പുന്നൂസ് ഗ്ലാസില്‍ ബാക്കി ഉണ്ടായിരുന്ന വെള്ളം കൂടി കുടിച്ച ശേഷം തുടര്‍ന്നു:
“ഇവരെ ഏറ്റവും അധികം ഉപയോഗിക്കുന്നത് രാഷ്ട്രീയക്കാരും, വന്‍ ബിസിനസുകാരും, സിനിമാക്കാരും ഒക്കെ ആണ്. അതുകൊണ്ട് തന്നെ പൊലീസിന് ഇവരുടെ കാര്യത്തില്‍ ധാരാളം പരിമിതികള്‍ ഉണ്ട്. അവര്‍ ക്രിമിനലുകള്‍ ആണെങ്കിലും അവര്‍ക്കെതിരെ വ്യക്തമായ യാതൊരു തെളിവുകളും ഇതുവരെ പോലീസിനു ലഭിച്ചിട്ടില്ല.
അതുകൊണ്ട് തന്നെ അവരെ അവര്‍ക്ക് അറസ്റ്റ് ചെയ്യാനോ കേസ് ചാര്‍ജ്ജ് ചെയ്യാനോ സാധിക്കില്ല. അനാവശ്യമായി അതിന് ഏതെങ്കിലും ഓഫീസര്‍ തുനിഞ്ഞാല്‍, ആ നിമിഷം അയാളെ വേറെ എവിടേക്കെങ്കിലും ട്രാന്‍സ്ഫര്‍ ചെയ്തുകൊണ്ട് മുകളില്‍ നിന്നും ഉത്തരവിറങ്ങും… അതുകൊണ്ട് എന്തെങ്കിലും വ്യക്തമായ തെളിവോടെ സംഭവിക്കാതെ പോലീസ് അവര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ല..” ഒന്ന് നിര്‍ത്തിയിട്ട് പുന്നൂസ് തുടര്‍ന്നു:
“ഡോണ കുറെ നാളുകളായി കൊച്ചിയിലെ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ നിരന്തരം ഫീച്ചറുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ അടുത്തിടെ അവളുടെ ഒരു കൂട്ടുകാരിയെ അറേബ്യന്‍ ഡെവിള്‍സ് ക്രൂരമായി ബലാല്‍സംഗം ചെയ്തു, ആ കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്തു. പത്രങ്ങളില്‍ വാര്‍ത്ത വന്ന വലിയ വിവാദം ഉണ്ടാക്കിയ കേസാണ്. പൊലീസിന് ഏതോ ഒരുത്തനെ അവര്‍ പ്രതിയായി ഇട്ടുകൊടുത്തു. അവന് ആവശ്യത്തിനു പണം നല്‍കി സ്വാധീനിച്ച് കുറ്റം ഏല്‍പ്പിച്ചതാണ്. ജയിലില്‍ കിടന്നു ശീലമുള്ള അവന്‍ പണത്തിനു വേണ്ടി എന്തും ചെയ്യും. ആ പെണ്‍കുട്ടിയെ കൊട്ടേഷന്‍ നല്‍കി ആരോ ബലാല്‍സംഗം ചെയ്യിച്ചതായിരുന്നു..ഇപ്പോള്‍ ഡോണ ആ കേസിന്റെ പിന്നാലെയാണ്. പോലീസ് കേസ് തീര്‍പ്പാക്കി എങ്കിലും, അവളുടെ കൂട്ടുകാരിയുടെ മരണത്തിനു പിന്നിലെ ആളെ കണ്ടെത്താനും, അറേബ്യന്‍ ഡെവിള്‍സ് എന്ന ഭീകര സംഘടനയെ മൂടോടെ ഇല്ലാതാക്കാനും പ്രതിജ്ഞ എടുത്തിരിക്കുകയുമാണ് എന്റെ മകള്‍..”
വാസു കാര്യത്തിന്റെ ഗൌരവം മനസിലാക്കിയതുപോലെ തലയാട്ടി.
“അവളെ വധിക്കാനോ മാനഭംഗപ്പെടുത്താനോ ആണ് മുന്‍മന്ത്രി അറേബ്യന്‍ ഡെവിള്‍സിന് കൊട്ടേഷന്‍ നല്‍കിയിരിക്കുന്നത്. അവന്മാര്‍ അത് ചെയ്യാന്‍ ശക്തരാണ്..അതുകൊണ്ട് തന്നെ അവളുടെ ജീവന്‍ അപകടത്തിലുമാണ്. ഒപ്പം അവള്‍ അവര്‍ക്കെതിരെ തെളിവുകള്‍ തേടി അവരെ ഇല്ലാതാക്കാന്‍ പ്രതിജ്ഞ എടുത്തിരിക്കുകയും കൂടി ചെയ്തിരിക്കുന്നതോടെ പ്രശ്നം അതീവ ഗുരുതരമായി തീര്‍ന്നിരിക്കുകയാണ്..”
“ഇത് സാറ് മകളോട് പറഞ്ഞില്ലേ?” വാസു ചോദിച്ചു.
“പറഞ്ഞു..പക്ഷെ അവള്‍ ആരെയും ഭയക്കുന്ന കൂട്ടത്തിലല്ല. ആരെയും ഭയന്നു തന്റെ കര്‍ത്തവ്യത്തില്‍ നിന്നും അണുവിട മാറാന്‍ മനസില്ല എന്നാണ് അവള്‍ എന്നോട് പറഞ്ഞത്. അവളുടെ ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗം സെക്യൂരിറ്റി ഏര്‍പ്പെടുത്തുക എന്നത് മാത്രമാണ്. പക്ഷെ അവള്‍ അതിനും തയാറല്ല. മാതമല്ല, പല അസമയത്തും ജോലി സംബന്ധമായി പോകേണ്ടി വരുന്ന അവളെ കൊച്ചിയിലുള്ള ഒരാളെയും എനിക്ക് വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റില്ല… എല്ലാം ആഭാസന്മാരാണ്..എന്റെ മകള്‍ കാണാന്‍ അതിസുന്ദരിയും…അതുകൊണ്ട് എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയില്‍ എത്തിയപ്പോള്‍ ആണ് അച്ചനെ കണ്ടൊന്നു സംസാരിച്ചാലോ എന്നെനിക്ക് തോന്നിയത്..”
വാസു തലയാട്ടി.
“അറേബ്യന്‍ ഡെവിള്‍സ് എന്നറിയപ്പെടുന്ന ഈ ഗാംഗ് യാതൊരു മനസാക്ഷിയും ഇല്ലാത്ത ക്രൂരന്മാര്‍ ആണ്.. അവരുടെ കൈയില്‍ അവള്‍ വീണാല്‍, അവരവളെ പിച്ചി ചീന്തും..എനിക്കത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. കാത്തുകാത്തിരുന്നുണ്ടായ ഏക മകള്‍ നഷ്ടമായാല്‍ പിന്നെ ഞാനോ ഭാര്യയോ ജീവിച്ചിരിക്കില്ല..എന്തിനുവേണ്ടി ഞങ്ങള്‍ ജീവിക്കണം? ഭാര്യയും ഞാനും ഈ വിവരം അറിഞ്ഞത് മുതല്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. എനിക്ക് അവളെ രക്ഷിക്കണം… അച്ചനോട് ഞാനിത് പറഞ്ഞപ്പോള്‍ നിന്റെ പേരാണ് അദ്ദേഹം പറഞ്ഞത്…അച്ചനില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമാണ്..അതുകൊണ്ട് നിനക്ക് ഇക്കാര്യത്തില്‍ എന്നെ സഹായിക്കാന്‍ പറ്റുമോ എന്നറിയാന്‍ ആണ് ഞാന്‍ വന്നത്..”
