം എന്നെ ആശ്വസിപ്പിച്ച് പറഞ്ഞു. ഞാനത് അപ്പോള്‍ അത്ര കാര്യമായി എടുത്തിരുന്നില്ല എങ്കിലും ഒരു അത്ഭുതം പോലെ എന്റെ ഭാര്യ റോസ്‌ലിന്‍ അടുത്ത മാസം തന്നെ ഗര്‍ഭം ധരിച്ചപ്പോള്‍ അച്ചന്റെ വാക്കുകള്‍ എനിക്ക് ഓര്‍മ്മ വന്നു…” പുന്നൂസ് നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ മെല്ലെ തുടച്ചു.

Leave a Reply

Your email address will not be published. Required fields are marked *