റോക്കി – 5 29അടിപൊളി  

താഴെ വന്നപ്പോ വെളിച്ചത്തിൽ ആണ് അവൾ അർജുന്റെ മുഖം കണ്ടത്. ഇല്ലാതായ പോലെ ആയിരുന്നു അവന്റെ മുഖം അപ്പോൾ. താൻ പറഞ്ഞത് അവനെ എത്ര മാത്രം വേദനിപ്പിച്ചു എന്ന് ഇഷാനി അവിടെ തൊട്ട് മനസിലാക്കി. രാത്രി മുഴുവൻ ഇഷാനി അതാലോചിച്ചു കിടന്നു. പിറ്റേന്ന് നേരം വെളുത്തിട്ടും തലേന്നത്തെ കാര്യത്തിൽ അവനോട് എങ്ങനെ മിണ്ടി തുടങ്ങണം എന്ന് ഇഷാനിക്ക് അറിയില്ലായിരുന്നു.. എന്തെങ്കിലും സംസാരിക്കാൻ പറ്റുന്നതിനും മുമ്പ് അവൾക്കുള്ള ഭക്ഷണം എടുത്തു വച്ചിട്ട് എങ്ങോട്ട് എന്ന് പറയാതെ അർജുൻ പുറത്തേക്ക് പോയി..

അവൻ വരുന്നത് വരെ തനിയെ ബോർ അടിച്ചു ഇരിക്കണമല്ലോ എന്ന് കരുതിയപ്പോൾ ആണ് പെട്ടന്ന് തന്നെ അവന്റെ ബൈക്കിന്റെ ശബ്ദം കേട്ടത്.. ഇഷാനി ജനലിൽ കൂടി അവന്റെ ബൈക്ക് നോക്കിയപ്പോൾ ആണ് അവന്റെ കൂടെ വേറൊരാളും കൂടി ഉണ്ടെന്ന് മനസിലായത്.. ഒരു ചേച്ചി..

‘നിനക്കൊരു ഹെല്പിന് കൊണ്ട് വന്നതാ..’
അർജുൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു. അവൻ തന്നെ ചേച്ചിയെ വീടിന്റെ ഭാഗങ്ങളും അവളുടെ പരിക്കിനെ കുറിച്ചും എല്ലാം പറഞ്ഞു കൊടുത്തു. അവരെ എല്ലാം പറഞ്ഞു മനസിലാക്കി കൊടുത്തിട്ട് അവൻ പെട്ടന്ന് തന്നെ ബൈക്കും എടുത്തു പോയി. ഇഷാനിക്ക് അവനോട് സംസാരിക്കാൻ ഉള്ള അവസരവും നഷ്ടമായി.. ഇന്നലത്തെ സംഭവം അവന് ശരിക്കും ഫീൽ ആയിട്ടുണ്ട്.. അതാണ് ഇപ്പോൾ ഇങ്ങനെ ഒരു കാര്യം സംഭവിച്ചത്. തന്റെ കാര്യത്തിൽ അവനൊരു ഡിസ്റ്റൻസ് ഇടാൻ തുടങ്ങിയിരിക്കുന്നു..

‘മോളുടെ പേരെന്താ..?
അർജുൻ പേര് എല്ലാം പറഞ്ഞു കൊടുത്തെങ്കിലും പരിചയപ്പെടുന്നതിന്റെ ഒരു സുഖത്തിനായി ആ ചേച്ചി വീണ്ടും പേര് ചോദിച്ചു

‘ഇഷാനി..’
അവൾ മറുപടി കൊടുത്തു. ഒരു സാരി ആണ് ആ ചേച്ചിയുടെ വേഷം. നാൽപതുകളിൽ എത്തി നിൽക്കുന്ന പ്രായം. ഒരു ഹോം നേഴ്സ് സെറ്റപ്പ് ആണ് അവർക്കെങ്കിലും വീട്ടിലെ അത്യാവശ്യം ജോലികളും ചെയ്യും.. രാഹുലിന്റെ ഒരു ബന്ധു ആണ് അവരെന്നു കുറച്ചു നേരത്തെ സംസാരത്തിൽ നിന്ന് ഇഷാനിക്ക് പിടി കിട്ടി.. ലേഖ എന്നായിരുന്നു ആ ചേച്ചിയുടെ പേര്.

ലേഖ ചേച്ചി നല്ലത് പോലെ സംസാരിക്കുമായിരുന്നു. അത് കൊണ്ട് തന്നെ സമയം പോകുന്നത് ഇഷാനി അറിഞ്ഞില്ല. സംസാരിച്ചു കൊണ്ട് തന്നെ ചേച്ചി ജോലികൾ ഒക്കെ ചെയ്യും. ജോലികൾ എന്ന് പറയുമ്പോ ഇഷാനിയുടെ കാര്യങ്ങൾ ഒക്കെ. ഇഷാനി ഒരു മടി കാണിച്ചെങ്കിലും അവളെ താങ്ങി ബാത്‌റൂമിൽ കൊണ്ട് പോയി കുളിപ്പിച്ചു സുന്ദരി ആക്കി. അവളുടെ ഡ്രെസ്സുകൾ അലക്കി ഇട്ടു. അവളുടെ മുറിവ് മരുന്ന് മാറ്റി കെട്ടി വച്ചു… ഇഷാനി അപ്പോളെല്ലാം അർജുൻ ഇപ്പോൾ വരും ഇപ്പോൾ വരും എന്ന് കരുതി ഇരിപ്പായിരുന്നു. ആറര ആയി ലേഖ ചേച്ചി പോകാൻ തുടങ്ങിയപ്പോൾ മാത്രമാണ് അവൻ തിരിച്ചു വന്നത്. വന്നിട്ടും അവളോട് ഒന്നും സംസാരിക്കാതെ ടെറസിലേക്ക് കയറി പോയി. അവൻ താഴെ വല്ലതും ഉണ്ടായിരുന്നു എങ്കിൽ അവന്റെ ശ്രദ്ധ എങ്ങനേലും പിടിച്ചു പറ്റാമായിരുന്നു. ഇതിപ്പോ ഇന്നലത്തെ കാര്യത്തിൽ തനിക്ക് വിഷമം ഉണ്ടെന്ന് അവനെ എങ്ങനെ അറിയിക്കും.

രാത്രി ഫുഡ്‌ കഴിക്കുമ്പോ സംസാരിക്കാം എന്ന് അവൾ തീരുമാനിച്ചു. അവൾക്കുള്ള ഫുഡ്‌ ഒരു പ്ലേറ്റിൽ ആക്കി അവൻ അവളുടെ കട്ടിലിൽ കൊണ്ട് വച്ചു. ഇഷാനിക്ക് സംസാരിക്കാൻ അവസരം ഉണ്ടായിരുന്നു എങ്കിലും അർജുൻ ആ സമയത്തു ആരോടോ ഫോണിൽ കാര്യമായി സംസാരിക്കുന്നുണ്ടായിരുന്നു.. ഫോണിൽ സംസാരിച്ചു കൊണ്ട് തന്നെ ആണ് അവൻ ഫുഡ്‌ എടുത്തു തന്നതും ഓരോ കാര്യങ്ങൾ ചെയ്യുന്നതും എല്ലാം. വായും കയ്യും കഴുകാൻ വാഷ് ബേസണിലേക്ക് കൊണ്ട് പോയപ്പോളും അവന്റെ ചെവിയിൽ ഹെഡ് സെറ്റിൽ ആരോടോ അവൻ സംസാരിക്കുന്നുണ്ട്..

ഇവനാരാ.. അമേരിക്കൻ പ്രസിഡന്റോ..? ഇത്രക്ക് ബിസി ആയി സംസാരിക്കാൻ. ഇഷാനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു. തനിക്കൊരു അബദ്ധം പറ്റിയതല്ലേ.. അതിനൊന്നു സോറി പറയാൻ കൂടി ഇവൻ അവസരം തരുന്നില്ലല്ലോ. ഇവനീ ഫോണിൽ സംസാരിക്കുന്നത് ഒക്കെ തന്നെ ഒഴിവാക്കാൻ ആണ്. ഇന്നലത്തെ വഴക്കിനു ശേഷം തന്നെ ഫേസ് ചെയ്യാൻ അവനൊരു ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ടാണ് തന്റെ കാര്യങ്ങൾ എല്ലാം നോക്കാൻ വേറൊരാളെ ചുമതലപ്പെടുത്തിയത്. അത് കൊണ്ടാണ് പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ലാഞ്ഞിട്ടും ഇപ്പോൾ അവൻ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ എന്തെങ്കിലും തമ്മിൽ സംസാരിക്കേണ്ടി വരുമല്ലോ.. ഇതെവിടെ വരെ പോകുമെന്ന് കണ്ടറിയണം.. ഇഷാനി ചിന്തിച്ചു

 

പിറ്റേന്ന് രാവിലെ ആയപ്പോൾ ലേഖ ചേച്ചി വന്നു. വന്ന ഉടനെ തന്നെ അർജുൻ പോകുകയും ചെയ്തു. ഇത് അവന്റെ വീടാണ്. എന്നിട്ട് അവൻ ഇവിടെ നിന്ന് മര്യാദക്ക് കഴിക്കുന്നു പോലുമില്ല. അവൻ രാത്രി കിടന്നു ഉറങ്ങുന്നത് പുരപ്പുറത്ത്. ഒന്നും പോരാഞ്ഞിട്ട് അവനെ ഇൻസൾട്ട് ചെയ്ത എന്നെ നോക്കാൻ സ്വന്തം ചിലവിന് ആളെയും വച്ചു. തനിക്ക് വയ്യാതെ ഇരിക്കുന്നത് കൊണ്ടുള്ള പരിഗണന ആണോ, അതോ അവന്റെ ഉള്ളിലുള്ള ഇഷ്ടം ആണോ അവനെ കൊണ്ട് ഇത്രയും ഒക്കെ ചെയ്യിച്ചത് എന്ന് അവൾ ആലോചിച്ചു. താൻ അവനോട് ഇടപഴകുന്നത് ഒക്കെ വളരെ മോശമാണ്. അവൻ ഇതിലും ഒക്കെ ഡിസർവ് ചെയ്യുന്നുണ്ട്..

 

ഇന്നും കാര്യങ്ങൾ എല്ലാം തലേന്നത്തെ പോലെ തന്നെ പോയി. ഇഷാനി ഫുഡ്‌ കഴിച്ചു. ഉച്ച കഴിഞ്ഞു കുളിച്ചു. കൈ ഇപ്പോൾ കേട്ടുണ്ടേലും വേദന ഇല്ല. നാളെ പോയി അഴിക്കാമെന്ന് അവൾക്ക് തോന്നി. കാലിലെ മുറിവ് ആയാലും കുറച്ചു ഭേദം ആയി വരുന്നുണ്ട്. ലേഖ ചേച്ചി തലേന്നത്തെ പോലെ മുറിവ് മരുന്ന് മാറ്റി കെട്ടാൻ വേണ്ടി അഴിക്കാൻ തുടങ്ങിയപ്പോൾ ആണ് ഇഷാനി ചെറിയൊരു സൂത്രം ഇട്ടത്

 

‘അയ്യോ… ചേച്ചി എനിക്ക് വേദനിക്കണൂ.. പതിയെ..’

മുറിവിലെ കെട്ടഴിച്ചു കൊണ്ടിരുന്ന ചേച്ചിയോട് ഇഷാനി വേദന അഭിനയിച്ചു പറഞ്ഞു

 

‘പതിയെ അഴിക്കുള്ളു മോളെ..’

ഇഷാനിയുടെ അഭിനയം മനസിലാകാതെ ചേച്ചി പറഞ്ഞു

 

‘എനിക്ക് നല്ല വേദന ഉണ്ട്..’

അവൾ കരയുന്ന കൂട്ട് പറഞ്ഞു

 

‘ഇന്നലെ ഞാൻ ഡ്രസ്സ് ചെയ്തത് അല്ലേ.. അത്രയും ഉള്ളു. മോൾ പേടിക്കാതെ ഇരിക്ക്..’

 

‘ഇന്നലെയും വേദന ഉണ്ടായിരുന്നു.. ഞാൻ മിണ്ടിയില്ല എന്നെ ഉള്ളു. ഇന്ന് സഹിക്കാൻ പറ്റുന്നില്ല..’

ഇഷാനി കള്ളം പറഞ്ഞപ്പോൾ അത് മനസിലാകാതെ ലേഖ ചേച്ചി കുഴങ്ങി.. മുറിവ് ഡ്രസ്സ് ചെയ്യാൻ ഒക്കെ നല്ലപോലെ അറിയുന്ന ആളാണ് ചേച്ചി. ഇഷാനി പെട്ടന്ന് വേദനിക്കുന്നു എന്നൊക്കെ പറഞ്ഞു മുറിവിൽ തൊടീക്കാതെ ഇരുന്നപ്പോൾ ചേച്ചി നിസ്സഹായയായി..

 

‘ഞാൻ ശരിക്കും പതുക്കെയേ അഴിക്കുള്ളു. ഒട്ടും വേദനിക്കില്ല..’

ചേച്ചി പിന്നെയും ശ്രമിച്ചു നോക്കി. പക്ഷെ ഇഷാനി ഒട്ടും സഹകരിച്ചില്ല

Leave a Reply

Your email address will not be published. Required fields are marked *