റോക്കി – 5 47അടിപൊളി  

ലക്ഷ്മിയുടെ ഓരോ ഫോട്ടോയും ഇഷാനി വളരെ ശ്രദ്ധയോടെ നോക്കാൻ തുടങ്ങി. ഓരോ ഫോട്ടോയിലും ഓരോ സ്റ്റൈൽ ആണ് ഈ പെണ്ണിന്. ഇട്ടിരിക്കുന്ന ഡ്രെസ്സിനും മേക്കപ്പിനും ഒക്കെ നല്ല കാശ് ആകും. ഇഷാനി അതൊന്നും യൂസ് ചെയ്യാറില്ല എങ്കിലും അതിനെ പറ്റി ഒക്കെ അത്യാവശ്യം അറിവുണ്ട്.. ഫോട്ടോയിൽ ഇവളെ കണ്ടാൽ ഒരു ഭയങ്കരി ആണെന്ന് പറയില്ലല്ലോ.. എന്താ അവളുടെ ചിരി.. ഈ ചിരി കണ്ടാൽ പറയുമോ ഒരാളെ ദ്രോഹിക്കാൻ ഒരു മടിയും ഇല്ലാത്ത ഒരുത്തിയാണ് ഇതെന്ന്.. ഇഷാനി അവളായി സ്വയം താരതമ്യം ചെയ്തു. തനിക്ക് ഒരിക്കലും ഇവളെ പോലെ ഇങ്ങനെ ഇളിക്കാൻ പറ്റില്ല. എന്തൊരു ഫേക്ക് ഇളിയാണ്. താൻ ആണേൽ പിക്കിൽ ചിരിക്കുന്നത് തന്നെ വിരളം. ഇഷാനി ഫോണിൽ ഒരു സെൽഫി എടുത്തു. ലക്ഷ്മി എടുത്ത അതേ പോസിൽ അതേ പോലെ ചിരിക്കാൻ ശ്രമിച്ചു കൊണ്ട്. എന്നിട്ട് രണ്ട് ഫോട്ടോയും അവൾ മാറി മാറി നോക്കി. സ്വന്തം ഫോട്ടോ കണ്ടിട്ട് അവൾക്ക് തന്നെ എന്തോ വൃത്തികേടായി തോന്നി. ഇമ്മാതിരി ഫോട്ടോ ഒന്നും തനിക്ക് പറ്റിയതല്ല. അതൊക്കെ ഇവളെ പോലുള്ള സുന്ദരികോതകൾക്ക് പറ്റും. നിരാശയോടെ തന്റെ ഫോട്ടോ ഡിലീറ്റ് ആക്കി അവൾ ബാക്കി ഫോട്ടോകൾ കാണാൻ തുടങ്ങി.
അധികം വൈകാതെ തന്നെ ലക്ഷ്മിയും അർജുനും ആയിട്ടുള്ള പിക്കുകൾ വരാൻ തുടങ്ങി.. രണ്ട് പേരും ഒരുമിച്ച് മാളിൽ വച്ചു എടുത്തത്, രണ്ട് പേരും തിയേറ്ററിൽ വച്ചു എടുത്തത്, കോളേജിന്റെ ഏതൊക്കെയോ മൂലകളിൽ വച്ചു എടുത്തത്, ജങ്കാറിൽ വച്ചു എടുത്തത്.. അങ്ങനെ രണ്ട് പേരുടെയും ഇഷ്ടം പോലെ പിക്കുകൾ ഇഷാനിക്ക് മുന്നിൽ നിരന്നു.. ഒരു നിമിഷം താൻ ചെയ്യുന്നത് ശരിയാണോ എന്ന് ഇഷാനി ചിന്തിച്ചു. പക്ഷെ എന്തായാലും ബാക്കി കൂടെ നോക്കാൻ ഒരു ഉൾവിചാരം അവൾക്ക് വന്നു. അവൾ വീണ്ടും സ്ക്രോൾ ചെയ്തു പോയി.

ചില ഫോട്ടോകളിൽ ലക്ഷ്മി അർജുന്റെ കൈ ചേർത്ത് പിടിക്കുന്നുണ്ട്. ഇഷാനി അതെല്ലാം സൂം ചെയ്തു നോക്കാൻ തുടങ്ങി. എന്ത് അധികാരത്തിൽ ആണ് അവൾ കൈ കയറി പിടിക്കുന്നത്. ഇഷാനിക്ക് എവിടെ നിന്നൊ ദേഷ്യം ഇരച്ചു കയറാൻ തുടങ്ങി. ദേഷ്യം വരാൻ തനിക്ക് ഒരു അവകാശവും ഇല്ലല്ലോ. താൻ അവന്റെ ആരുമല്ല. അവൻ പ്രണയമായി വന്നപ്പോൾ ഒക്കെ താൻ അത് തട്ടി തെറിപ്പിക്കുകയാണ് ചെയ്തത്. ദേഷ്യം നിയന്ത്രിക്കാൻ മനസിനോട് പറഞ്ഞു അവൾ വീണ്ടും പിക്ക്കൾ കാണാൻ തുടങ്ങി..
പക്ഷെ അതവളുടെ മാനസികസമ്മർദം കൂട്ടാനെ ഉപകരിച്ചുള്ളൂ. പിന്നീട് വന്ന ഫോട്ടോകൾ പലതും അവൾക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.. അർജുനോട് ചേർന്നു ഇരുന്നു അവന്റെ കഴുത്തിലൂടെ കയ്യിട്ട് ലക്ഷ്മി അവന്റെ കവിളിൽ ചുംബിക്കുന്ന ഒരു ഫോട്ടോ ഇഷാനിക്ക് മുന്നിൽ ദൃശ്യമായി… തന്റെ മനസ്സ് തന്നോട് പറഞ്ഞ വേദ വാക്യങ്ങൾ ഒന്നും അവളിപ്പോ ചെവിക്കൊണ്ടില്ല. അവളുടെ കുഞ്ഞിക്കണ്ണുകൾ ദേഷ്യം കൊണ്ട് വീണ്ടും ചെറുതായ്.. ഒരു തരത്തിൽ എങ്ങനെയോ അവൾ ആ രോഷം അടക്കി പിടിച്ചു.. അവൾക്ക് ഇനിയും എന്തൊക്കെ ഇതിലുണ്ടെന്ന് അറിയണം. ഫോട്ടോകൾ വീണ്ടും ഇഷാനി സ്ക്രോൾ ചെയ്തു പോയി. വീണ്ടും പലയിടത്തും വച്ചു അർജുന്റെ കവിളിൽ ലക്ഷ്മിയുടെ ചുണ്ടുകൾ പതിയുന്നത് ഇഷാനി കണ്ടു.. ഒടുവിൽ ഒരു ഫോട്ടോയിൽ ലക്ഷ്മി അർജുനോട് ചേർന്നു അവന്റെ നെഞ്ചിൽ തല വച്ചു കിടക്കുന്നത് കണ്ടപ്പോൾ അവളുടെ സമനില തെറ്റി..

അവര് എവിടെ ആണ് ഇരുന്നത് എന്ന് അവൾക്ക് കൃത്യമായി മനസിലായി.. ഇവിടെ തന്നെ..! ഇഷാനി ഇപ്പോൾ ഇരിക്കുന്ന ഈ കട്ടിലിൽ ഇരുന്നു അവരെടുത്ത പിക് ആണ് ഇത്. താനിപ്പോൾ ഇരുന്നിടത്ത് അവർ ഒരുമിച്ച് ഉണ്ടായിരുന്നു എന്നോർത്തപ്പോൾ അവൾക്ക് സഹിക്കാൻ പറ്റിയില്ല.. ദേഷ്യം സഹിക്കേണ്ടി വന്നത് കയ്യിലിരുന്ന ഫോൺ ആണ്. കിട്ടിയ ആയത്തിൽ ഇഷാനി ഫോൺ എടുത്തു ഒറ്റയേറു… എന്തോ ഭാഗ്യത്തിന് അത് കട്ടിലിൽ തന്നെ വന്നിടിച്ചു. താഴെ വീണിരുന്നേൽ പൊട്ടിയേനെ.. എറിഞ്ഞു കഴിഞ്ഞാണ് അത് തന്റെ സ്വന്തം ഫോൺ അല്ലല്ലോ എന്ന് അവൾ ഓർത്തത്. അവൻ തത്കാലം ഉപയോഗിക്കാൻ തന്ന ഫോൺ പൊട്ടിച്ചു തിരിച്ചു കൊടുത്താൽ മോശം ആണല്ലോ എന്ന് അവൾ ഓർത്തു. എന്തോ ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.. ദേഷ്യം തെല്ലൊന്ന് ശമിച്ചെങ്കിലും അവൾക്ക് അർജുനോട് വല്ലാത്ത ദേഷ്യം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *