പിറ്റേന്ന് രാവിലെ ആയപ്പോൾ ലേഖ ചേച്ചി വന്നു. വന്ന ഉടനെ തന്നെ അർജുൻ പോകുകയും ചെയ്തു. ഇത് അവന്റെ വീടാണ്. എന്നിട്ട് അവൻ ഇവിടെ നിന്ന് മര്യാദക്ക് കഴിക്കുന്നു പോലുമില്ല. അവൻ രാത്രി കിടന്നു ഉറങ്ങുന്നത് പുരപ്പുറത്ത്. ഒന്നും പോരാഞ്ഞിട്ട് അവനെ ഇൻസൾട്ട് ചെയ്ത എന്നെ നോക്കാൻ സ്വന്തം ചിലവിന് ആളെയും വച്ചു. തനിക്ക് വയ്യാതെ ഇരിക്കുന്നത് കൊണ്ടുള്ള പരിഗണന ആണോ, അതോ അവന്റെ ഉള്ളിലുള്ള ഇഷ്ടം ആണോ അവനെ കൊണ്ട് ഇത്രയും ഒക്കെ ചെയ്യിച്ചത് എന്ന് അവൾ ആലോചിച്ചു. താൻ അവനോട് ഇടപഴകുന്നത് ഒക്കെ വളരെ മോശമാണ്. അവൻ ഇതിലും ഒക്കെ ഡിസർവ് ചെയ്യുന്നുണ്ട്..
ഇന്നും കാര്യങ്ങൾ എല്ലാം തലേന്നത്തെ പോലെ തന്നെ പോയി. ഇഷാനി ഫുഡ് കഴിച്ചു. ഉച്ച കഴിഞ്ഞു കുളിച്ചു. കൈ ഇപ്പോൾ കേട്ടുണ്ടേലും വേദന ഇല്ല. നാളെ പോയി അഴിക്കാമെന്ന് അവൾക്ക് തോന്നി. കാലിലെ മുറിവ് ആയാലും കുറച്ചു ഭേദം ആയി വരുന്നുണ്ട്. ലേഖ ചേച്ചി തലേന്നത്തെ പോലെ മുറിവ് മരുന്ന് മാറ്റി കെട്ടാൻ വേണ്ടി അഴിക്കാൻ തുടങ്ങിയപ്പോൾ ആണ് ഇഷാനി ചെറിയൊരു സൂത്രം ഇട്ടത്
‘അയ്യോ… ചേച്ചി എനിക്ക് വേദനിക്കണൂ.. പതിയെ..’
മുറിവിലെ കെട്ടഴിച്ചു കൊണ്ടിരുന്ന ചേച്ചിയോട് ഇഷാനി വേദന അഭിനയിച്ചു പറഞ്ഞു
‘പതിയെ അഴിക്കുള്ളു മോളെ..’
ഇഷാനിയുടെ അഭിനയം മനസിലാകാതെ ചേച്ചി പറഞ്ഞു
‘എനിക്ക് നല്ല വേദന ഉണ്ട്..’
അവൾ കരയുന്ന കൂട്ട് പറഞ്ഞു
‘ഇന്നലെ ഞാൻ ഡ്രസ്സ് ചെയ്തത് അല്ലേ.. അത്രയും ഉള്ളു. മോൾ പേടിക്കാതെ ഇരിക്ക്..’
‘ഇന്നലെയും വേദന ഉണ്ടായിരുന്നു.. ഞാൻ മിണ്ടിയില്ല എന്നെ ഉള്ളു. ഇന്ന് സഹിക്കാൻ പറ്റുന്നില്ല..’
ഇഷാനി കള്ളം പറഞ്ഞപ്പോൾ അത് മനസിലാകാതെ ലേഖ ചേച്ചി കുഴങ്ങി.. മുറിവ് ഡ്രസ്സ് ചെയ്യാൻ ഒക്കെ നല്ലപോലെ അറിയുന്ന ആളാണ് ചേച്ചി. ഇഷാനി പെട്ടന്ന് വേദനിക്കുന്നു എന്നൊക്കെ പറഞ്ഞു മുറിവിൽ തൊടീക്കാതെ ഇരുന്നപ്പോൾ ചേച്ചി നിസ്സഹായയായി..
‘ഞാൻ ശരിക്കും പതുക്കെയേ അഴിക്കുള്ളു. ഒട്ടും വേദനിക്കില്ല..’
ചേച്ചി പിന്നെയും ശ്രമിച്ചു നോക്കി. പക്ഷെ ഇഷാനി ഒട്ടും സഹകരിച്ചില്ല
‘അർജുൻ ചെയ്തപ്പോ ഒട്ടും വേദന ഇല്ലായിരുന്നു. ചേച്ചി ചെയ്യുമ്പോൾ പക്ഷെ പെയിൻ ഉണ്ട്..’
ഇഷാനിയുടെ പ്ലാൻ പോലെ തന്നെ ലേഖ ചേച്ചി കൃത്യമായി അർജുനെ വിളിച്ചു. അവൾ മുറിവ് അഴിക്കാൻ സമ്മതിക്കുന്നില്ല എന്നും പറഞ്ഞു. അഞ്ചു മിനിറ്റ് കൊണ്ട് എവിടെ നിന്നൊ അവൻ വീട്ടിൽ എത്തി. അപ്പോൾ ഇവിടെ അടുത്തെവിടെയോ ഉണ്ടായിരുന്നു അല്ലേ മോൻ.. മനഃപൂർവം മാറി നിക്കുന്നതാണല്ലേ…? ഇഷാനി മനസിൽ ചിന്തിച്ചു
‘എന്ത് പറ്റിയെടി.. ചേച്ചി ഇന്നലെ ചെയ്ത പോലെ വേദനിപ്പിക്കാതെ ചെയ്യും..’
അർജുൻ അവളോട് പറഞ്ഞു
‘എനിക്ക് ഇന്നലെയും നല്ല വേദന ഉണ്ടായിരുന്നു.. ഇന്ന് പക്ഷെ ഒട്ടും സഹിക്കാൻ വയ്യ..’
ഇഷാനി അവന്റെ മുഖത്ത് നോക്കാതെ അവളുടെ മുറിവിൽ നോക്കി കള്ളം പറഞ്ഞു.
‘എന്ന് പറഞ്ഞാൽ മരുന്ന് വയ്ക്കണ്ടേ..?
അർജുൻ ചോദിച്ചു
‘നീ വച്ചാൽ മതി.. അന്നത്തെ പോലെ.. അപ്പോൾ എനിക്ക് വേദനിച്ചില്ല..’
ഇഷാനി അത് പറഞ്ഞപ്പോളും അവന്റെ മുഖത്ത് നോക്കിയില്ല
‘ ചേച്ചിക്ക് ഡ്രസ്സ് ചെയ്തു നല്ല പരിചയം ഉണ്ടെടി. അത് പോലെ ആണോ ഞാൻ.? നീ ഒരു രണ്ട് മിനിറ്റ് ഒന്ന് അഡ്ജസ്റ്റ് ചെയ്യ്..’
അവൾ പറഞ്ഞതൊക്കെ സത്യം ആണെന്ന് കരുതി അർജുൻ പറഞ്ഞു. പക്ഷെ ഇതിനോടകം ലേഖ ചേച്ചിക്ക് കാര്യം പിടികിട്ടിയിരുന്നു.
‘മോൾ പറയുന്ന പോലെ ചെയ്തു കൊടുക്ക്. നീ ആ തുണി പതിയെ അഴിച്ചെടുക്ക്.. ഞാൻ മരുന്ന് വച്ചു കെട്ടിക്കോളാം..’
ലേഖ ചേച്ചി ഒരു കള്ളച്ചിരിയോടെ പറഞ്ഞു. ചേച്ചിക്ക് തന്റെ ഉദ്ദേശം മനസിലായെന്ന് അറിഞ്ഞപ്പോൾ ഇഷാനിക്ക് ഒരു ചമ്മൽ തോന്നി
‘അവൻ ചെയ്തോളും..’
ഇഷാനി ചേച്ചിയെ നോക്കി ഒരു ചമ്മിയ ചിരി പാസ്സ് ആക്കി പറഞ്ഞു. എന്തായാലും ചേച്ചിക്ക് കാര്യം മനസിലായി. അപ്പോൾ പിന്നെ നേരിട്ട് പറയുന്നത് കൊണ്ട് കുഴപ്പമില്ല. സംഭവം ഇപ്പോളും മുഴുവൻ ആയി പിടികിട്ടാഞ്ഞത് അർജുന് ആയിരുന്നു. അവൻ മുറിവ് ഡ്രസ്സ് ചെയ്യുന്നതിൽ ആയിരുന്നു ശ്രദ്ധ കൂടുതലും..
