റോക്കി – 5 47അടിപൊളി  

 

അതിനൊരു കാരണം എന്റെ മൂക്കിലേക്ക് തീക്ഷ്‌ണമായി അടിച്ചു കയറുന്ന ഒരു ഗന്ധം ആയിരുന്നു. പലപ്പോഴും ഇഷാനി അടുത്തുള്ളപ്പോൾ എനിക്ക് അത് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അവളുടെ സ്പ്രേയുടെ സ്മെല് ആണ് അതെന്ന് ഞാൻ ആദ്യമൊക്കെ വിചാരിച്ചിരുന്നത്. സ്പ്രേ ഒന്നും അടിക്കാറില്ല എന്ന് അവളെന്നോട് സത്യം പറഞ്ഞെങ്കിലും എന്റെ മൂക്കിനെ അപ്പാടെ അവിശ്വസിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. പൌഡറോ തുണി കഴുകുന്ന ഡിറ്റർജന്റോ അങ്ങനേ സ്മെൽ ഉള്ള എന്തോ ഒന്ന് അവൾ ഉപയോഗിക്കുന്നുണ്ട് എന്നെനിക്ക് തോന്നിയിരുന്നു. പക്ഷെ അതൊന്നും അല്ല കാരണം എന്നെനിക്ക് ഇപ്പോൾ മനസിലായി. അതവളുടെ ഗന്ധമാണ്.. എന്നെ മത്തു പിടിപ്പിക്കാൻ പോന്ന തരം ഗന്ധം ഉരുവായത് അവളിൽ വിയർപ്പ് പൊടിയുമ്പോൾ ആയിരുന്നു

 

ഇത്രയും ദിവസം അവളിവിടെ നിൽക്കുന്നത് കൊണ്ട് തന്നെ അവളൊരു തരം സ്പ്രേയോ പൗഡറോ ഉപയോഗിക്കുന്നില്ല എന്നെനിക്ക് അറിയാമായിരുന്നു. ഞാൻ കുളിക്കുന്ന അതേ പിയേഴ്‌സ് സോപ്പ് ഇട്ടാണ് അവളും കുളിച്ചത്. എന്റെ തുണി കഴുകുന്ന അതേ പോലെ തന്നെ ആണ് അവളുടെ ഡ്രസ്സും കഴുകിയത്. എന്നിട്ടും അവൾക്ക് ഇപ്പോളും ആ ഗന്ധം ഉണ്ടാകുന്നുണ്ടെങ്കിൽ അതവളുടെ ദേഹത്ത് നിന്നും വരുന്ന ഗന്ധം തന്നെ ആണ്..

അത് വിശ്വസിക്കാൻ എനിക്ക് എന്തോ പ്രയാസം തോന്നി. ഓരോ മനുഷ്യർക്കും ഓരോ ഗന്ധമുണ്ട്. പക്ഷെ അതിത്ര തീക്ഷ്‌ണമായി ഒരാളിൽ ഉണ്ടാകുന്നത് ആദ്യമായാണ് എനിക്ക് അനുഭവം. ദൂരെ നിന്ന് തിരിച്ചറിയാൻ പാകത്തിന് എനിക്കൊരാളുടെയും ഗന്ധം ഒരിക്കലും കിട്ടിയിട്ടില്ല. അത് പോലെ തന്നെ രാഹുലിനോ ആഷിക്കിനോ ഒന്നും ഞാൻ ഈ പറയുന്ന ഗന്ധം അവൾക്കുണ്ടെന്ന് തോന്നിയിട്ടുമില്ല. അതെനിക്ക് മാത്രം അറിയുവാൻ സാധിക്കുമായിരുന്നുള്ളു.. എന്റെ ഓരോ ശ്വാസമെടുപ്പിലും അവളുടെ ഉന്മാദം നിറയ്ക്കുന്ന സൗരഭ്യം എന്നിലേക്ക് കടന്നു കയറി.. എന്റെ വികാരങ്ങളുടെ കടന്നൽ കൂടിളകിയത് പോലെ എനിക്ക് തോന്നി. ഒരു കയ്യകലത്തിൽ കിടക്കുന്ന അവളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ എന്റെ ഹൃദയം വെമ്പി. എങ്ങനെയോ ഞാനെന്റെ മോഹം അടക്കി വച്ചു കണ്ണടച്ചു തിരിഞ്ഞു കിടന്നു. വളരെ ബുദ്ധിമുട്ടിയാണ് ഉറക്കം എന്നെ തേടി വന്നത്

 

ഇഷാനിയുടെ വയ്യായ്ക ഒക്കെ ഇപ്പോൾ നല്ലപോലെ മാറിയിരുന്നു. കാലിലെ മുറിവ് ശരിക്കും ഉണങ്ങിയിട്ടില്ല എങ്കിലും വേദന ഒക്കെ അവൾക്ക് നല്ലത് പോലെ കുറഞ്ഞു. നടക്കാനുള്ള അവളുടെ പ്രയാസവും മാറി. കൈ ആണേൽ ഒരു പ്രശ്നവും ഇപ്പോളില്ല എന്ന മട്ടിലാണ് അവൾ ഓരോന്നും ചെയ്യുന്നത്. നെറ്റിയിലെ മുറിവും കരിഞ്ഞു ഉണങ്ങി. മൊത്തത്തിൽ എന്റെ സഹായം ഒന്നും അവൾക്കിപ്പോ ആവശ്യമില്ല. അതെനിക്ക് മനസിലായത് അവളുടെ നാവിൽ നിന്ന് തന്നെ ആയിരുന്നു

 

‘എനിക്കിപ്പോ കാലിന് വേദന ഒന്നും ഇല്ല. വേണേൽ എനിക്ക് ഇപ്പോൾ ഓടാം ഒരു കുഴപ്പവും ഇല്ലാതെ..’

 

‘ഓടി ഇനി അടുത്ത പണി വാങ്ങാൻ ആണോ..? എവിടേലും ഒന്ന് അടങ്ങി ഇരിക്കുമോ നീ ഒന്ന്..?

 

‘അല്ല.. ഞാൻ ഒരു കാര്യം ചിന്തിക്കുവായിരുന്നു…’

അവൾ എന്തോ പറയാനുള്ളത് പോലെ എന്നോട് സംസാരിച്ചു

 

‘എന്താടി…?

ഞാൻ ചോദിച്ചു

 

‘എനിക്കിപ്പോ കുഴപ്പം ഒന്നുമില്ലല്ലോ. കയ്യും ശരിയായി കാലിനും വലിയ കുഴപ്പം ഇല്ല. പണി ഒക്കെ എനിക്ക് തന്നെ ചെയ്യാം. എന്നാൽ പിന്നെ ഞാൻ വീട്ടിൽ പോയാലോ എന്ന് ആലോചിക്കുവായിരുന്നു..’

 

അവളത് പറഞ്ഞപ്പോ പെട്ടന്ന് എനിക്കുള്ളിൽ ഒരു വിഷമം ഉണ്ടായി. അവൾ ഇത്ര പെട്ടന്ന് പോകുമെന്ന് ഞാൻ കരുതിയില്ല. അവധി തീരാൻ ഇനിയും കുറച്ചു ദിവസങ്ങൾ കൂടിയുണ്ട്. അത്രയും ദിവസം കൂടി അവൾ എന്റെ അടുത്ത് കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അവൾ പറഞ്ഞതും ശരിയാണ്. അവൾക്കിപ്പോ എന്റെ സഹായം ആവശ്യമില്ല. അവൾക്ക് വയ്യാതെ ആയപ്പോ അവൾക്ക് ഒരു സഹായം മാത്രം ആയിരുന്നു ഞാൻ. അവൾ ഓക്കേ ആയപ്പോൾ എന്റെ ആവശ്യമില്ല. വേദനയോടെ ആ സത്യത്തെ ഞാൻ ഉൾക്കൊണ്ടു.. അല്ലെങ്കിൽ തന്നെ കുറച്ചു ദിവസം കഴിഞ്ഞാൽ ഞാൻ ഇവിടുന്ന് എന്നെന്നേക്കുമായി യാത്ര പറയാൻ പോകുകയാണല്ലോ.. ഇത്രയും ദിവസത്തെ നല്ല ഓർമ്മകൾ എനിക്ക് കിട്ടിയത് തന്നെ എനിക്ക് ധാരാളം ആണ്

Leave a Reply

Your email address will not be published. Required fields are marked *