റോക്കി – 5 47അടിപൊളി  

 

അവൻ ശരിക്കും പോയോ..? അവൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.. അവൾ പുറത്തേക്ക് നോക്കി.. ബൈക്ക് അവിടെ തന്നെ ഉണ്ട്.. അപ്പോൾ അതിന് അർഥം അവൻ പോയിട്ടില്ല എന്നല്ലേ..? ഇവിടെ വിട്ടു പോകുന്നത് കൊണ്ട് ഒരുപക്ഷെ ബൈക്ക് ഇവിടെ തന്നെ വച്ചിട്ട് പോയതും ആകാം.. ഇഷാനിയുടെ മനസ് അവളോട് തന്നെ തർക്കിച്ചു തുടങ്ങി. അവൾ വീണ്ടും അവനെ പേരെടുത്തു വിളിച്ചു റൂമിലൂടെയും അടുക്കളയിലൂടെയും എല്ലാം നടന്നു.. താൻ വിളിച്ചാൽ എത്ര ദൂരത്തു നിന്നും അവൻ വിളി കേൾക്കുമെന്ന് അവൾക്ക് തോന്നി.. പെട്ടന്നൊരു കാല്പെരുമാറ്റമോ ഒരു മറുപടിയൊ തനിക്ക് പിന്നിൽ വരുമെന്ന് അവൾ കരുതി.. അവൾക്ക് അവിടെ ആകെ അനുഭവിക്കാൻ കഴിഞ്ഞത് നിശബ്ദത മാത്രം ആയിരുന്നു..

 

ഒടുവിൽ ഇഷാനി സ്വയം ഉറപ്പിച്ചു.. അവൻ പോയി.. തന്നോട് ഒരു യാത്ര പോലും പറയാതെ അവൻ പോയി. അല്ലെങ്കിലും യാത്ര പറയാൻ ഞാൻ ആരാ അവന്റെ.. എന്നോടുള്ള അവന്റെ ഉത്തരവാദിത്തം എല്ലാം കഴിഞ്ഞില്ലേ.. ഇനി ഇപ്പോൾ അവന് അവന്റെ കാര്യം നോക്കി പോകാമല്ലോ.. എനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് പോലും അവൻ ഓർത്തില്ലല്ലോ.. അല്ലെങ്കിലും അവനെ പറഞ്ഞിട്ട് എന്ത് കാര്യം.. പോകുവാ എന്ന് പറഞ്ഞപ്പോ പോകണ്ട എന്ന് താൻ പറഞ്ഞിരുന്നോ..? ഇല്ല.. ഒരുപക്ഷെ താൻ അങ്ങനെ പറയും എന്ന് അവൻ കരുതി കാണണം.. എന്റെ തെറ്റാണ്.. എല്ലാം എന്റെ മാത്രം മിസ്റ്റേക്ക് ആണ്…

 

നിറഞ്ഞു ഒഴുകുന്ന കണ്ണുകളോടെ ഇഷാനി വാങ്ങി കൊണ്ട് വന്ന കവറുകളിലേക്ക് നോക്കി. എത്ര ആശിച്ചു വാങ്ങി കൊണ്ട് വന്നതാണ്. ഒന്ന് കാണാൻ പോലും നിന്നില്ലല്ലോ..? ഇനിയിപ്പോ ഇതൊക്കെ തനിക്ക് എന്തിനാ… ഇഷാനിക്ക് സങ്കടത്തിനൊപ്പം ദേഷ്യം വരാൻ തുടങ്ങി.. അവൾ കയ്യിലിരുന്ന കവർ തുറന്നു അതിലെ ഷർട്ട് എല്ലാം വലിച്ചെറിഞ്ഞു.. വാച്ച് അതിന്റെ കവറോട് തന്നെ നിലത്തേക്ക് എറിഞ്ഞു.. എന്നിട്ടും അരിശം മാറാതെ കയ്യിൽ കിട്ടിയത് എല്ലാം അവൾ താഴെ എറിഞ്ഞുടച്ചു. ഭ്രാന്ത് പിടിച്ചവരെ പോലെ അവൾ അലറി കരഞ്ഞു. വർഷങ്ങൾക്ക് ഇപ്പുറം ഒറ്റപ്പെടലിന്റെ തീവ്രത അവൾ വീണ്ടും അറിഞ്ഞു.. മുംബൈ നഗരത്തിൽ നിന്നും രവിയച്ഛന്റെ ഒപ്പം വണ്ടി കയറിയതിന് ശേഷം ആദ്യമായ് അവൾ തനിച്ചായത് അവളറിഞ്ഞു. വേദനയോടെ അവൾ ആ സത്യത്തെ അംഗീകരിച്ചു.. താനിപ്പോൾ വീണ്ടും അനാഥ ആയിരിക്കുന്നു…

 

നിലത്തു മുട്ട് കുത്തി പൊട്ടിക്കരഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ആണ് അടുക്കളവാതിൽ മെല്ലെ തുറക്കുന്ന ശബ്ദം അവൾ കേട്ടത്.. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ മുഖം ഉയർത്തി നോക്കി. അർജുൻ ആണ്. ചെവിയിൽ ഒരു ഹെഡ് സെറ്റ് ഉണ്ട്. വേഷം താനിവിടെ നിന്നും പോയപ്പോ കണ്ട അതേ വേഷം തന്നെ. അവൻ എവിടെയും പോയിട്ടില്ല….? അതോ ഇത് തന്റെ തോന്നൽ ആണോ..? മനസിന്റെ ഒരു വിഭ്രാന്തി മാത്രം ആണോ ഇപ്പോൾ ഈ കാണുന്ന രൂപം..? ഇഷാനി അർജുനെ സൂക്ഷിച്ചു നോക്കി…

 

‘എന്ത് പറ്റിയെടി…?

അവൻ സംസാരിച്ചു.. അപ്പോൾ ഇത് തോന്നൽ അല്ല. അവൻ ശരിക്കും ഇവിടെ തന്നെ ഉണ്ട്.. ഇഷാനി മെല്ലെ എഴുന്നേറ്റു. അവൾക്ക് എന്ത് പറയണം എന്നറിയില്ല

‘എന്ത് പറ്റി..? എന്തിനാ ഇങ്ങനെ കരയുന്നെ..? ടൗണിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ…? എന്തേലും ഒന്ന് പറയെടി..?

അവളുടെ കണ്ണീർ ഒപ്പാൻ കൈ ഉയർത്തി അർജുൻ ചോദിച്ചു

 

‘നീ… നീ എവിടെ ആയിരുന്നു..? ഞാൻ വിളിച്ചിട്ട് നീ എന്താ വിളി കേൾക്കാഞ്ഞത്..?

അവന്റെ കൈ തട്ടി മാറ്റി അവൾ ചോദിച്ചു

 

‘ഞാൻ പുറത്തുണ്ടായിരുന്നെടി… ഞാൻ ആ പേരയുടെ ചുവട്ടിൽ ഇരിപ്പിണ്ടായിരുന്നു.. എന്തേ…?

 

‘ഞാൻ വിളിച്ചിട്ട് എന്താ നീ വിളി കേൾക്കാഞ്ഞത്..?

അവൾ ദേഷ്യത്തോടെ ചോദിച്ചു

 

‘ഞാൻ പാട്ട് കേൾക്കുവായിരുന്നു.. നീ വിളിച്ചത് ഒന്നും ഞാൻ കേട്ടില്ല..’

അർജുൻ ഹെഡ്‌സെറ്റ് ചൂണ്ടി അവളോട് പറഞ്ഞു. ഇഷാനിക്ക് അത് വിശ്വാസം വന്നില്ല

 

‘ഞാൻ നിന്നെ ഫോണിൽ വിളിച്ചിരുന്നു.. കിട്ടിയില്ല.. നീ ഫോൺ മനഃപൂർവം കോൾ ഓഫ് ആക്കി ഇട്ടിരുന്നോ..?

Leave a Reply

Your email address will not be published. Required fields are marked *