‘കുറച്ചു മാറി..’
‘എന്നാൽ കുറച്ചു കൂടി മാറ്റാം..’
ഞാൻ തല കുനിച്ചു അവളുടെ കാലിലേക്ക് ഊതി വിട്ടു. എന്റെ തണുത്ത നിശ്വാസങ്ങൾ അവളുടെ മുറിവിന്റെ മേലെ തലോടി.. ഒരു കുളിർമ അവൾക്ക് ഉണ്ടായി.
‘ഇപ്പോളോ…?
ഊതി കഴിഞ്ഞു ഞാൻ രസത്തിനു അവളോട് ചോദിച്ചു
‘ വേദന പോയി..’
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…
മുറിവ് ഉണങ്ങി വരുന്നുണ്ട് എന്നെനിക്ക് തോന്നി. താങ്ങാതെ ഇരുന്നാൽ കുറച്ചു ദിവസം കൊണ്ട് കരിയും. ഞാൻ വീണ്ടും മരുന്ന് വച്ചു മുറിവ് കെട്ടി കൊടുത്തു.
രാത്രി കിടന്നു കഴിഞ്ഞാണ് ഒരു സംശയം ഇഷാനിക്ക് ഉണ്ടായത്. അർജുൻ എവിടാണ് കിടക്കുന്നത്..? ഇവിടെ നോക്കിയിട്ട് ഒരു കട്ടിലെ ഉള്ളു. അതിലാണ് താൻ കിടക്കുന്നത്.. പിന്നെ ഹോളിൽ ഒരു സോഫ ഉണ്ട്. കട്ടിലിൽ നിന്ന് നോക്കിയാൽ അത് കാണാം. അതിൽ അവൻ കിടപ്പില്ല. പിന്നെ എവിടെ ആയിരിക്കും അവൻ കിടക്കുന്നത് എന്ന് അവൾ ആലോചിച്ചു… രാവിലെ ഈ കാര്യം അവനോട് ചോദിക്കണം എന്ന് വച്ചിരുന്നെങ്കിലും ഉറങ്ങി എണീറ്റപ്പോൾ അവളാ കാര്യം മറന്നു. രാവിലെ പതിവ് പോലെ അവൾ ബുക്ക് എടുത്തു വച്ചു പഠിത്തം ആയിരുന്നു. അർജുൻ അത് ശല്യപ്പെടുത്താൻ വന്നില്ല. ഉച്ച കഴിഞ്ഞു ഒന്ന് കുളിക്കണം എന്ന തോന്നൽ അവൾക്ക് ഉണ്ടായെങ്കിലും അർജുനോട് അവളത് ആവശ്യപ്പെട്ടില്ല. അവൻ അത് ചോദിച്ചപ്പോളും നാളെ ആകാമെന്ന് പറഞ്ഞു അവൾ അത് ഒഴിവാക്കി. കുളിക്കണം എങ്കിൽ പിന്നെയും ശ്രുതി വരേണ്ടി വരും. എല്ലാവരെയും എപ്പോളും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ..
ഇന്ന് ഉച്ചക്ക് ഇഷാനി സ്വന്തം ആയാണ് ആഹാരം കഴിച്ചത്. കട്ടിലിൽ ഒരു ചെറിയ പലക എടുത്തു വച്ചു അതിൽ പ്ലേറ്റ് വച്ചാൽ ഒരു കൈ കൊണ്ട് ഇഷാനിക്ക് കഴിക്കാം. എന്നാലും കൈ കഴുകാൻ നേരം അർജുന്റെ സഹായം വേണം.. ഉച്ച കഴിഞ്ഞു ഒരു കോൾ വന്നപ്പോൾ എന്തോ അത്യാവശ്യം ഉണ്ടന്ന് പറഞ്ഞു അർജുൻ പുറത്തേക്ക് പോയി.. എന്താണ് എന്ന് ഒരു തവണ ഇഷാനി ചോദിച്ചിട്ടും അത്യാവശ്യം എന്നതിൽ കവിഞ്ഞു അർജുൻ ഒന്നും പറഞ്ഞില്ല. പിന്നെ ഇഷാനി ചോദിക്കാനും പോയില്ല. അവളെ തനിയെ ആ അവസ്‌ഥയിൽ ആക്കിയിട്ടു പോകാൻ അർജുന് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അർജുൻ രാഹുലിനെ അവൾക്ക് കൂട്ടിന് വിളിക്കാൻ തുടങ്ങിയപ്പോൾ ഇഷാനി തന്നെ അത് വേണ്ടെന്ന് പറഞ്ഞു.. പെട്ടന്ന് വരാമെന്ന ഉറപ്പിൽ അർജുൻ ധൃതി പിടിച്ചു ബൈക്ക് എടുത്തോണ്ട് പോയി..
അവൻ പോയപ്പോൾ ഇഷാനിക്ക് ശരിക്കും ബോർ അടിക്കാൻ തുടങ്ങി. എഴുന്നേൽക്കാൻ പറ്റുമായിരുന്നു എങ്കിൽ എന്തെങ്കിലും ഒക്കെ ചെയ്യാമായിരുന്നു. ഈ ഇരിപ്പ് തന്നെ ഇരുന്നു അവൾക്ക് മുഷിഞ്ഞു. കുറച്ചൊന്നു ഏന്തി വലിഞ്ഞു നടന്നാൽ അർജുന്റെ ഷെൽഫിൽ ചെല്ലാം. അവിടെ കുറച്ചു ബുക്ക്സ് ഇരിപ്പുണ്ട്. അതെടുത്തു വായിക്കാം. ഇഷാനി അറ്റ കൈ പ്രയോഗം നടത്തി ഭിത്തിയിൽ പിടിച്ചു ഒരു വിധത്തിൽ നടന്നു ഷെൽഫിൽ ചെന്നു നിന്നു. പക്ഷെ അതിൽ കൂടുതൽ കുട്ടികൾക്കുള്ള ബുക്ക്സ് ആയിരുന്നു. പിന്നെ ഉള്ള ബുക്ക്സ് ഒക്കെ അവൾ വായിച്ചിട്ടുള്ളതാണ്. ഇവനീ പിള്ളേർക്കുള്ള ബുക്ക്സ് വാങ്ങി വയ്ക്കുന്നത് എന്തിനാണാവോ..? അവൾക്ക് അത് മനസിലായില്ല.. ഇഷാനി വന്നത് പോലെ തന്നെ കഷ്ടപ്പെട്ട് തിരിച്ചു കട്ടിലിൽ പോയി ഇരുന്നു. ഇവിടെ ആണേൽ ടിവിയും ഇല്ല. അർജുന്റെ ലാപ്പിൽ ഏതെങ്കിലും പടം കാണും. അത് കണ്ടാലോ എന്ന് അവൾ ആലോചിച്ചു. അപ്പോളാണ് ഇഷാനി ഫോണിനെ പറ്റി ചിന്തിച്ചത്. തന്റെ ഫോൺ അർജുൻ നന്നാക്കാൻ കൊടുത്തിട്ട് കിട്ടിയില്ലായിരുന്നു. പകരം അവൻ തന്ന ഫോൺ ആണ് അവൾ യൂസ് ചെയ്തത്. വല്ലപ്പോളും വീട്ടിലേക്ക് വിളിക്കും എന്നല്ലാതെ കൂടുതൽ ഒന്നും അവൾ അത് യൂസ് ചെയ്തില്ല. സമയം പോകാൻ ഇതിൽ എന്തെങ്കിലും നോക്കിയിരിക്കാം..
അവൾ ഫോൺ ഓപ്പൺ ചെയ്തു. അതിൽ ഇന്ട്രെസ്റ്റിംഗ് ആയിട്ട് ഒന്നും തന്നെ ഇല്ലായിരുന്നു. അവിടെയും ഇവിടെയും ഒക്കെ തപ്പി തടഞ്ഞു അവൾ ഒടുക്കം ഗാലറി ഓപ്പണ് ചെയ്തു. അപ്പോളാണ് ഇത് ലക്ഷ്മിയുടെ ഫോൺ ആയിരുന്നു എന്ന് പറഞ്ഞത് ഇഷാനി ശരിക്കും ഓർത്തത്. ആ കാര്യം അവൾ പിന്നെ ചിന്തിച്ചില്ലായിരുന്നു.. ഗാലറി ഓപ്പൺ ആയപ്പോൾ തന്നെ അവളുടെ പിക്സ് ആണ് വന്നത്.. അവളുടെ മുഖം കണ്ടപ്പോൾ തന്നെ ഇഷാനിക്ക് ഒരു നെഗറ്റീവ് അടിച്ചു. എന്നാലും ഒരു കൗതുകം ഉള്ളിൽ കിടന്ന് ഞുളച്ചപ്പോൾ അവൾ ഫോട്ടോസ് നോക്കാൻ തുടങ്ങി..
